Thursday, August 27, 2009

സീതായനം

തവിട്ടു നിറമാണ് ഈ നഗരത്തിന്. സരയൂ നദീ തീരത്തെ പച്ചപ്പില്‍ കൂടണയുന്ന തത്തകളുടെ കളകൂജനങ്ങള്‍ ഇളം കാറ്റില്‍ പറന്നു നടന്നിരുന്നു. അസ്തമയ സൂര്യന്റെ അവസാന കിരണവും അയോദ്ധ്യാപുരിയെ പതിഞ്ഞു മയങ്ങി. കൊട്ടാര കല്‍പ്പടവുകളില്‍ അസ്തമയം കണ്ടു നിന്നിരുന്ന ഊര്‍മിള പറഞ്ഞു.

"ദേവി കേട്ടുവോ? ആയിരം സൂര്യന്മാരുടെ തേജസ്സുള്ള ശ്രീരാമ ചന്ദ്രന്റെ പട്ടാഭിഷേകത്തോടെ,അയോദ്ധ്യാപുരിയ്കിനി സൂര്യാസ്തമയങ്ങളില്ല എന്ന് പോലും പാടി നടക്കുന്നുണ്ട് സൂതര്‍."

ചക്രവാള മേഘങ്ങളെ നോക്കി ചിന്തയിലാണ്ടിരുന്ന ഞാന്‍ മൂളി. പതിന്നാലു വര്‍ഷത്തെ വനവാസം എന്നെ ഒരു മിതഭാഷിയാക്കി മാറ്റിയിരിക്കുന്നു എന്നവള്‍ കളിയാക്കി ചിരിച്ചു. അവളുടെ കളിചിരികള്‍ക്ക് ഒപ്പം കൂടുന്ന പഴയ മൈഥിലിയെപ്പോല്‍ പുഞ്ചിരിക്കാന്‍ ഞാന്‍ വ്യഥാ ശ്രമിച്ചുകൊണ്ടിരുന്നു. ആടഭൂഷാദികളും, പരിചാരകരും ഒന്നുമില്ലാത്ത കഴിഞ്ഞ ഏകാന്ത സംവല്‍സരങ്ങള്‍ എനിക്ക് ചുറ്റും ഒറ്റക്കാലില്‍ ഓടി തളര്‍ന്നു വീണുകൊണ്ടിരുന്നു. കൊട്ടാരന്തരീക്ഷവുമായി ഇഴുകിച്ചേരാന്‍ സാവകാശം വേണ്ടി വരും, ഞാനോര്‍ത്തു.

കുട്ടികളുടെ ശബ്ദം കേട്ടു ഞാന്‍ നോക്കി. ഭരതശത്രുഘ്നാദികളുടെ പുത്രന്മാര്‍ ഞങ്ങള്‍ക്കരികില്‍ ഓടിക്കളിക്കുന്നുണ്ടായിരുന്നു. ഞാനവരുടെ കളികള്‍ വാല്‍സല്യത്തോടെ നോക്കി നിന്നു. അവര്‍ വളര്‍ന്നിരിക്കുന്നു, ഞാനോര്‍ത്തു. കളിച്ചു ക്ഷീണിച്ചപ്പോള്‍ ഭരതപുത്രന്മാരായ തക്ഷനും, പുഷ്കലനും കഥകള്‍ കേള്‍ക്കാനായി ഞങ്ങളുടെ അടുത്ത് ഓടിയെത്തി. കഥകള്‍ പറയാനായി നിര്‍ബന്ധം തുടങ്ങി.

"കഥകള്‍..... എന്ത് കഥകളാണ് ഞാനവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത് ?
പ്രഭു ശ്രീരാമന്റെ വിജയഗാഥയോ ? അതോ
അധികാരം മോഹിച്ച്‌ സ്വന്തം സഹോദരന്മാരെ ഒറ്റിക്കൊടുത്തവരായ വിഭീഷണന്റെയും, സുഗ്രീവന്റെയും സഹായമില്ലായിരുന്നെങ്കില്‍ രാവണവധം അസാധ്യമെന്ന സത്യമോ? അതോ 
ഒളിയമ്പുകളുടെ നാണക്കേട് പേറുന്ന രാമന്റെ ബാലീവധമോ? അതോ
മദ്ധ്യവയസു കഴിഞ്ഞ രാവണനോടു പൊരുതി വിയര്‍ത്തെന്നു പറയപ്പെടുന്ന വില്ലാളിവീരന്‍ ശ്രീരാമനെക്കുറിച്ചോ ? അതോ,
ഭാര്യയോടുള്ള സ്നേഹമല്ല, പകരം രഘുവംശത്തിനേറ്റ മാനഹാനിയായിരുന്നു യുദ്ധകാരണം, എന്ന് പ്രഖ്യാപിച്ച ശ്രീരാമനെക്കുറിച്ചോ? അതോ,
സ്വന്തം ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയിക്കുന്ന മര്യാദാപുരുഷോത്തമനെക്കുറിച്ചോ? എന്താണു ഞാനിവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത് ?

വേണ്ട.....

സൂതര്‍ പാടി പ്രചരിപ്പിച്ച വീരകഥകള്‍ തന്നെ കേള്‍ക്കാനുചിതം, രഘുവംശത്തിന്റെ അടുത്ത തലമുറയ്ക്കും. ഞാനോര്‍ത്തു.

പടവുകളില്‍ ഇരുട്ടുവീണു തുടങ്ങിയിരിക്കുന്നു. ഉദ്യാനത്തിലും,കൊട്ടാര കല്‍വിളക്കുകളിലും ദാസിമാര്‍ ദീപങ്ങള്‍ തെളിച്ചു തുടങ്ങി. ഞങ്ങള്‍ അന്തപുരത്തിലേക്ക് നടന്നു.


ഏകാന്തത തളം കെട്ടി നില്ക്കുന്ന അന്തപ്പുരം ഇപ്പോള്‍ പരിചിതമായിരിക്കുന്നു. ചിന്താനിമഗ്നമായ സന്ധ്യാ യാമങ്ങള്‍. എന്നില്‍ നിന്നുയരുന്ന ചോദ്യങ്ങളുമായുള്ള മല്‍പ്പിടുത്തത്തില്‍ ശ്വാസം കിട്ടാതെ ഞാന്‍ പിടഞ്ഞു. അശോകവനിയിലെ വിരഹ ദുഃഖത്തിനോ, അതോ അന്തപ്പുരത്തിലെ ഈ അവഗണനക്കോ ഏതിനാണ് കാഠിന്യം കൂടുതല്‍? സന്ധ്യയില്‍ നിന്നും രാത്രിയുടെ പ്രയാണത്തില്‍ രാത്രിയുടെ യാമങ്ങള്‍ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. അദ്ദേഹം ഇനിയും പള്ളിയറയില്‍ എത്തിയിട്ടില്ല.

മുറിയിലെ ദീപങ്ങള്‍ പോലും മരവിച്ചു ജ്വലിക്കുന്ന പോലെ തോന്നി.
"ശ്രീരാമദേവന്റെ ഈ അവഗണനക്ക് ഞാനെന്തു തെറ്റാണ് ചെയ്തത്? ലങ്കാ പുരിയില്‍ നിന്നു തിരിച്ചെത്തിയ നാള്‍ മുതല്‍ പ്രസന്നനായി ഒരിക്കല്‍പ്പോലും അദ്ധേഹത്തെ കണ്ടിട്ടില്ല. സംശയതിന്റെയോ, അനിഷ്ടതിന്റെയോ നിഴലുകളില്ലാത്ത ഒരു നോക്കു പോലും എന്മേല്‍ പതിഞ്ഞിട്ടില്ല. പ്രാണനാഥന്റെ മനമിളക്കാന്‍ അഗ്നിപരീക്ഷകള്‍ പോരെന്നുണ്ടോ?"

രാത്രിയുടെ നിശബ്ദതയില്‍ ദൂരെയുള്ള ആന കൊട്ടിലില്‍ നിന്നുള്ള ,ആനകളുടെ ചിഹ്നം വിളികള്‍ കേള്‍ക്കാം. നഗരം പൂര്‍ണ്ണമായുറങ്ങിയാല്‍ പിന്നെ ദൂരെ മലകളില്‍ നിന്നുള്ള നിഷാദന്‍മാരുടെ പാട്ടുകള്‍ പോലും കേള്‍ക്കാറുണ്ട് ചിലപ്പോള്‍.

രാത്രിയിലെപ്പോഴോ ഇടനാഴിയില്‍ അടുത്ത് വരുന്ന കാലൊച്ച കേട്ടു. ഞാനെഴുന്നേറ്റു നിന്നു. വാതില്‍ തുറന്ന് അദ്ദേഹം അറയിലേക്ക് പ്രവേശിച്ചു. പതിവുപോലെ മുഖത്ത് അസ്വസ്തത പ്രകടം. പറയാന്‍ വന്ന വാക്കുകള്‍ ചുമയായി പുറത്തുവന്ന പോലെ തോന്നി. അദ്ധേഹത്തിനു എന്തോ പറയാനുണ്ടെന്ന് ലക്ഷ്യമില്ലാതെയുള്ള ഉലാത്തലില്‍ നിന്നു ബോധ്യം. ഞാന്‍ മൂകയായി തന്നെ നിന്നു. മുറിയിലെ അരോചകമായി മാറിക്കൊണ്ടിരിക്കുന്ന നിശബ്ദത ഞങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ചെന്നു തോന്നി. അദ്ധേഹത്തിന്റെ കാലൊച്ചയുടെ മുഴക്കം എന്റെ ഹൃദയ താളമായി മാറുന്നത് ഞാന്‍ കണ്ടു.

നിശബ്ദത ഭഞ്ജിച്ചു കൊണ്ടു പുറത്തേക്ക് നോക്കി ആജ്ഞാസ്വരത്തില്‍ അദ്ദേഹം പറഞ്ഞു,

" അയോദ്ധ്യാപുരിക്ക് വേണ്ടി എനിക്കിതു ചെയ്തേ പറ്റൂ. എന്റെ ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും ഇവിടെ സ്ഥാനമില്ല.
ശിഷ്ടകാലം വനവാസം. അതാണ്‌ പുരോഹിതനിര്‍ദേശം. വിധിയായി കരുതൂ.
പുലര്‍ച്ചെ ലക്ഷ്മണനൊപ്പം ദേവി യാത്രയാകുക. "
തിരിഞ്ഞെന്നെ നോക്കിയ ശേഷം കൂടിചെര്‍ത്തു,

"ഇതു തീരുമാനം."

മരവിപ്പ് ബാധിച്ചു കഴിഞ്ഞ എനിക്ക് വികാരവ്യതിയാനങ്ങളൊന്നും തന്നെ സംഭവിച്ചില്ല. എങ്കിലും ഞാന്‍ സംസാരിച്ചപ്പോള്‍ ശബ്ദമിടറിയോ എന്ന് സംശയം.

"ഞാന്‍.... ഈ ശിക്ഷ ഏറ്റുവാങ്ങാന്‍ മാത്രം ചെയ്ത തെറ്റ് എന്തെന്ന് അങ്ങ് പറഞ്ഞില്ല."

"ദേവീ, ഭര്‍ത്താവ് എന്നതിലുപരി ഒരു മഹത് വംശത്തിന്റെ പൈതൃകം പേറുന്നൊരു രാജാവാണ് ഞാന്‍. ജനങ്ങളുടെ വികാര വിചാരങ്ങള്‍ കൂടി ഞാന്‍ കണക്കാക്കേണ്ടതുണ്ട്‌ . രാവണനെപ്പോല്‍ കൊടും നീചന്‍ അപഹരിച്ചു കൊണ്ടുപോയി താമസിപ്പിച്ച ഒരു സ്ത്രീ ,ഭാര്യാ പദത്തില്‍ തുടരാന്‍ അര്‍ഹയല്ലെന്നാണ് പുരോഹിതര്‍ പോലും പറയുന്നത്."

"മറ്റുള്ളവര്‍ പറഞ്ഞു കൊള്ളട്ടെ. എനിക്കറിയേണ്ടത് അങ്ങ് എന്നെ അവിശ്വസിക്കുന്നുണ്ടോ എന്നാണ്."

രാമന്‍ നിശബ്ദം.

"എന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിത്രുത്വത്തില്‍പ്പോലും അങ്ങേയ്ക്ക് സംശയം? !!" അവിശ്വാസം കലര്‍ന്ന പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു,
"തന്‍ താതനെപ്പോല്‍, രഘു വംശത്തിലെ പുരുഷന്മാര്‍ക്ക് യാഗങ്ങളില്‍ തന്നെ ശരണം അനന്തരാവകാശിയുണ്ടാവാന്‍ എന്നും പറഞ്ഞോ പുരോഹിതര്‍."

അദ്ധേഹത്തിന് എന്റെ വാക്കുകളുടെ പൊരുള്‍ മനസിലാക്കാന്‍ അല്‍പ്പസമയം വേണ്ടി വന്നു എന്ന് തോന്നി. കോപത്തോടെ മുറി വിട്ടകലുന്ന കാലടികളുടെ മുഴക്കം, ഇടനാഴികളില്‍ വീണുടയുന്നത് കേട്ടു .

കണ്ണീര്‍ വറ്റിയിരുന്നു. ഞാന്‍ കരഞ്ഞില്ല. ഇരുളടഞ്ഞ ഭാവിയും എന്റെ കുഞ്ഞും ഒരു മരവിപ്പായി മാറിയിരുന്നു എന്റെ മുന്നില്‍.
"ഈ രാമന് വേണ്ടിയാണോ ഞാന്‍ ലങ്കാ പുരിയില്‍ കാത്തിരുന്നത്?
ഈ രാമനെ ക്കുറിച്ചാണോ രാവണനോടു ഞാന്‍ പുകഴ്ത്തി പാടിയത്?
ഇതിന് വേണ്ടിയാണോ ലങ്കയില്‍ നിന്നെന്നെ രക്ഷിച്ചു കൊണ്ടുവന്നത്?"

ചോദ്യ ശരങ്ങളില്‍ മുറിവേറ്റ മനസിന്‍ വൃണങ്ങളില്‍ വീണ്ടും ചോദ്യങ്ങള്‍ വന്നു തറച്ചു കൊണ്ടിരുന്നു. എന്റെ നിദ്രാവിഹീനങ്ങളായ രാത്രികളുടെ തുടക്കം ഇന്നീ കൊട്ടാരത്തില്‍ തുടങ്ങുന്നത് ഞാനറിയുന്നു. മുറിയിലെ വിളക്കിന്‍ ദീപനാളങ്ങള്‍ ഒടുവില്‍ പിടഞ്ഞു മരിച്ചുവീണു. തിരിയില്‍ നിന്നുയര്‍ന്നു വായുവില്‍ തങ്ങിയ ധൂപം , മുറിയിലേക്ക് അരിച്ചിറങ്ങിയ നിലാവില്‍ ഉഗ്രരൂപങ്ങള്‍ പൂണ്ട പോലെ തോന്നി. ഞാന്‍ ഭയന്നില്ല. ഞാനതു നോക്കിക്കിടന്നു.


പ്രഭാതത്തില്‍ യാത്രയാരംഭിച്ചു. കാറ്റിലാടിയുലഞ്ഞ കാവി വസ്ത്രം ഞാന്‍ ശിരസിലൂടെ പൊതിഞ്ഞു. യാത്രയയക്കുമ്പോള്‍ തള്ളിപ്പറയുന്നതും, കുറ്റപ്പെടുത്തുന്നതുമായ കണ്ണുകള്‍ക്കിടയിലും ചില കണ്ണീര്‍ കണങ്ങള്‍ കണ്ടു.

ആശ്വാസം.

സൂര്യ വംശത്തിന്റെ രശ്മി ഏറ്റു ജ്വലിക്കുന്ന അയോദ്ധ്യാപുരിക്ക് വിട. നാണക്കേടിന്റെ വിത്ത് ചുമക്കുന്ന സീതയില്ലാത്ത രഘുവംശത്തെപ്പറ്റി സൂതര്‍ പാടട്ടെ. ശ്രീരാമചന്ദ്രന്റെ കീര്‍ത്തി വാനോളം ഉയരട്ടെ.

വിട, എല്ലാറ്റിനോടും വിട.


ഇടത്താവളങ്ങളില്‍ നിറുത്തിയും, വേഗത്തിലും, പതിയേയും സമയതിനോപ്പം രഥം നീങ്ങിക്കൊണ്ടിരുന്നു. വഴി നീളെ ലക്ഷ്മണന്‍ നിശബ്ദനായിക്കണ്ടു. എന്റെ മുഖത്തേക്ക് നോക്കാന്‍ പോലും അശക്തനായ പോലെ തോന്നി ഈ യുവരാജന്‍. സൂര്യാസ്തമയത്തിനു മുന്‍പ് ദൂരെ പര്‍വതങ്ങള്‍ കണ്ടു തുടങ്ങി. സമയത്തിനോപ്പം അടുത്തേക്കു വരുന്ന പര്‍വതങ്ങളെ നോക്കി ഞാന്‍ നിന്നു. വനത്തിലെത്തി ചേര്‍ന്നപ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു.

"ഇവിടെ വരെ വന്നാല്‍ മതി. ഇനിയുള്ള യാത്ര ഒറ്റയ്ക്ക് ആയിക്കൊള്ളാം."

ഞാന്‍ രഥത്തില്‍ നിന്നിറങ്ങി. എന്റെ വാക്കുകള്‍ ലക്ഷ്മണന്റെ മുഖത്തെ വിഷാദം ഇരട്ടിപ്പിച്ച പോലെ തോന്നി. നിറ കണ്ണോടെ അവന്‍ എന്റെ കാല്‍ക്കല്‍ വീണു. വനമധ്യത്തില്‍ ഉപേക്ഷിക്കാന്‍ വിസമ്മതിച്ച അവനെ അനുഗ്രഹിച്ചു എഴുന്നേല്‍പ്പിച്ചു.

"ഊര്‍മിള സന്തോഷവതിയായിരിക്കട്ടെ. ജനക പുത്രിമാരില്‍ അവള്‍ക്കെങ്കിലും ഭര്‍ത്രു വിയോഗദുഃഖം ഇനിയുണ്ടാവാതിരിക്കട്ടെ. എല്ലാര്‍ക്കും നല്ലത് വരട്ടെ. വിട."


യാത്ര ചൊല്ലി സമയത്തിന് മുന്‍പേ ഇരുട്ടു വീണു തുടങ്ങിയ വനവീചികള്‍ ലക്ഷ്യമാക്കി ഞാന്‍ നടന്നു. അയോദ്ധ്യയുമായുള്ള അവസാന ബന്ധം മുറിച്ചിട്ട് രഥം യാത്രയാവുന്ന ശബ്ദം കേട്ടു.

എന്റെ കണ്ണുകള്‍ നിറയുന്നുണ്ടോ? എനിക്കറിയില്ല.

എന്നോട് സംസാരിക്കാന്‍ കൂട്ടാക്കാതെ എന്റെ മനസ് പോലും എന്നെ ഒറ്റ പെടുത്തുന്ന പോലെ തോന്നി. അതോ മുന്‍പേ മരിച്ച മനസിനോട് ഞാന്‍ വെറുതെ സംസാരിക്കുകയാണോ? കാടിന്റെ തണുത്ത ഇരുട്ട് എന്നെ പൊതിഞ്ഞു തുടങ്ങിയത് ഞാനറിഞ്ഞു. മുന്നില്‍ അപകടം പതിയിരിക്കുന്ന കാനനഭീകരത എന്നെ ഭയപ്പെടുത്തുന്നില്ല.
നിശാപ്രാണികളുടെ ശബ്ദം കേട്ടു തുടങ്ങിയിരിക്കുന്നു. ഒരു പഴയ വനവാസകാലത്തിന്റെ ഓര്‍മ്മകള്‍ വെട്ടയാടിക്കൊണ്ട് എനിക്ക് ചുറ്റും മിന്നാമിനുങ്ങുകള്‍ വട്ടമിട്ടു പറന്നു. ഓര്‍മ്മകളെ ആട്ടിത്തെളിച്ചു കൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു. കണ്ണുനീര്‍ മറച്ച കാനനാന്ധകാരത്തിലൂടെയുള്ള എന്റെ കാലൊച്ചകള്‍ എങ്ങുമെത്താതെ മരിച്ചു വീണു.


ലക്ഷ്യബോധമില്ലാതലഞ്ഞ എനിക്ക് മുന്നില്‍ അകലെയായി ഒരു ദീപം തെളിഞ്ഞു. ഏതോ മുനിയുടെ പര്‍ണകുടീരത്തില്‍ നിന്നുള്ളതാണത്.
പ്രതീക്ഷയുടെ ആ വെളിച്ചം ലക്ഷ്യമാക്കി ഞാന്‍ നടന്നു. മരിച്ചു കിടന്ന എന്റെ മനസുണര്‍ന്നു പറഞ്ഞു,

"ഹേ... ജനകപുത്രി, ഇവിടെയാണ്‌....ഇവിടെയാണ്‌ നിന്റെ യാത്രയുടെ അന്ത്യം."

7 comments:

 1. വളരെ ഇഷ്ടപ്പെട്ടു ...

  പണ്ട് രണ്ടാമൂഴം വായിച്ചപ്പൊളാണെന്നു തോന്നുന്നു, പുരാണങ്ങളിലെ പല കഥാപാത്രങ്ങളെയും multi-dimensional ആയി മനസ്സിലാക്കി വീക്ഷിക്കാന്‍ തുടങ്ങിയത് ...
  എട്ടിലോ ഒന്‍പതിലോ മറ്റോ പഠിച്ച ഒരു പാഠവും ഓര്മ വരുന്നു .. "ഇനി ഞാന്‍ ഉറങ്ങട്ടെ" എന്നാ നോവലിലെ ഒരു ഭാഗം .. സൂര്യന്‍ തന്റെ പുത്രനായ കര്‍ണന് , ഇന്ദ്രന്‍ ബ്രാഹ്മണ വേഷത്തില്‍ വന്നു കവച കുണ്ഡലങ്ങള് ആവശ്യപ്പെടും എന്ന് മുന്നറിയിപ്പ് കൊടുക്കുന്നതും, എന്നാല്‍ ദാനശീലത്തില്‍ പ്രശസ്തനായ കര്‍ണന്‍ എന്ന തന്റെ യശസ്സിനെ കരുതി ദാനം നിരസിക്കുകയില്ല എന്ന് തീരുമാനിക്കുകയും ചെയ്യുന്നതാണ് പാഠഭാഗം ...

  സീതയുടെ perspective വളരെ നന്നായിട്ടുണ്ടെന്ന് തോന്നി .. ഭാവുകങ്ങള്‍ ...

  ReplyDelete
 2. വിധേയൻ!
  അനുസരിച്ചു മാത്രം ശീലിച്ചവർക്ക് അനുസരണ ഒരു അഡിക്ഷൻ ആവുന്നുണ്ട്

  ReplyDelete
 3. കൊള്ളാം.
  ഇഷ്ടമായി...
  :)

  ReplyDelete
 4. എല്ലാം വായിച്ചു കൊണ്ടിരിക്കുന്നു. ഇതും ഇഷ്ടമായി.

  ReplyDelete
 5. thank you very much 4 the comments friends

  ReplyDelete
 6. just superb!!!! i had always thougtht bout the thoughts that might have crossed sita wen she heard Ram's final decisions........ n u have actually written them down...cant beleive!!

  ReplyDelete