Saturday, August 15, 2009

തലച്ചോറിന്റെ താക്കോല്‍


അവര്‍ അച്ഛനെ കൊണ്ടുവന്നു.നിലത്തു കിടത്തി.മുറി മുഴുവന്‍ ചന്ദനത്തിരിയുടെ മണം.രാമായണ പാരായണം. എന്റെ ചിന്തകള്‍ തണുത്തു ഉറയുന്നതു പോലെ തോന്നി.പക്ഷെ ഞാന്‍ കരഞ്ഞില്ല.ഒരു ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയെക്കാള്‍ കൂടുതല്‍ പക്വത ഞാന്‍ കാണിച്ചു.അതോ ഒരുതരം മരവിപ്പായിരുന്നോ എന്നറിയില്ല.

ഞാന്‍ അമ്മയുടെ മുറിയില്‍ പോകാതെ, തെക്കേ മുറിയിലേക്ക് പോയി.അവിടെ അച്ഛന്റെ കാര്‍ഗോ പാഴ്സലുകള്‍ നിരത്തി വച്ചിട്ടുണ്ട്. അതിനെല്ലാം അച്ഛന്റെ മണം ആണ്.ദുബായ് യുടെ മണം. ചെറുപ്പത്തില്‍ ഞാന്‍ വിചാരിച്ചിരുന്നത് "ദുബായ് " മേഘങ്ങള്‍ക്കിടയില്‍ എവിടെയോ ആണെന്നാണ്. കാരണം അച്ഛന്‍ കയറിയ വിമാനം മേഘങ്ങള്‍ക്കിടയില്‍ എവിടെയോ ആണ് പോയ് മറഞ്ഞത്.തിരിച്ചു വരുന്നതും അവിടന്നു തന്നെ.
ഇളയച്ചന്‍ വിളിച്ചു.
"കര്‍മങ്ങള്‍ക്ക് സമയമായി".
ഞാന്‍ ഒന്നും മിണ്ടിയില്ല. ഇളയച്ചന്‍ എന്നെ കുളക്കടവിലേക്ക് കൂട്ടി കൊണ്ടുപോയി.
തിരിച്ചുവരുമ്പോള്‍ മുറ്റം നിറയെ ആള്‍ക്കാര്‍.അച്ഛനെ പന്തലില്‍ കിടത്തിയിരിക്കുന്നു.മുത്തച്ഛന്‍ ഇറയത്തു ഇരുപ്പുണ്ട്‌, നടക്കാന്‍ വയ്യ. കര്‍മങ്ങള്‍ എല്ലാം വളരെ വേഗത്തിലായിരുന്നു. പോസ്റ്റ് മാര്‍ട്ടം കഴിഞ്ഞ ബോഡി പെട്ടെന്ന് ദഹിപ്പിക്കണം, ആരോ പറഞ്ഞു.ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്,നമ്മള്‍ എല്ലാവരും മരിക്കുമ്പോള്‍ മസ്ഥിഷ്കാമോ ,ഹൃദയമോ ഏതെങ്കിലും ഒന്നേ മരിക്കൂ. എന്റെ അച്ഛന്റെ ഹൃദയം മാത്രമെ മരിച്ചിട്ടുള്ളൂ എങ്കിലോ? തലച്ചോറില്‍ ഇപ്പോഴും എന്നെപ്പറ്റി ചിന്തിക്കുന്നുണ്ട് എങ്കിലോ?

ദഹനം കഴിഞ്ഞു. ഇരുട്ടി . അടുത്ത ആള്‍ക്കാര്‍ ഓരോരുത്തരായി പോയിത്തുടങ്ങി. മുകളിലെ എന്റെ മുറിയിൽ നിന്നാല്‍ മുറ്റത്തെ പന്തലിലെ വെളിച്ചം കാണാം, അച്ഛന്റെ ചിതയും....
അത് ഭാവിയിലെ ഏകാന്തതയുടെയും ഉത്തരവാദിത്വതിന്റെയും ചൂടു വമിക്കുന്ന ഒരു നീണ്ട കനല്‍ ചതുരം പോലെ തോന്നി. ഞാന്‍ കരഞ്ഞില്ല.

ദിവസങ്ങള്‍ കഴിഞ്ഞു . സ്കൂളില്‍ പോയിത്തുടങ്ങി. അധികം ആരോടും സംസാരിച്ചില്ല.മിക്കപ്പോഴും ഒറ്റക്കുതന്നെ.ഒറ്റ മകനായതു കൊണ്ട് ഏകാന്തത ഒരു പുതിയ അനുഭവം ആയിരുന്നില്ല.പക്ഷെ പോകെ പോകെ  ഞാനത് ആസ്വദിക്കാന്‍ തുടങ്ങി.

ഓഗസ്റ്റ് ഏഴ് , രാവിലെ , ഓണ പരീക്ഷക്ക്കുറച്ചു ദിവസം മുന്പ് . അന്നാണ് അച്ഛന്റെ മരണ ശേഷം ഞാന്‍ ആദ്യമായി -മൈല്‍ പരിശോധിച്ചത്. അച്ഛനയച്ച ഒരു -മേഇല്‍ കണ്ടു.അപകടം പറ്റുന്നതിനു മുന്‍പ്എപ്പോഴോ അയച്ചതാണ്.ഓണത്തിന് നാട്ടില്‍ വരുന്നതിനെ പറ്റിയുംവരുമ്പോള്‍ എനിക്ക് കൊണ്ടു വരേണ്ട സാധനങ്ങളുടെ ലിസ്റ്റ് അയച്ചു കൊടുക്കാന്‍ പറഞ്ഞുകൊണ്ടുള്ളതായിരുന്നു എഴുത്ത്‌.
ഞാന്‍ മറുപടി എഴുതികൊണ്ടുവരേണ്ട സാധനങ്ങളുടെ ലിസ്റ്റ്,പിന്നെ കുറെ വിശേഷങളും, അമ്മയെ പറ്റി,പരീക്ഷയെപറ്റി,ഞാന്‍ പിന്നോക്കം നില്ക്കുന്ന വിഷയമായ കെമിസ്ട്രിയെ പറ്റി....അങ്ങിനെ ഒരുപാട്.....എനിക്ക് വല്ലാത്ത ആശ്വാസം തോന്നിഅച്ഛനോട് നേരിട്ടു സംസാരിച്ച പോലെ.കമ്പ്യൂട്ടർ നിറുത്തി പഠിക്കാനിരുന്നു.പക്ഷെ മനസു നിറയെ അച്ഛന്റെ ആ കത്തായിരുന്നു.അന്ന് വൈകുന്നേരം അച്ഛന്റെ എഴുത്ത് ഒന്നുകൂടി വായിക്കണം എന്ന് തോന്നി ഞാന്‍ കംപ്യുട്ടര്‍ തുറന്നു.സ്ക്രീനില്‍ ഒരു അസാധാരണ വെളിച്ചം ."എനിക്ക് അച്ഛന്റെ മറുപടി."എനിക്ക് വിശ്വസിക്കാനായില്ല.അതെ ശൈലി .ഞാന്‍ കെമിസ്ട്രി പരീക്ഷയില്‍ ജയിക്കും എന്നൊരു പ്രവചനവും!!
എന്നെ ആരെങ്കിലും പറ്റിക്കുകയാണോ?
പക്ഷെ ഇതു അച്ഛന്റെ പേരില്‍ തന്നെയാണ് വന്നിരിക്കുന്നത്
ഇതു വേറെ ആരെങ്കിലും ആണെങ്കില്‍ തന്നെ പാസ്വേഡ് എങ്ങിനെ കിട്ടും? ഞാന്‍ കംപ്യുട്ടര്‍ ഓഫ്ചെയ്തു.
എന്നുള്ളിൽ സംശയത്തിന്റെയും സന്തോഷത്തിന്റെയും മണല്‍ കാറ്റ് അടിക്കുന്നത് പ്പോലെ തോന്നി.എന്തായാലും അച്ഛനുമായുള്ള പുതിയ സംവേദനം ഞാന്‍ ഒറ്റയ്ക്ക് ആസ്വദിക്കാന്‍ തീരുമാനിച്ചു.
പക്ഷെ അച്ഛന്റെ പാസ്വേഡ്? അത് വേറെ ആര്‍ക്കെങ്ങിലും അറിയാമായിരിക്കുമോ?
ഇല്ല... ഇതു അച്ഛന്‍ തന്നെ...

പിന്നിട് സന്തോഷത്തിന്റെ നാളുകളായിരുന്നു.സന്തോഷം ,ദുഃഖം,ടെന്‍ഷന്‍,എന്തുവന്നാലും അച്ചന് ഒരു മെയില്‍ .അന്ന് വൈകുന്നേരം തന്നെ മറുപടിയും വരും.അച്ഛന്റെ പ്രവചനം പോലെ ഓണപരീക്ഷയില്‍ മാത്രമല്ല,വര്‍ഷ പരീക്ഷയിലും ഞാന്‍ കെമിസ്ട്രിക്കു ജയിച്ചു.അച്ഛന്റെ പ്രവചനം എപ്പോഴും ഫലിക്കാറുണ്ട്.
ദിവസങ്ങളും മാസങ്ങളും കടന്നു പോയി.ഞങ്ങള്‍ പരസ്പരം എഴുതിക്കൊണ്ടേ ഇരുന്നു.ആരോടും പറയാനാവാത്ത സൌഭാഗ്യം ഉള്ളിലൊതുക്കി വര്‍ഷങ്ങല്‍ കടന്നു പോയി.എനിക്ക് മുഖക്കുരുക്കള്‍ വന്നു, ശബ്ദം പതറി, പൊടി മീശ വന്നു, പക്ഷെ ഷാരൂഖാന്‍ മീശ വെക്കാത്തത് കൊണ്ടു ഞാനും വച്ചില്ല. എല്ലാം എഴുതിക്കൊണ്ടിരുന്നു.എനിക്ക് അച്ഛനില്‍ നിന്നു ഒന്നും ഒളിച്ചു വെക്കാനാവില്ലായിരുന്നു. പറഞ്ഞില്ലെങ്കിലും അച്ഛന്‍ അതറിയും. അതിനെപറ്റി ചോദിക്കുകയും ചെയ്യും.
കൗമാരത്തിന്റെ തുടക്കത്തിലെ ഇളയച്ഛന്റെ മകളുമായുള്ള വഴിവിട്ട ബന്ധം, സിഗരട്ട് വലി ...അങ്ങിനെ പലതും ഉപദേശിച്ചു നേരെയാക്കി.

അച്ചന് കത്ത് എഴുതുമെങ്കിലും ഇന്നും എനിക്കുറപ്പില്ല, അത് അച്ഛന്‍ തന്നെയാണെന്ന്. ആരാണതെന്നു കണ്ടുപിടിക്കാന്‍ എനിക്ക് വല്ലാത്തോരാഗ്രഹം തോന്നി. ഒരു പക്ഷെ കൌമാരക്കാരന്റെ അപക്വതയും എടുതുചാട്ടവും ആയിരിക്കാം.പാസ്വേഡ് കിട്ടി അത് തുറന്നാല്‍ , പൊന്മുട്ടയിടുന്ന താറാവിനെ കൊന്ന കഥ പോലെയാവുമോ? അച്ഛനെ ചോദ്യം ചെയ്യലാവുമോ?

അച്ഛനുമായി ബന്ധപെട്ട ഓരോരോ വാക്കുകള്‍,പാസ്വേഡ് ആയി അടിക്കാന്‍ തുടങ്ങി. പേരുകള്‍, സ്ഥല പേരുകള്‍ ,നമ്പരുകള്‍......അത് തുറന്നില്ല! രാവും പകലും ഞാന്‍ പാസ്വേഡ് നെ പറ്റി ചിന്തിച്ചുകൊണ്ടിരുന്നു.കഴിക്കുമ്പോള്‍, കുളിക്കുമ്പോള്‍, ബസ്സില്‍ , ക്ലാസ്സില്‍......ഞാനാകെ നിരാശനായി തുടങ്ങിയിരുന്നു. പക്ഷെ ഇതൊന്നും ഞാന്‍ അച്ഛനെ അറിയിച്ചില്ല.

ഒരു ദിവസം വൈകിട്ട് കോളേജില്‍ നിന്നു ഞാന്‍ വീട്ടിലെത്തിയപ്പോള്‍ ഇളയച്ചന്‍ അവിടെ ഉണ്ടായിരുന്നു.എന്തോ പ്രശ്നം ഉള്ള പോലെ തോന്നി. വീടാകെ കലുഷിതമായിരുന്നു. ഇളയച്ചന്‍ മുത്തച്ചനോട് കയര്‍ത്തു സംസാരിക്കുന്നുണ്ടായിരുന്നു. സ്വത്ത് തര്‍ക്കമാണ് വിഷയം. ഞാന്‍ മുകളിലെ മുറിയിലേക്ക് പോയി. തര്‍ക്കം മൂര്‍ഛിക്കുന്നത് കേള്‍ക്കാമായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഇളയച്ചന്‍ ,അച്ഛന്റെ പേരും ഒരു പെണ്ണിന്റെ പേരും ചേര്‍ത്ത് എന്തോ പറയുന്നതു കേട്ടു .കല്യാണത്തിന് മുന്‍പുള്ള അച്ഛന്റെ പ്രേമ ബന്ധം. പെണ്‍കുട്ടിയുടെ പേരു ശരിക്കും കേട്ടില്ല.
ഞാന്‍ പതിയെ താഴേക്കിറങ്ങി പാതി പടിയിലിരുന്നു. തെക്കേ പറമ്പില്‍ താമസിച്ചിരുന്ന വറീത്മാപ്പിളയുടെ മകള്‍. അതാണ് കക്ഷി. ക്രിസ്തിയാനി ആയതുകൊണ്ടും അഷ്ടിക്കു വകയില്ലതവരായതുകൊണ്ടും ബന്ധം പാതി വഴിയില്‍ പിരിഞ്ഞു. ഇത്രയുമാണ് ഇളയച്ചന്‍ പറഞ്ഞതിന്റെ സാരം. അങ്ങേരു ഭ്രാന്ത് പിടിച്ചവനെപ്പോലെ വേറെയും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഞാന്‍ തിരിച്ചു മുറിയിലേക്ക്, പോവാനൊരുങ്ങുമ്പോള്‍, ഒരു വെള്ളിടി പോലെ എന്റെ മനസ്സു പറഞ്ഞു " പെണ്‍കുട്ടിയുടെ പേരാണ് അച്ഛന്റെ പാസ്വേഡ് "എനിക്കെന്തോ അത് അത്ര ഉറപ്പായി തോന്നി.മനസ് വേറെ എങ്ങും പോവാതെ ക്രിസ്തിയാനി പെണ്‍കുട്ടിയുടെ പേരിനായി നെട്ടോട്ടം തുടങ്ങി .

മേരി, മറിയം, തേസ്യ, ലിസി .............ഛേ ,ഇതൊന്നും ആയിരിക്കില്ല.

താഴെ ഇളയച്ചന്‍ വാതില്‍ കൊട്ടിയടച്ചു ഇറങ്ങിപ്പോയ ശബ്ദം കേട്ടൂ. എനിക്ക് ഓടിപ്പോയി പെണ്ണിന്റെ പേരു ചോദിക്കണം എന്നുണ്ട്. പക്ഷെ അയാള്‍ പറയില്ല. ചോദിയ്ക്കാന്‍ പറ്റിയ സന്ദര്‍ഭവും അല്ല. ഇതു വേറെ ആരോടും ചോദിക്കാന്‍ പറ്റുകയുമില്ല
"അമ്മയോട് ചോദിച്ചാലോ?............. അതുവേണ്ട...."
അന്നുരാത്രി ഉറക്കം വന്നില്ല. ഓരോരോ വഴികള്‍ ആലോചിച്ചുകൊണ്ടിരുന്നു."പറമ്പില്‍ കിളക്കാന്‍ വരുന്ന കാര്‍ത്തികേയന്‍" പുള്ളിക്കാരന് അറിയാന്‍ പറ്റും.ഇവിടെ പണ്ടേ ഉള്ള ആളല്ലേ? പോരാഞ്ഞ് ആഴ്ച വീട്ടില്‍ പണിക്കു നില്കുന്നുമുണ്ട്.

നേരം വെളുപ്പിച്ചു.എട്ടു മണിയാക്കി .കാര്‍ത്തികേയന്‍ എത്തി. കാപ്പികുടി കഴിഞ്ഞു പറമ്പിലേക്കിറങ്ങി. ഞാന്‍ പുറകെ കൂടി.
"എന്താ കുഞ്ഞേ ഇന്നു കാളേജ് ഇല്ലേ?"
വിഷയം ഉണ്ടാക്കി ഞാന്‍ ചോദിച്ചു, ''തെങ്ങ് മൊത്തം മണ്ടരി ആയല്ലേ? ''
"അതെ കുഞ്ഞേ, എന്തുപറ്റി പറമ്പിലോട്ടൊക്കെ? പിന്നെ മോന് ഇതിന്റെ ആദായം കൊണ്ടൊന്നും ജീവിക്കേണ്ട ഗതികെടില്ലല്ലോ? പഠിച്ചു അച്ഛനെ പ്പോലെ വലിയ എഞ്ചിനീയര്‍ ആയാമതി."
"ങാ..." സംസാരത്തിലെ താല്‍പ്പര്യക്കുറവു ഞാന്‍ മുഖത്ത് കാട്ടിയില്ല.
"കാര്‍ത്തിയേട്ടാ, തെക്കേ പറമ്പിലെ തടം എടുത്തു കഴിഞ്ഞോ?" സംസാരം പതിയെ തെക്കേ പറമ്പിലേക്കും ,മരിച്ചുപോയ വറീത്മാപ്പിളയിലേക്കും ഞാന്‍ എത്തിച്ചു. പുള്ളിക്കാരന്‍ എന്തെങ്കിലും കിട്ടിയാല്‍ പിന്നെ തൂമ്പ താഴെ വച്ചു പ്രഭാഷണം തുടങ്ങും. ഒടുവില്‍ വറീത്മാപ്പിളയുടെ മകളുടെ പേരു സംസാരത്തിനിടക്ക്പറഞ്ഞു. ഞാന്‍ പേരു എടുത്തു ചോദിച്ചു.
"എന്താ കാർത്തികേയേട്ടാ ഇപ്പൊ പറഞ്ഞ ആ പേര്?" എന്റെ ശബ്ദം ചെറുതായി വിറക്കുന്നുണ്ടായിരുന്നു.
"മെർലിൻ എന്നാ കുഞ്ഞേ ..."
മെർലിൻ...... എന്റെ തല ചുറ്റുന്ന പോലെ തോന്നി. എന്റെ മുന്നില്‍ കംപ്യുട്ടര്‍ സ്ക്രീന്‍ തെളിഞ്ഞു. എനിക്ക് ചുറ്റും ഇരുട്ട് മാത്രം. എന്റെ കണ്ണുകളില്‍ വെളിച്ചത്തിന്റെ ചതുരങ്ങള്‍.
പാസ് വേഡ് അടിച്ചു , അടിച്ചത് തുറക്കുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഞെട്ടിയില്ല.
അച്ഛന്റെ തലച്ചോറില്‍ കയറി ബന്ധങ്ങളുടെയും സുഹൃത്ത് വലയങ്ങളുടെയും ഫയലുകള്‍പരിശോധിക്കുന്നതുപോലെ തോന്നി. എന്റെ എഴുത്തുകള്‍ മാത്രമെ അച്ചന് കിട്ടിയിട്ടുള്ളൂ.
പക്ഷെ അതൊന്നും തുറന്നു നോക്കിയിട്ടില്ല !!!
ഞാന്‍ വര്‍ഷങ്ങള്‍ പഴയ മെഇലുകള്‍ പരിശോധിച്ചു . അച്ഛന്‍ മരിച്ചത് അറിയാത്ത കൂട്ടുകാര്‍ അയച്ച എഴുത്തുകള്‍. എഴുത്തുകള്‍ക്കിടയില്‍ ഞാന്‍ ഒരു പേരു കണ്ടു."മെർലിൻ". ഞാന്‍ ആര്‍ത്തിയോടെ അന്വേഷിച്ചു നടന്ന പേര് എന്നെ ഭയപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. മെയില്‍ തുറക്കാനുള്ള ശേഷി ഞാന്‍ സംഭരിച്ചു ......... തുറന്നു.
"നാട്ടില്‍ ഓണത്തിന് വരുമ്പോള്‍ രണ്ടു ദിവസം ഇവിടെയും നില്‍ക്കണം. മോള്‍ അച്ഛനെ കാണാന്‍ തുള്ളി നില്‍ക്കുകയാണ്‌. അവള്‍ക്കു നിങ്ങള്‍ വരുമ്പോള്‍ ഒരു സാധനം......."
തുടര്‍ന്നു വായിക്കാന്‍ എനിക്കായില്ല.
"ഞാന്‍...., എനിക്കിനി....." ചിന്തകള്‍ കുരുങ്ങി നിന്നു.
ഞാന്‍ കംപ്യുട്ടര്‍ നിര്‍ത്തി.

മനസ്സിനെ പറഞ്ഞു മനസിലാക്കാന്‍ രണ്ടു ദിവസം വേണ്ടിവന്നു. ആര്‍ക്കും അറിയാത്ത സത്യം കണ്ടു പിടിച്ചതില്‍ സന്തോഷമാണോ, ദുഖമാണോ........ അറിയില്ലഅതോ ഒരുതരം കുറ്റബോധമോ? അറിയില്ല... 
സത്യം എന്നില്‍ തന്നെ ഒതുങ്ങട്ടെ...അമ്മ ഇതറിയരുത്....ആരും ഇതറിയരുത്..
ഇതൊന്നും അറിയാത്തവനെ പോലെ അച്ചന് വീണ്ടും ഞാന്‍ മെയിലുകള്‍ അയച്ചു. പക്ഷെ മറുപടികള്‍ വന്നില്ല .അച്ഛന്റെ  -മെയില്‍ അക്കൌണ്ടിന്റെ കാലാവധി തീർന്നിരിക്കുന്നു. അങ്ങിനെ അച്ഛന്റെ ഹൃദയത്തിനോപ്പം മസ്തിഷ്ക്കവും മരിച്ചു.  


10 comments:

 1. ഭാവനയോ യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാനാവാത്ത വിധം ഇഴ പിരിഞ്ഞു കിടക്കുന്ന കഥാ സന്ദര്‍ഭങ്ങള്‍..
  മനോഹരമായി പിന്റോ അച്ഛനും മകനും തമ്മിലുള്ള ഈ ഇമെയില്‍ സംവാദം

  ReplyDelete
 2. ഇത് സംഭവമോ അതോ ഭാവനയോ? വായനക്കാരനെ ഈ സംശയത്തിൽ നിർത്തുന്നത് തന്നെ കഥയുടെ വിജയം. ഇഷ്ടമായി.

  ReplyDelete
 3. നന്നായി എഴുതി ബോണി...ആശംസകള്‍

  ReplyDelete
 4. എന്ത് എഴുതണം എന്ന് അറിയില്ല...വല്ലാത്ത ഒരു അവസ്ഥയില്‍ എത്തിച്ചു മനസ്സിനെ..
  വേറിട്ടൊരു കഥ...നന്നായിരിക്കുന്നു.

  ReplyDelete
 5. bony .... comment same as smitha adarsh.... meghangalkidayile dubai... kuttikaalam orma vannu.. thanx.

  ReplyDelete
 6. thanks for ur valuable comments friends....

  ReplyDelete
 7. സുന്ദരമായിരിക്കുന്നു സുഹ്രുത്തേ, എഴുത്തു തുടരട്ടെ

  ReplyDelete
 8. nice ..... the feeling tht i can't explain .... Best wishes to you .... am waiting for more from uu .....

  ReplyDelete
 9. i could see myself in this writings........ really a great work.. Way to go.

  ReplyDelete