Sunday, June 30, 2013

ഒരു പഴയ ചടങ്ങ്


"ആ കാണുന്ന കലുങ്കിന്റെ അവിടന്ന് വലത്തോട്ടുള്ള വഴിയിലെക്കെടുത്തോ.." 
കാറിന്റെ മുന്നിലിരുന്ന മൂന്നാൻ ഡ്രൈവറോട് പറഞ്ഞു.
കലുങ്ക് കടന്ന് ഞങ്ങൾ നാട്ടിടവഴികളിലൂടെ യാത്ര തുടർന്നു. ഒരു പക്ഷെ ഒരുപാട് തവണ ഇനിയും കടന്നു പോകേണ്ട ആ വഴികൾ നോക്കി ഞാനിരുന്നു.
"ഇത് ഒരുപാട് ഉള്ളിലാണല്ലോടോ..?" അച്ഛൻ മൂന്നാനോട് പറഞ്ഞു.
"നിങ്ങളാദ്യം കൊച്ചിനെ കണ്ടു നോക്ക്..... എന്നിട്ട് പറ....." മൂന്നാൻ പറഞ്ഞു.
"ഹൂം...." അച്ഛൻ അർഥം വച്ച് മൂളിയിട്ട് പറഞ്ഞു. "കാലം കുറെയായി ഈ പരിപാടി തുടങ്ങിയിട്ട്...പെണ്ണ് കണ്ടു നടന്ന് ലഡുവും ജിലേബിയും തിന്ന് പ്രമേഹം പിടിക്കാറായി."
മൂന്നാൻ തുടർന്നു,
"അല്ല സാറേ, ഞാൻ വെറുതെ പറഞ്ഞതല്ല,നല്ല തങ്കം പോലത്തെ കുട്ടിയാ.. പക്ഷെ ജാതക പ്രശ്നം.... നിങ്ങൾക്കത് കുഴപ്പമില്ലാതതു കൊണ്ടാ പോവാമെന്നു വച്ചത്.... കാര്യം ശരി ഇന്നത്തെ കാലത്ത് കാണാൻ കൊള്ളാവുന്ന എല്ലാ പെണ്‍പിള്ളേരും പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ആരെയെങ്കിലും കണ്ടുപിടിച്ച് കല്യാണം കഴിച്ചു പോകുകയാണ് പതിവ്.  അതുകൊണ്ടെന്താ.... നമ്മളെ പോലുള്ളവർക്ക് ജോലിയില്ലാണ്ടായി എന്ന് പറഞ്ഞാ മതിയല്ലോ."

"ഇവനും അങ്ങനെ ആരെയെങ്കിലും കണ്ടു പിടിച്ചിരുന്നെങ്കിൽ ഈ നടപ്പ് ഒഴിവാക്കാമായിരുന്നു." അച്ഛൻ പറഞ്ഞു.

കേരളത്തിൽ അന്യം നിന്നു കൊണ്ടിരിക്കുന്ന ഈ ചടങ്ങിനെക്കുറിച്ചാലോച്ച് ഞാൻ പുറം കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു.ഒരു തരത്തിൽ ഈ ചടങ്ങ് നല്ലതാണ് പ്രത്യേകിച്ച് എന്നെപ്പോലെ നാട്ടിൽ വന്നു നിന്ന് പ്രേമിച്ച് വിവാഹം കഴിക്കാൻ സാഹചര്യം ഇല്ലാത്തവർക്ക്.. തെങ്ങിൻ തോപ്പിൽ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളെ നോക്കിയിരിക്കുമ്പോൾ മൂന്നാൻ പറഞ്ഞു,
"ദാ...ആ വലതു വശത്ത് കാണുന്ന ഓടിട്ട വീട് "
അയാൾ പറഞ്ഞു തീരവേ വണ്ടി വീടിന്റെ പടിക്കലെത്തി.

തണൽമരങ്ങൾ വിഴുങ്ങിയ ആ പഴയവീട്ടിലേക്കുള്ള നീണ്ട വഴിയിൽ തെളിമയുള്ള മണൽ വിരിച്ച് അടിചിട്ടിട്ടുണ്ട്. വഴിക്കിരുവശത്തും ചെടിച്ചട്ടികൾ നിരത്തി വച്ചിരിക്കുന്നു.വീടിനുമുകളിലേക്ക് വെളുത്ത ബോഗൻവില്ല പടർന്നു കയറിയിട്ടുണ്ട്. ഒരു പ്രത്യേക ഐശ്വര്യമുള്ള വീട്, വീട് ലക്ഷ്യമാക്കി നടക്കുന്നതിനിടയിൽ ഞാനോർത്തു.
പെട്ടെന്ന് ആരോ എന്റെ കയ്യിൽ കടന്നു പിടിച്ചു. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.
ഏഴെട്ടു വയസ്സു തോന്നിക്കുന്ന എണ്ണയിട്ടു മുടിയോതുക്കിയ നിക്കറിട്ട ഒരു പയ്യൻ. 
ഞാനൊന്നും മനസിലാവാതെ അച്ഛനെയും മൂന്നാനേയും നോക്കി.
"പെണ്‍കുട്ടിയുടെ അനിയനാ..." മൂന്നാൻ പറഞ്ഞു.
ഞാനവനെ നോക്കി ചിരിച്ചിട്ട് ചോദിച്ചു," എന്താ പേര്?"
"ഉണ്ണീന്നാ എല്ലാരും വിളിക്കാ..."
"ഹൂം..." ഞാൻ ചിരിച്ചു കൊണ്ട് മൂളി.
എന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ കൈ പിടിച്ച് അവൻ കൂടെ നടന്നു. അവനു എന്നെ നന്നേ ബോധിച്ചതായി തോന്നി. പെണ്‍കുട്ടിയുടെ അച്ഛനും കൂട്ടരും ഞങ്ങളെ സ്വീകരിക്കാൻ ഇറയത്തേക്കു വന്നു.
"വീട് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയില്ലല്ലോ, അല്ലെ?"
"ഇല്ല, ഇയാള് കൂടെയുണ്ടായിരുന്നത് കൊണ്ട് പ്രശ്നമുണ്ടായില്ല". അച്ഛൻ മൂന്നാനെ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു.
ചെരുപ്പൂരുന്നതിനിടയിൽ കയ്യിലെ പിടിവിട്ട് ഉണ്ണി അകത്തേക്കോടി.

ഞങ്ങൾ അകത്തേക്ക് കടന്നിരുന്നു.

"എത്ര ദിവസത്തെ ലീവ് ഉണ്ട്?" പെണ്ണിന്റെ അച്ഛൻ ചോദിച്ചു.
"മൂന്നു മാസം"
"ഗൾഫുകാരെക്കാൾ കഷ്ടമാണ് മർച്ചന്റ് നേവിക്കാരുടെ കാര്യം അല്ലെ?" അദ്ദേഹം ചിരിച്ചു കൊണ്ട് ചോദിച്ചു.
"ങാ.. ആറുമാസം കൂടുമ്പോൾ ലീവ് കിട്ടും..." ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞങ്ങളുടെ സംസാരത്തിനിടയിൽ അകത്തെ മുറികളിലൂടെ അതി വേഗത്തിൽ ഓടിയടുക്കുന്ന കാലൊച്ച കേട്ടു. കിതപ്പോടെ ഉണ്ണി എന്റെയരികിൽ വന്നു നിന്നു. 
"ആൾ മഹാ വികൃതിയാ....ഉണ്ണി ഇങ്ങോട്ട് വരൂ..." അവന്റെ അച്ഛൻ വിളിച്ചു.
വിളിച്ചതിന്റെ ചെറിയ നീരസത്തോടെ പോകാനൊരുങ്ങിയ അവനോടു ഞാൻ ചോദിച്ചു,
"ഉണ്ണി എത്രാം ക്ലാസിലാ പഠിക്കുന്നത് ?" 
"മൂന്ന്"
"കപ്പലിലാ....ജോലി?" അവനു സംശയം.
"ഹൂം"...എല്ലാവരും ശ്രദ്ധിക്കുന്നതിന്റെ  ജാള്യതയിൽ ഞാൻ ഉത്തരം ഒരു മൂളലിൽ ഒതുക്കി.
"കപ്പൽ എന്തോരം ഉണ്ടാവും?  ഇവിടന്നു ആ പടിവരെ ഉണ്ടാവുമോ?"
"പറമ്പിനപ്പുറം കാണുന്ന ആ വീട് കണ്ടോ? ഏകദേശം ഇവിടന്നു അത്രയും കാണും..." ഞാൻ പറഞ്ഞു.
ഓമനത്ത്വമുള്ള അവന്റെ കണ്ണുകളിലെ അത്ഭുതം നോക്കി നിന്ന് ഞാൻ പുഞ്ചിരിച്ചു.

"ഉണ്ണി ഇങ്ങോട്ട് വരൂ..." അവന്റെ അച്ഛൻ വീണ്ടും വിളിച്ചു. അവൻ എന്റെയരികിൽ തന്നെ നിന്നു.

സംസാരത്തിനിടെ അകത്തുനിന്നും വെളുത്തു മെലിഞ്ഞ ഒരു പെണ്‍കുട്ടി ചായയുമായി വന്ന് എന്റെ മുന്നിൽ നിന്നു....ഒറ്റ നോട്ടത്തിൽ സുന്ദരി. 

ചായയെടുക്കുന്നതിനിടയിൽ ഞാൻ പതിയെ വീണ്ടും പെണ്‍കുട്ടിയെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.ഞാൻ ചെറുതായി വിയർക്കുന്നുണ്ട്‌. അവിടെയുള്ള എല്ലാ കണ്ണുകളും എന്റെ മേലാണ് എന്നെനിക്കറിയാം. പക്ഷെ പെണ്‍കുട്ടിയെ അടിമുടി ശ്രദ്ധിക്കാതെ വയ്യ കാരണം ഈ അഞ്ചു നിമിഷത്തിന്റെ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ഞാൻ എന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കണം,എന്റെ അഭിപ്രായത്തിനു എല്ലാവരും കാത്തിരിക്കുകയാണ്. 

"നിങ്ങൾ വേണമെങ്കിൽ ഇറയത്തേക്കു നിന്നു സംസാരിച്ചോളൂ.." പെണ്‍കുട്ടിയുടെ അച്ഛൻ പറഞ്ഞത് എല്ലാവരും ശരി വച്ചു.

ഞങ്ങൾ ഇറയത്ത്‌ വന്ന് അരമതിലേൽ ഇരുന്നു. സംസാരത്തിനായി വാക്കുകൾ കിട്ടാതെ ഇരുവരും കുഴങ്ങി.

" എവിടെയാ പഠിച്ചത്?" ഞാൻ സംസാരം തുടങ്ങി വച്ചു.

സംസാരത്തിനിടെ ഞാനവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവൾ സുന്ദരിയാണ്. ഒരു പക്ഷെ മറ്റുള്ളവരുടെ കണ്ണിൽ ഒരു തെറ്റും പറയാനില്ലാത്ത അതിസുന്ദരി. പക്ഷെ ഞാൻ ഉദ്ദേശിക്കുന്ന... അല്ലെങ്കിൽ എന്റെ മനസിലുള്ള ഒരു സൌന്ദര്യ സങ്കല്പ്പമല്ല ഈ കുട്ടിക്ക്. ഇതെനിക്ക് ഇവളോടെന്നല്ല ആരോടും പറയാൻ സാധിക്കില്ല,..പറഞ്ഞാൽ ആർക്കും മനസിലാവുകയുമില്ല.
അവൾ സംസാരം തുടർന്നു കൊണ്ടിരുന്നു. എനിക്കവളോട് സഹതാപം തോന്നി. ഇനിയും എത്ര പേരുടെ മുന്നിൽ ചെന്ന് ഇങ്ങനെ  പ്രതീക്ഷയോടെ നില്ക്കേണ്ടി വരും. പാവം.....

പെട്ടെന്ന് പിന്നിൽ നിന്ന് ചില്ലറകളുടെ കിലുക്കം കേട്ട് തിരിഞ്ഞു നോക്കി. ഉണ്ണിയുടെ കയ്യിൽ രണ്ടു മൂന്നു ചില്ലറ പൈസകൾ.
"ചേട്ടന്റെ കയ്യില നിന്നും പോയതാ.... ഇരുന്നിടത്ത് നിന്ന് കിട്ടിയതാണ്." അവൻ പറഞ്ഞു.
അവൻ കാരണം ഉണ്ടാക്കി ഞങ്ങളുടെ അടുത്ത് വന്ന പോലെ തോന്നി.
അവൻ ചില്ലറ പൈസകൾ എനിക്ക് കൈമാറി.
അവൻ ഞങ്ങളെ മാറി മാറി നോക്കിക്കൊണ്ടിരുന്നു.
"ഉണ്ണി അപ്പുറം പോയി കളിച്ചോളൂ" അവൾ പറഞ്ഞു. 
പക്ഷെ അവൻ എന്നെ ചുറ്റിപ്പറ്റി തന്നെ നിന്നു.
"ഉണ്ണിക്കു വളരെ ഇഷ്ടായെന്നു തോന്നുന്നു...പുറകീന്ന് മാറുന്നില്ലല്ലോ?" ശിരസ്സുയർത്തി എന്നെനോക്കിയവൾ ചെറിയ നാണത്തോടെ പറഞ്ഞു.
ഞാൻ ഒന്നും മിണ്ടാതെ ഉണ്ണിയെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.

അപ്പോൾ എന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു, "ഇവനെ എനിക്കിഷ്ടമാവുന്നു. എന്തുകൊണ്ട് എന്നറിയാത്ത ഒരു വാത്സല്യം അവനോടു തോന്നുന്നു. ഒരു പക്ഷെ ഇവന് വേണ്ടി ഈ കല്യാണത്തിന് സമ്മതം മൂളും എന്ന് പോലും എനിക്ക് തോന്നി.ജീവിതത്തിലെ വെറും അഞ്ചു നിമിഷം കൊണ്ട് ഒരായുസ്സ് മുഴുവൻ കൂടെക്കഴിയേണ്ട ഒരാളെ തിരഞ്ഞെടുക്കാനാവുമെങ്കിൽ എന്തുകൊണ്ട് ഒരു അനിയനെ തിരഞ്ഞെടുത്തുകൂടാ."

വണ്ടിയോടിക്കുന്ന ശബ്ദമുണ്ടാക്കിക്കൊണ്ട് ഉണ്ണി  മുറ്റത്തേക്കോടി.കൌതുകത്തോടെ അത് നോക്കി നിന്ന ഞാൻ അവളോട്‌ പറഞ്ഞു,
"ഇയാൾ ഭാഗ്യവതിയാണ്, ഇതുപോലൊരു അനിയനെ കിട്ടിയതിന്.."
അവൾ തിരിഞ്ഞ് ഉണ്ണിയെ ശ്രദ്ധിച്ചു.
അകത്തു നിന്ന് മുതിർന്നവരുടെ ശബ്ദങ്ങൾ അടുത്തു വരുന്നത് കേട്ട് ഞങ്ങൾ അകത്തേക്ക് നോക്കി.എല്ലാവരും പോകാനായി തയ്യാറായി നില്ക്കുന്നു.
"പോകാം" അച്ഛൻ ചോദിച്ചു.
ഞാൻ തലയാട്ടി.
"അപ്പൊ എല്ലാം പറഞ്ഞ പോലെ" എല്ലാവരോടുമായി യാത്ര പറഞ്ഞ് അച്ഛൻ സാവധാനം ഇറങ്ങി മുന്നിൽ നടന്നു.
ഞാൻ യാത്ര പറഞ്ഞു പോകാനൊരുങ്ങുമ്പോൾ മുറ്റത്ത്‌ കളികൾ സ്തംഭിച്ച് ഞങ്ങൾ യാത്രയാവുന്നത് നോക്കി നിൽക്കുന്ന ഉണ്ണിയെ കണ്ടു. ഞാനവനെ അടുത്തേക്ക് വിളിച്ചു. ഞങ്ങൾ ഒരുമിച്ചു പടിക്കലേക്കു നടന്നു. അവൻ എന്റെ കയ്യിൽ പിടിച്ചിട്ടുണ്ട്. അവൻ ഒന്നും മിണ്ടുന്നില്ല.
ഒടുവിൽ കാറിനടുത്തെത്തിയപ്പോൾ അവൻ ചോദിച്ചു,
"ഇനി എപ്പോഴാ വരിക"
"വരാം.... " ഞാനവനെ ആശ്വസിപ്പിച്ചു.

യാത്ര പറഞ്ഞ് വണ്ടി പതിയെ നീങ്ങാൻ തുടങ്ങി. കാഴ്ച മറയും വരെ പടിക്കൽ നിന്ന് അവൻ കൈ കാണിച്ചു കൊണ്ടിരുന്നു.

"തീരുമാനം എന്താക്കി?..... ഈ പെണ്‍കുട്ടിക്ക് കുറ്റം ഒന്നും ഇല്ലല്ലോ? അച്ഛൻ എന്നോട് ചോദിച്ചു.

ഞാൻ നിശബ്ദം.

മുന്നിൽ  നിന്ന് മൂന്നാൻ പറഞ്ഞു," അതൊക്കെ മോന്റെ മുഖം കണ്ടാലറിഞ്ഞൂടെ.... നമുക്ക് എല്ലാവർക്കും സൌകര്യമുള്ള ഒരു തിയതി തീരുമാനിക്കാം."

"വരട്ടെ.... എനിക്ക് കുട്ടിയെ ഇഷ്ടപ്പെട്ടില്ല..." പെട്ടെന്ന് ഞാൻ പറഞ്ഞു.

എല്ലാവരും നിശബ്ദം. മൂന്നാൻ മുന്നിലേക്ക്‌ തിരിഞ്ഞിരുന്നു. അച്ഛൻ എനിക്ക്  മുഖം തരാതെ പിറുപിറുത്തു കൊണ്ട് പുറത്തേക്കു നോക്കിയിരുന്നു.

എന്റെ മനസ്സിൽ അപ്പോഴും ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ച് എന്നെ നോക്കി വീശുന്ന ആ കുഞ്ഞു  കൈകളായിരുന്നു. 

6 comments:

  1. hhmm..interesting..

    ReplyDelete
  2. ഉണ്ണിയെ നന്നായി എഴുതിക്കാട്ടി, ഒരു നല്ല ക്ലൈമാക്സ് പ്രതീക്ഷിച്ചു.,

    ReplyDelete