Thursday, May 3, 2012

ഗാന്ധാരം

                    ഓഫീസ് കഴിഞ്ഞ് വീടെത്താറായപ്പോഴാണ് കാളിദാസന്‍ അത് കണ്ടത്. വീടിനു മുന്‍പിലുള്ള കുളത്തിന് ചുറ്റും നിറയെ ആള്‍ക്കാര്‍. വഴിയിലും കുളപടവിലും ഒക്കെയായി കുളത്തിലേക്ക്‌ ആകാംഷയോടെ എത്തി നോക്കി നില്‍ക്കുന്ന ആള്‍ക്കാര്‍.ആള്‍ ക്കൂട്ടത്തിനിടയിലൂടെ സ്കൂട്ടര്‍ ഒരുവിധത്തില്‍ അയാള്‍ വീട്ടിലെത്തിച്ചു.സ്കൂട്ടര്‍ സ്റ്റാന്‍ഡില്‍ ഇട്ടു, ഗേറ്റിനു അടുത്തേക്ക് ചെന്ന് അവിടെ കൂടി നിന്നിരുന്നവരില്‍ ഒരാളോട് കാര്യം തിരക്കി.
" കുളിക്കാനിറങ്ങിയ ഒരു പയ്യന്‍ മരിച്ചു. ഇതില്‍ കുളിക്കരുതെന്നു നൂറു തവണ പറഞ്ഞതാണ്, മനസിലാവണ്ടേ? മുങ്ങിചാവുന്നത് നോക്കി നില്‍ക്കേണ്ടി വന്നു എല്ലാര്‍ക്കും. ഈ കുളത്തില്‍ ഇറങ്ങാന്‍ ധൈര്യം വരണ്ടേ ആര്‍ക്കെങ്ങിലും, ഫയര്‍ ഫോഴ്സ് വരാന്‍ കാത്തിരിക്കുകയാണ്."
ചെറിയ അമ്പരപ്പോടെ കാളിദാസന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ കുളത്തിനടുതെത്തി ആ കാഴ്ച എത്തി നോക്കി.
ആ ഭീമന്‍ കുളത്തിന് നടുവിലായി, ചുവന്ന താമരപ്പൂക്കള്‍ക്കടുത്ത് ഒരാള്‍ കമഴ്‌ന്നു പൊങ്ങി കിടക്കുന്നു.തല മുടിയും വെളുത്ത മുതുകും മാത്രമേ പുറത്തു കാണാവൂ.കാല്‍ അടിയിലാണ്. ചുറ്റും പന്തലിച്ചു നില്‍ക്കുന്ന മഴവാടി മരങ്ങള്‍ കാരണം ആ പ്രദേശം മൊത്തം പകല്‍ പോലും ഇരുട്ടിലാണ്.വെയില്‍ പതിക്കുന്നത് കുളത്തിന് നടുവില്‍ ആള്‍ കിടക്കുന്ന ഭാഗത്ത്‌ മാത്രം.കാട് പിടിച്ചു കിടക്കുന്ന കല്‍ പടവുകളും  സദാ ഉള്ള  ചീവീടുകളുടെ കരച്ചിലും ആ ദ്രിശ്യതിന്റെ ഭീകരത വര്‍ധിപ്പിച്ചു.
"ജീവിതത്തില്‍ ആദ്യമായാണ്‌ ഇങ്ങനെ ഒരു കാഴ്ച. അതും സ്വന്തം വീടിനു മുന്‍പില്‍.ചെറിയൊരു ഭയത്തോടെ കാളിദാസന്‍ ഓര്‍ത്തു.
"പത്തു പതിനെട്ടു വയസ്സല്ലേ ഒള്ളു..."അവിടെ കൂടി നില്‍ക്കുന്നവര്‍ പരസ്പരം സംസാരിക്കുന്നത് കേള്‍ക്കാം." അല്ലേലും ഈ ചാരാചിറ കുളം ഒരു എരണം കേട്ട കുളമാ...രാത്രി കാലത്ത് ഞാനിതിലെ പോകാറില്ല. ഈ കുളത്തിന് ചുറ്റുവട്ടത്തുള്ള ഏതേലും വീട്ടില്‍ മനസമാധാനമുണ്ടോ? ഒരു വീട്ടില്‍ കെട്ടിയോന്‍ ഉപേക്ഷിച്ച   പെണ്ണ്, വേറൊരു വീട്ടില്‍ മന്ദബുദ്ധി, വേറൊരിടത് ദുര്‍മരണം..എന്നുവേണ്ടാ ......"
ചാരാച്ചിര കുളത്തെ പറ്റി കേട്ടു മടുത്തു തുടങ്ങിയിരുന്ന കഥകള്‍ ഓരോന്നായി ആള്‍ക്കാര്‍ തുടങ്ങിയപ്പോള്‍,കാളിദാസന്‍ പതിയെ തിരിച്ചു വീട്ടിലേക്കു നടന്നു.
"ഇനി ഈ കെട്ടുകഥകളില്‍ വല്ല കഴമ്പും ഉണ്ടാവുമോ? എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു ഇതൊരു ശകുനം കേട്ട കുളമാണെന്ന് ". കളിദാസനില്‍ ഭീതി ഒളിച്ചുകളി തുടങ്ങി.
 പായല്‍ പിടിച്ച കുമ്മായ സിംഹങ്ങള്‍ കാവലിരിക്കുന്ന വീട്ടു പടിക്കല്‍ എത്തി. പടിക്കല്‍ വച്ച് തന്നെ ഇറയത് ഇരിക്കുന്ന അച്ഛനെ കണ്ടു.
എന്നെകാത്തിരിക്കുകയാണ്, എനിക്കറിയാം..ഈ വീട് വാങ്ങിച്ചതിനെ ചൊല്ലി ഇപ്പൊ വഴക്ക് തുടങ്ങും... അയാള്‍ ഓര്‍ത്തു.
അടുത്ത്‌ എത്തിയപ്പോള്‍  മുഖം തിരിച്ചിരുന്നു അച്ഛന്‍ ചോദിച്ചു.."ഇപ്പൊ തൃപ്തി ആയില്ലേ? "
"അതിനിപ്പോ ഇവിടെ എന്തുണ്ടായി?" കാളിദാസന്റെ ശബ്ദം ഉയര്‍ന്നു.
"എടാ മോനേ.. വലിയ ലാഭത്തിനു ഒരു സാധനം നമുക്ക് കിട്ടിയാല്‍ അതിനു എന്തെങ്കിലും കുഴപ്പം ഉണ്ടാവും. കയ്യിലുള്ള കാശെല്ലാം കൊടുത്ത് വല്ല നാട്ടിലും വന്നു ഈ നസ്രാണികളുടെ ഇടയില്‍ കിടക്കേണ്ട വല്ല ആവശ്യവും ഉണ്ടോ നിനക്ക്. പോരാത്തതിന് ഒരു പഷ്ട് കൊളോം, വീടിനു മുന്നേ തന്നെ. "
"അച്ഛനിതു എന്തിന്റെ കേടാ?"
"നീയെന്താടാ ഒരുമാതിരി പൊട്ടന്മാരെ പോലെ സംസാരിക്കുന്നത്.. നീ ഇതൊന്നും കാണുന്നില്ലേ?" അച്ഛന്‍ റോഡിനു അപ്പുറത്തുള്ള  കുളത്തിലേക്ക്‌ ചൂണ്ടിക്കാണിച്ചു.
"ഏതോ പറഞ്ഞാല്‍ കേള്‍ക്കാത്ത ചെക്കന്‍ കുളത്തില്‍ ചാടി ചത്തതിനു ഞാന്‍ എന്തു ചെയ്യാനാ?'' കാളിദാസന്റെ മുഖത്ത് സങ്കടം കലര്‍ന്ന ദേഷ്യം.
"എടാ.. നീ ഞാന്‍ പറയുന്നത് കേള്‍ക്കു..കിട്ടുന്ന കാശിനു ഇത് വിറ്റിട്ടു വേറെ എവിടെയെങ്കിലും നോക്കാം."
"ഇവിടെ ഇപ്പൊ ഒരു കുഴപ്പോം ഇല്ല " കാളിദാസന്‍ സംസാരം തുടരാന്‍ അനുവദിക്കാതെ അകത്തേക്ക് പോയി. അച്ഛന്‍ പുറത്തെ ആള്‍ക്കൂട്ടത്തിലേക്കു തന്നെ നോക്കി ഇരുന്നു.
കാളിദാസന്‍ വസ്ത്രങ്ങള്‍ മാറ്റികൊണ്ടിരിക്കുമ്പോള്‍  ലക്ഷ്മി, ചായയുമായി  മുറിയിലേക്ക് വന്നു.
അവള്‍ ഒന്നും മിണ്ടാതെ അവിടെ ചാരി നിന്നു. ആ മൌനത്തിന്റെ അര്‍ത്ഥം അവനു മനസിലായി.
" എടി, നമ്മള്‍ ഈ വീട് വാങ്ങിച്ചിട്ട് ഇപ്പൊ ഏഴു എട്ടു മാസമായി.നമുക്ക് വേറെ കുഴപ്പങ്ങള്‍ ഒന്നും ഇതുവരെ സംഭവിച്ചില്ലല്ലോ? അച്ഛന്‍ വെറുതെ...
ഇപ്പൊ ഇവിടെ തിരുവനന്തപുരത്തെ സ്ഥലത്തിന്റെ വിലയൊക്കെ നിനക്കറിയാല്ലോ? ഞാന്‍ എവിടന്നു ഉണ്ടാക്കാന ഇത്രയും കാശ്? വീട് അല്‍പ്പം പഴയതാണെങ്കിലും കാശ് കുറവിന് ഇവിടെ പട്ടത്ത് ഒരു വീട് മേടിക്കാനാവുമോ? ഇവിടന്നു ഓഫീസില്‍ വരാനും പോകാനും എല്ലാം സൗകര്യം." മുണ്ട് ഉടുത്തു കൊണ്ടിരിക്കുമ്പോള്‍ കാളിദാസന്‍ അവളെ നോക്കി. അവള്‍ തല കുനിച്ചു തന്നെ നില്‍ക്കുകയായിരുന്നു. കാളിദാസന്‍ തന്റെ കൈകള്‍ പതിയെ ഗര്‍ഭിണിയായ ഭാര്യയുടെ വയറ്റില്‍ വച്ചിട്ട് പറഞ്ഞു.
"എത്ര നാള്‍ എന്നു വച്ച് വാടക വീട്ടില്‍ താമസിക്കും? നമ്മുടെ കുഞ്ഞു ജനിക്കുന്നത് നമ്മുടെ സ്വന്തം വീട്ടിലായിരിക്കണം എന്നൊരാഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ."
ലക്ഷ്മിയുടെ പേടിച്ചരണ്ട മിഴികളില്‍ എവിടെയോ ഒരാശ്വാസം.തല ഉയര്‍ത്താതെ അവള്‍ ഒന്ന് പുഞ്ചിരിച്ചു.

വൈകുന്നേരം എപ്പോഴോ ഫയര്‍ ഫോഴ്സ് വന്നു മൃതദേഹം എടുത്തു മാറ്റി. പുറത്തെ വഴിയിലെ തിരക്കൊഴിഞ്ഞു. വീണ്ടും നിശബ്ദത.

ദിവസങ്ങള്‍ കഴിഞ്ഞു. ആ പയ്യന്റെ ആത്മഹത്യയെ പറ്റി എല്ലാവരും മറന്നു തുടങ്ങി. ജീവിതം വീണ്ടും ശാന്തമായി.

നല്ല നിലാവുള്ള ഒരു രാത്രി  മുറ്റത്ത്‌ ഉലാത്തുകയായിരുന്നു കാളിദാസന്‍. ഒരു ദിനചര്യ പോലെ ആയി മാറി കഴിഞ്ഞിരുന്നു  ഈ ഉലാത്തല്‍. അകലെയുള്ള  പെന്തകൊസ്തുകാരുടെ കൊട്ടിപാട്ട് കേള്‍ക്കാം. അവര്‍ അത് ഭക്തിയോടെ പാടുന്നതാണെങ്കിലും, ഈ കുളത്തിനടുത്ത് നില്‍ക്കുമ്പോള്‍ ആ പാട്ടിനു ഒരു ഭീകരത ഉണ്ട്.
ഈ പെന്തകൊസ്തുകാര്‍  വര്‍ഷങ്ങളായി നിര്‍ഭയം ഇവിടെ താമസിക്കുന്നുണ്ടല്ലോ !കാളിദാസന്‍ ഓര്‍ത്തു.
അയാള്‍ കുളത്തിലേക്ക്‌ നോക്കി.പന്തലിച്ചു നില്‍ക്കുന്ന കറുത്ത മരങ്ങള്‍ വെളുത്ത ആകാശത്തെ  ചെറു കഷണങ്ങളായി മുറിച്ച് ഇട്ടിരിക്കുന്നു. താഴെ താമരകളെ ശ്രദ്ധിച്ചു. കുളം നിറയെ തിളങ്ങുന്ന ചുവന്ന താമര പൂക്കള്‍  കാറ്റില്‍ മെല്ലെ ആടി കൊണ്ടിരിക്കുന്നു. ഉറങ്ങുള്ള താമര പൂക്കളുടെ മണവും മോഷ്ട്ടിച്ചു കടന്നു കളയാന്‍ ശ്രമിക്കുന്ന കാറ്റ്.
"എനിക്ക് വലിയ പേടിയൊന്നും തോന്നുന്നില്ല  , പകരം ഒരു തരം പ്രത്യേക ഇഷ്ടമാണ് അല്ലെങ്കില്‍ അടുപ്പമാണ് തോന്നി തുടങ്ങുന്നത് ഈ താമരകളോട്. വല്ലാത്ത ഒരു തരം ആകര്‍ഷണം...ഈ മനോഹര പുഷ്പങ്ങള്‍ പറിച്ചു കൊണ്ടുപോവാതിരിക്കാന്‍ വേണ്ടി ആരോ ഉണ്ടാക്കിയ കെട്ടുകഥകള്‍ ആയിട്ടാണ് എനിക്ക് തോന്നുന്നത്. പണ്ട് കുളിക്കാനും മറ്റുമായി ഉപയോഗിച്ചിരുന്ന കുളമല്ലേ ഇത്? " അയാള്‍ ഓര്‍ത്തു.

"ദേ, പത്തു മണിയായി..ചോറെടുത്ത് വച്ചു.. വാ.."ലക്ഷ്മി അകത്തു നിന്നും വിളിചു.

ഭക്ഷണം കഴിക്കാനിരുന്നു. കഴിക്കുന്നതിനിടെ ,ഏഴാം മാസത്തില്‍ ലക്ഷ്മിയെ കൂട്ടി കൊണ്ടു പോകുന്നതിനെ കുറിച്ച് അച്ഛനുമായി സംസാരിക്കുന്നതിനിടെ ആരോ വാതിലില്‍ മുട്ടി.
കാളിദാസന്‍ എഴുന്നേറ്റു. കൈ കഴുകി. വാതില്‍ തുറന്നു.

മൂന്നു നാല് വീടുകള്‍ക്ക് അപ്പുറം താമസിക്കുന്ന 'ഡോക്ടര്‍ ജോസഫ് മത്തായി.' !!
"എന്താ ഡോക്ടറെ?"
" അത്..അത്..." ഡോക്ടര്‍ പരുങ്ങി.
"എന്തു പറ്റി? കാളിദാസന്‍ പരിഭ്രമത്തില്‍ ചോദിച്ചു.
"എന്നെ ഒന്ന് വീട് വരെ കൊണ്ടാക്കി തരണം..............എന്റെ വീട്ടിലേക്കുള്ള വഴി കണ്ടു പിടിക്കാനാവുന്നില്ല."ഡോക്ടര്‍ കിതയ്ക്കുന്നുണ്ടായിരുന്നു. ആകെ വിയര്‍ത്തു കുളിച്ചു പരിഭ്രാന്തനായിരുന്നു അയാള്‍.
കാളിദാസന് ഒന്നും മനസിലായില്ല എങ്കിലും അയാള്‍ പറഞ്ഞു.
"ശരി ..വാ"....വീട്ടുകാരോട് പറയാതെ കാളിദാസന്‍ അയാളെയും കൂട്ടി പുറത്തേക്കിറങ്ങി.
"ഒന്ന് കട വരെ പോയതാ. ബൈക്ക് സ്റ്റാര്‍ട്ട്‌ ആയില്ല അതാ നടക്കാമെന്ന് വച്ചത്.കഴിഞ്ഞ ഒരു അര മണിക്കൂറായി ഈ പരിസരത്ത് കിടന്ന് കറങ്ങുകയാണ് ഞാന്‍." വീട്ടിലേക്കു നടക്കുന്നതിനിടെ ഡോക്ടര്‍ പറഞ്ഞു.
ഡോക്ടര്‍ മദ്യിച്ചിട്ടുണ്ടോ എന്നറിയാനായി കാളിദാസന്‍ സൂത്രത്തില്‍ അയാളോട് ചേര്‍ന്ന് നടന്ന് സംസാരത്തിനായി കൂടുതല്‍ വിഷയങ്ങള്‍ എടുത്തിട്ടു.
" ഡോക്ടര്‍  അപ്പൊ ഇവിടെ  താമസമാക്കിയിട്ട് അധികം കാലം ആയിട്ടില്ലേ ?"
"ഞാനിപ്പോ ഒരു വര്‍ഷം കഴിഞ്ഞു." ഉത്തരം പറയുന്നതിനിടയിലും അയാള്‍ ചുറ്റും നോക്കുന്ന പോലെ തോന്നി. വെപ്രാളത്തോടെ അയാള്‍ തുടര്‍ന്നു.
"  ദാ,   നോക്ക്, ഇവിടെ നിന്നു എനിക്ക് എന്റെ വീട് കാണാം  പക്ഷെ ഏത് വഴി പോയാലും കറങ്ങി തിരിഞ്ഞു അവസാനം ഈ കുളത്തിന് അടുത്തെത്തും. ഒരു ....ഒരു തരം കണ്‍കെട്ടു പോലെ....
പിന്നെ നിങ്ങള്‍ വിചാരിക്കുന്ന പോലെ ഞാന്‍ മദ്യപിച്ചിട്ടില്ല.........സത്യം..

ശരിയാണ്..ഇയാളെ കണ്ടിട്ട് മദ്യപിച്ചതായി തോന്നുന്നില്ല... മദ്യത്തിന്റെ മണവും ഇല്ല.. കാളിദാസന്‍ ഓര്‍ത്തു.
ഒടുവില്‍ അയാളുടെ വീടെത്തി. ഡോക്ടറുടെ മുഖത്ത് ആശ്വാസം. ഒരായിരം നന്ദികള്‍ക്ക് പകരമായി അയാള്‍ കാളിദാസനെ നോക്കി പുഞ്ചിരിച്ചു.
ഡോക്ടര്‍ വളരെ ശാന്തനായി കാണപ്പെട്ടു. അയാള്‍ പറഞ്ഞു" ഇതുപോലെ ഇത് ആദ്യം....ശരിക്കും ആദ്യം... ഈ നശിച്ച സ്ഥലത്തു നിന്നു വീട് വിറ്റിട്ടു പോകാം എന്നു വച്ചാ ആരെങ്കിലും വരണ്ടേ.!? ഇവിടം വരെ വന്നതിനു വളരെ നന്ദി."
ഡോക്ടര്‍ സംസാരിക്കുന്നത് കേള്‍ക്കുന്നുണ്ടെങ്കിലും, ഡോക്ടറുടെ വീട്ടു മുറ്റത്ത്‌ ,അല്‍പ്പം ദൂരെ ബള്‍ബിന്റെ വെളിച്ചത്തില്‍ നില്‍ക്കുന്ന ഒരാളെ സൂക്ഷിച്ചു നോക്കുകയായിരുന്നു കാളിദാസന്‍.
"അത് .... നല്ല കണ്ടു പരിചയം..... ആരാ അത് ?  കാളിദാസന്‍ ചോദിച്ചു.
"പപ്പയാ...ഡോക്ടര്‍ മത്തായി വര്‍ഗീസ്‌.. സൈകാട്രിസ്ടാ..."ഡോക്ടര്‍ പറഞ്ഞു.
കാളിദാസന്‍ ഞെട്ടി.പക്ഷെ ഞെട്ടല്‍ പുറത്തു കാണിച്ചില്ല. അയാള്‍ തല കുനിച്ചു നിന്ന് ഉമിനീരിറക്കി.
"പപ്പയെ അറിയാമോ?" ഡോക്ടര്‍ ചോദിച്ചു.
 അവന്‍ ഡോക്ടറുടെ മുഖത്ത് നോക്കാതെ യാത്ര പറഞ്ഞ്‌ വേഗത്തില്‍ തിരിഞ്ഞു നടന്നു. ഡോക്ടര്‍ കാളിദാസിനെ നോക്കി നിന്നു.
കാളിദാസന്റെ നടത്തത്തിന്റെ വേഗത കൂടി കൊണ്ടിരുന്നു.
അയാള്‍  ഓടി കുളത്തിനടുത്ത് എത്തി. അയാള്‍ ആകെ വിയര്‍ത്തിരിക്കുന്നു. വീശുന്ന കാറ്റിനു താമര പൂക്കളുടെ ചെറിയ ഗന്ധമുണ്ട്. അയാള്‍ ഓര്‍ത്തു,പതിവിനു വിപരീതമായി ഇവിടെ ഈ കുളത്തിന് അടുത്ത് നില്‍ക്കുമ്പോള്‍ ഒരു ആശ്വാസം തോന്നുന്നു.അയാള്‍ കാറ്റ് കൊണ്ടു ഒന്ന് തണുത്തു. തന്നെപ്പോലെ തന്നെ  നിഗൂഡതകള്‍ നിറഞ്ഞ ആ ജലാശയത്തെ നോക്കി അല്‍പ്പനേരം നിന്നു. ദുഷ്പ്രചരണം കൊണ്ടു ആരും ശ്രദ്ധിക്കാതെ  അല്‍പ്പം കാട് പിടിച്ചിട്ടുണ്ട് എങ്കിലും, കല്‍ പടവുകള്‍ ഉള്ള അവള്‍ ഒരു സുന്ദരി തന്നെ. അയാള്‍ ഓര്‍ത്തു.
ഈ താമര കുളത്തിനോട്‌ ഇപ്പോള്‍ എനിക്കുള്ള വികാരം ഒരുപക്ഷെ ......ഒരു തരം ഭീതി.... അല്ലെങ്കില്‍..... സംശയം.... അതും അല്ലെങ്കില്‍......... പ്രേമം....അതെ,തിരിച്ചൊന്നും ആഗ്രഹിക്കാത്ത പ്രേമം.
ഞാന്‍ അറിയുന്നു,ഡോക്ടറുടെ വഴിതെറ്റിക്കുന്ന ,ആള്‍ക്കാരെ മുക്കി കൊല്ലുന്ന,എനിക്ക് ഇതുവരെ പിടി കിട്ടാത്ത  ഈ കുളവുമായി ഞാന്‍ പ്രേമത്തിലായിരിക്കുന്നു.അല്ലെ
ങ്കിലും യഥാര്‍ത്ഥ പ്രേമത്തിന്റെ ചേരുവകളാണ് ഭയവും, സംശയവും.
ഗര്‍ഭിണിയായ എന്റെ ഭാര്യയെക്കാള്‍ പ്രിയപ്പെട്ടവളായി ഈ കുളം മാറുന്നത് ഞാന്‍ നോക്കി നില്‍ക്കേണ്ടി വരുന്നു. പെരുദോഷമുള്ള ഈ കുളവുമായുള്ള വിവാഹേതര ബന്ധം മറ്റാരും അറിയരുത്,കാളിദാസന്‍ മനസ്സില്‍ ഉറപ്പിച്ചു. വീട്ടിലേക്കു നടന്നു.

വീട്ടിലെത്തി.

വാതില്‍ തുറന്ന അച്ഛന്‍ ചോദിച്ചു ,"ആരായിരുന്നു വന്നത്?''
"എന്റൊപ്പം ജിമ്മിലുള്ള ആ ഡോക്ടര്‍,.........വെറുതെ വന്നതാ..." കാളിദാസന്‍ ഒന്നും സംഭവിക്കാത്തത് പോലെ അകത്തേക്ക് പോയി.അച്ഛന്‍ വാതില്‍ കുറ്റിയിട്ടു.
ഡോക്ടറുടെ സംഭവം വിവരിച്ച്,അവരുടെ സമാധാനവും കളഞ്ഞ്‌, പിന്നെ ഈ വീട് വില്‍ക്കുന്നത് വരെയെത്താവുന്ന സംഭാഷണത്തിന് വിരാമമിട്ടു. ഇനി ഈ വീട് വില്‍ക്കുന്നതിനേക്കുറിച്ച് എനിക്ക് ചിന്തിക്കാനകില്ല..ഞാനിവിടം വിട്ടിനി എങ്ങോട്ടുമില്ല. കാളിദാസന്‍ ഓര്‍ത്തു.

ഭക്ഷണം കഴിച്ചു എല്ലാവരും ഉറങ്ങി. കാളിദാസന്‍ മാത്രം ഉറക്കം വരാതെ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു കൊണ്ടിരുന്നു. പുറത്ത്‌ ആ രാത്രിയുടെ കാറ്റില്‍ താമരകള്‍ ആടിക്കൊണ്ടിരുന്നു.
ക്ലാവ് പിടിച്ചു തുടങ്ങിയ ഒന്ന് രണ്ടു ഓര്‍മ്മകള്‍ അയാളുടെ മുന്നിലൂടെ മിന്നി മാഞ്ഞു. പഠിച്ചിരുന്ന എഞ്ചിനീയറിംഗ് കോളേജ് .......മുഴങ്ങുന്ന പൊട്ടിച്ചിരികള്‍ .....അയാളുടെ ചുണ്ടുകള്‍ വരണ്ടു തുടങ്ങി.
ഭൂതകാലത്തിന്റെ കുതിരകുളമ്പടികള്‍ പൊടിപടലം ഉയര്‍ത്തി വരുന്നത് അയാള്‍ക്ക്  കാണാം. അയാള്‍ നോക്കി നില്‍ക്കെ അതിവേഗത്തില്‍  ആ കുതിരകള്‍ അയാളെ കടന്നു പോയിക്കൊണ്ടിരുന്നു.
ഒരല്‍പം പഴയ കഥയാണ്‌.
കാളിദാസന്‍ എഞ്ചിനീയറിംഗ് നു പഠിക്കുന്ന കാലം. ഒരു അന്ദര്‍മുഖനായ അവന് അധികം കൂട്ടുകാര്‍ ഉണ്ടായിരുന്നില്ല. ആരൊക്കെയോ പറഞ്ഞ്‌ കേട്ട്, വട്ടച്ചിലവിനുള്ള കാശോപ്പിക്കാനായി ഒരു പുതിയ വഴി കണ്ടുപിടിച്ചു...... "ബീജദാനം". പക്ഷെ സ്പേം ബാങ്കില്‍ ഒരു കാര്‍ഡു കിട്ടാന്‍ എളുപ്പമായിരുന്നില്ല.സുന്ദരന്മാരുടെയും ബുദ്ധിജീവികളുടെയും ബീജങ്ങളെ അവര്‍ക്ക് വേണ്ടിയിരുന്നുള്ളൂ.ഒടുവില്‍ പഠിക്കാന്‍ മിടുക്കനായിരുന്നതുകൊണ്ടും പുകവലിയും മദ്യപാനവും ഒന്നും ഇല്ലാതിരുന്നത് കൊണ്ടും കാളിദാസന്‍  എളുപ്പം തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും അടുത്തവര്‍ പോലും അറിയാതെ പലതവണ ബീജദാനം നടത്തി. ഒരു തവണ ബീജദാനത്തിനു ആയിരം രൂപ വരെ കിട്ടുമായിരുന്നു.പക്ഷെ പ്രതീക്ഷകള്‍ക്ക് വിപരീതമായി മാസങ്ങള്‍ കഴിയുന്തോറും കാളിദാസന്റെ ചിന്തകള്‍ മാറിത്തുടങ്ങി,കാണുന്ന കുഞ്ഞുങ്ങള്‍ എല്ലാം തന്റെതായിരിക്കുമോ എന്ന തോന്നല്‍ കാളിദാസനെ അസ്വസ്ഥനാക്കി തുടങ്ങി.. "ഒരു പക്ഷെ നാളെ തനിക്കുണ്ടാവുന്ന കുഞ്ഞ്‌ വിവാഹം കഴിക്കുന്നത്‌ തന്റെ തന്നെ മറ്റൊരു സന്തതിയെ ആയിരിക്കുമോ?" അവന്റെ ചിന്തകള്‍ വഴി പിരിഞ്ഞു ഓടാന്‍ തുടങ്ങി. തന്റെ വിഷമം ആരോടും പറയാനാവാതെ , ഒരു തരം ഭ്രാന്തിന്റെ വക്കിലെത്തിയ കാളിദാസിനെ ജീവിതത്തിലേക്ക് തിരിയെ കൊണ്ടു വന്ന ഡോക്ടര്‍ ആണ്  "മത്തായി വര്‍ഗീസ്‌".

കാളിദാസന്‍ കിടക്കയില്‍ നിന്നെഴുന്നേറ്റു,വെള്ളം കുടിച്ചു.
വീണ്ടും അതുപോലൊരു സമാധാനക്കേടിന്റെയും, ഭ്രാന്തന്‍ ചിന്തകളുടെയും കാലം തിരിച്ചു വരുമോ? അയാള്‍ ഭയന്നു. ആ രാത്രി എങ്ങിനെയെങ്കിലും തീര്‍ക്കണം എന്ന ഒറ്റ ഉദ്ധെശത്തോടെ,ലക്ഷ്മിയെ കെട്ടിപ്പിടിച്ചു വീണ്ടും ഉറങ്ങാന്‍ കിടന്നു.

പുലര്‍ന്നു...വീണ്ടും ഓഫിസ്...തിരികെ വീട്....വീണ്ടും ഓഫിസ്... ആഴ്ചകള്‍ ആവര്‍ത്തന വിരസതയോടെ കടന്നു പോയിക്കൊണ്ടിരുന്നു.

ഒരു ദിവസം ഓഫീസിലേക്ക് അച്ഛന്റെ ഫോണ്‍ വന്നു.ലക്ഷ്മിയെ ആശുപത്രിയില്‍ ആക്കിയിരിക്കുന്നു.കാളിദാസന്‍ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തി.
"പെട്ടെന്ന് രക്ത സ്രാവം ഉണ്ടായി, അഞ്ചു മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചിരിക്കുന്നു" ഡോക്ടര്‍ അറിയിച്ചു.
കാളിദാസന്റെ തല കറങ്ങുന്ന പോലെ തോന്നി. അയാള്‍ അവിടെ ഇരുന്നു. അച്ഛന്‍ സമാധാനിപ്പിച്ചു.
ഗര്‍ഭചിദ്രം നടന്നു.
അവള്‍ വേദന തിന്ന ഒരാഴ്ച. 
ആ ഒരാഴ്ചക്ക് ശേഷം ആശുപത്രി വിട്ടു. സന്ധ്യയോടെ  തിരികെ വീട്ടിലെത്തി.
അവളെ മുറിയില്‍ കിടത്തി.അവള്‍ വളരെ വിഷാദയായിരുന്നു.ഏപ്പോഴും നനഞ്ഞ കണ്ണുകള്‍.
ആരും ആരോടും ഒന്നും സംസാരിച്ചില്ല. വീടാകെ ഒരു മൂകത..ശ്മശാന മൂകത. എല്ലാവരും മൂകമായി എന്നെ കുറ്റപ്പെടുത്തുന്ന പോലെ തോന്നി.ഞാന്‍ കാരണമാണ്, ഈ വീടുപെക്ഷിക്കാന്‍ കൂട്ടക്കാതെയുള്ള  തന്റെ പിടിവാശിയാണ് , ഈ നശിച്ച കുളമാണ് എല്ലാത്തിനും കാരണം. ഇതൊരു മന്ത്രം പോലെ വീണ്ടു വീണ്ടും മനസുരുവിടാന്‍ തുടങ്ങി.
രാത്രിയുടെ മൂകത ഒരു മരവിപ്പായി തലക്കു പിടിച്ചപ്പോള്‍ കാളിദാസന്‍ കുളപടവില്‍ ചെന്നിരുന്നു. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.തലയില്‍ ഒരായിരം കടന്നലുകള്‍ ഇളകി മറിയുന്നതായി തോന്നി.
ആരെങ്കിലും ഒന്ന് ശകാരിച്ചിരുന്നെകില്‍... അയാള്‍ ആഗ്രഹിചു.
പക്ഷെ നിശബ്തം ...  എല്ലാവരും നിശബ്തം... ചൂളയിലെന്ന പോലെ നീറ്റി നീറ്റി കൊല്ലുന്ന നിശബ്ധത. അയാള്‍ക്ക്‌ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.
"ഈ നശിച്ച കുളം കാരണം....ഈ വീട്ടില്‍ താമസിക്കുന്ന അത്രയും കാലം ഒരുപക്ഷെ ഇനി ഒരിക്കലും അവള്‍ ഗര്‍ഭിണി ആകില്ല ...എനിക്കുറപ്പാണ്..." പല്ലുകള്‍ കടിച്ചു അയാള്‍ തേങ്ങി.
"പത്തു നൂറു മക്കളുള്ള ഒരാള്‍ ,അതില്‍ ഒന്ന് മരിച്ചതിനു എന്തിനാണ്  ഇങ്ങിനെ ദുഖിക്കുന്നത്?" കാളിദാസന്‍ ഞെട്ടി ചുറ്റും നോക്കി....മുഴക്കമുള്ള ഒരു സ്ത്രീ ശബ്ദം..
"ആരാണത്?" ഉറക്കെ ചോദിച്ചെങ്കിലും അയാളുടെ ശബ്ദം പുറത്തുവന്നില്ല.
"ഞാന്‍ നിന്റെ കാമുകി...ഈ കാണുന്ന താമരകള്‍ എല്ലാം നിന്റെ മക്കള്‍ അല്ലെ? പിന്നെന്തിനാണ് ഇങ്ങനെ ദുഖിക്കുന്നത്?" കുളം ചോദിച്ചു.
കാളിദാസന്‍ ചാടിയെഴുന്നേറ്റു.
അയാളുടെ കണ്ണുകള്‍ ചുവന്നിരുന്നു.കുളത്തിലേക്ക്‌ നോക്കി. അപ്പൂപ്പന്‍ താടി പോലെ നരച്ച മേഘങ്ങള്‍ക്ക് താഴെ ആ രാത്രിയുടെ കരിനീല കറുപ്പില്‍  അതിലെ താമരകള്‍ കൂടുതല്‍ പ്രകാശിതമായി തോന്നി.കുളത്തിലെ നീര്‍ചാടികള്‍ തീര്‍ത്ത ജലവളയങ്ങളില്‍ നിലാവ് പുളയുന്നത് കണ്ടു.ചീവീടുകള്‍ ചിലച്ചു കൊണ്ടിരുന്നു. അപ്പുറത്തെ പെന്തക്കോസ്തുകാര്‍ മാലാഖമാരെ വിളിച്ചു കൊണ്ടിരുന്നു. അവരുടെ കൊട്ടിപ്പാട്ട് മുറുകി വന്നു. മൂര്‍ധന്യത്തിലെത്തി.
കാളിദാസന്റെ രോമങ്ങള്‍ എഴുന്നു നിന്നു. സര്‍വ്വശക്തിയുമെടുത്ത്‌ അയാള്‍ കുളത്തിലേക്ക്‌ ചാടി.
എല്ലാം നിശബ്ദം.
അയാള്‍ ആ താമരക്കാട് ലക്ഷ്യമാക്കി നീന്തി തുടങ്ങി.അന്തരീക്ഷത്തില്‍ വെള്ളം ചിന്നി ചിതറുന്ന ശബ്ദം മാത്രം. നിലാവില്‍ ജലകണങ്ങള്‍  ബീജകണങ്ങള്‍ പോലെ താമര ഇതളുകളില്‍ പതിച്ചു കൊണ്ടിരുന്നു.അസാമാന്യ വേഗത്തില്‍  നീങ്ങുന്ന ഒരു വലിയ മത്സ്യത്തെ പോലെ അയാള്‍  കാണപ്പെട്ടു.അയാള്‍ ഏകദേശം ആ വലിയ കുളത്തിന്റെ നടുവിലെത്തി. ചുറ്റും തിളങ്ങുന്ന താമരക്കുഞ്ഞുങ്ങള്‍. അതില്‍ നിന്നുള്ള പ്രകാശം അയാളുടെ മുഖത്ത്അടിക്കുന്നുണ്ടായിരുന്നു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു.
"ഇതാ ഞാന്‍, നിങ്ങളുടെ അച്ഛന്‍ .. നിങ്ങള്‍ക്കെന്നെ തിരിച്ചരിയാനാവുന്നില്ലേ? ചുറ്റുമുള്ള പൂക്കളെ നോക്കി അയാള്‍ വിതുമ്പി.
പെട്ടെന്ന് കുറച്ചകലെയായി കുറെ താമരകള്‍ക്ക് നടുവിലായി ഒരു അസാധാരണ വലിപ്പമുള്ള താമരയെ കണ്ടു. അയാളോളം  വലിപ്പമുള്ള ഒന്ന്. അതിന്റെ ഇലകള്‍ക്ക് അയാളെക്കാള്‍ പോക്കമുണ്ടായിരുന്നു.
കാളിദാസന്‍ ആ താമരയെ ലക്ഷ്യമാക്കി നീന്തി തുടങ്ങി. പെട്ടെന്ന് അയാള്‍ ചുറ്റും ശ്രദ്ധിച്ചു, അയാള്‍ക്ക്‌ ചുറ്റും ബീജ കണങ്ങള്‍ അയാള്‍ക്കൊപ്പം മത്സരിച്ചു നീന്തുന്നു. ദശലക്ഷം ബീജകണങ്ങളില്‍ ഒന്ന് മാത്രം ലക്ഷ്യത്തിലെത്തി ഗര്‍ഭം ധരിക്കുന്ന പോലെ ,കൂട്ടത്തില്‍ ഏറ്റവും മിടുക്കനായ ആ ബീജ കണത്തെപ്പോലെ വാശിയോടെ അയാള്‍ നീന്തി കൊണ്ടിരുന്നു. വെള്ളത്തിന്‌ വഴുവഴുപ്പ് കൂടുന്ന പോലെ തോന്നി.
പെട്ടെന്ന് കാലില്‍ എന്തോ ചുറ്റി.താളം തെറ്റിയ അയാളുടെ മുഖം ആദ്യം  മുങ്ങി. ചുറ്റും ജലകുമിളകള്‍.കാളിദാസന്‍ കൈകള്‍ ശക്തയായി അടിച്ചു കൊണ്ടിരുന്നു.
വീണ്ടും പൊങ്ങി. മരണ വെപ്രാളത്തില്‍ ശക്തിയായി ശ്വാസം വലിക്കുന്നതിനിടയിലും അയാള്‍ കണ്ടു.അയാളുതിര്‍ത്തു വിട്ട ഓളങ്ങളില്‍ തട്ടി ,തന്നെ നോക്കി ആടിക്കൊണ്ടിരിക്കുന്ന അയാളുടെ മക്കള്‍...താമരകുഞ്ഞുങ്ങള്‍....
അയാള്‍ സന്തോഷിച്ചു.
തല മുങ്ങി. താമര വള്ളികള്‍ കാളിദാസനെയും കൊണ്ടു ആ കുളത്തിന്റെ ഗര്‍ഭത്തിലേക്കു പോയികൊണ്ടിരുന്നു.തന്റെ നിശ്വാസവായു,നിലാവില്‍ തീര്‍ത്ത ജലമാലകളായി ഉയര്‍ന്നുപോകുന്നത് കണ്ടു.. ആ കുമിളകള്‍ താമരവള്ളികളില്‍ തട്ടി പിളര്‍ന്നു പെരുകി ഉയരുന്നത് കണ്ടു. സന്തോഷം.
"എന്റെ ഈ കാമുകിയുമായുള്ള രതിക്രീഡയെ പറ്റി ആരോടെങ്കിലും പറഞ്ഞാല്‍ , ആരെങ്കിലും വിശ്വസിക്കുമോ? അറിയില്ല !  ഇനിയും ഞാന്‍ മൂലം ഈ കുളത്തില്‍ ഒരായിരം താമരകള്‍ വിരിയട്ടെ.."
കൂട്ടത്തില്‍ ഏറ്റവും സമര്‍ത്ഥനായ ബീജത്തെപ്പോലെ അയാള്‍ ലക്ഷ്യത്തില്‍ എത്തിച്ചേരുകയായിരുന്നു.

No comments:

Post a Comment