Thursday, August 27, 2009

ചക്രവ്യൂഹത്തില്‍ ഒരു രാത്രി


നല്ല മഴയാണ് ,അവള്‍ പാലത്തിനു മുകളില്‍ കാത്തു നിന്നു കൊണ്ടേ ഇരുന്നു.നിയോണ്‍ ലൈറ്റുകളുടെ വെളിച്ചത്തില്‍ അതൊരു തീ മഴ പോലെ തോന്നി.ഒരു വണ്ടിയും നിര്‍ത്തുന്നില്ല.ആരും ശ്രദ്ധിക്കുന്നില്ല.എത്ര നല്ല ആള്‍ക്കാര്‍.ഒരാള്‍ നശിക്കാന്‍ തയാറായാല്‍ പിന്നെ ആര്‍ക്കും വേണ്ട.

ഇങ്ങിനെ ഒരു മഴക്കാലത്താണ് രേഷ്മ ,ബോംബയില്‍ എത്തിയത്.അന്ന് എപ്പോഴും റേഡിയോയില്‍ "കഹൊന പ്യാര്‍ ഹെ" ഇലെ പാട്ടുകളാണ്.മുറി മുഴുവന്‍ ഹൃതിക്റോഷനും. അന്നൊക്കെ അവള്‍ക്കു ഒരു മുറിയെങ്കിലും സ്വന്തമായുണ്ടായിരുന്നു.ഇന്നിപ്പോള്‍ രാത്രി ആരുടെ എങ്കിലും കൂടെ വണ്ടിയില്‍ കയറി പോയാലെ ജീവിക്കാന്‍ പറ്റൂ. പറയുമ്പോള്‍ പത്തു പതിനേഴു വര്‍ഷത്തെ സേവന പരിചയം ഉണ്ട്. പോരാഞ്ഞു, ഇവള്‍ തൊഴിലിനു ഉത്തമയാനെന്നും, തൊഴിലിനല്ലാതെ വേറൊന്നിനും കൊള്ളില്ലെന്നും പറഞ്ഞു ഭാരത സര്‍ക്കാര്‍ തന്നെ രണ്ടു വര്‍ഷം മുന്‍പ് 'ലൈസന്‍സ്‌ 'കൊടുത്ത് ആദരിച്ചു. കൂടാതെ ആറു മാസത്തിലൊരിക്കല്‍ എടുക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉണ്ട്. പക്ഷെ രംഗത്ത് സേവന പരിചയം കൂടുന്നത് അനുസരിച്ച് ആവശ്യക്കാര്‍ കുറയും. സമൂഹത്തിന്അവളുടെ മേലുള്ള അവജ്ഞ പോലെ വാഹനങ്ങള്‍ അവളുടെ ദേഹത്ത് ചെളി തെറിപ്പിച്ചു പൊയ്ക്കൊണ്ടിരുന്നു. തീമഴയിലും ഉരുകാതെ അവളുടെ ചുണ്ടിലെ ചായം തിളങ്ങി നിന്നു.

ഒരു വെളുത്ത കാര്‍ പാലത്തിനു ഓരം ചേര്‍ന്ന് ചവിട്ടി. നല്ല തടിയുള്ള ഒരു മധ്യ വയസ്കന്‍. പത്തു വിരലിലും മോതിരം, മാല കാണിക്കാനായി ഷര്‍ട്ട് ന്റെ മുകള്‍ ഭാഗം തുറന്നിട്ടിരിക്കുന്നു. പാന്‍ ചവക്കുന്നുണ്ട്. അവള്‍ക്ക് അയാളെ അറിയാം. ഒന്നു രണ്ടു തവണ കൂടെ പോയിട്ടുണ്ട്. ഒരു ഭ്രാന്തന്‍ . അയാള്‍ക്ക്രക്തം കാണണം. അതാണ് തൃപ്തി. ചിലപ്പോള്‍ കടിക്കും, അല്ലെങ്കില്‍ മാന്തും....... ഒരു മൃഗം. പക്ഷെ തമാശ അവിടെ ഒന്നുമല്ല, രതി ക്രീടക്കിടയില്‍ അയാളെ അച്ഛാ,അച്ഛാ, എന്ന് വിളിച്ചുകൊണ്ടിരിക്കണം. അതുമാത്രമാണ് ഒരു നിബന്ധന. സ്വന്തം അച്ഛന്‍ ആയിട്ട് ഒരു പുതിയ തൊഴിലിനു തുടക്കം കുറിച്ചുതന്നതുകൊണ്ട് നിബന്ധന പാലിക്കാന്‍ അവള്‍ക്ക് വലിയ ബുദ്ധി മുട്ടുണ്ടായില്ല.

അയാളുടെ കാറിനു ചുറ്റും അവളുടെ തൊഴില്‍ രംഗത്തെ എതിരാളികള്‍ വന്നു കൂടി നിന്നു. എല്ലാ കണ്ണുകളിലും കപട കാമത്തിന്റെ തിരകള്‍ കത്തുന്നു. അതാസ്വതിക്കുന്ന ഭ്രാന്തന്‍. ഇപ്പോള്‍ തന്നെ സമയം രണ്ടു മണിയായി. വല്ലാതെ വിശക്കുന്നു. അല്‍പ്പം രക്തം കണ്ടാലും കുഴപ്പമില്ല, നെടുവീര്‍പ്പിട്ടുകൊണ്ട് അവള്‍ കാറിനടുത്ത് ചെന്നു, അകത്തേക്ക് നോക്കി. കണ്ണുകളില്‍ തിരികള്‍ കത്തിച്ചു. പക്ഷെ കൂട്ടത്തില്‍ മെലിഞ്ഞ രണ്ടു പേരെ തിരഞ്ഞെടുത്ത് ഭ്രാന്തന്റെ കാര്‍ ചലിച്ചുതുടങ്ങി. രാത്രിയിലെ ഭക്ഷണം രണ്ടു ചുവന്ന പ്രകാശമായി ദൂരെ പോയി മറയുന്നതവള്‍ നോക്കി നിന്നു.ഒരു സാത്താന്റെ അടുത്തുനിന്നും രക്ഷപെട്ടല്ലോ, അവള്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.

പാലത്തിനോട്ചേര്‍ന്നാണ്അവള്‍ താമസിക്കുന്ന കെട്ടിടം. മൂന്നാം നില. ഇവളെ പോലെ കത്തിതീര്‍ന്ന നക്ഷത്രങ്ങള്‍ക്ക് അവിടെ ഒരു ഇടനാഴിയുണ്ട്. ഇപ്പോള്‍ കെട്ടിടത്തിലേക്ക് പോയാലും കിടക്കാന്‍ സ്ഥലം ഉണ്ടാവില്ല. എല്ലാ മുറിയിലും ആരെങ്കിലും കാണും, തിരക്കും ആയിരിക്കും. അവിടെ ബാക്കിയെല്ലാം ചെറുപ്പക്കാരികളാണ്. മൂന്നു മണി ആവുമ്പോള്‍ എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കും. പിച്ച ചോറുണ്ണാന്‍ അവള്‍ക്ക് താല്‍പ്പര്യമില്ല. ഭക്ഷണത്തിനും താമസത്തിനുമായി കിട്ടുന്നതില്‍ പാതി അതായത് നൂറു ,നൂറ്റി ഇരുപത്തി അഞ്ചു രൂപ നടത്തിപ്പുകാരന്‍ മങ്കേഷ് നെ ഏല്‍പ്പിക്കണം.

മഴ മുറുകി. പാലത്തിനു താഴെകൂടി ട്രെയിനുകള്‍ പോയിക്കൊണ്ടിരുന്നു. കൈവരിയില്‍ പിടിച്ചുകൊണ്ട് ലക്ഷ്യബോധമുള്ള ട്രെയിനുകളെ കുറിച്ചു ചിന്തിച്ചു. ദൂരെ കെട്ടിടങ്ങള്‍ക്ക് അപ്പുറം ആകാശം നിയോണ്‍ വെളിച്ചത്തില്‍ ചുട്ടു പഴുത്തിരുന്നു. വെളിച്ചത്തില്‍ നഗരം ഒരു വശത്ത് നിന്നും കത്തി തുടങ്ങിയതായി തോന്നി. തീമഴയില്‍ കത്തുന്ന ബോംബെ. ജീവിതം മടുത്തു തുടങ്ങിയിരിക്കുന്നു....

രേഷ്മ തല കുനിച്ചു നില്‍ക്കുകയാണ്‌.അവള്‍ കരയുകയാണോ എന്നെനിക്കു കാണാന്‍ വയ്യ. അവള്‍ എന്നോട് ചോദിച്ചു.
"എന്തിനാ ബോണി ഇങ്ങനെ ഒരു കഥാപാത്ര രചന നടത്തിയത്? ഇനി എന്നെ ഒന്നു കൊന്നുകൂടെ? സ്വന്തമായി മരിക്കാന്‍ പോലും തീരുമാനം എടുക്കാനാവാതെ..."അവളുടെ വാക്കുകള്‍ പാതിയില്‍ മരിച്ചു വീണു.

ഞാന്‍ രേഷ്മയെ കൊണ്ടു ചെയ്യിക്കുകയല്ലല്ലോ, രേഷ്മ ജീവിക്കുകയല്ലേ? നിങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ സാഹചര്യം ഞാന്‍ ഒരുക്കിതരുന്നു, അത്ര മാത്രം

"ഇതാണോ സാഹചര്യം? എന്നെ ഇവിടെ നിന്നൊന്നു രക്ഷിക്കൂ".
ഞാന്‍ ദൈവമോന്നുമല്ല രേഷ്മ.
"പക്ഷെ , നീയാണ് എന്നെ സൃഷ്ടിച്ചത്."
ദൈവത്തിനുപോലും നമുക്കുമേല്‍ നിയന്ത്രണമില്ല , പിന്നെങ്ങിനെ എനിക്ക്….?
"നീ എനിക്ക് അച്ഛനെ തന്നു പക്ഷെ പേരില്ല, കൂട്ടുകാരെ തന്നു ആര്‍ക്കും പേരിട്ടിട്ടില്ല. നീ എവിടത്തെ എഴുതുകാരനാ?"
ഇതു ചെറുകഥ അല്ലെ, രേഷ്മാ ?
"നിനക്കെന്നെ ഇവിടന്നു രക്ഷിക്കാന്‍ പറ്റുമോ? ഇല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും."
നിനക്കതിനു സാധിക്കില്ല.സാധിച്ചാല്‍ അതാണ്രേഷ്മ എന്ന കഥാപാത്രത്തിന്റെ വിധി.
"നീ ദുഷ്ടനാണ്‌."
ഒരിക്കലും അല്ല, നീ മനസിലാക്കുക, നീ എനിക്ക് പ്രീയപ്പെട്ടവളാണ്. ഇത്രയും കാലം നിനക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ല അതുകൊണ്ട് നീ എന്നെപറ്റി ചിന്തിച്ചില്ല. ജീവിതത്തിന്റെ നല്ല കാലം കഴിഞ്ഞപ്പോള്‍ എല്ലാ കുറ്റവും എനിക്ക്..
"നിനക്കെന്നെ രക്ഷിക്കാനാവും ബോണി..."
കരയരുത്‌, എന്റെ ചിന്തകളുടെ പാതിയായ നിന്നെ ഞാന്‍ ഉപേക്ഷിക്കില്ല.
"എനിക്കൊരു ജീവിതം തരുമോ? എന്നെ വിവാഹം കഴിക്കുമോ?"
നിങ്ങള്‍ എന്നേക്കാള്‍ ഒരുപാടു വയസ്സ് മൂത്തതല്ലേ? പിന്നെ നിങ്ങളുടെ തൊഴില്‍.......
പ്രതീക്ഷിക്കാത്ത എന്തോ കേട്ടപോലെ അവള്‍ കടലാസ്സില്‍ നിന്നും എന്നെ നോക്കി നിന്നു.
"അതെ, ജീവിതം മുഴുവന്‍ കണ്ട ലോറിക്കാരും, പിച്ചകാരും കയറിയിറങ്ങിയ എന്നെപ്പോലെ ഒരു നികൃഷ്ട ജീവി ഇതൊരിക്കലും ആഗ്രഹിക്കരുതായിരുന്നു. "നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടവള്‍ പറഞ്ഞു,"അല്‍പ്പം സന്തോഷമെങ്കിലും ജീവിതത്തില്‍ കിട്ടാത്താരെങ്കിലും ഉണ്ടാവുമോ? നല്ല പ്രായത്തില്‍ ദേഹം വിറ്റു കിട്ടിയ കാശുകൊണ്ട് സന്തോഷകരമായ ഒരു ജീവിതം നയിച്ചു എന്ന് പറയാനാവുമോ? ഒരാളെ ആത്മാര്‍ഥമായി സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമല്ലേ ജീവിതത്തിന് അര്‍ത്ഥമുള്ളൂ. അതൊരു ഭാഗ്യമാണ്. എന്നെ ആരും സ്നേഹിച്ചിട്ടില്ല, പക്ഷെ ഞാന്‍ ആത്മാര്‍ഥമായി സ്നേഹിച്ചിരുന്നത് എന്നും നിന്നെയാണ്, ഒരു ദൈവത്തെപോലെ. നീ എന്നെ മനസിലാക്കുന്ന ഒരു ദിവസം വരുമെന്ന് ഞാന്‍ വെറുതെ പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷകള്‍ മാത്രമാണ് എന്റെ ജീവിതം. പക്ഷെ നീയും എന്റെ അച്ഛനെ പോലെ എന്നെ വിറ്റു കാശാക്കാന്‍ എന്നെപ്പറ്റി എഴുതികൊണ്ടിരിക്കുന്നു.......

രേഷ്മാ , ഞാന്‍...ഞാന്‍.....നിങ്ങള്‍ തിരിച്ചു മുറിയില്‍ പോയി ഭക്ഷണം കഴിച്ച് ഉറങ്ങൂ. ഞാന്‍ വാക്കു തരുന്നു, എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കട്ടെ..
"എനിക്ക് വിശപ്പില്ല, വിശപ്പിന്റെ പുതുമ നഷ്ടപ്പെട്ടിരിക്കുന്നു." അവള്‍ മുറിയിലേക്ക് നടന്നു.
ഞാന്‍ എഴുത്ത് നിര്‍ത്തി. ലൈറ്റ് അണച്ച് ഉറങ്ങാന്‍ കിടന്നു. അവളുടെ വാക്കുകള്‍ മുറിയില്‍ മുഴങ്ങുന്ന പോലെ തോന്നി. എല്ലാത്തിനും കാരണക്കാരന്‍ ഞാനാണെന്ന് ആലോചിച്ചപ്പോള്‍ എനിക്കുറക്കം വന്നില്ല. അവളുടെ കുട്ടിക്കാലത്തെപറ്റി ചിന്തിച്ചു. അവളുടെ ജീവിതം വേറെ എങ്ങിനെ ആവാമായിരുന്നു എന്നാലോചിച്ചു. ഞാനായിട്ട് അവളെ അവളുടെ വിധിക്ക് വിട്ടുകൊടുക്കരുത്. ദൈവത്തെ പോലെ ദുഷ്ടനാവരുത്‌. അലഞ്ഞു നടന്ന എന്റെ മനസ്സ് , ഒരു വടക്കുനോക്കിയന്ത്രം പോലെ വീണ്ടും അവളില്‍ പോയി ഉടക്കി നിന്നു. പിന്നീടൊന്നും ആലോചിച്ചില്ല. ലൈറ്റ് തെളിച്ചു. വീണ്ടും എഴുതാനിരുന്നു, ഒരുയാത്രക്കൊരുങ്ങി.....

എന്റെ മുന്നില്‍ ഒരു പാലം. 'കെന്നഡി ബ്രിഡ്ജ് '. പെയ്തിരുന്ന മഴയില്‍ എന്റെ രാത്രി വസ്ത്രങ്ങള്‍ നനയാന്‍ തുടങ്ങി. അവളുടെ കെട്ടിടം ലക്ഷ്യമാക്കി നടന്നു. വശത്തുള്ള അഴുക്കുചാലില്‍ വെള്ളം വിളറി പിടിച്ച് ഓടുന്നുണ്ടായിരുന്നു.എനിക്കെതിരെ രണ്ടു പേര്‍ ഒരുകുടക്കീഴില്‍ വരുന്നുണ്ട്. ഒരാള്‍ സായിപ്പാണ്‌. അവര്‍ അടുത്തെത്തി. .ആര്‍.റഹ്മാനും, ഡാനി ബോയിലും....എനിക്ക് വിശ്വസിക്കാനായില്ല. ഞാന്‍ ആരാധനയോടെ സ്ടംബിച്ചു നോക്കി നിന്നു. അവരും എന്നെപ്പോലെ കഥാപാത്രമായി അവതരിച്ചിരിക്കുകയാണോ? അതോ സര്‍ഗസൃഷ്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവരുടെ മനസ്സാണോ ഇവിടെ അലയുന്നത് ? അവര്‍ എന്നെ കടന്നു പോയി.

കെട്ടിടത്തിനു മുന്‍പിലെ കൂട്ടിക്കൊടുപ്പുകാര്‍ അപ്പോഴേക്കും എന്നെ വളഞ്ഞു കഴിഞ്ഞിരുന്നു. പലരും എന്റെ കൈ പിടിച്ചു വലിച്ചെങ്കിലും, ഞാന്‍ മങ്കേഷ് നെ തിരയുകയായിരുന്നു. ആരോടോ സംസാരിച്ചു കൊണ്ടുനിന്ന അവന്‍ അപ്പോഴാണ്എന്നെ കണ്ടത്. അടുത്ത്ഓടിയെത്തി. അവന് എന്നെ മനസിലായിട്ടില്ല.

"നല്ല ഐറ്റംസ് മൂന്നാം നിലയിലാണ് സര്‍."

എന്നെ മനസിലാവാത്ത അവന് ഒരു ശിക്ഷ പോലെ ഒരല്‍പം സ്ത്രൈണത കൊടുത്താലോ, ഞാന്‍ ആലോചിച്ചു. പൊടുന്നനെ അവന്റെ അംഗ വിക്ഷേപങ്ങള്‍ മാറി. അവന്‍ എന്നെ അകത്തേക്ക് നയിച്ചു. അകത്തേക്ക് കയറുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി റഹ്മാന് വേണ്ടി കണ്ണുകള്‍ ഓടിച്ചു .അവര്‍ പാലം കടന്നിരുന്നു.

മുന്നില്‍ ഇരുട്ട് മൂടിയ പൊളിഞ്ഞ ഇടനാഴി. ബ്രിട്ടീഷുകാരുടെ കാലത്തുള്ള കെട്ടിടമാണ്. ചെറിയ ബള്‍ബിന്റെ വെളിച്ചത്തില്‍ തേഞ്ഞു തീര്‍ന്ന മരത്തിന്റെ ചവിട്ടു പടികള്‍ കയറി. ഓരോ നിലയിലെയും മുറികളുടെ മുഷിഞ്ഞ കര്‍ട്ടനുകള്‍ക്കിടയിലൂടെ മാംസങ്ങളെ കാണാം. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മാംസം,അമ്പതു രൂപ മുതല്‍. എനിക്കിപ്പോള്‍ അവയോടുള്ള വികാരം എന്താണെന്നറിയില്ല.

ഞങ്ങള്‍ മൂന്നാം നിലയിലെത്തി. വെളിച്ചം കുറഞ്ഞ, ഇളം ചുവപ്പ് നിറത്തിലുള്ള സ്വീകരണ മുറി. ഭിത്തിയോട് ചേര്‍ത്തടിചിരിക്കുന്ന ചെറിയ സോഫകള്‍. മദ്യമിരിക്കുന്ന ടീപോയ്കള്‍. മങ്കേഷ് മുറിയില്‍ വെളിച്ചമുള്ള ലൈറ്റ് ഇട്ടു. പെണ്‍കുട്ടികളെ അകത്തുനിന്നും വിളിച്ചു വരുത്തി. എന്റെ കണ്ണുകള്‍ രേഷ്മക്കു വേണ്ടി തിരഞ്ഞു. അപ്പോഴാണ്ഞാനോര്‍ത്തത്, ഞാനവളെ പിന്നാമ്പുറത്തേക്ക് മാറ്റിയല്ലോ. മങ്കേഷ് നോട് രേഷ്മയെ ചോദിച്ചു. അവന്‍ സ്ത്രൈണതയോടെ അര്‍ത്ഥം വച്ചു ഒരു നോട്ടവും ചിരിയും. എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. നടക്കുന്ന ഇടനാഴിയില്‍ അസ്തമിച്ചു തുടങ്ങിയ അറുപതു വയസ്സുള്ള താരങ്ങള്‍ ഉറങ്ങാനാവാതെ ഇരിക്കുന്നു.

അവന്‍ എന്നെ,കര്‍ട്ടന്‍ കൊണ്ടുവേര്‍തിരിച്ച, പൊക്കം കുറഞ്ഞ ഒരു മുറിയിലെ കട്ടിലില്‍ ഇരുത്തിയിട്ട് പോയി. മുറിയുടെ മൂലകള്‍ മുറുക്കിത്തുപ്പി ചുവപ്പിച്ചിരിക്കുന്നു. ഈയലുകള്‍ വട്ടമിടുന്ന ട്യൂബ് ലൈറ്റ് . ഗര്‍ഭ നിരോധന ഉറകളുടെ മണം. ചവറ്റുകുട്ട മറിഞ്ഞു കിടക്കുന്നു. അതില്‍ നിന്നും  പടം പൊഴിഞ്ഞ പാമ്പുകൾ പോലെ ഗര്‍ഭ നിരോധന ഉറകളും ടിഷ്യു പേപ്പറും മുറിയില്‍ നിലത്തു കിടക്കുന്നുണ്ട്. ജനാലയിലൂടെ താഴേക്ക് നോക്കി......ബോംബെ.....ബോംബെ യുടെ പ്രതീകമായ പ്രീമിയര്‍ പദ്മിനി കാറുകള്‍,ബോംബെ യുടെ തന്നെ പ്രതീകമായ സ്ത്രീകളെയും കൊണ്ടു ഹോട്ടല്‍ മുറികളിലേക്ക് കുതിക്കുന്നു.
രേഷ്മയേയും കൂട്ടി മങ്കേഷ് വന്നു.അവള്‍ എന്നെ കണ്ടു സ്തംഭിച്ചു നിന്നു. മങ്കേഷ് മുന്‍കൂര്‍ പണം ആവശ്യപ്പെട്ടു. പെണ്ണിന്റെ ഇരുന്നൂറും, മുറിയുടെ നൂറും, പിന്നെ ഗര്‍ഭനിരോധനം വേണമെങ്കില്‍ അതിന്റെ ഇരുപതു രൂപ വേറെ. പണം കൊടുത്തു, കര്‍ട്ടന്‍ ഇട്ടു .
അവള്‍ വാ പൊത്തി നില്‍ക്കുകയാണ്‌. കണ്ണുകള്‍ ചിമ്മുന്നില്ല. പതിയെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി."ഞാന്‍ വിചാരിച്ചത്......." അവള്‍ വാക്കുകള്‍ മുഴുമിച്ചില്ല. അതിന് മുന്‍പ് ഞാന്‍ അവളെ ചേര്‍ത്തു പിടിച്ചു.

കഥയെഴുതി കൊണ്ടിരുന്ന ബോണിയുടെ പേനയിലെ മഷി തീര്‍ന്നു. കുടഞ്ഞു നോക്കി... രക്ഷയില്ല. ഇനി നാളെ എഴുതാം. നാലര മണിയായി. ഉറക്കം വന്നു തുടങ്ങി. ലൈറ്റ് അണച്ച് കിടന്നു.

പക്ഷെ കഥയില്‍ പെട്ടെന്ന് കര്‍ട്ടന്‍ മാറ്റി പോലീസ് കയറിവന്നു. മങ്കേഷിനെ കോളറിനു പിടിച്ചിട്ടുണ്ട്. കഥയിലകപ്പെട്ടു പോയ ഞാന്‍ ഉറങ്ങാന്‍ കിടന്ന എന്നോട് തന്നെയപേക്ഷിച്ചു,
"പെനയെടുക്കൂ, കഥയില്‍ നിന്നും എന്നെ പുറത്തെടുക്കാന്‍ ഒരു വരി കൂടിയെഴുതിയിട്ടുറങ്ങൂ."
ബോണി കേള്‍ക്കുന്നില്ല.
പോലീസ് എന്നോടു പുറത്തേക്ക് വരാനാവശ്യപ്പെട്ടു. തടയാന്‍ ശ്രമിച്ച രേഷ്മയെ തള്ളിമാറ്റി അവര്‍ എന്നെ പുറത്തേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോയി. എനിക്കെന്തു ചെയ്യണമെന്നറിയില്ല. ഒരു പേന കിട്ടിയിരുന്നെങ്കില്‍...... ഞാനാശിച്ചു.
"നിന്റെ വീടെവിടാ?" ഇന്‍സ്പെക്ടര്‍ ഗൌരവത്തില്‍ ചോദിച്ചു.
കൊച്ചി.
"അല്ലാ, ബോംബെയില്‍ എവിടാന്ന് ?"
ഇവിടെ....ഇവിടെ....
ഇന്‍സ്പെക്ടറുടെ കണ്ണില്‍ മുന്‍പരിചയത്തിന്റെ വെളിച്ചം തെളിയുന്നത്ഞാന്‍ ശ്രദ്ധിച്ചു."ദിജാ വൂ……" എന്നെ മുന്‍പ്കണ്ടിട്ടുണ്ട് എന്ന് വിരല്‍കൊണ്ടയാൾ ആംഗ്യം കാണിച്ച് ചിന്തിച്ചു നിന്നു.
"ദൈവമേ, അയാള്‍ക്കെന്നെ മനസിലായാല്‍ മതിയായിരുന്നു.ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു,
"പൂർന്നമദം പൂർന്നമിദം പൂർണ്ണത പൂർണ്ണമുധച്യദെ,പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണമെവാവിഷിഷ്യതെ". 
എന്ന് വച്ചാൽ പൂർണ്ണമായ എഴുകാരനിൽ നിന്നും വേര്തിരിഞ്ഞു വന്ന അയാളുടെ അംശമുള്ള ഞാനും പൂർണ്ണമാണ്,കഥാകാരനെപ്പോലെതന്നെ. ഞാൻ വേര്പിരിഞ്ഞെന്നു കരുതി കഥാകൃത്തിൽ കുറവുകൾ ഒന്നും സംഭവിക്കില്ല, അയാൾ പൂർണ്ണമായിതന്നെ തന്നെ അവശേഷിക്കും.സ്രഷ്ടാവാണയാൾ...ഞാനും....ഞാൻ തന്നെയാണ് കഥാകൃത്ത്‌, സൃഷ്ടിയും സ്രഷ്ടാവായതും എന്ന് പറഞ്ഞിട്ട് കാര്യമില്ല. അവര്‍ വിശ്വസിക്കില്ല.അവർക്കു  മനസിലാവില്ല. ഞാന്‍ നിശബ്ദനായി നിന്നു. ചിന്തയിലാണ്ട ഇന്‍സ്പെക്ടര്‍  കോണ്‍സ്റ്റബിള്‍ നോട് ഞങ്ങളെ വണ്ടിയില്‍ കൊണ്ടു പോകാന്‍ ആജ്ഞാപിച്ചു. ഇന്‍സ്പെക്ട്ടര്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാന്‍ ആലോചിച്ചു,
"പാവം കഥാപാത്രം ,അയാള്‍ക്ക്അയാളുടെ ധര്‍മം ചെയ്തല്ലേ പറ്റൂ."
എന്നെയും ലൈസന്‍സ് ഇല്ലാത്ത ഏഴ് ലൈംഗീക തൊഴിലാളികളെയും അവര്‍ സ്റ്റേഷന്‍ലേക്ക് കൊണ്ടുപോയി.

അഗ്രിപാട പോലീസ് സ്റ്റേഷന്‍. ട്യൂബ്ലൈറ്റ് ന്റെ വെളിച്ചത്തില്‍ നിഴലുകളില്ലാതെ നില്ക്കുന്ന കാവല്‍ക്കാരന്‍. സ്റ്റേഷന് മുന്‍പിലായി ഒരു ആല്‍മരം നില്‍പ്പുണ്ട്‌. അതിന് വശത്തായി ഒരു ബാങ്കിന്റെ .ടി.എമ്മും. കേസുകളില്‍ നിന്നും രക്ഷപെടെണ്ടവര്‍ക്കു കാശെടുത്ത് കൊടുത്ത് അപ്പോള്‍ത്തന്നെ പോകാം. വളരെ പുരോഗമനം ഉള്ള ഒരു രീതി. എന്റെ കയ്യില്‍ ഇട്ടിരിക്കുന്ന ഷര്‍ട്ട്ഉം മുണ്ടും അല്ലാതെ വേറൊന്നും ഇല്ല.

പകുതി കോണ്‍സ്റ്റബിള്‍മാര്‍ ഉറക്കമാണ്. ഞങ്ങലല്ലാതെ കാര്‍ മോഷണ കേസില്‍ പിടിച്ച രണ്ടു പേര്‍ കൂടി അവിടുണ്ട്. രണ്ടു കോണ്‍സ്റ്റബിള്‍മാര്‍ എന്നെ സ്നേഹത്തോടെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
"രണ്ടായിരം രൂപ കൊടുത്താല്‍ ഒരു പ്രശ്നവുമില്ലാതെ നിനക്കിപ്പോള്‍ പോവാം, പ്രശ്നം കൂടുതല്‍ വഷളായാല്‍ ഇവിടെ എല്ലാര്‍ക്കും ആയിരം രൂപ വച്ചു കൊടുക്കേണ്ടിവരും. എസ് ഐക്ക് രണ്ടായിരവും."
"എന്റെ കയ്യിലില്ല സര്‍."
വീട്ടിലെ ഫോണ്‍ നമ്പര്‍ പറ.
"നിങ്ങള്‍ വിളിച്ചാല്‍ അവിടെ കിട്ടില്ല, മാത്രവുമല്ല പണം തരാന്‍ ഞാന്‍ തെറ്റൊന്നും ചെയ്തില്ലല്ലോ? നേരെ മറിച്ച് ഞാന്‍ കാമാത്തിപുരയില്‍ നിന്നും ഒരുവളെ രക്ഷിക്കാന്‍ പോയതാണ്."
അവര്‍ മുഖാമുഖം നോക്കി. ഇവന്‍ ഒരു നടക്കു പോകില്ല എന്നൊരു ആന്ഗ്യവും.
"നീയാരാടാ രക്ഷകനോ?" അവര്‍ അലറി.
ആദ്യ ഇടി നെഞ്ചിനായിരുന്നു. ഞാന്‍ വേദന കൊണ്ടു കുനിഞ്ഞു. അതിന്റെ തരിപ്പ് മാറും മുന്‍പ്‌ , മുട്ടുകൈ നടുവിന് വീണു . ഞാന്‍ നിലത്തു വീണു. ഇടി തുടര്‍ന്നു. ദേഹമാസകലം മരവിപ്പ് പടരുന്നു. ഉറങ്ങിക്കിടക്കുന്ന കഥാകൃത്തായ ബോണിയെ ഞാന്‍ ശപിച്ചു കൊണ്ടിരുന്നു. ഇപ്പോള്‍ എനിക്ക് രേഷ്മയെ മനസിലാവുന്നു. ഇനിയൊരിക്കലും ഇത്തരത്തിലൊരു പശ്ചാത്തലത്തില്‍ ഞാന്‍ കഥ പറയില്ലെന്ന് മനസിലുറച്ചു. എസ് വന്ന് ഇടി നിര്‍ത്താന്‍ ആജ്ഞാപിച്ചു. മൂക്കില്‍ നിന്നും രക്തമൊലിച്ചുകൊണ്ടിരുന്നു. ശ്വാസം മുട്ടുന്ന പോലെ തോന്നി. ശ്വാസം ശക്തിയായി വലിച്ചപ്പോള്‍ മൂക്കിലെ രക്തം ശിരസില്‍ കയറി. തൊണ്ട പൊട്ടുമാറു ശക്തിയായ ചുമ തുടങ്ങി. ചുമയുടെ പ്രതിധ്വനികള്‍ ചുവരുകള്‍ക്കുള്ളില്‍ തന്നെ തകര്‍ന്നുവീണു .

രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എഫ്‌ . .ആര്‍. തയ്യാറാക്കി. രാവിലെ ആറര മണി. എഫ്‌ .. ആര്‍ ഇല്‍ ഒപ്പിടാനായി എസ്. . വിളിപ്പിച്ചു. ഞാന്‍ അവശതയോടെ നടന്ന് മേശക്കരികിലെത്തി. അവരുടെ കണ്ണുകളില്‍ പുച്ഛം. പുറകില്‍ നിന്നിരുന്ന പോലീസുകാര്‍ അടക്കം പറഞ്ഞു ചിരിക്കുന്നത് കേള്‍ക്കാമായിരുന്നു.

ഒപ്പിടാനായി എന്റെ മുന്നിലേക്ക് അയാള്‍ പേന ഇട്ടു തന്നു. മേശപ്പുറത്തെ പേനയിലേക്ക്നോക്കി. എന്റെ പുറത്തേയ്ക്കുള്ള വഴി. മുറിയില്‍ നില്ക്കുന്ന പോലീസ് കാരുടെ അന്ത്യം എങ്ങിനെ വേണമെന്നു ഞാന്‍ മനസ്സില്‍ തീരുമാനിക്കുകയായിരുന്നു."ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് പൊറുക്കേണമേ" എന്ന് ഞാന്‍ ബോണിയോടു പറഞ്ഞു നോക്കി. പക്ഷെ അവന്‍ അപ്പോഴും ഉറക്കമായിരുന്നു. എല്ലാം ക്ഷമിച്ച് ഇവരുടെ പാപങ്ങള്‍ ഏറ്റെടുക്കാന്‍ ഞാന്‍ ക്രിസ്തുവോന്നും അല്ലല്ലോ?

എന്റെ പല്ലുകളില്‍ പുരണ്ട രക്തം അവര്‍ക്ക് കാണാനെന്ന പോലെ, പ്രതികാരച്ചുവയുള്ള ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ പേന എടുത്തു.

4 comments:

 1. കലക്കി, കേട്ടോ. കഥ ഇഷ്ടമായി

  ReplyDelete
 2. ബോണി, നല്ല കഥ, നല്ലതായി എഴുതുകയും ചെയ്തു.
  അഭിനന്ദനങ്ങൾ.

  ReplyDelete
 3. കഥകൊള്ളാം സുഹൃത്തെ ..വരികൾക്കിടയിൽ വല്ലാത്തൊരു വിങ്ങൽ..

  ReplyDelete