Saturday, August 22, 2009

ഒരു രാത്രിസഹചാരി

കണ്ണ് തുറന്നപ്പോള്‍, ബസ്സ്‌ എറണാകുളം വെണ്ടുരുത്തിപ്പാലം കയറുന്നു. ഞാന്‍ ചാടിയെഴുന്നേറ്റു. എനിക്കിറങ്ങേണ്ട സ്ഥലം കഴിഞ്ഞിട്ട് കുറച്ചു സമയമായിരിക്കുന്നു. ഉറക്കത്തില്‍ മടിയില്‍ നിന്നുംതാഴെ വീണ, ഉടുപ്പുകളടങ്ങിയ പ്ലാസ്റ്റിക് കവറെടുത്ത് ധൃതിയില്‍ ഞാന്‍ വാതില്‍ പടികളില്‍ പോയി നിന്നു. കണ്ടക്ടര്‍ എന്നെ നോക്കുന്നുണ്ടായിരുന്നു.

കായലിലെ തണുത്ത കാറ്റു മുഖത്തടിച്ചു. രാത്രി ഒരു മണിക്കും ദൂരെ കൊച്ചി നഗരം പയ്യെ കണ്ണുകള്‍ ചിമ്മി കായലിലേക്ക് നോക്കി നില്ക്കുന്നു. സ്വന്തം നാടെത്തിയപ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നി.

ആശാനും, കൂടെ ജോലിചെയ്യുന്ന വാര്‍ക്കപ്പണിക്കാരും ഇപ്പോഴും ചിലപ്പോള്‍ എന്നെപ്പറ്റി പറഞ്ഞു ചിരിക്കുന്നുണ്ടാവും. ഞാനോര്‍ത്തു.

മൂന്നു ദിവസമായി വീട് വിട്ടിട്ട്. ഇന്നു എല്ലാവരും കൂടി ഒന്നിച്ചു തിരിച്ചു പോരാമെന്നു ആശാന്‍ പറഞ്ഞിരുന്നതാണ്. പക്ഷെ വാര്‍ക്ക തീര്‍ന്നതിന്റെ വെള്ളമടി പാര്‍ട്ടി കഴിഞ്ഞപ്പോള്‍ നാളെ പോകാം എന്നായി എല്ലാവര്‍ക്കും. ഇന്നിനി ഈ രാത്രി, ഇത്രയും ദൂരം..... എന്നൊക്കെ !! എനിക്ക് ദേഷ്യം വന്നു.

ഞാന്‍ സഞ്ചിയെടുത്തിറങ്ങി.

"എടാ സബിച്ചാ, നിക്കടാ...നാളെ പോവാടപ്പാ..... നിന്റെ പെണ്ണിനെ ആരും കട്ടോണ്ടൊന്നും പോകൂല്ലടാ. കട്ടിങ്ങ്സ് ഇടാണ്ട്‌ നീ ഇവിടെ വന്നിരുന്നൊരു സ്മോള്‍ പിടിപ്പിച്ചേ."

"ഞാന്‍ പോണേണ്. " എന്റെ തിരിച്ചുള്ള യാത്ര ഇത്രയും വൈകിച്ചതിനെ നീരസത്തോടെ ഞാനിറങ്ങി.

"ദാണ്ടേ കിടക്കണ്, ഇവന്‍ കുടിയും നിര്‍ത്തിയാ. പുതുമോടി എത്ര ദിവസോം കൂടി ഉണ്ടാവുമോ എന്തോ?"
അവരുടെ കളിയാക്കിയുള്ള പൊട്ടിച്ചിരികള്‍ പടി എത്തുന്നത് എനിക്ക് വരെ കേള്‍ക്കാമായിരുന്നു. അവളെപ്പിരിഞ്ഞിരിക്കുന്നതിന്റെ വേദന ഈ മദ്യ സഭയില്‍ വിളംബിയിട്ടു കാര്യമില്ലല്ലോ? ഞാന്‍ ഇരുട്ടിലൂടെ നടന്നു നീങ്ങി.


ബസ്സ് തെവരയില്‍ നിര്‍ത്തി തന്നു. ഞാനിറങ്ങി.
എല്ലാ നഗരങ്ങളുടെയും അവസാന യാമങ്ങള്‍ പോലെ, തെരുവു വിളക്കില്‍ അലയുന്ന പട്ടികളും, കട ഇറയത്തു ഉറങ്ങുന്ന ഭിക്ഷക്കാരും മാത്രം. ക്രിസ്മസിന്റെ ബാക്കി പത്രം പോലെ ജനുവരിയിലും വീഥികളില്‍ കടലാസുനക്ഷത്രങ്ങള്‍ തെളിഞ്ഞു കിടന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ അവിടെ തന്നെ നിന്നു.

"ഛെ, ഒരു വണ്ടി പോലുമില്ലല്ലോ പണ്ടാരമടങ്ങാന്‍ !! "

കാത്തിരിപ്പിനൊടുവില്‍ നടക്കാം എന്നു തീരുമാനിച്ചു. നാലഞ്ചു കിലോമീറ്ററുണ്ട് വീട്ടിലേക്ക്. അതുവഴി വന്ന പല വണ്ടികള്‍ക്കും കൈ കാണിച്ചു നോക്കി. ആരും നിര്‍ത്തിയില്ല.

നടന്നു വീണ്ടും പാലത്തിലെത്തി. കൈവരിയില്‍ പിടിച്ചു നടക്കുമ്പോള്‍ കയ്യിലെ കവര്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ ആട്ടിക്കൊണ്ടിരുന്നു. ഇവിടെ ഇപ്പൊ ആരും എന്നെ ശ്രധിക്കാനില്ലല്ലോ? ആ നടത്തം ഞാനാസ്വദിക്കാന്‍ തീരുമാനിച്ചു.

മേഘങ്ങളില്ലാത്ത ആകാശം. കൊള്ളിമീനുകള്‍ പായുന്നത് നോക്കി ഞാന്‍ നടന്നു.ഏകദേശം പാലത്തിന്റെ നടുവിലെതിയപ്പോള്‍, താഴെ അടിയൊഴുക്കില്‍ ഇളകി മറിയുന്ന വെള്ളം നഗരത്തിന്റെ വെളിച്ചത്തില്‍ കണ്ടു. ഭീകരം .
പക്ഷെ എന്റെ നഗരം സുന്ദരിയാണ്. അവളെക്കാണാന്‍ വന്ന കപ്പലുകള്‍ ദൂരെ നങ്കൂരമിട്ടിരിക്കുന്നു. ഞാന്‍ പണിതുയര്‍ത്തിയ കെട്ടിടങ്ങളും ദൂരെക്കാണാം. ചെറുതും ,വലുതുമായ പ്രകാശ കുഞ്ഞുങ്ങളെ വളര്‍ത്തുന്ന കൊച്ചി, എന്റെ ഭാര്യയെപ്പോലെ തന്നെ എത്ര സുന്ദരി.

"ഇപ്പോള്‍ കയ്യില്‍ കാശുണ്ട്, നാളെ അവളെക്കൂട്ടി ഒരു സിനിമയ്ക്ക് പോണം. എന്തെങ്കിലും അവളുടെ ഇഷ്ടത്തിന് മേടിച്ചും കൊടുക്കണം". ഞാനോര്‍ത്തു.

ഒരു വണ്ടിയുടെ ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. ദൂരെനിന്നും മോട്ടോര്‍ സൈക്കിളിന്റെതെന്നു തോന്നിക്കുന്ന ഒരു വെളിച്ചം അടുത്ത് വരുന്നു. ഞാന്‍ കൈകാണിച്ചു നിന്നു. അയാള്‍ നിര്‍ത്താതെ കടന്നു പോയി. പക്ഷെ കുറച്ചകലെയായി അയാള്‍ നിര്‍ത്തിയതായി കണ്ടു . ഇനി നടക്കണ്ടല്ലോ എന്ന സന്തോഷത്തോടെ ഞാന്‍ ഓടിച്ചെന്നു. കുടവയറുള്ള, കട്ടി പുരികവും, മീശയുമുള്ള, കറുത്ത് ,കംസനെ പോലെ ഇരിക്കുന്നോരാള്‍. എനിക്ക് പോവേണ്ട വഴി തന്നെയാണ് അയാളും പോകുന്നതെന്ന് ചോദിച്ചു മനസിലാക്കി. അയാള്‍ക്കിരിക്കാന്‍ മാത്രം തികഞ്ഞിരുന്ന ആ മോട്ടോര്‍ സൈക്കിളിന്റെ പുറകില്‍ ഞാന്‍ ഞെരുങ്ങിയിരുന്നു. ഉറക്കമാരംഭിച്ച നഗരത്തോട് നാളെക്കാണമെന്നു പറഞ്ഞു യാത്രയാരംഭിച്ചു.

വഴിയോരത്തെ വിളക്കുകള്‍ ഞങ്ങളെ കടന്നു അതിവേഗം പുറകോട്ടു പോയിക്കൊണ്ടിരുന്നു.
"അവളുറങ്ങിക്കാണുമോ? " ഭാര്യയെക്കുറിച്ച് ഓര്‍ത്തു. യുഗങ്ങള്‍ പോലെ തോന്നിച്ച മൂന്നു ദിവസം കഴിഞ്ഞു ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു. എനിക്ക് സന്തോഷമടക്കാനായില്ല.


പെട്ടെന്ന് വണ്ടി ഒരു കുഴിയില്‍ വീണുലഞ്ഞു. പോകെ പോകെ ആ നിരത്തിലെ ചെറുതും, വലുതുമായ എല്ലാ കുഴികളിലും ഞങ്ങള്‍ വീണുകൊണ്ടിരുന്നു. കുഴികള്‍ മാറ്റിയോടിക്കാന്‍ കംസനു താല്‍പ്പര്യം കണ്ടില്ല. ഔദാര്യത്തിന് കിട്ടിയ സവാരിയില്‍ കുറ്റം പറയുന്നതും ശരിയല്ലല്ലോ? എന്നാല്‍ ചില നാട്ടു വര്‍ത്തമാനങ്ങള്‍ ചോദിച്ച് അയാളെ സുഖിപ്പിക്കാന്‍ തീരുമാനിച്ചു.

"കസബയിലാണോ വീട്?"

"അല്ല. കുറച്ചു പടിഞ്ഞാറാ...." വണ്ടിയോടിക്കുമ്പോള്‍ മുഖം ഒരു വശത്തേക്ക്‌ തിരിച്ച് അയാള്‍ ഉത്തരം പറഞ്ഞു.

അയാളെ കടന്നു വന്ന കാറ്റ് എന്റെ മുഖത്തേക്ക് മദ്യത്തിന്റെ മണം കൊണ്ടുവന്നു. ഒരു തരിപ്പോടെ എന്റെയുള്ളില്‍ എന്നെക്കീഴ്പെടുത്തുന്ന ഭയത്തിന്റെ നാമ്പ് മുളച്ചത് ഞാനറിഞ്ഞു.

വണ്ടിയുടെ വേഗത കൂടിക്കൊണ്ടിരുന്നു. മുഖത്ത് ശക്തിയായ്‌ അടിക്കുന്ന തണുത്ത കാറ്റ്, എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒലിപ്പിച്ചു.

വളവുകളില്‍പ്പോലും വേഗത കുറയാതെ അയാള്‍ പൊയ്ക്കൊണ്ടിരുന്നു. ചക്രങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന മണ്‍തരികളുടെ ശബ്ദം, എന്റെ പല്ലു പുളിപ്പിച്ചു. ഭാഗ്യത്തിന് വളവില്‍ എതിരെ നിന്നു വണ്ടികളൊന്നും വന്നില്ല. ഞാന്‍ എന്റെ കയ്യിലെ പ്ലാസ്റ്റിക് കവര്‍ മുറുക്കിപ്പിടിച്ചു, ഞാനൊരു വീഴ്ചയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. അയാള്‍ റോഡിന്റെ ഒത്ത നടുവിലൂടെ പാഞ്ഞു കൊണ്ടിരുന്നു.

" വീണാല്‍ എനിക്കൊന്നും പറ്റാതെ,നേരെ അയാളുടെ ദേഹത്ത് വീഴാന്‍ ശ്രമിക്കണം" ഞാനോര്‍ത്തു.

പെട്ടെന്ന് പണ്ട് വല്യമ്മിച്ചി പറഞ്ഞ ഒരു കഥയോര്‍ത്തു. " നാം മരിക്കുന്നതിനു മുന്‍പ് ഇത്ര പറ്റ് അരി കഴിക്കും, ഇത്ര തവണ ഓരോരോ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും, ഇത്ര ഇത്ര യാത്രകള്‍ നടത്തും, ഇത്ര ഇത്ര ആള്‍ ക്കാരെ പരിചയപ്പെടും. അങ്ങിനെ നാം ചെയ്യുന്ന എല്ലാ പ്രവൃത്തികള്‍ക്കും ഒരു കണക്കുണ്ട്. കണക്കനുസരിച്ച് എല്ലാം അനുഭവിച്ചു തീരുമ്പോള്‍ നമ്മള്‍ മരിക്കും." എന്റെ ജീവിതത്തിന്റെ കണക്കനുസരിച്ച് ഇതെന്റെ അവസാനത്തെ യാത്രയാണോ? ഇയാളാണോ എന്റെ അവസാനത്തെ പരിചയക്കാരന്‍?
എനിക്ക് പേടി തോന്നി.

ഞങ്ങള്‍ക്കെതിരെ ദൂരെനിന്നും ഒരു കണ്ടൈനര്‍ ലോറി വരുന്നതു കണ്ടു. അയാള്‍ ആ ലോറിയുടെ കണ്ണുകളെ ലക്ഷ്യമാകി നീങ്ങുന്നത്‌ പോലെ തോന്നി. ഞാന്‍ പുറകിലിരുന്നു ഇടത്തേക്ക് ചരിഞ്ഞ് ,വണ്ടിയുടെ ഗതി നേരെയാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ആ ലോറിയില്‍ ഇടിച്ചു , പുറകിലെ ഭീമാകാരമായ എട്ടു ടയറുകള്‍ എന്റെ തലയിലൂടെ കയറിയിറങ്ങി, എന്റെ സ്വപ്നങ്ങളെ ചതച്ചരക്കുന്നത് ഞൊടിയിടയില്‍ എന്റെ ചിന്തയിലൂടെ കടന്നു പോയി.
അയാള്‍ എന്നെ കൊലക്ക് കൊടുക്കാനെന്ന പോലെ ലോറിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. റോഡില്‍ വീണ് തോലിയുരഞ്ഞു പൊട്ടി നീറുന്നതു മുന്‍കൂട്ടി കണ്ടിട്ടെന്ന പോലെ, എന്റെ ദേഹം മുഴുവന്‍ മരവിച്ചു കഴിഞ്ഞിരുന്നു. വീണ് കാലോടിഞ്ഞാല്‍ എന്റെ കുടുംബം പട്ടിണിയായി പോകുമല്ലോ? അപ്പോള്‍ മരിച്ചാലോ?

പിറ്റേ ദിവസത്തെ പത്രത്തിലെ വാര്‍ത്ത അയാളുടെ മനസ്സില്‍ വന്നു. "മദ്യപിച്ചു ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തിരുന്ന രണ്ടു യുവാക്കളില്‍ , പുറകിലിരിന്നു സഞ്ചരിച്ചിരുന്ന, തോട്ടത്തില്‍ സാബൂ ഫ്രാന്‍സിസ്‌ (29) നിര്യാതനായി. മൂന്നാഴ്ച്ചക്ക് മുന്‍പായിരുന്നു ഇയാളുടെ വിവാഹം."

ലോറി അടുത്തെത്തിയപ്പോള്‍ ,സര്‍വ ശക്തിയുമെടുത്ത് മോട്ടോര്‍ സൈക്കിളിന്റെ ഇടതു വശത്തേക്ക്‌ ഞാന്‍ ചരിഞ്ഞു കിടന്നു. ലോറിയുടെ ഹോണ്‍ എന്റെ കാതടച്ചു. ചെവിയില്‍ ഒരു മൂളല്‍ മാത്രം. ലോറി ഞങ്ങളെ തൊട്ടു തോട്ടില്ലെന്ന മട്ടില്‍ കടന്നു പോയി. എന്റെ ശ്വാസം നേരെ വീണു.

ഇനി ഇയാളോടു പറയാതെ വയ്യ. ഞാനുറച്ചു.

" എനിക്കിവിടെ ഇറങ്ങണം" അയാളെ തട്ടി വിളിച്ചു പറഞ്ഞു.
"കസബിലേക്ക് ഇനി കുറച്ചേ ഒള്ളു." അയാളുടെ വാക്കുകള്‍ കുഴയുന്നുണ്ടായിരുന്നു.
" എനിക്കിവിടെ ഇറങ്ങണം, വേറെ ഒരാവശ്യം ഉണ്ട്".എന്റെ ശബ്ദത്തില്‍ നിര്‍ബന്ധം ഉണ്ടായിരുന്നു.

അടുത്ത വെളിച്ചം കണ്ട ജങ്ക്ഷനില്‍ ,സെന്റ്‌ മേരീസ്‌ പള്ളിക്ക് മുന്നിലായി അയാള്‍ നിര്‍ത്തി.

"വളരെ ഉപകാരം" വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ ചിരിച്ചു കൊണ്ടു ഞാന്‍ പറഞ്ഞു.

ഉത്തരമായി, അഗ്നി കുടിച്ചു മയക്കം വീണ ചുവന്ന കണ്ണുകളില്‍ ഒരു പുഞ്ചിരി മാത്രം. അയാള്‍ യാത്ര തുടര്‍ന്നു.

എനിക്കിനി വീട്ടിലേക്ക് പത്തു പതിനഞ്ചു മിനിട്ടേ നടക്കാന്‍ ഉള്ളു. വീട്ടിലേക്ക് പോകുന്നതിനു മുന്‍പ് പള്ളിക്ക് മുന്നില്‍ വച്ചിരിക്കുന്ന കന്യാമറിയത്തിന്റെ പ്രതിമയില്‍ നോക്കി കുരിശു വരച്ചു. നടക്കുമ്പോള്‍ എന്റെ ഭാര്യയോടും,വീട്ടുകാരോടും ഒരു വല്ലാത്ത സ്നേഹം തോന്നി.

പെട്ടെന്ന് ദൂരെ നിന്നും വാഹനാപകടം നടക്കുമ്പോള്‍ മാത്രം ഉണ്ടാവാറുള്ള ശബ്ദങ്ങള്‍ കേട്ടു. നിര്‍ത്താതെ അടിച്ച് കൊണ്ടിരിക്കുന്ന ഹോണ്‍. എന്നോട് യാത്ര പറഞ്ഞകന്ന അയാള്‍ ഒരു കാറുമായി കൂട്ടിയിടിച്ചിരിക്കുന്നു. എന്റെ കയ്യിലെ കവര്‍ താഴെ വീണു. ഉമിനീരിറക്കി സ്തഭ്ദനായി അത് നോക്കി നില്‍ക്കാനെ എനിക്ക് സാധിച്ചുള്ളൂ. എന്റെ കാലുകളില്‍ നിന്നും വേരിറങ്ങുന്ന പോലെ തോന്നി. ചലനമറ്റു ഞാന്‍ നിന്നു. എന്നെ തഴുകി ആ രാത്രിയുടെ കാറ്റു കടന്നു പോയി. മേഘങ്ങള്‍ ഇല്ലാത്ത, ആ ആകാശത്തെ ചന്ദ്രപ്രഭയില്‍ എങ്ങു നിന്നോ ഒരു അശരീരി ഞാന്‍ കേട്ടു.


"ഞാനാണ് വെളിച്ചത്തെ സൃഷ്ടിക്കുന്നത്‌ ‌, ഞാന്‍ തന്നെയാണ് ഇരുട്ടിനെ സൃഷ്ട്ടിക്കുന്നതും.
ഞാന്‍തന്നെയാണ് നന്മയെയും ,തിന്മയെയും സൃഷ്ടിക്കുന്നത്‌.

ആകാശമേ, മുകളില്‍ നിന്നു ചൊരിയൂ. മേഘങ്ങള്‍ നീതി വര്‍ഷിക്കട്ടെ. ഭൂമി തുറക്കട്ടെ, അങ്ങിനെ രക്ഷ പൊട്ടി മുളക്കട്ടെ. അപ്പോള്‍ നീ മനസിലാക്കും നിന്റെ ദൈവമായ ഞാനാണ് ഇതെല്ലാം ചെയ്യുന്നത്."

(യെശയ്യാ 45:07)

13 comments:

 1. കൊള്ളാം. നന്നായിട്ടുണ്ട്.

  ReplyDelete
 2. കഥ നന്നായിട്ടുണ്ട്‌...!

  ReplyDelete
 3. fantabulous story,bony!this is really great!

  ReplyDelete
 4. അസ്സലായിരിക്കുന്നു എഴുത്ത്. എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി. ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ചു തീർത്തത് !

  അഭിനന്ദനങ്ങൾ.

  ReplyDelete
 5. നന്നായിരിക്കുന്നു
  ആശംസകൾ

  ReplyDelete
 6. ഒറ്റ വായനയില്‍ ഓടിച്ചു തീര്‍ക്കേണ്ടി വന്നു.. കൊള്ളാം ! ആശംസകള്‍

  ReplyDelete