Saturday, July 4, 2009

എന്റെ വിശ്വാസം നിങ്ങള്‍ക്ക്

സന്ധ്യാ ദീപം തെളിച്ചു കഴിഞ്ഞപ്പോള്‍ ദത്തന്‍ പറഞ്ഞു,"പണ്ടൊക്കെ നമ്മള്‍ രാവിലെ പോയ ക്ഷേത്രത്തില്‍ നിന്നും ദേവിയുടെ തിടമ്പ് ഏറ്റിയ ആന ,അവിടത്തെ ഉത്സവ ദിവസം രാത്രി നമ്മുടെ ഈ കാവില്‍ വരുമായിരുന്നു. ഈ സര്‍പ്പവും ക്ഷേത്രത്തിലെ ദേവിയും തമ്മില്‍ എന്തോ ബന്ധമുണ്ടെന്നാ അച്ചിച്ചന്‍ പറഞ്ഞു കേട്ടിട്ടുള്ളത്.അത്രയ്ക്ക് ശക്തിയുള്ളതാണ് അത്രേ നമ്മുടെ ഈ പ്രതിഷ്ഠ."

കഥ കേട്ടുകൊണ്ടിരുന്ന പ്രിയ ഒന്നുകൂടി നാഗരാജാവിനെ വണങ്ങി. അവര്‍ തിരിച്ചു വീട്ടിലേക്ക് നടന്നു.കേരളത്തിന് പുറത്തു ജനിച്ചു വളര്‍ന്നവള്‍ ആയിട്ടും അവള്‍ ഈ കഥകള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം ദത്തന് മനസിലായില്ല.ദൂരെ വീടിനു പുറകില്‍ രണ്ടുപേര്‍ നില്ക്കുന്നത് അവര്‍ ശ്രദ്ധിച്ചു.
"പുതു പെണ്ണിനെ കാണാന്‍ വന്നതാ" പണ്ടു വീട്ടില്‍ പുറം പണിക്കായി നിന്നിരുന്ന സ്ത്രീകള്‍.
"ഇപ്പോഴാണോ വരുന്നതു, ഞങ്ങള്‍ ഇന്നലെ എത്തിയല്ലോ" ദത്തന്‍ ചിരിച്ചു കൊണ്ടു ചോദിച്ചു. ഞാന്‍ അവരെ പരിചയപ്പെടുത്തി.ചിരിച്ചുകൊണ്ട് അവര്‍ പ്രിയയുടെ കയ്യില്‍ പിടിച്ചു. കയ്യിലെ മയിലാഞ്ചിയും സ്വര്‍ണാഭരണങ്ങളും ഒരു വിഗഹ പരിശോധന നടത്തി.

" നിങ്ങള്‍ കാവില്‍ തൊഴാന്‍ പോയതാണോ? നന്നായി മക്കളെ.കുറച്ചു കാലം മുന്പ് വരെ ഞങ്ങള്‍ കാവ് ഒരു നേര്‍ച്ച പോലെ അവിടം വൃത്തിയാക്കാരുണ്ടായിരുന്നു .ഇപ്പൊ ഇപ്പൊ തീരെ വയ്യാതായി.'കോയ്‌മാടത്തഎല്ലാ ഐശ്വര്യത്തിനും' ,ഈ മോന്‍ ഡാക്കിട്ടര്‍ആയതും എല്ലാം ഇവിടത്തെ കടാക്ഷം". പ്രിയയോടായി കല്യാണി പറഞ്ഞു.
ദത്തന്‍ നൂറു രൂപ വച്ചു എല്ലാവര്ക്കും കൊടുത്തു പറഞ്ഞയച്ചു.

വീടിനു പുറകു വശത്തുകൂടി അകത്തു കയറുമ്പോള്‍ അവള്‍ ചോദിച്ചു"നമ്മുടെ വീട്ടുപേര് ഞാറ്റുകണ്ടത്തില്‍ എന്നല്ലേ ? പക്ഷെ അവര്‍ പറഞ്ഞതു കോയ്‌ മാടം എന്നോ മറ്റോ ആണല്ലോ"?
"കോയ്മ മഠം പറഞ്ഞു പറഞ്ഞു കോയ്‌ മാടം ആയതാ".അടുക്കളയില്‍ നിന്നും അമ്മ പറഞ്ഞു .

"പണ്ടു ഇവന്റെ മുത്തച്ഛന്‍ നമ്പൂരി മാരുടെ അടുത്ത് നിന്നാ ഈ സ്ഥലം വാങ്ങിയത്.കോയ്മ മഠം എന്നത് അവരുടെ വീട്ടുപേരായിരുന്നു."അമ്മ പഴമ്പുരാണം തുടങ്ങിയപ്പോള്‍ ദത്തന്‍ അകത്തേക്ക് പോയി.അമ്മ തുടര്‍ന്നു. "അന്ന് നമ്പൂരിമാര്‍ക്ക് ഈ പറമ്പില്‍ സര്‍പ്പാരധന ഒക്കെ ഉണ്ടായിരുന്നു. മുത്തച്ഛന്‍ ഒരവിശ്വാസിയായിരുന്നു.അദ്ദേഹം പൂജയും കാര്യങ്ങളും എല്ലാം നിര്‍ത്തി. പിന്നെ ദേഹം മുഴുവന്‍ ചൊറി വരാന്‍ തുടങ്ങി. സര്‍പ്പദോഷം.... അമ്മ താടിക്ക് കൈവച്ചു നിന്നു. അങ്ങിനെ പാമ്പ് മേക്കാട്ട്‌ മനക്കല്‍ നിന്നും നാല് നമ്പൂതിരിമാര്‍ വന്നു പുനപ്രതിഷ്ഠ നടത്തി മൂന്നു ദിവസത്തെ പൂജ നടത്തിയ ശേഷമാണ് രോഗം മാറിയത്.എന്തിനാ അധികം പറയുന്നതു... ഇവന്റെ അച്ഛന്‍ വലിയ കമ്മ്യൂണിസ്റ്റ് ആയിരുന്നു. ഒന്നിലും വിശ്വാസവുമില്ല, അമ്പലത്തിലും പോവില്ല.ഞങ്ങളുടെ വിവാഹ ശേഷം സര്‍പ്പ ദോഷം മൂലം കുട്ടികള്‍ ഉണ്ടാവാതായപ്പോ, അദ്ധേഹവും വിശ്വാസിയായി. ഇപ്പൊ ആണ്ടിലൊരിക്കല്‍ നടത്തുന്ന നൂറും പാലും പിന്നെ ഇടക്കുള്ള ചാത്തന് ഊണും ഞങ്ങള്‍ മുടക്കാറില്ല.എന്തിനാ വെറുതെ അവരോടൊരു വാശി."പ്രിയ ഒരു നേരിയ ഭയത്തോടെ സര്‍പ്പക്കാവിലേക്ക് നോക്കി. സന്ധ്യാ ദീപങ്ങള്‍ മാണിക്യങ്ങള്‍ പോലെ അവിടെ തെളിഞ്ഞു നിന്നിരുന്നു.

ദത്തന്‍ പൂട്ടിയിട്ടിരിക്കുന്ന തന്റെ പഴയ കിടപ്പ് മുറിയിലേക്ക് പോയി. മുകളിലെ നിലയിലാണ്.മുറി മുഴുവന്‍ വാവല്‍ കാഷ്ടത്തിന്റെയും,നനഞ്ഞുണങ്ങിയ മരത്തട്ടിന്റെയും മണം. ജനാലയില്‍ ചില ഭാഗത്ത്‌ ചിതലും ഉണ്ട്.ചെറുപ്പത്തില്‍ കളിക്കിടക്ക് എറിഞ്ഞു പൊട്ടിച്ച ചുവന്ന ജനാലചില്ല്.അതിലൂടെയായിരിക്കും മുറ്റത്തെ സപ്പോട്ട മരത്തില്‍ വരുന്ന വാവലുകള്‍ അകത്തു കടക്കുന്നതു.അവിടെ കിടന്നിരുന്ന ഒരു പുസ്തകം വച്ചു ദത്തന്‍ ആ പഴുതടച്ചു. മുറിയിലെ കട്ടിലും,മേശയും കസേരയും എല്ലാം പൊടി പിടിക്കാതിരിക്കാന്‍ തുണി വച്ചു മൂടിയിട്ടിരിക്കുന്നു. ദത്തന്‍ പതിയെ മേത്ത പൊക്കി നോക്കി.ചെറുപ്പത്തില്‍ വരച്ച ചിത്രങ്ങളും , ചെറുപ്പത്തില്‍ തനിക്ക് പാശ്ചാത്യ ജീവിതത്തിന്റെയും,അമേരിക്കക്ക് പോവാനുള്ള ആഗ്രഹവും തന്ന കൌമാരകാലത്തിലെ നായകനായ മൈക്കില്‍ ജാക്സന്റെ ചിത്രങ്ങളും... ഒരു കോണില്‍ ഒരു വീഡിയോ കാസറ്റ് കിടക്കുന്നു.ദത്തന്‍ പുഞ്ചിരിച്ചു.ലൈബ്രറി യില്‍ നിന്നു ബ്ലു ഫിലിം എടുത്ത് വീട്ടുകാര്‍ വരുന്നതിനു മുന്‍പ്‌ വീട്ടിലേക്ക് നെഞ്ച് നീറുന്ന വേഗത്തില്‍ സൈക്കിള്‍ ചവിട്ടുന്ന ഒരു പയ്യനെ കുറിച്ച ഓര്‍ത്തു. ഇപ്പോഴും ആ പൂപ്പല്‍ പിടിച്ച ടേപ്പ്, സ്പിരിറ്റും പഞ്ഞിയും വച്ചു വൃത്തിയാക്കി സിനിമ കാണാന്‍ അയാള്‍ക്ക്‌ മടിതോന്നുന്നില്ല.പക്ഷെ വി.സി.ആര്‍. ഇല്ലല്ലോ?
പ്രിയ മുറിയിലേക്ക് കടന്നു വന്നു."എന്തെടുക്കുവാ?"

"ഒന്നുമില്ല, ഇതായിരുന്നു എന്റെ പഴയ മുറി ."
"കൊള്ളാല്ലോ..ഒരു നൂറ്റാണ്ട് പുറകോട്ടു പോയ പോലെ ഉണ്ട്...ങേ, ഇതെന്താ വീഡിയോകാസെറ്റോ?.....

ഇതേതാ ഫിലിം ?"പ്രിയ കാസറ്റ് കയ്യില്‍ എടുത്തു.
"മറ്റവനാ,ബ്ലു..."ദത്തന്‍ ചിരിച്ചൂ.

"അയ്യേ... ,നാണമില്ലല്ലോ പറയാന്‍...അപ്പൊ പണ്ടേ ഇതു തന്നെ പരിപാടി അല്ലെ?" ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു.
"പിന്നേ,ഇതൊക്കെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളല്ലേ?എനിക്ക് ശേഷം എന്റെ തലമുറ അന്യം നിന്നു പോകരുതല്ലോ?"

ഉത്തരം പോലെ പ്രിയ ചിരിച്ചുകൊണ്ട് അര്‍ത്ഥം വച്ചു മൂളി. അവളുടെ കയ്യില്‍ നിന്നും കാസറ്റ് വാങ്ങിക്കൊണ്ടു ദത്തന്‍ പറഞ്ഞു, "ഇപ്പോഴുള്ള ഡി.വി.ഡി. യുടെ അത്ര ക്ലാരിടി ഇല്ലെങ്കിലും,കാസെറ്റില്‍ കാണാന്‍ ഒരു സുഖമുണ്ട്.പണ്ടു ഇടയ്ക്ക് വീണുകിട്ടുന്ന ഒഴിഞ്ഞ അവസരങ്ങളില്‍ ,ആരെങ്കിലും വരുന്നതിനു മുന്‍പ്‌ ബ്ലു ഫിലിം കണ്ടു തീര്‍ക്കാന്‍ ഇരിക്കുമ്പോള്‍ ഒന്നുകില്‍ ടേപ്പ് ചുറ്റിപ്പിടിക്കും അല്ലെങ്കില്‍ പൂപ്പല്‍ പിടിക്കും. പിന്നെ അത് ക്ലീന്‍ ചെയ്യണം. അതൊക്കെ ഒരു രസം.ഇന്നു എല്ലാം വളരെ ലളിതമായി. ആ പഴയ ത്രില്ലും പോയി."
"അതെ കത്തുകളുടെ മണവും ,ഇഷ്ടപെട്ടവരുടെ കൈപ്പടയും പിന്നെ പോസ്റ്മാനുവേണ്ടിയുള്ള കാത്തിരിപ്പിന്റെയും സുഖം ഇ-മെയില് വന്നപ്പോള്‍ നഷ്ടപ്പെട്ട പോലെ." പ്രിയ കൂടി ചേര്ത്തു.

"ങേ ! ആള് വിചാരിച്ച പോലെ അല്ലല്ലോ ?"ദത്തന്‍ ചിരിച്ചു.
"പിന്നെ എന്താ വിചാരിച്ചത്?" മുറിയുടെ വലത്തേ പകുതി ഭാഗം വൃത്തിയായും ബാക്കി പകുതിയില്‍ സാധനങ്ങള്‍ മൂടിയിട്ടിരിക്കുന്നതും കണ്ടു ആശ്ചര്യപൂര്‍വ്വം പ്രിയ അതിനെകുറിച്ചു ചോദിച്ചു.

"ഓ അതോ.....,അത് ചാത്തന്‍ മുത്തപ്പന് ഊണ് കൊടുക്കുന്നത് ഇവിടെയാ."
"ചാത്തന്‍ മുതപ്പനോ? ഇതെന്തു സാധനം ?"

ദത്തന്‍ വിവരിച്ചു. "അങ്ങിനെയൊന്നും പറയരുത്, അതൊരു വിശ്വാസമാ. മുത്തച്ഛന്റെ കാലത്തെ ഉള്ളതാ. നമ്മുടെ ബിസ്സിനെസ്സ് ചെമ്മീന്‍ കൃഷിയല്ലേ? നല്ല റിസ്ക്‌ ഉള്ള പരിപാടിയാ. ചെമ്മീന്‍ കുഞ്ഞുങ്ങളെ പാടത്ത്‌ ഇറക്കി, അവ കേടൊന്നും കൂടാതെ വളര്‍ന്നു വലുതായാലെ നമുക്കു അത് വില്‍ക്കാന്‍ പറ്റൂ. ഒന്നും നമ്മുടെ കയ്യിലല്ലല്ലോ. അപ്പൊ നമ്മള്‍ ദൈവത്തിനെ കൂട്ടുപിടിക്കും.
"അപ്പൊ ചാത്തന് ചോറ് കൊടുത്താ മതിയോ ?" അവള്‍ക്കു സംശയം.
"ചോറ് മാത്രമല്ല ,മീന്‍ കറി, കോഴി, കള്ള്, ചാരായം... എന്ന് വേണ്ടാ..സകലതും വേണം. ഒരു ചെറിയ വിളക്കും കത്തിച്ചു വക്കും.സന്ധ്യക്കാണ്‌ പൊതുവെ കൊടുക്കാറ്. എല്ലാം ഒരുക്കി വച്ച് , വേറാരും കയറാതെ മുറി അടച്ചിടും, പിന്നെ കുറെ കഴിഞ്ഞേ വാതില്‍ തുറക്കൂ.
"അപ്പൊ ചാത്തന്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാവുമോ?"പ്രിയക്ക് ആകാംഷയായി.
"ങാ , ചിലപ്പോ ചോറൊക്കെ ചെറുതായി ഇളക്കിയിട്ടുണ്ടാവും .. ങാ.. പിന്നെ അതുകഴിഞ്ഞ് ചാത്തന്‍ സേവിച്ചതിന്റെ ബാക്കി വീട്ടിലുള്ളവര്‍ എല്ലാം കഴിക്കണം ,കള്ളും കുടിച്ചു തീര്‍ക്കണം.
"അപ്പൊ വീട്ടിലിരുന്നു വെള്ളമടിക്കാനുള്ള ലൈസന്‍സ് ആണ് ഈ പരിപാടി." പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു.
"അയ്യോ, അങ്ങിനെയൊന്നും പറയരുത്. അത് പ്രസാദം പോലെയാണ്. ചാത്തനെ സേവിക്കുന്നോര്‍ക്ക് എന്നും നല്ലതേ വരൂന്നാ. പക്ഷെ ആള് ഭയങ്കര ദേഷ്യക്കാരനാ. കൊടുത്തുകൊണ്ടിരിക്കുന്നത്‌ നിര്‍ത്തിയാല്‍ എല്ലാം നശിപ്പിക്കും. തന്നതെല്ലാം തിരിച്ചെടുക്കുകയും ചെയ്യും. അതാണ്‌ ചാത്തന്‍."
പ്രിയയുടെ ചിരി മങ്ങി. ദത്തന്‍ തുടര്‍ന്നു."പക്ഷെ ചാത്തന്‍ സേവയുള്ള വീട്ടുകാര്‍ അത് പുറത്തു പറയില്ല. ഐശ്വര്യക്കെടാണ്. നമ്മുടെ വീടിന്റെ തെക്കു ഭാഗത്ത് ഒരു കല്ലുണ്ട്‌ ,ആ കല്ലില്‍ നമ്മള്‍ ചാത്തന് കൊടുക്കുന്ന കോഴിയുടെ കഴുത്തറുത്ത് ചോരയോഴിക്കണം, എന്നിട്ട്.....
സംസാരത്തിനിടക്ക്‌ ആരോ കോളിംഗ് ബെല്ലടിച്ചു. പ്രിയ ഞെട്ടി. അതുകണ്ട് ചിരിയടക്കി ദത്തന്‍ പറഞ്ഞു ,"വാ ,താഴേക്ക് പോകാം.."അവള്‍ ദത്തന് മുന്‍പില്‍ വേഗത്തില്‍ താഴേക്ക് നടന്നു."
ദത്തന്റെ സഹോദരി സുമയും ,ഭര്‍ത്താവും, മോനും വന്നിരിക്കുന്നു. കണ്ണന്റെ കൈയ്യില് ഹൈഡ്രജന്‍ ബലൂണും ,പീപ്പിയും ഒക്കെയുണ്ട്.
"ഇന്നു തെവുരുത്തി അമ്പലത്തില്‍ ഉത്സവമാണ് , ഉത്സവം കഴിഞ്ഞപ്പോള്‍ സുമക്കിവിടെവരെ വരാനോരാഗ്രഹം. പിന്നെ വെച്ചു താമസിപ്പിച്ചില്ല."അളിയന്‍ പറഞ്ഞു.
"നന്നായി , അത്താഴം ഒന്നിച്ചു കഴിക്കാമല്ലോ?" ദത്തനും,അളിയനും ഇറയത്തു ഇരുന്നു. സ്ത്രീകള്‍അകത്തേക്ക് പോയി.
"എന്നാ ഇവിടെ ജോലിക്ക് കയറുന്നത്?"അളിയന്‍ ചോദിച്ചു.
"നാളെ".
"അമേരിക്കയില്‍ നിന്നും ജോലി കളഞ്ഞിട്ടു പോന്നത് മണ്ടത്തരമായിപ്പോയി എന്ന് തോന്നുന്നുണ്ടോ?"
ദത്തന്‍ അതിലെ പീപ്പിയൂതിക്കൊണ്ടുനടക്കുന്ന കണ്ണനെ നോക്കിക്കൊണ്ടു പറഞ്ഞു ,
"ഇല്ല,ഒരുപാടു ആലോച്ച ശേഷം എടുത്ത തീരുമാനമായിരുന്നു അത്. ഒരുപാടു ആഗ്രഹിച്ചുപോയ സ്ഥലമാണത് ,പക്ഷെ എനിക്ക് അവിടം പറ്റില്ല,കൂടാതെ അച്ഛനും അമ്മും വയസ്സായിവരികയുമല്ലേ?"
"അതെ, അതെ ,നന്നായി. പാവം അച്ചന് നല്ല വിഷമമുണ്ടായിരുന്നു, ദത്തന്‍ഇവിടില്ലാതിരുന്നപ്പോള്‍, പക്ഷെ പുള്ളിക്കാരനത് പുറത്തു കാണിക്കില്ല."
സംഭാഷണത്തിന് ഇടയ്ക്ക് കണ്ണന്റെ ബലൂണ്‍ പൊട്ടി. അവന്‍ തളരാതെ അടുത്ത കളിപ്പാട്ടമായ പീപ്പി എടുത്ത് ഊതാന്‍ തുടങ്ങി.
ഒരു ശല്യമായി മാറിയപ്പോള്‍ ദത്തന്‍ അവനെ അടുത്ത് വിളിച്ചു സ്വകാര്യത്തില്‍ പറഞ്ഞു, "രാത്രി പീപ്പി ഊതിയാ പാമ്പ് വരും, കണ്ടിട്ടില്ലേ നമ്മുടെ വീടിന്റെ പുറകിലെ കാവ്, ങാ...അവിടന്ന് വരും..."
ആ കുഞ്ഞു കണ്ണുകളില്‍ ഭീതി പടര്‍ന്നുകയറുന്നത് ദത്തന്‍ വേദനയോടെ നോക്കി നിന്നു. ഇപ്പോള്‍ അവന്റെ മനസ്സില്‍ മിന്നി മായുന്നചിത്രങ്ങള്‍ ദത്തന് വ്യക്തമായി കാണാം.സര്‍പ്പങ്ങള്‍, ദീപങ്ങള്‍,കുരുത്തോലകള്‍...മുന്‍ഗാമികളുടെപാത പിന്തുടരുന്ന ഉറുമ്പുകളെ പോലെ അടുത്ത തലമുറയിലേക്കും ദത്തന്‍ ചിന്തകള്‍കൈമാറി."ഇവനും എന്നെപ്പോലെ വേറെ എവിടെപ്പോയാലും ഇഷ്ടപ്പെടാതെ തിരിച്ചു സ്വന്തംനാട്ടിലേക്ക് വരും , ഒരു പട്ടത്തിനെ വള്ളി പോലെ ഞാനിന്നിവന് സമ്മാനിച്ച ചിന്തകള്‍ അവനെസ്വന്തം വീടുമായി ബന്ധിച്ചു നിര്‍ത്തും".ദത്തന്‍ ഓര്‍ത്തു.
നിങ്ങള്‍ എപ്പോ വന്നു?". ഇരുട്ടില്‍ നിന്നിം അച്ഛന്റെ ശബ്ദം. അച്ഛന്‍ ചവച്ചുകൊണ്ടിരുന്ന ഏലക്ക മുറ്റത്തേക്ക്‌ നീട്ടി തുപ്പി. അച്ഛന്റെ ശബ്ദം കെട്ട് അകത്തു നിന്നും സ്ത്രീകള്‍ എത്തി.
"അച്ചിച്ചാ ..." കണ്ണന്‍ അച്ഛന്റെ ദേഹത്തേക്ക് ചാടി വീണു.
"പുതിയ പീപ്പിയൊക്കെ കിട്ടിയിട്ടുണ്ടല്ലോ മോന്". അച്ഛന്‍സംസാരിച്ചപ്പോള്‍ കണ്ണന്‍ മൂക്ക് പൊത്തി. ഒരു പരുങ്ങിയ ചിരിയുമായി കുട്ടിയെ താഴെ നിര്‍ത്തിഎല്ലാവരോടുമായി അച്ഛന്‍ പറഞ്ഞു,
"ഞാനൊന്ന് കുളിച്ചിട്ടു വരാം".
അമ്മ അച്ഛനെ തടഞ്ഞു നിര്‍ത്തി. ,
"നിങ്ങള്‍ കുടിച്ചിട്ടുണ്ടോ?"
"നിനക്കു വല്ല ഭ്രാന്തുമുണ്ടോടി, ഈ ഷുഗറും.... ഒക്കെയുള്ള ഞാനിനി കുടിക്ക് ".
"എന്നാ ഒന്നൂതിയെ" അമ്മ വിട്ടില്ല.
"ഇതാ ഇപ്പൊ നന്നായെ, ഇവളുടെ ഒരു കാര്യം "ഒരു പൊട്ടിചിരിയുമായി അച്ഛന്‍ ഒഴിഞ്ഞു അകത്തേക്ക്പോയി.
"ആര് പറഞ്ഞാലും കേള്‍ക്കില്ല,ഈ മനുഷ്യന്‍ നന്നാവില്ല. കല്യാണം കഴിഞ്ഞ കാലം മുതല്‍........."
അമ്മ സ്ഥിരം പാരായണം തുടങ്ങി.അമ്മ പറയുന്നതു കേട്ടാല്‍ തോന്നും അച്ഛന്‍ എന്നും കുടിക്കുമെന്ന്‌.
ഇനി ശേഷിച്ച കാലം സന്തോഷത്തോടെ ജീവിക്കാന്‍ അച്ഛന്‍ തീരുമാനിച്ച പോലെ ദത്തന് തോന്നി. നല്ലത്..
അത്താഴത്തിനു ശേഷം സുമയും കുടുംബവും പോയി.ഊണിനു ശേഷം അച്ചന് മുറ്റത്തൊരു ഉലാത്തല്‍ഉണ്ട്. പ്രിയയും അമ്മയും അരമതിലില്‍ വന്നിരുന്നു.ദത്തന്‍ അച്ഛനൊപ്പം മുറ്റത്ത്‌ .അച്ഛന്‍ പറഞ്ഞു,
"ഈ മാസം ചെമ്മീക്കെട്ടു തുറക്കുകയാ...... അതിന് മുന്‍പ്‌ ചാത്തന് വല്ലതും കൊടുക്കണം ."
" എന്ന് കൊടുക്കാനാ.." പിണക്കം മാറി ഭക്തിയോടെ അമ്മ ചോദിച്ചു.
"ഇന്നു ഞായര്‍ , അപ്പോ.......... അടുത്ത വെള്ളിയാഴ്ച്ച... അതുമതി, അന്നുകൊടുക്കാം ".
"എന്റെ ചാത്തന്‍ മുത്തപ്പന്‍ മാരെ കാത്തോണേ...." അമ്മ പ്രാര്‍ത്ഥിച്ചു.
ഉലാതുന്നതിനിടക്ക് സ്വകാര്യത്തില്‍ അച്ഛന്‍ ദത്തനോട് പറഞ്ഞു,

"ഇത്തവണ ചാരായം വേണ്ട,റംമതി...ചാത്തന്‍ സ്വാമിക്ക് അതാ ഇഷ്ടം".


അച്ഛന്‍ ഉലാത്തിക്കൊണ്ടിരുന്നു. ദത്തന്‍ ആ കാലടികള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

5 comments:

 1. കൊള്ളാം. ‘നിക്കിഷ്ടായി.

  ReplyDelete
 2. like seeing a part of M T movie....no twists & turns but your lucid style transport one to another world....nice Bony. Liked it a lot.

  ReplyDelete
 3. thanks alot for the comments ....

  ReplyDelete
 4. ഇത്തവണ വിസ്കി മതിയാരുന്നു

  ReplyDelete