Friday, May 31, 2013

രാത്രിമഴ

          
                        വൈകുന്നേരം തേക്കുംകാടു മൈതാനം ഭക്തരേയും സായാന്ഹസവാരിക്കാരെയും കൊണ്ട് നിറഞ്ഞിരുന്നു.ക്ഷേത്രത്തിലെതാണെന്നു  തോന്നുന്നു, ദൂരെ നിന്നും പാട്ട് കേൾക്കുന്നുണ്ട്. അതും കേട്ട്ടുകൊണ്ട്  തമ്പുരാൻ ആൽത്തറയിൽ വന്നിരുന്നു.ആ മൈതാനത്തെ മരങ്ങൾ സന്ധ്യാവെളിച്ചത്തിൽ നനവോടെ തെളിഞ്ഞു നിന്നു. റൌണ്ടിലൂടെ വാഹനങ്ങൾ ദീപാരാധന നടത്തുന്ന പോലെ തോന്നി. ഇന്ന് നേരത്തെ ഇരുട്ട് വീഴാൻ തുടങ്ങിയിരിക്കുന്നു,അയാളോർത്തു. തലവേദന സഹിക്കാതായപ്പോൾ തന്റെ ഭാണ്ഡത്തിൽ തലവച്ച് ആൽത്തറയിൽ പതിയെ കിടന്നു. തണുത്ത കാറ്റിലാടിക്കൊണ്ടിരിക്കുന്ന അരയാലിലകളെ നോക്കിക്കിടന്ന് എപ്പോഴോ ഉറങ്ങി. അത് തമ്പുരാന്റെ തെറ്റല്ല. കാരണം ഒന്നുറങ്ങിയിട്ട് മൂന്നു ദിവസമായി. കണ്ണടച്ചാൽ ആരോ  ചുറ്റിക വീശുന്ന ശീൽക്കാര ശബ്ദം, തലയോട്ടി പൊളിയുന്നു, ഞരക്കങ്ങൾ, എങ്ങും രക്തഗന്ധം...  

മാസങ്ങളായി പത്രത്തിലെ അകം താളുകളിൽ എവിടെയോ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. ആദ്യത്തെ  കൊലപാതകം നടക്കുന്നത് രണ്ടര മാസം മുന്പാണ്, കോട്ടയത്ത്‌....അപ്പോ മഴക്കാലം തുടങ്ങുന്നതേ ഒള്ളു. പിന്നീട് തുടരെ തുടരെ സമാന സ്വഭാവമുള്ള അഞ്ചു കൊലപാതകങ്ങൾ.രണ്ടു കൊലപാതകങ്ങൾ കോട്ടയം ടൌണിൽ ,രണ്ടെണ്ണം എറണാകുളത്ത്,ശേഷിച്ച ഒന്ന് ഇവിടെ തൃശൂരും, അതും നാലേന്നാൾ രാത്രി.തമ്പുരാൻ എല്ലാ കൊലപാതകങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ സസൂഷ്മം പഠിച്ചു കൊണ്ടിരുന്നു കാരണം തന്നെ പോലെ തന്നെ ചോദിക്കാനുംപറയാനും ആരുമില്ലാതെ വഴിയോരത്ത് അന്തിയുറങ്ങിയിരുന്നവരാണ് തലക്കടിയേറ്റു കൊല്ലപ്പെട്ട അഞ്ചുപേരും.റിപ്പറെ പോലീസ് തിരയാൻ തുടങ്ങിയത് ഈ മാസമാണ്,അവർ ആൾ ബോമ്മകൾ ഉണ്ടാക്കി രാത്രികാലത്ത് കട ഇറയത് പുതപ്പിച്ചു കിടത്തി മഫ്ടിയിൽ റിപ്പറെ കാത്തിരിക്കുകയാണ്. ഫലമുണ്ടാവുമോ എന്നറിയില്ല. പക്ഷെ തമ്പുരാന് റിപ്പറെ പിടിക്കുന്നതും കാത്തിരിക്കാൻ പറ്റില്ല, കാരണം, ഈ നടന്ന കൊലപാതകങ്ങളിൽ പോലീസും പത്രക്കാരും ശ്രദ്ധിക്കാത്ത രണ്ടു കാര്യങ്ങൾ ഉണ്ട്,
അല്ല,.... അത് അവര്ക്ക് ശ്രദ്ധിക്കേണ്ട കാര്യവും ഇല്ല എന്നു വച്ചോ.
ഒന്ന് , കൊലപാതകങ്ങൾ എല്ലാം നടന്നിരിക്കുന്നത് നല്ല മഴയുള്ള രാത്രിയാണ്, മഴക്കാലമാണെങ്കിലും അവസാന രണ്ടു കൊലപാതകങ്ങൾ ആയപ്പോഴേക്കും മഴ വിരളമായി മാറിക്കഴിഞ്ഞിരുന്നു. മഴയുള്ള രാത്രികളിൽ ഇരയുടെ മരണവിളി ആരും കേൾക്കില്ല എന്നതായിരിക്കും റിപ്പർ അത് തിരഞ്ഞെടുക്കാൻ കാരണം.
അതിലും പ്രധാനം രണ്ടാമത്തെ കാര്യമാണ്, ഈ എല്ലാ കൊലപാതകങ്ങളും നടന്നിരുന്ന അതേ ഇടങ്ങളിൽ തലേന്ന് രാത്രി താൻ അന്തിയുറങ്ങിയിരുന്നു എന്നതാണ്. ഒരു രാത്രിയുടെ വ്യത്യാസത്തിലുള്ള രക്ഷപെടൽ ,വേറൊരു രീതിയിൽ ചിന്തിച്ചാൽ റിപ്പർ തന്റെ പുറകെ തന്നെ അന്വേഷിച്ചു നടന്നിരുന്ന പോലെ. ആ തോന്നൽ മാറ്റാനായി ആദ്യം കോട്ടയം വിട്ടു, പിന്നീട് എറണാകുളവും.

തമാശയായി ആദ്യം ചിരിച്ചു തള്ളിയ ഒരു തോന്നൽ പക്ഷെ താമസിയാതെ ഒരു ഉൾവിളിയായി മാറി തന്റെ ഉറക്കം കെടുത്തുന്നത് നിസ്സഹായനായി നോക്കി നില്ക്കേണ്ടി വന്നു തമ്പുരാന്.ഉള്ളിൽ ആരോ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു, "അടുത്തത് നീയാണ്".
ഭയം എന്ന വികാരം അങ്ങിനെയാണ്.ഒരുപക്ഷെ ഭയം എന്ന വികാരത്തിന്റെ മാത്രം പ്രത്യേകത. അതിന്റെ വിത്ത് മനസ്സിൽ വീണുകഴിഞ്ഞാൽ അർബുദവേഗതയിൽ വളർന്നൊരു വടവൃക്ഷമായി മാറി അതിന്റെ വള്ളികളാൽ വരിഞ്ഞു നമ്മെ ശ്വാസം മുട്ടിക്കും.

 കാവി മുണ്ടും ജുബ്ബയും കഴുത്തിൽ ഒരു രുദ്രാക്ഷ മാലയും ഉള്ള ഒരു വൃദ്ധൻ. ദൂരയാത്രക്ക് തയ്യാറെടുത്ത പോലെ വൃത്തിയായി നനച്ചു ഒതുക്കി ചീകി വച്ചിരിക്കുന്ന ഓളങ്ങൾ തീർത്ത നരച്ചമുടി. ഇത് മറ്റൊന്നിനുമല്ല റെയിൽവേ സ്റെഷനിൽ ഉറങ്ങുമ്പോൾ രാത്രി പോലീസ് എഴുന്നേല്പ്പിച്ചു വിടാതിരിക്കാനാണ്. ഒറ്റ നോട്ടത്തിൽ മാന്യനാണെന്ന് തോന്നുമെങ്കിലും രണ്ടാമത്തെ നോട്ടത്തിൽ ഒരു ഭിക്ഷക്കാരന്റെ എല്ലാ രൂപഗുണങ്ങളും അയാളിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ റെയിൽവേ പോലീസിൽ നിന്നും തുടർച്ചയായ താക്കീതുകൾ കിട്ടിയ തമ്പുരാന്‌ സുരക്ഷിതമായി ഉറങ്ങാനുള്ള ഒരിടം കൂടി നഷ്ടപ്പെട്ടിരുന്നു. 

 എങ്ങുനിന്നോ പറന്നു വന്ന ഒരു മഴതുള്ളി അയാളുടെ മുഖത്തു വീണു.ആൽത്തറയിൽ ഞെട്ടിയുണർന്ന അയാൾ ചുറ്റും നോക്കി. ആകാശം മൂടിക്കെട്ടി നിൽക്കുകയാണ്. തന്റെ അവസാനത്തിലേക്കുള്ള  ഒരു രാത്രിമഴക്കായി കാർമേഘങ്ങൾ തയ്യാറെടുക്കുന്ന പോലെ തോന്നി.മൈതാനമാകെ കുറ്റാകൂരിരുട്ട്. അവിടമാകെ മാറിയിരിക്കുന്നു. വഴിയിലെ ആൾസഞ്ചാരവും വാഹനങ്ങളുടെ ഒഴുക്കും നിലച്ചിരിക്കുന്നു. റൌണ്ടിലെ കടകൾ എല്ലാം അടച്ചു കഴിഞ്ഞിരുന്നു. ഈറൻ കാറ്റിനോപ്പമെത്തിയ മിന്നലിൽ, അയാൾ ഭീമാകാരന്മാരായ ആൽമരങ്ങളുള്ള ഒരു താഴ്‌വരയിൽ  അകപ്പെട്ടുപോയ പോലെ തോന്നി. അതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും ശക്തമായ ഒരു ഉൾവിളി അയാൾക്ക് ആ നിമിഷം ഉണ്ടായി,
"അവൻ എത്തി". 
അയാൾക്ക്‌ വിശ്വസിക്കാനായില്ല. അയാൾ ഭാണ്ഡം മുറുക്കിപിടിച്ചു, ഒരു ആത്മരക്ഷക്കെന്ന പോലെ കുടയും.പേടിച്ചരണ്ടയാൾ ലക്ഷ്യമില്ലാതെ ഓടി. കിതപ്പിന് വേഗതയേറിക്കൊണ്ടിരുന്നു.അല്പ്പദൂരം താണ്ടിയപ്പോഴേക്കും പ്രായം കാലുകളിൽ വേദനയെത്തിച്ചു. ദൂരെ ഒരു  വെളിച്ചം കണ്ടു. തൊട്ടു മുൻപിൽ പാറമേക്കാവ് ക്ഷേത്രം. ആശ്വാസം....
കിതപ്പോടെ അയാൾ അവിടം അക്ഷ്യമാക്കി വേഗത്തിൽ നടന്നടുത്തു.ഈ രാത്രി വെളുപ്പിക്കാൻ ഇവിടം തന്നെയാണ് നല്ലത് കാരണം ഈ ഭാഗത്ത് എത്ര രാത്രിയിലും പൂക്കച്ചവടക്കാർ ഉണ്ടാവും.

തമ്പുരാൻ അടച്ചിട്ടിരുന്ന ഒരു മെഡിക്കൽ ഷോപ്പിന്റെ ഇറയത്ത് ചെന്നിരുന്നു. കിതപ്പാറ്റുന്നതിനിടയിൽ അയാൾ തന്റെ ഭാണ്ഡം തുറന്ന് തന്റെ മുടി വെട്ടുന്ന കത്രിക എടുത്ത് കൈപാങ്ങിൽ വച്ചു.മുഖത്തെ വിയർപ്പ് തുടക്കുന്നതിനിടയിൽ  അയാൾ ചുറ്റും നോക്കി. പൂക്കച്ചവടക്കാർക്ക് തന്നെ കാണാം എന്ന് ഉറപ്പു വരുത്തി.

തമ്പുരാൻ ആരെയോ കാത്തിരിക്കുന്ന പോലെ ചുറ്റും നോക്കിക്കൊണ്ടിരുന്നു. ചിലപ്പോൾ ജീവിതത്തിൽ ഒരിക്കലും കണ്ടു മുട്ടാനിടയില്ലാത്ത ഒരാളെ പേടിച്ചോടികൊണ്ടിരിക്കുന്ന   മണ്ടത്തരത്തെക്കുറിച്ചാലോചിച്ചു. എല്ലാം വെറും തോന്നൽ,അയാൾ ആശ്വസിക്കാൻ ശ്രമിച്ചു.

കിതപ്പ് മാറിയതോടെ പതിയെ വിശപ്പറിയാൻ തുടങ്ങി. സമയം തിട്ടമില്ല, തട്ടുകടകൾ പോലും അടച്ചിരിക്കുന്നു. തമ്പുരാൻ ഉമിനീരിറക്കി പതിയെ ഭാണ്ടത്തിലേക്ക് തലവച്ചു. ഓടയിൽ വെള്ളം കുത്തിയൊഴുകുന്ന ശബ്ദം കേട്ടു കിടന്നു.ചെറുതായി കൊതുകുണ്ട്. രാത്രിയായതിനാൽ റൌണ്ടിൽ ഇടയ്ക്കു വണ്‍വേ തെറ്റിച്ചു വരുന്ന വാഹനങ്ങൾ മാത്രം. നിയോണ്‍ വെളിച്ചനു കീഴെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നായ്ക്കൾ കടിപിടികൂടി ഓടുന്നത് നോക്കിയിരുന്നു. ഇതളൂർന്നു വീണ പനിനീർദളങ്ങൾ തിരികെ ചേരും പോലെ അയാളുടെ ഭൂതകാലത്തിന്റെ ചില ചിത്രങ്ങൾ അകാരണമായി  മുന്നിൽ വന്നു നിന്നു,പഴയ കുതിര കുളമ്പടികളുടെ ശബ്ദം വീണ്ടും കേട്ടു. ഒരു നിമിഷത്തേക്ക്  മുന്നിൽ നായ്ക്കൾക്ക് പകരം പന്തയത്തിന് നിർത്തിയിരിക്കുന്ന കുതിരകളെ കണ്ടു, വാതുവെയ്പ്പ് കാരുടെ കൂക്കുവിളികൾ കേട്ടു. ഗാലറിയിൽ സൂട്ടിട്ട ആഡ്ട്യനായ തമ്പുരാൻ ബൈനാകുലർ  പിടിച്ചു നില്ക്കുന്നതു കണ്ടു. ഒരു ദീർഘനിശ്വാസത്തോടെ  തമ്പുരാൻ തന്റെ വർത്തമാനകാലത്തെ ഭിക്ഷകാരനിൽ എത്തിച്ചേർന്നു.നായ്ക്കളുടെ കുര ഇപ്പോൾ കണ്ണെത്താ ദൂരെയെവിടയോ കേൾക്കാം. സമയം പോകുന്നതനുസരിച്ച് കണ്‍പോളകൾക്ക്  ഭാരമേറിവന്നു.തമ്പുരാൻ ഉറങ്ങാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു.

പെട്ടെന്ന് വടക്കുംനാഥൻ ക്ഷേത്രത്തിനു പിന്നിലായി ഭൂമിയിലേക്കിറങ്ങി വന്നൊരു  ഇടിമിന്നി. തമ്പുരാൻ ഞെട്ടിയെഴുന്നേറ്റു. വീശിക്കൊണ്ടിരിക്കുന്ന ഈറൻ കാറ്റിൽ അയാളുടെ കാഷായവസ്ത്രങ്ങൾ പറന്നു കൊണ്ടിരുന്നു. ദൂരെനിന്ന് റോഡിലൂടെ അപായ സൂചനയിട്ടു വരുന്ന ഒരാമ്പുലൻസിന്റെ ശബ്ദം കേട്ട് അയാൾ ആ ഭാഗത്തേക്ക് നോക്കി. വാനിന്റെ വെളിച്ചത്തിലെ തീമഴയിൽ മെലിഞ്ഞ ഒരാൾ ഈ ഭാഗത്തേക്ക് നടന്നടുത്തു വരുന്നതു കണ്ടു. വെളുത്ത പാന്റ്സിട്ട അയാൾ കോണ്‍ ഐസ് ക്രീം നുണയുന്നുണ്ട്.ആമ്പുലൻസ് തന്നെ കടന്നു പോകവേ പെട്ടെന്ന് മഴ മുറുകി. മഴ നനഞ്ഞു വന്നയാൾ തമ്പുരാൻ കിടക്കുന്ന കടതിണ്ണയിലേക്ക് ഓടിക്കയറി. വെപ്രാളത്തിൽ എഴുന്നേറ്റിരിക്കാൻ തമ്പുരാൻ നന്നെ  കഷ്ടപ്പെട്ടു. ചുളിവുകൾ വീണ അയാളുടെ കൈകൾ കത്രിക പരതി...രക്ഷ കയ്യിലൊതുക്കി.

തമ്പുരാൻ ചെറുപ്പക്കാരന്റെ അനക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു.അയാൾ ചെവി മറഞ്ഞു കിടക്കുന്ന മുടിയിൽ നിന്നും വെള്ളം തട്ടിക്കളഞ്ഞു.തമ്പുരാന് തളർച്ച ബാധിക്കുന്ന പോലെ തോന്നി.കണ്ടാൽ മുപ്പതു മുപ്പത്തിരണ്ട് വയസ്സ് തോന്നിക്കുന്ന അയാൾ കറുപ്പിൽ ചുവന്ന പൊട്ടുകളുള്ള ഷർട്ടാണ് ഇട്ടിരുന്നത്. നല്ല മദ്യപാനിയാണെന്ന് ചീർത്ത കണ്‍തടങ്ങൾ കണ്ടാലറിയാം. അയാൾ തമ്പുരാനെ ശ്രദ്ധിക്കാതെ  ഐസ്ക്രീം നുണഞ്ഞു കൊണ്ടിരുന്നു. അല്പ്പം കഴിഞ്ഞ് റോഡിലേക്ക് നോക്കിക്കൊണ്ടയാൾ പറഞ്ഞു,
"ശ്ശേ...മഴ മാറുന്നില്ലല്ലോ..."
തമ്പുരാനെ നോക്കി അയാൾ ചോദിച്ചു,
"മഴ വന്ന് ഉറക്കം പോയല്ലേ?"
തമ്പുരാൻ താല്പ്പര്യമില്ലാതെ മൂളി.എന്നിട്ട് ചോദിച്ചു,"എവിടെക്കാ?"
"ആലുവ" ചെറുപ്പക്കാരൻ പറഞ്ഞു.
"ബസ്‌ സ്ടാന്റിൽ പോകണ്ടിവരും, ഇവിടെ എവിടെ പോയതാ?" തമ്പുരാൻ സംശയം തീര്ക്കാൻ ആരംഭിച്ചു.
ഒരു നിശബ്ദതക്ക് ശേഷം അയാൾ പറഞ്ഞു ,"ഇവിടെ ഒരു കൂട്ടുകാരന്റെ നിശ്ചയത്തിനു രാവിലെ വന്നതാ...അവൻ വിട്ടില്ല....വെള്ളമടിച്ചിരുന്നു വൈകിപ്പോയി.." അയാളുടെ മുഖത്ത് മദ്യത്തിന്റെ കള്ളച്ചിരി.
അയാൾ പറഞ്ഞത് ശരിയാണെന്ന് മനസിലായി, മദ്യത്തിന്റെ മണമടിക്കുന്നുണ്ട്. തമ്പുരാൻ പതിയെ  കത്രികയിൽ നിന്നുള്ള പിടി അയച്ചു,  
തമ്പുരാൻ സൌമ്യനായി അയാളോടു ചോദിച്ചു , "എത്ര മണിയായി?",
"രണ്ടര കഴിഞ്ഞു.....ഞാൻ ഒതുങ്ങി നിക്കാം, നിങ്ങ കിടന്നോ, നിങ്ങക്കട ഉറക്കം കളയണ്ട",അയാൾ പറഞ്ഞു 
ഒരു നെടുവീർപ്പോടെ തമ്പുരാൻ പറഞ്ഞു,"ഇല്ലാ...ഉറങ്ങാൻ പറ്റില്ല... ഒരു തരി ഉറങ്ങാൻ പറ്റില്ല ....  Sleep, those little slices of death — how I loathe them.”  
"ങേ.." വന്നയാളുടെ മുഖത്ത് കൌതുകം.തമ്പുരാനെ നോക്കി ചിരിച്ചുകൊണ്ടയാൾ ചുണ്ടിൽ ഒരു സിഗരറ്റെടുത്ത് വച്ചു,
സിഗരട്ട് കത്തിക്കാനായി നനഞ്ഞ തീപ്പെട്ടിയുരച്ചു അയാൾ കഷ്ടപ്പെടുന്നത് കണ്ട് തമ്പുരാൻ ഭാണ്ഡത്തിൽ നിന്നും തീപ്പെട്ടിയെടുത്ത് അയാൾക്ക്‌ നേരെ നീട്ടി.അയാൾ സിഗരട്ട് കത്തിച്ച ശേഷം ചോദിച്ചു,
"അപ്പൊ...കാർന്നോര് വലിക്ക്യോ?" 
അയാൾ സിഗരട്ട് പാക്കറ്റ് തമ്പുരാന് നേരെ നീട്ടിക്കൊണ്ട് താഴെയിരുന്നു.തമ്പുരാനും ഒന്നെടുത്ത് തീ കൊളുത്തി. പുറത്തു മഴക്ക് ശക്തികൂടിയ പോലെ തോന്നി.
നേരം കളയാൻ തമ്പുരാൻ പറഞ്ഞു,"സ്റ്റാൻഡിൽ പോയാലും ഈ നേരത്ത് ഇനി ബസ്സ് കുറവായിരിക്കും. 
''ആലുവയാണോ സ്വന്തം സ്ഥലം?"
"അതെ "
"ജോലിയും അവിടെ തന്നെയാ?"
അതെ എന്നർത്ഥത്തിൽ അയാൾ തലയാട്ടി.
"നിങ്ങള് ആ ഫാഗത്തോട്ടൊക്കെ വന്നിട്ടുണ്ടോ?" അയാൾ ചോദിച്ചു 
പെട്ടെന്നാണ് ആ തിരിച്ചറിവ് തമ്പുരാന് ഉണ്ടായത്, ആർപ്പൂക്കര,കോട്ടയം......തമ്പുരാൻ മനസ്സിൽ പറഞ്ഞു. അതെ...... മട്ടാഞ്ചേരി ചുവയുമുണ്ട് സംസാരത്തിന്....ദൈവമേ ഇയാൾ ഏന്തിനാണ് ആവശ്യമില്ലാതെ കള്ളം പറയുന്നത്?  കേരളത്തിലെ ഓരോ താലുക്കിനും ഓരോ സംസാര ശൈലിയാണ്. ചെറിയ നീട്ടലും കുറുകലും ഒക്കെയേ വ്യത്യാസം ഉണ്ടാവൂ.ഒന്ന് ശ്രദ്ധിച്ചാൽ സ്ഥലം മനസിലാകും.വർഷങ്ങളായുള്ള ഊരു തെണ്ടൽ തമ്പുരാന് സമ്മാനിച്ച സിദ്ധി. ഇതു വരെ തന്റെയൂഹം പിഴച്ചിട്ടില്ല. തമ്പുരാൻ മനസിലെ വെപ്രാളം മുഖത്ത് കാണിക്കാതെ സിഗരട്ട് താഴെ വച്ച് പതിയെ കത്രിക തപ്പിയെടുത്തു. 
"നിങ്ങള്  ആ ഫാഗത്തോട്ടൊക്കെ വന്നിട്ടുണ്ടോ?" അയാൾ വീണ്ടും ചോദിച്ചു.
"ങേ... ങാ.. ഉവ്വ് ...വന്നിട്ടുണ്ട്." തമ്പുരാൻ തപ്പി തടഞ്ഞു.
നാക്കുകൊണ്ടു മീശയുടെ അറ്റം പിടിക്കാൻ ശ്രമിച്ചുകൊണ്ടയാൾ ചോദിച്ചു,
"ഇങ്ങനെ ഊര് തെണ്ടി നടക്കാൻ ബഹു രാസവാ, അല്ലയോ.....ആല്ല കാർന്നോരെ, ഒരു ദിവസം നിങ്ങൾക്ക് എത്ര രൂപയൊക്കെ കിട്ടും...അല്ല .... ചുമ്മാ അറിയാൻ വേണ്ടിയാ .."
"ഇരുന്നൂറു മുന്നൂറു രൂപ വരെ കിട്ടും, ഉത്സവംത്തിനും പെരുന്നാളിനും ഒക്കെ പോയാ ഇരട്ടി...",ചെറിയ ഭയത്തോടെ തമ്പുരാൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
"ഈ തമിഴ്നാട്ടീന്നു ധർമക്കാരെ കോണ്ട്രാക്റ്റ് അടിസ്ഥാനത്തിൽ പെരുന്നാളിനോക്കെ ഇറക്കാറുണ്ട്‌ എന്ന് പറയുന്നത് ശരിയാന്നോ?" അയാൾക്ക്‌ സംശയം 
തമ്പുരാന് ഒരു കാര്യം മനസിലായി ഇയാൾ ക്രിസ്ത്യാനിയാണ്, അതാണ്‌ 'പെരുന്നാൾ' എന്ന് പറഞ്ഞത്.
"ങാ...അങ്ങിനെ ഒരു കൂട്ടരുണ്ട്. അവർക്ക് ശംബളമാണ്....ഞാനാക്കൂട്ടത്തിലോന്നുമില്ല."തമ്പുരാൻ ഒരു പരുങ്ങലോടെ പറഞ്ഞു.
"എന്തിനാ ശംബളം അല്ലെടോ?.....കണക്കുകൂട്ടി നോക്കിയാ പത്തുപതിനായിരം രൂപ മാസം കിട്ടുവല്ലായോ, കയ്യിൽ കുറെ കാണുമല്ലോ, ങേ.....? സിഗരട്ട് കടിച്ചുപിടിച്ചയാൾ ഒരു ഭ്രാന്തനെ പോലെ പൊട്ടിച്ചിരിച്ചു. മദ്യം തളർത്തിയ അയാളുടെ കണ്ണുകൾ ചിമ്മാതെ തമ്പുരാനെ തന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. ഇടിമിന്നൽ ശക്തിയായി അടിച്ചുകൊണ്ടിരിക്കുന്നുണ്ട്.തമ്പുരാൻ പതിയെ പൂക്കാരെ ശ്രദ്ധിച്ചു. മഴ മൂർച്ചിച്ച  കാരണം അവർ എവിടെയോ മാറി നില്ക്കുകയാണ്. "ദൈവമേ..."തമ്പുരാൻ കത്രികമേൽ പിടി മുറുക്കി. ഏതു നിമിഷവും ഒരാക്രമണത്തിനു തയ്യാറെടുത്തു. തമ്പുരാന്റെ ഉള്ളിൽനിന്നാരോ അലറി വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു "ഇത് പഴയ കുതിര പന്തയക്കാരന്റെ ഉൾവിളി പോലല്ല, ഇതാ അവൻ.....അവൻ തന്നെ... കുത്തി മലത്തവനെ....!!!" മഴയുടെ ശബ്ദം തമ്പുരാന്റെ കാതടപ്പിച്ചുഉറച്ച തീരുമാനം നിഴലിച്ച തമ്പുരാന്റെ കണ്ണുകളിൽ ഈറനടിച്ചു കൊണ്ടിരുന്നു. 

വന്നയാൾ കടിച്ചുപിടിച്ചിരുന്ന സിഗരട്ട് നീട്ടി തുപ്പിയിട്ട് സംസാരം തുടർന്നു,"ഞാൻ പറയാൻ കാരണം കഴിഞ്ഞ ദിവസം മ്യുസിയത്തിന്റവിടെ ചത്ത പിച്ചക്കാരന്റെ കയ്യിൽ നിന്നും പതിനായിരം രൂപ......." സംസാരത്തിൽ എന്തോ പിശക് സംഭവിച്ച പോലെ പെട്ടന്നയാൾ സംസാരം നിർത്തി.
"അല്ല ...പോലീസുകാർ പറഞ്ഞു കേട്ടതാണ് കേട്ടോ..."

തമ്പുരാൻ അയാൾ പറഞ്ഞത് കേൾക്കാത്ത പോലെ ദൂരേക്ക്‌ നോക്കിയിരുന്നു.തമ്പുരാൻ കിതക്കുന്നുണ്ടായിരുന്നു.ആദ്യത്തെ കുത്ത് കഴുത്തിനായിരിക്കണം,അതേസമയം തന്നെ വിരലുകൾ കണ്ണിൽ തുളച്ചു കയറ്റിയിരിക്കണം,തമ്പുരാൻ മനസിലുറപ്പിച്ചു. പുറത്ത് കാറ്റ് മഴതുള്ളികളാൽ ഉഗ്രരൂപങ്ങൾ തീർത്തുകൊണ്ടിരുന്നു.
"തനിക്കു പേടി തോന്നുന്നില്ലേ ഇവിടെ കിടക്കാൻ?" വന്നയാൾ സൌമ്യനായി ചോദിച്ചു.
വളരെ പരുഷമായ ശബ്ദത്തിൽ തമ്പുരാൻ പറഞ്ഞു,
"മരണഭയം, അല്ലെ?...പേടിയില്ലായിരുന്നെങ്കിൽ പണ്ടേ അത് ചെയ്തേനെ, ഉള്ളതെല്ലാം കൈവിട്ടുപോയപ്പോ....അന്നേ ചെയ്തേനെ.......
എനിക്ക് ജീവിക്കാൻ ഇഷ്ടമാണ്.... ഇങ്ങിനെയെങ്കിലും.... " തമ്പുരാന്റെ ശബ്ദം ഇടറി. തന്റെ കത്രിക മേലുള്ള പിടുത്തം അയഞ്ഞു. തോറ്റവനെപ്പോലെ തല കുനിച്ചിരുന്നയാൾ കരയാൻ തുടങ്ങി.

തമ്പുരാൻ മരണം വരിക്കാൻ മനസാ തയാറെടുക്കുകയായിരുന്നു.ആർക്കും വേണ്ടാത്ത ഈ ജീവിതത്തിലും നല്ലത് മരണമാണ്. അനുഭവിക്കാനുല്ലതെല്ലാം ഈ ജീവിതത്തിൽ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു..വിട..എല്ലാറ്റിനോടും വിട.

പുറത്തെപ്പോഴോ മഴയുടെ ശബ്ദം താഴ്ന്നു കഴിഞ്ഞിരുന്നു. ഒരു കാലടി ശബ്ദം കേട്ട് തമ്പുരാൻ തലയുയർത്തി നോക്കി. വന്നയാൾ ചെറിയ ആട്ടത്തോടെ ആ ചാറ്റൽ മഴയത്ത് വന്ന വഴി തിരിച്ചു നടക്കാനോരുങ്ങുന്നു.ഇടറിയ ശബ്ദത്തിൽ തമ്പുരാൻ അയാളോടു ചോദിച്ചു,
"നിങ്ങൾ....നിങ്ങളുടെ പേര് പറഞ്ഞില്ല?"
നടത്തത്തിനിടയിൽ തിരിഞ്ഞു നോക്കാതെ കുഴയുന്ന ശബ്ദത്തിൽ അയാൾ വിളിച്ചു പറഞ്ഞു,
"ചാക്കോ.."

തമ്പുരാൻ നിർവികാരനായി  അയാൾ അകന്നു പോകുന്നത് നോക്കി നിന്നു.തമ്പുരാൻ പതിയെ കൈ ചാറ്റൽ മഴയിൽ നനച്ച് മുഖം തുടച്ചു. വശത്തുണ്ടായിരുന്ന പൂക്കാർ അവരുടെ വണ്ടിക്കരികിൽ തിരിച്ചെത്തിയിരിക്കുന്നതായി കണ്ടു. റോഡിലെ നിയോണ്‍ വെളിച്ചങ്ങളിൽപ്പെട്ട്  ഇരട്ട നിഴലുകളുമായി ചാക്കോ അപ്പോഴേക്കും ദൂരെ വഴിയുടെ മറവിലേക്കായിക്കഴിഞ്ഞിരുന്നു.

2 comments:

  1. പ്രിയപ്പെട്ട ബോണീ,കഥകൾ വായിച്ചു തുടങ്ങി.രാത്രി മഴ കൊള്ളാം.റോഡിലെ നിയോണ്‍ വെളിച്ചങ്ങളിൽപ്പെട്ട് “”ഇരട്ട നിഴലുകളുമായി“” ചാക്കോ അപ്പോഴേക്കും ദൂരെ വഴിയുടെ മറവിലേക്കായിക്കഴിഞ്ഞിരുന്നു.ഈ പ്രയോഗം വളരെ ഇഷ്ടമായി.ആശംസകൾ.

    ReplyDelete