Tuesday, March 5, 2013

പാറ


  മഴ കണ്ടു, വെയില്‍ കണ്ടു, മുളകള്‍ കണ്ടു, ചിതല്‍ കണ്ടു, അങ്ങിനെ ഉണ്ണിരി  കാലയളവില്‍ കാണേണ്ടതും കാണേണ്ടാത്തതുമായ പലതും കണ്ടു. പക്ഷെ ഇപ്പോള്‍ വെള്ളെഴുത്ത് വീണു തുടങ്ങിയിരിക്കുന്നു.

  എന്നും ആറു വെളുപ്പിന് എഴുന്നേറ്റ്കട്ടന്‍ കാപ്പിയും കുടിച്ച് തന്റെ വീടിന്റെ വരാന്ത മതിലില്‍ തൂണും ചാരി ഇരുന്നു പുലരുന്നത് കാണണം... നിർബന്ധം.... സൂര്യോദയം പോലെ ഇത്ര മാത്രം ഭംഗിയുള്ള ഒരു സന്ദര്‍ഭം ജീവിതത്തില്‍ നഷ്ടപ്പെടുത്താന്‍ വയ്യ. ഉണ്നിരിയെ സംഭന്ധിച്ചു ഓരോ പുലര്‍ച്ചയും വ്യത്യസ്തമാണ്. അതിന്റെ നിറം,ഗന്ധം,എല്ലാം... ഒരു പക്ഷെ തന്റെ ഏകാന്തമായ ജീവിതം അവസാനിപ്പികുന്നത്തില്‍ നിന്ന് അയാളെ പിന്‍തിരിപ്പിക്കുന്നത് നാളെയുടെ പ്രഭാതങ്ങളെ കുറിച്ചുള്ള ജിഞാസ ആയിരിക്കാം

ഒരു തണുത്ത കാറ്റിന്റെ അകംബടിയോടെ പതിയെ  വെയില്‍ വന്നു തുടങ്ങി. വെയിലില്‍ അയാളുടെ വെളുത്ത മുടിയും ഇമയും പുരികവും ഒരു അപ്പുപ്പന്‍ താടി പോലെ തിളങ്ങി. അയാളുടെ ഇളം ചുവപ്പ് ശരീരത്തില്‍ പ്രതിഫലിച്ച പ്രകാശം അയാള്‍ക്ക്ചുറ്റും ഒരു വലയം തീര്‍ത്ത പോലെ തോന്നി. അയാള്‍ പുഞ്ചിരിച്ചു

"ജാംബക്ക പറിച്ചോട്ടെ?  പെട്ടെന്ന് മതിലിനരികെ നിന്ന് സംശയം കലര്‍ന്ന ഒരു ചോദ്യം
ഉണ്നിരി ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു. കണ്ണ് പിടിക്കുന്നില്ല. പുരികം ചുളിച്ചു ശ്രദ്ധിച്ചു. രണ്ടു കുട്ടികള്‍ പുറകില്‍ കൈകെട്ടി മര്യാദക്കാരായി നില്ക്കുന്നു
"ഉറക്ക പായില്‍ നിന്നെഴുന്നേറ്റു നേരെ ഇങ്ങു പോന്നോ?'' തന്റെ പ്രഭാതാസ്വാദനം തടസപ്പെടുത്തിയതിന്റെ  നീരസത്തോടെ അയാള്‍ ചോദിച്ചു
അല്‍പ്പ സമയത്തെ നിശബ്ദതക്കു ശേഷം കുട്ടികള്‍ പറഞ്ഞു,
"ഇന്നലെ പരീക്ഷ കഴിഞ്ഞു...... ഇനി അവധിയാ.. "
ഉണ്ണിരി ഗൌരവത്തോടെ മുഖം തിരിച്ചു കാപ്പി കുടിക്കാന്‍ തുടങ്ങി.കുട്ടികള്‍ പുരികം ഉയര്‍ത്തി മുഖത്തോടു മുഖം നോക്കിനിന്നു
ഇടക്കെപ്പോഴോ സമ്മതം എന്നാ അര്‍ത്ഥത്തില്‍ അയാള്‍ മൂളി
"ങാ.. പൊട്ടിച്ചോ...പിന്നെ  മരത്തിന്റെ മുകളില്‍  കയറണ്ട ... താഴെ നിന്ന് പൊട്ടിച്ചാ മതി... "
"ങാ...ശരി,  സന്തോഷ ചിരികള്‍. ജാംബക്ക മരത്തിനടിയിലേക്കുള്ള ഓട്ടം. പരസ്പരം വാദിച്ചു പെറുക്കിയെടുക്കുന്ന ബാല്യം.. ഉണ്നിരി ഓട്ടകണ്ണിട്ടു ഇതെല്ലാം നോക്കി നിന്നു, ഒരു ചെറു പുഞ്ചിരിയോടെ.. 
ജാംബക്കകള്‍ പെറുക്കുന്നതിനിടയില്‍ അവര്‍ എപ്പോഴോ അടക്കം പറയുന്നത് കേട്ടു,
"ഇന്ന് പാണ്ടന് എന്തുപറ്റിപ്പോയി... ഒന്നു സമ്മതിക്കാന്‍ ...! "
"മതി... ഉണ്നിരി അലറികണ്ണട പെരുപ്പിച്ച അയാളുടെ നരച്ച കണ്ണുകളില്‍ ദേഷ്യം
കുട്ടികള്‍ എഴുന്നേറ്റു പുറത്തേക്കോടി. ഓടുന്ന വഴി മതിലിനപ്പുറത്ത് നിന്ന് കേട്ടു വീണ്ടും   വിളി,
"ഉണ്നിരി പാണ്ടാ.... അവരുടെ ചിരികളും കൂക്കു വിളികളും ദൂരെ മങ്ങും വരെ അയാള്‍ ശ്രദ്ധിച്ചു നിന്നു.

അയാള്‍ ഉമിനീരിറക്കി

"ഉണ്നിരി പാണ്ടന്‍"... കഴിഞ്ഞ 65 വര്‍ഷങ്ങല്ലായി കേള്‍ക്കുന്ന വിളി. ഒരു വശം ചേര്‍ന്ന ചെറു ചിരിയോടെ അയാള്‍ ഓര്‍ത്തു.  

ശീലമായി മാറിക്കഴിഞ്ഞ ഒരു വിഷമം, അയാള്‍ക്ക് അതിനെ  അങ്ങിനെയേ കാണാന്‍ കഴിയുമായിരുന്നുള്ളൂഎല്ലാവര്ക്കും തമാശ, ചിലര്‍ക്ക് സഹതാപം, ചിലര്‍ക്ക് അറപ്പ് , സ്വന്തം അച്ഛന് പോലും വെറുപ്പ്‌.... 

"ഇല്ലാ... ചിന്തിച്ചിരുന്നാല്‍ നീളും... വൈകും. ഇന്നത്തെ യാത്ര വൈകിക്കാന്‍ തരമില്ല..'  ഉണ്നിരി ഓര്‍ത്തു. വളരെക്കാലം കൂടിയാണ് ഒരു ദീര്‍ഘയാത്ര
ഒരിക്കല്‍ ടൌണില്‍ സഹോദരിയുടെ മകളെ കണ്ടുമടങ്ങുമ്പോള്‍ ആണ് ഇങ്ങനെ ഒരു ദീര്‍ഘയാത്രയെപറ്റി ആദ്യം മനസ്സില്‍ തോന്നിയത്. ടൌണിലെ  ബന്ധുക്കളെ കാണാന്‍ മാത്രമായിരുന്നു ഇയാള്‍ വല്ലപ്പോഴും വീടിനു പുറത്ത്  ഇറങ്ങിയിരുന്നത് വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇടക്ക് ഒരു സന്ദര്‍ശനം ഉണ്ണിരിക്ക്  അനിവാര്യമായിരുന്നു, കാരണം താന്‍ മരിച്ചിട്ടില്ലെന്ന് സ്വയം വിശ്വസിപ്പിക്കേണ്ടതും മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതും അയാളുടെ മാത്രം ആവശ്യമായിരുന്നു
എന്നും ഒറ്റക്കായിരുന്നു, എങ്കിലും ഒറ്റപ്പെടല്‍ ഒരു വേദനയായി മാറിയ മുതല്‍ ആലോചിച്ചു തീരുമാനിച്ചതാണ്  ദീര്‍ഘയാത്രഅയാള്‍ അരമതിലില്‍ പിടിച്ചു പതിയെ എഴുന്നേറ്റു.അകത്തു പോയി യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി


 വെയില്‍ ഉറക്കുന്നതിനു മുന്‍പ് തയ്യാറായി പുറത്തിറങ്ങി.വെള്ള മുഴുക്കൈ ഷര്‍ട്ടും മുണ്ടും അതാണ്ഉണ്നിരിയുടെ വേഷംദൂരയാത്രയുടെതെന്നു തോന്നിക്കുന്ന ഒന്നും തന്നെ കയ്യില്‍ ഇല്ല. ഒരു കുട മാത്രം. ശക്തിയായ വെയില്‍ അയാളുടെ ശരീരത്തില്‍ പോള്ളല്‍ ഏല്‍പ്പിക്കുന്നതിനാല്‍ എവിടെ പോയാലും ഒരു കുട കൂടെ ഉണ്ടാകും.വളരെക്കാലം എത്തിയുള്ള ഒരു യാത്രയുടെ ആവേശം അയാളുടെ മുഖത്ത് സ്പഷ്ടം. ഒരു കുട്ടിയെ പോലെ അയാള്‍ ഊര്‍ജ്വസ്വലനായി തോന്നി. മനോഹരമായ തന്റെ ബാല്യം തിരിച്ചു പിടിക്കാനെന്ന പോലെ തണല്‍ വീണ വീഥികളിലൂടെ അയാള്‍ വേഗത്തില്‍ നടന്നു നീങ്ങി

തന്റെ മനോഹരമായ ബാല്യം.... അമ്മയും അച്ഛനും ചേച്ചിയും എല്ലാം ഉള്ള മനോഹരമായ ബാല്യം

എല്ലാവരും ഒന്നിച്ച് ഒരിക്കല്‍ മധുര മീനാക്ഷി ക്ഷേത്രം കാണാന്‍ പോയത് അയാള്‍ ഓര്‍ത്തു.തീവണ്ടിയില്‍ ആദ്യമായി കയറിയത് അന്നാണ്. ഉണ്നിരിയും ചേച്ചിയും തീവണ്ടിയില്‍ അങ്ങോളം ഇങ്ങോളം ഓടി ക്കളിച്ചു. കമ്പികളില്‍ തൂങ്ങിക്കിടന്നു.കാണാന്‍ പോകുന്ന ക്ഷേത്രതെപ്പറ്റി അമ്മയോട് ചോദിച്ചു കൊണ്ടേ ഇരുന്നു. ജനാലക്കപ്പുറം തീവണ്ടിക്കൊപ്പം പായുന്ന തന്റെ നിഴല്‍ കൈകള്‍ നോക്കി രസിച്ചു. യാത്രാമദ്ധ്യേ തീവണ്ടി എവിടെയോ നിറുത്തി. മുകള്‍ഭാഗം പന്തലിച്ച മെലിഞ്ഞ മരങ്ങള്‍ മാത്രമുള്ള തരിശായ ഒരു സ്ഥലം. മരങ്ങളില്‍ നിന്ന് കുരങ്ങന്മാര്‍ തീവണ്ടിക്കടുത്തേക്ക് വരുന്നത് കണ്ടു. ഉണ്നിരി തന്റെ കയ്യിലെ പഴങ്ങൾ ഓരോന്നായി അവയ്ക്ക് എറിഞ്ഞു കൊടുത്തുകൊണ്ടിരുന്നു. കളിക്കിടയില്‍ പെട്ടെന്ന് ഉണ്നിരിക്ക് ഓക്കാനം വന്നു.യാത്രക്കിടയിൽ ഇടവിട്ട്‌ ശര്‍ധിക്കാന്‍ തുടങ്ങി. ശര്‍ധിലില്‍ നിന്ന് ശ്രദ്ധതിരിക്കാനായി അമ്മ അടുത്ത് പിടിച്ചിരുത്തി പുറത്തെ കാഴ്ചകള്‍ കാണിച്ചു തന്നു. പുറത്തു തരിശുഭൂമിയിലെ പാറമലകള്‍ കാണിച്ചുതന്നു. അതില്‍ ഏറ്റവും അടുത്തുനില്‍ക്കുന്ന പാറമലയ്ക്ക്ക് മുകളിലായി ഏകദേശം ത്രികൊണാകൃതിയിലുള്ള ഒരു വലിയ പാറ ഇരിക്കുന്നത് ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു,
"മോന്‍ ഇരിക്കുന്ന പാറ കണ്ടോ?"
"ങാ... " ഉണ്നിരി മൂളി
ആത് നാറാണത്തു ഭ്രാന്തന്‍ കയറ്റി വച്ച പാറയാണ് "
"എന്തിനു,...  ആരാ അത്?" ഉണ്നിരിക്ക് സംശയം
"ങാ... അതൊരു ഭ്രാന്തന്‍, അയാള്‍ ഓരോരോ പാറകള്‍ ഉരുട്ടി മലയുടെ മുകളില്‍ കയറ്റും പിന്നെ അത് അവിടന്ന് തള്ളി താഴെയിടും, എന്നിട്ട് പൊട്ടിച്ചിരിക്കും."
ഉണ്നിരിയുടെ മുഖത്ത് സംശയം കലര്‍ന്ന ആഹ്ലാദം. അവന്റെ അടുത്ത സംശയം തടസ്സപ്പെടുത്തിക്കൊണ്ട് അടുത്തിരുന്ന ആരോ ഉണ്നിരിയുടെ ദേഹത്ത് ഒരു പോളന്‍ വന്നതായി ശ്രദ്ധയില്‍പ്പെടുത്തി
"ഇത് ചിക്കന്‍ പൊക്സ് ആണ് എന്ന് തോന്നുന്നു. അതാ കുട്ടി ഇങ്ങനെ ശര്‍ദിക്കുന്നത്. "

അവരുടെ സംശയം ശരിവച്ചുകൊണ്ട് താമസിയാതെ അവനു പനിച്ചുതുടങ്ങി.
അവിടെ അടുത്ത്  ഇരുന്നിരുന്ന പലരും ദൂരെ മാറിയിരിക്കാന്‍ തുടങ്ങി. " വക അസുഖമാണെങ്കിൽ വീട്ടിലെങ്ങാനും ഇരുന്നു കൂടെ" കുറ്റം പറച്ചിലുകള്‍ അടക്കം പറയുന്നത് അപ്പുറത്തുനിന്നും കേട്ട് തുടങ്ങിചിലര്‍ ഉപദേശം എന്നപോലെ  അടുത്ത തീവണ്ടി പിടിച്ചു വീട് പറ്റാന്‍ പറയുന്നു.മറ്റു കംപാർട്ടുമെന്റുകളിൽ നിന്നും പലരും വന്നു എത്തി നോക്കുന്നു. അവഗണനയുടെയും അവജ്ഞയുടെയും കണ്ണുകള്‍ കുഞ്ഞിനുചുറ്റും കൂടി കൊണ്ടിരുന്നു.ഒന്നും മനസിലാകാതെ അവന്‍ അമ്മയെ നോക്കി.  

അമ്മ അവനെ ചേര്‍ത്ത് പിടിച്ചു. അത്രയും സ്നേഹവും സംരക്ഷണവും മറ്റാരില്‍ നിന്നും അയാള്‍ക്ക്ഒരിക്കലും ലഭിചിട്ടില്ല

വഴിക്ക് ഇറങ്ങേണ്ടി വന്നു, ആള്‍ക്കാര്‍ ഉപദേശിച്ചു ഇറക്കി എന്ന് പറയുന്നതാവും ശരി. അച്ഛന്റെ മുഖത്ത് അപ്പോഴും ദേഷ്യമായിരുന്നു

" മധുരക്കാവും, ല്ലേ?" ഓർമ്മകളെ മുറിച്ചുകൊണ്ട് തീവണ്ടിയില്‍ ഉണ്നിരിയുടെ അടുത്തിരുന്ന ആളുടെ ചോദ്യം.
ഉണ്നിരി കണ്ണട ഊരി കണ്ണ് തുടച്ച് അയാളെ ശ്രദ്ധിച്ചു. നെറ്റിയില്‍ മൂന്നു കുറി ചന്ദനം പൂശിയ മധ്യവയസ്ക്കനായ ഒരു തടിയന്‍
അയാള്‍ വീണ്ടും ആവര്‍ത്തിച്ചു, "മധുരക്കാവും ല്ലേ ?"
ഉണ്നിരി പുഞ്ചിരിച്ചുകൊണ്ട് അതെ എന്നര്‍ത്ഥത്തില്‍ തലയാട്ടി.തിരിച്ചു വീണ്ടും പുറത്തെ കാഴ്ചകള്‍ കണ്ടു കൊണ്ടിരുന്നു.പുറത്തെ കാഴ്ചകള്‍ക്ക് 65 വര്‍ഷങ്ങളുടെ വളര്‍ച്ച.ചൂട് വമിക്കുന്ന തരിശു ഭൂമി അയാളെ പിന്നിട്ടു പൊയ്ക്കൊണ്ടിരുന്നു. അയാള്‍ ചുണ്ട് നനച്ചു.  
അല്‍പ്പ സമയത്തിന് ശേഷം തടിയന്‍ വീണ്ടും ചോദിച്ചു "ക്ഷേത്രതിലെക്കാ.. ?"
"ഉം..." പുറത്തെ കാഴ്ചകളെ നോക്കി കൊണ്ട് ഉണ്നിരി മൂളി
ഒറ്റയ്ക്ക് ജീവിച്ചു ജീവിച്ചു തന്റേതായ ലോകത്ത് ആലോചനകളും, ഓര്‍മകളുമായി ഒതുങ്ങിക്കൂടാന്‍ അയാള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയ പോലെ തോന്നി
അടുത്തിരുന്ന തടിയന് ഉണ്നിരിയെ വിടാന്‍ ഉദ്ദേശമില്ല
"നിങ്ങളെ കണ്ടിട്ട് മധുരക്ക് ആദ്യമായിട്ടാണെന്ന് തോന്നുന്നു.മധുര എത്താറായി. ഇനി കഷ്ടി 4 മണിക്കൂര്‍.  മധുര മീനാക്ഷിയെ കാണുക എന്ന് പറഞ്ഞാല്‍ അതൊരു പുണ്യം തന്നെയാണേ... അമ്മക്ക് നമ്മെ കാണണം എന്ന് തോന്നുംബോഴേ നമുക്ക്  സന്നിധിയില്‍ എത്തിച്ചേരാന്‍ സാധിക്കൂ.." കേള്‍വിക്കാര്‍ ഒരു പ്രശ്നമല്ലാതെ തടിയന്‍ തുടര്‍ന്നു.

ഉണ്നിരി സംസാരത്തിനു താൽപ്പര്യമില്ലാതെ പുറത്തേക്കു തന്നെ ശ്രദ്ധിച്ചിരുന്നുവറ്റിയ കനാലുകളില്‍ ഓടിക്കളിക്കുന്ന കറുത്ത പന്നിക്കൂട്ടങ്ങള്‍. ചൂട് കാറ്റേറ്റു ചുറ്റി ക്ഷീണിച്ചു വിശ്രമിക്കുന്ന  കാറ്റാടി യന്ത്രപാടങ്ങൾ. പലതരം സിമെന്റ് കമ്പനികളുടെ പരസ്യങ്ങൾ പതിച്ചിരിക്കുന്ന വീടുകൾ……അങ്ങിനെ പഴയതും പുതിയതുമായ പല പല കാഴ്ചകൾ

അല്പ്പം കഴിഞ്ഞ് ഒരു ഭക്തിഗാനത്തോട് കൂടി അടുത്തിരുന്ന തടിയന്റെ ഫോണ്‍ ചിലച്ചു
"ഹലോ....ങൂം....ങൂം..." അയാൾ സംസാരം മൂളലിൽ ഒതുക്കിക്കൊണ്ടിരുന്നു. പെട്ടന്നയാൾ എന്തോകേട്ടു ഞെട്ടി.
"എന്ത്....? എപ്പോ....?" അയാളുടെ ശബ്ദത്തിൽ പിരിമുറുക്കം അനുഭവപ്പെട്ടു. ഉണ്നിരി അയാളുടെ സംസാരം ശ്രദ്ധിച്ചു.
"ഹാ.... അതെങ്ങനാ ശരിയാവുന്നത്. ചേട്ടൻ കൊണ്ടുപോയിട്ടു ഒരുമാസം പോലുമായിട്ടില്ല, അതിനു മുന്നേ തിരിച്ച് കൊണ്ടുവന്നു എന്ന് പറഞ്ഞാൽ.... 
അയാൾ ചുറ്റും ഒന്ന് ശ്രദ്ധിച്ചു കൊണ്ട് സീറ്റിൽ നിന്നെഴുന്നേറ്റ് അപ്പുറത്തേക്ക് നടന്നു. പോകുന്നതിനിടയിൽ താഴ്ന്ന സ്വരത്തിൽ ഒരു വാചകം കൂടി കേട്ടു.
"അമ്മ എന്റെ മാത്രമല്ലല്ലോ.....എല്ലാവരുടെയും കൂടിയല്ലേ? എനിക്ക് ഒറ്റയ്ക്ക്ക് വയ്യ....."

ഉണ്നിരി അൽപ്പസമയം എന്തോ ആലോചിച്ചിരുന്നു. ഒരു നെടുവീർപ്പോടെ അയാൾ വീണ്ടും പുറത്തെ കാഴ്ചകളിലേക്ക് തിരിഞ്ഞു.
പത്തു മിനിറ്റിനു ശേഷം തടിയൻ തിരിച്ചു വന്നു. നെറ്റ്വർക്ക് പരിധിക്കുപുറത്തു പോയതിനാൽ ഇടമുറിഞ്ഞ സംസാരമായിരുന്നു എന്ന് തോന്നുന്നു. അക്ഷമനായി അയാൾ ഫോണ്‍ പലതവണ പരിശോധിച്ചു കൊണ്ടിരുന്നു.

തീവണ്ടികകത്തെ ചൂട് കൂടി വന്നു. മുകളിലെ ബർത്തിൽ കിടന്നിരുന്ന ആൾക്കാർ പലരും താഴെയിറങ്ങി ഇരുന്നു തുടങ്ങി.

അൽപ്പം കഴിഞ്ഞ് ഉച്ചഭക്ഷണത്തിന്റെ കണക്കെടുക്കാന്‍ തീവണ്ടിയിലെ ജീവനക്കാരനെത്തി.
"സാർ,  ലഞ്ച് എന്നവേണം സാർ? മീൽസാ........?പലതവണ വിളിച്ചിട്ടും ഉണ്നിരി‍ പുറത്തു നിന്നും കണ്ണെടുത്തില്ല
സാർ……"
എന്തോരാളാണിത് എന്നർത്ഥത്തിൽ കൈ കൊണ്ടോരാങ്ങ്യം കാണിച്ചയാൾ അടുത്ത കമ്പാർട്ടുമെന്റിലെക്കു പോയി. ഉണ്നിരി പുറത്തെ കാഴ്ചകളിൽ കുരുങ്ങി നിന്നു.അടുത്തിരുന്ന തടിയന്‍ ഉണ്നിരിയെ അടിമുടി നോക്കികൊണ്ടിരുന്നു.   

പുരികം ചുളിച്ചു പിടിച്ചു പുറത്തെ  വെയിലില്‍ അയാള്‍ എന്തോ വ്യക്തമായി കാണാന്‍ ശ്രമിക്കുന്ന പോലെ തോന്നിപെട്ടെന്ന് ഉണ്നിരി തീവണ്ടിയുടെ ജനലഴികളില്‍ കടന്നു പിടിച്ചു.അയാള്‍ വിറക്കുന്നുണ്ടായിരുന്നുജനലഴികളില്‍ തല ചേര്‍ത്തുവച്ചു ഉണ്നിരി ഏതോ ഒരു ബിന്ദുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കണ്ടുഅയാളുടെ ശ്വാസോച്ച്വാസത്തിന്റെ ശബ്ദം അവിടമാകെ നിറഞ്ഞ പോലെ തോന്നിഅയാളുടെ മുന്നില്‍ അവ്യക്തമായിരുന്ന ഒരു പാറമല തെളിഞ്ഞു വരുന്നു. മുകളില്‍ ത്രികൊണാകൃതിയിലുള്ള പാറ ഇരിക്കുന്ന മല
ഉണ്നിരിയുടെ മുഖം സന്തോഷം കൊണ്ട് ചുവന്നിരുന്നു. അയാള്‍ പുഞ്ചിരിച്ചുകൊണ്ടേ ഇരുന്നു. കണ്ണുകള്‍ നിറഞ്ഞിരുന്നു കാരണം യാത്ര പുറപ്പെടുമ്പോള്‍ അമ്മയുടെ ഓര്മ പേറുന്ന  മല  കണ്ടു പിടിക്കാന്‍ കഴിയും എന്ന് വിചാരിച്ചിരുന്നില്ല. അവിടം ആകെ മാറിയിരിക്കുന്നു. മലയാടിവാരത്തെ തരിശു ഭൂമിയില്‍ മുഴുവന്‍ ഇപ്പോള്‍ സൂര്യകാന്തികൃഷി ആയിരിക്കുന്നു

ഉറക്കെ ചിരിച്ചുകൊണ്ടയാൾ‍ എഴുന്നേറ്റ്, ചങ്ങല വലിച്ചു

തടിയന്‍ ഉണ്നിരിയെ അന്ധാളിപ്പോടെ നോക്കുന്നുണ്ടായിരുന്നു. തീവണ്ടിയുടെ വേഗത കുറഞ്ഞു തുടങ്ങി. ഉണ്നിരി പുറത്തേക്കുള്ള വാതില്‍ ലക്ഷ്യമാക്കി നടന്നു. കാര്യം അറിയാതെ തടിയന്‍ പുറകേയെത്തി വെപ്രാളത്തോടെ ഉണ്നിരിയോടു ചോദിച്ചു 
".. അല്ലാ...എന്തുപറ്റി... നിങ്ങള്‍ മധുരക്കാണെന്ന് പറഞ്ഞിട്ട്....?  മധുര മീനാക്ഷിയെ കാണാന്‍ .... "
ഒരു ചെറു ചിരിയോടെ ഉണ്നിരി പറഞ്ഞു," പാറയെക്കാള്‍ എനിക്കിഷ്ടം പാറയാണെടോ...തനിക്കു ഒരു പക്ഷെ അത് മനസിലാവില്ല."
തടിയന്‍ അമ്പരപ്പോടെ ചുറ്റും നോക്കിഉണ്നിരി പതിയെ തീവണ്ടിയില്‍ നിന്ന് പാളത്തിലേക്കിറങ്ങി. അയാള്‍ വെയിലില്‍ പാറമല ലക്ഷ്യമാക്കി നടന്നുകൊണ്ടിരുന്നു,ഉത്സാഹത്തിന്റെ ഒരു ചിരിയോടെ

തീവണ്ടിയില്‍ നിന്നാരോ വിളിച്ചു പറഞ്ഞു, " അയാളുടെ കുട... കുട എടുത്തിട്ടില്ല .... " 

അയാള്‍ അത് കേള്‍ക്കാത്തതു പോലെ സൂര്യകാന്തി പാടങ്ങള്‍ക്കു ഇടയിലൂടെ നടന്നു നീങ്ങി കൊണ്ടിരുന്നു .   

12 comments:

 1. ഇഷ്ടപ്പെട്ടു...

  ReplyDelete
 2. കൊള്ളാം നല്ല കഥ.

  ReplyDelete
 3. കൊള്ളാം...
  എല്ലാവിധ ആശംസകളും !!

  ReplyDelete
 4. നിങ്ങളുടെ കഥകള്‍ ഞാന്‍ ഇപ്പോഴാണ് വായിച്ച് തുടങ്ങുന്നത്
  വളരെ ഇഷ്ടപ്പെടുന്ന ഒരു ശൈലിയിലാണ് കഥയെഴുതുന്നത്
  തുടരുക, ആശംസകള്‍

  ReplyDelete
 5. ഇത് കൊള്ളാം, നല്ല എഴുത്ത്
  ആശംസകൾ

  ReplyDelete