Friday, August 9, 2013

കോട്ടുവായ്

വീടിനു പുറകിലെ തെങ്ങിൻ തോപ്പിലിരുന്ന് പെട്രോമാക്സിന്റെ വെളിച്ചത്തിൽ അവസാന ഗ്ലാസ് ഒഴിച്ചുകൊണ്ടിരിക്കുമ്പോൾ വീട്ടിൽ നിന്നും അച്ഛന്റെ വിളി കേട്ടു.
"എടാ അജീഷെ..അവനുണ്ടോ അവിടെ?"
"ങാ.." അവൻ ഉത്തരം മൂളി.
"അവന്റടുത്തു വന്നു കിടക്കാൻ പറ..മണി ഒന്നരയായി. കാലത്ത് ആറ് മണിക്ക് ഗുരുവായൂരെത്തേണ്ടതാ.." 
"ങാ.." അവൻ വീണ്ടും മൂളി.
"ദേ.. മണവാളനു വിളി വന്നു....ചെല്ല്....അല്ലേൽ നാളെ മണ്ഡപത്തിലിരുന്നു ഉറക്കം തൂങ്ങും." അജീഷ് എന്നെ കളിയാക്കി. ഒരു കൂട്ടച്ചിരിയോടെ അവിടെയുണ്ടായിരുന്നവരും അവന്റെ കൂടെക്കൂടി.
"ഉറക്കം ഒന്നും വരുന്നില്ല" ഞാൻ പറഞ്ഞു.
"ഇന്നും കൂടിയേ ഇങ്ങനെ രണ്ടെണ്ണം ഒക്കെയടിച്ച്  മനസമാധാനത്തോടെ ഉറങ്ങാൻ പറ്റൂ" അമ്മാവന്റെ നിലവാരമില്ലാത്ത തമാശ കേട്ട് അവിടമാകെ മദ്യഗന്ധമുള്ള പൊട്ടിച്ചിരികൾ മുഴങ്ങി.

കുഴഞ്ഞു തുടങ്ങിയ കൂട്ടുകാർ  എനിക്ക് വലിയ താൽപ്പര്യമില്ലാത്ത ചർച്ചകളിലേക്ക് തിരിഞ്ഞു. ചിലർ കുപ്പികൾ കാലിയാക്കുന്നതിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു.വട്ടം കൂടിയിരിക്കുന്ന കൂട്ടുകാർക്കിടയിലൂടെ ഞാൻ വീട്ടിലേക്കു നോക്കി. മുറ്റത്തെ പന്തലിലെ വെളിച്ചത്തിൽ കുട്ടികൾ ഓടിനടക്കുന്നത് കാണാം.
എനിക്കു ചെറുതായി ഉറക്കം വന്നു തുടങ്ങി.
ഒരു കോട്ടുവായ് വന്നത് ഒർമ്മയുണ്ട്. ചെവികളിൽ എല്ലോടിയുന്ന, ഞരമ്പുകൾ ചതയുന്ന ഒരു ശബ്ദം കേട്ടു.
കോട്ടുവായ് തീർന്നിട്ടും വായടയുന്നില്ല !!
വെപ്രാളത്തോടെ ഞാൻ കീഴ്ത്താടിയമർത്തി വായടക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.വായ് മുഴുവനായി തുറന്നിരിക്കുകയാണ്. എന്റെ ശബ്ദം പുറത്തു വന്നില്ല. മദ്യസഭയിൽ അതാരും കേട്ടില്ല എന്ന് പറയുന്നതാവും ശരി.
അല്പ്പം കഴിഞ്ഞ് അജീഷാണ് എന്നെ ആദ്യം ശ്രദ്ധിച്ചത്.അവൻ ഓടിവന്നു കാര്യം അന്വേഷിച്ചു.ചുറ്റും നിന്നവർ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി.
"എ...എന്ത് പറ്റിയെടാ...?"
ഞാൻ തിരിച്ചു പറഞ്ഞത് അവനു മനസിലായില്ല. അവനെന്നല്ല, ആ ഭാഷ അങ്ങനെയിങ്ങനെ ആർക്കും മനസിലാവില്ലായിരുന്നു.കൂടിയിരുന്നവർ ചാടിയെഴുന്നേറ്റ്  വെപ്രാളത്തിൽ കാര്യം അന്വേഷിച്ചു.
ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവിൽ കൊട്ടുവായിട്ടതാണെന്ന് അവരെ ധരിപ്പിക്കാനായി.
ചിലർ മുന്നോട്ടു വന്നു താടിയിൽ പിടിച്ച്  വായടപ്പിക്കാൻ ശ്രമം തുടങ്ങി.
"എന്നാലും ഇത് എന്ത് കൊട്ടുവായാടാ നീ വിട്ടത്" വായടക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ചിലർ  ചോദിച്ചു.

പെട്ടെന്ന് വീട്ടിൽനിന്ന് അച്ഛന്റെ വിളി വീണ്ടും കേട്ടു, "എടാ...മണി രണ്ടായി." 

"ഇനിയിപ്പോ എന്താ ചെയ്യാ?" ചിലർക്കു സംശയം.
"ഒരു കാര്യം ചെയ്യാം കോര ഡോക്ടറുടെ അടുത്ത് കൊണ്ട് പോകാം, ഇവന്റെ അച്ഛനെ ഇങ്ങു വിളിക്ക്" അമ്മാവൻ പറഞ്ഞു.
"കോര ഡോക്ടർക്ക് വല്ലതും അറിയാമോ?അയാള് വെറും MBBSആ...." അജീഷിന്റെ ശബ്ദത്തിൽ പുച്ഛം.
"കോ..കോരയോ.. കൊള്ളാം, ഇതിന്റെ സ്പെഷലിസ്റ്റ് ആണ് ആള്.." നിനക്കൊക്കെ എന്തറിയാം എന്നാ ഭാവത്തിൽ അമ്മാവൻ.
"അതേയ്.... ഒന്നിങ്ങു വന്നെ.." അച്ഛന്റെ അടുത്തേക്കു മുൻപിൽ നടക്കുന്നതിനിടെ അമ്മാവൻ വിളിച്ചു പറഞ്ഞു. 
എന്നെയും കൊണ്ട്  അവർ വീടിനടുതെത്തി.
സംഭവിച്ചതെല്ലാം അച്ഛനോടു വിവരിച്ചു. മിഴിച്ചു നിന്ന അച്ചന്റെയടുത്തു അമ്മാവൻ സ്വകാര്യത്തിൽ  പറഞ്ഞു,"ഒറ്റ വഴിയേയുള്ളൂ, കോര ഡോക്ടർ. ഇനി കുറച്ചു മണിക്കൂറെ ഒള്ളു ഇവന്റെ കല്യാണത്തിന്, എടൊ.... താനിങ്ങനെ മിഴിച്ചു നിക്കാണ്ട് അടുത്ത പടി നോകാം ..വാ..."

തുറന്ന വായുമായി ഞാനെന്റെ മുറിയിലേക്ക് പോയി വേഷം മാറ്റി. ഷർട്ടിടുന്നതിനിടെ അപ്പുറത്ത് നിന്നും അമ്മയുടെ കരച്ചിൽ കേട്ടു. ഞാൻ ഞെട്ടി ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അമ്മയും അമ്മായിമാരും എല്ലാവരും എന്റെ മുറിയിലേക്ക് ഓടി വരുന്നു.

"വാ പൊളിഞ്ഞു പോയി  എന്റെ കുട്ടീടെ കല്യാണം മാറ്റി വെക്കേണ്ടി വരോ?" കൂട്ടത്തിൽ ഒരമ്മായിക്ക് കരച്ചിലിനിടെ സംശയം.ശബ്ദം കേട്ട് എഴുന്നേറ്റു വന്ന കുരുത്തംകെട്ട നരിന്ത് പിള്ളേർ എന്റെ പൊളിഞ്ഞ വായ് കണ്ട് ഭിത്തിയിൽ തലതല്ലി ചിരിക്കുന്നു.

ഞാനെന്തോ അമ്മയോട് പറഞ്ഞു. കേട്ടത് മനസിലാവാതെ കരച്ചിൽ നിരത്തി അവർ പരസ്പരം നോക്കി.
"ആകെ ചളമാക്കരുത്" ഇതായിരുന്നു ഞാൻ എല്ലാവരോടും പറയാൻ ഉദ്ദേശിച്ചത്.
പുറത്തു കാർ തയ്യാറായിരുന്നു.ആ രാത്രി മണവാളന്റെ  വായടക്കാൻ ഒരു പടതന്നെ പുറപ്പെട്ടു. കാർ കുതിച്ചു പോയിക്കൊണ്ടിരുന്നു.
"വല്ല തുണി വല്ലതും വച്ച് മറച്ചു പിടിച്ചോ..ഈച്ചയോന്നും വായീ പോവണ്ടാ..!!"
"ഹട്ടി ഹുലഹാട ഹോഹ ...."
എന്നാൽ കഴിയും വിധം ഞാൻ തിരിച്ചു പച്ച തെറികൾ വിളിച്ചു പറഞ്ഞു. ആർക്കും ഒന്നും മനസിലായില്ല. അവിടെ പൊട്ടിച്ചിരികൾ ഉയർന്നു.
"എടൊ അവിടോന്നൊരു ഒരു  തോർത്ത് ഇങ്ങെടുത്തെ..ഇവന്റെ വായീന്ന് തുപ്പൽ തെറിക്കുന്നു...." എന്റെ അടുതിരുന്നവൻ ഡ്രൈവറോട് പറഞ്ഞു.
" ദാ.. സ്ഥലം എത്തി.." ഡ്രൈവർ വണ്ടി പതിയെ നിർത്തി.
എന്നെ കാറിലിരുത്തി രണ്ടു പേർ  ഇറങ്ങി ചെന്ന് കോര ഡോക്ടറെ വിളിച്ചുണർത്തി കാര്യം പറഞ്ഞു.
ഒടുവിൽ എന്നെ അദ്ധേഹത്തിന്റെ ക്ലിനിക്കിൽ കൊണ്ടിരുത്തി. കോര ഡോക്ടർ തന്റെ കണ്ണടയ്ക്കു മുകളിലൂടെ എന്റെ വായിലേക്ക് സൂക്ഷിച്ചു നോക്കി. താടി പിടിച്ചു അടക്കാൻ ശ്രമിച്ചു.
"അതൊക്കെ ഞങ്ങൾ നോക്കിയതാ.." അജീഷ് പറഞ്ഞു.
"ശ്...." നിശബ്ദമായിരിക്കാൻ ഡോക്ടർ ആംഗ്യം കാണിച്ചു.
" ഢ...." എന്റെ ചെവിക്കല്ലിളകുന്ന പോലൊരു അടി വന്നു വീണു.ഞാൻ കണ്ണ് മിഴിച്ചു ഡോക്ടറെ നോക്കി. പിന്നെ ഒരു അടി പൂരമായിരുന്നു.കണ്ണിൽ നിന്നും പൊന്നീച്ച പറക്കുന്ന അടി. എന്റെ കൂടെ വന്നവർ എന്ത് ചെയ്യണമെന്നറിയാതെ ഒടുവിൽ കോര ഡോക്ടറുടെ കയ്യിൽ കയറിപ്പിടിച്ചു.
"ഡോക്ടറെ മതി...ഇവനെ നമുക്ക് മെഡിക്കൽ കോളേജിൽ കൊണ്ടുപോകാം... സമയമില്ല , അതുകൊണ്ടാ.."
"ഓക്കെ...ഇത് ഇത്തിരി സീരിയസ് കേസാ...പെട്ടെന്ന് കൊണ്ട് പൊയ്ക്കോളൂ.. നാളെ കല്യാണമല്ലേ?.." കിതപ്പോടെ നെറ്റിയിൽ  നിന്ന് വിയർപ്പ് തുടക്കുന്നതിനിടക്ക് കോര ഡോക്ടർ പറഞ്ഞു.
വീണ്ടും ആ രാത്രി വണ്ടി പാഞ്ഞു. ഇപ്പോൾ എല്ലാവരും നിശബ്ദരായി കാണപ്പെട്ടു. മണി മൂന്നാവാറായി. ഈ കോലത്തിൽ നാളത്തെ കല്യാണം എങ്ങനെ നടക്കും.എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.
പെട്ടെന്നാരോ പറഞ്ഞു," വണ്ടി നിർത്തു...ഇത് രഞ്ജിത്ത് ഡോക്ടറുടെ വീടല്ലേ?.. മെഡിക്കൽ കോളേജു വരെ പോകുന്നതിനു മുൻപ് ഇങ്ങേരെക്കൂടി ഒന്ന് കാണിച്ചിട്ട് പോകാം.."
അടുത്ത അടിക്കുള്ള സമയമായി, എന്റെ മനസ്സ് പറഞ്ഞു.കല്യാണമായിട്ടു നാട്ടിലുള്ള എല്ലാവരുടെയും തല്ലുമേടിക്കാനാണല്ലൊ എന്റെ വിധി.
"വേണോ...?" അൽപ്പ സമയത്തെ ആലോചനക്കു ശേഷം എല്ലാവരും പുറത്തിറങ്ങി.
വീണ്ടും പഴയ കാഴ്ചകൾ. ഡോക്ടറെ വിളിച്ചുണത്തുന്നു, കാര്യം പറയുന്നു.........ക്ലിനിക്ക്
ഒരു ചെറുപ്പക്കാരൻ ഡോക്ടർ ആയിരുന്നു അദ്ദേഹം.
പരിശോധിച്ച് കഴിഞ്ഞ് ഉറക്കച്ചടവോടെ അദ്ദേഹം പറഞ്ഞു,
"ശരിക്ക് പെരുമാറിയിട്ടുണ്ടല്ലോ.... കവിളിൽ ചുവന്ന്  നീര് വന്നിട്ടുണ്ട്...അറിയാൻ വയ്യാത്ത കാര്യങ്ങൾ ചെയ്യാൻ നിൽക്കരുതായിരുന്നു, മനസിലായോ? "
 ഡോക്ടർ ദേഷ്യപ്പെട്ടു.
എല്ലാവരും നിശബ്ദം.. അമ്മാവൻ പതിയെ പുറകിലേക്ക് ഒതുങ്ങി നിന്നു.

ഡോക്ടർ കയ്യുറകളിട്ട്, രണ്ടു തള്ള വിരലുകൾ വായിൽ കടത്തി,അതെ സമയം ചൂണ്ടുവിരലുകൾ  കൊണ്ട് ചെവിക്കടിയിൽ എവിടെയോ അമർത്തി. വീണ്ടും അതേ ശബ്ദം കേട്ടു.
വായ് തുറന്നടയാൻ തുടങ്ങി. ഞാൻ നാലഞ്ചുതവണ തുറന്നടച്ചുകൊണ്ട് എല്ലാവരെയും നോക്കി. എല്ലാ മുഖത്തും സന്തോഷം.
ഡോക്ടർക്ക് കാശ് കൊടുത്ത്,പോകുന്നതിനു മുൻപ് നാളത്തെ കല്യാണത്തിനും ക്ഷണിച്ച്  ഞങ്ങൾ ഇറങ്ങി.

തിരിച്ചു വരുന്ന കാറിൽ നേരത്തെ പറയാൻ പറ്റാതിരുന്ന പല തമാശകൾ ഉയർന്നു.കല്യാണം നടന്നിരുന്നെങ്കിൽ കല്യാണ ആൽബത്തിലും വീട്ടിലെ ചുവരിലും തൂങ്ങാനിടയുള്ള ഒരു ചിത്രം അജീഷ് പറഞ്ഞു, വധുവിന്റെയടുത്ത് മാലയും ബൊക്കയുമായി വാപോളിഞ്ഞു നില്ക്കുന്ന വരൻ. വണ്ടിയിൽ കൂട്ടച്ചിരി.
സമയം നാലാവാറായി. വേഗം ചെന്ന് ഗുരുവായൂർക്ക് യാത്ര തിരിക്കണം.
വണ്ടി കോര ഡോക്ടറുടെ വീടെത്തിയപ്പോൾ അമ്മാവൻ പറഞ്ഞു,

"വണ്ടി ഒന്നോതുക്കിയെ...ഒരുരണ്ടു മിനിറ്റ്."
അമ്മാവൻ ഡോക്ടറുടെ വീട്ടിലേക്കു പോകുന്നതും നോക്കി വണ്ടിയിൽ ചിരികളുയർന്നു.


20 comments:

 1. കൊള്ളാം
  നല്ല തമാശ
  കഥയാണല്ലോ അല്ലേ.

  ReplyDelete
  Replies
  1. ha ha...
   ya, its a real story...but not with me

   Delete
 2. കോര ഡോക്ടര്‍ക്ക് ഇനിയുള്ള കാലം വാ പൊളിഞ്ഞു ജീവിക്കാം....അല്ല്യോ... :D

  ReplyDelete
 3. ഈ അടുത്ത കാലത്തൊന്നും ഒരു ചെറുകഥ വായിച്ച് ഇത്രയും ചിരിച്ചിട്ടില്ല. ഒന്നില്‍ കൂടുതല്‍ തവണ വായിച്ചു.. രസകരം ആയിട്ടുണ്ട്‌.. .

  ReplyDelete
 4. ചിരിച്ചു. നന്നായിട്ടുണ്ട്.

  ReplyDelete
 5. കൊള്ളാമെടാ... എന്നാലും എന്തു കോട്ടുവായാടാ അവന്‍ വിട്ടത്?

  ReplyDelete
 6. ha ha... athoru vidalaayirunnu...
  thanks for the comment...

  ReplyDelete
 7. കല്യാണത്തിന് അല്ലെങ്കിലും ചിലപ്പോ വായ തുറന്നാല്‍ പിന്നെ അടയ്ക്കാന്‍ പറ്റാത്ത ഒരാളെ എനിക്കറിയാം.
  കഥ വായിച്ചു ചിരിച്ചു.

  ReplyDelete
 8. ithu nammude nattil nadanna kadhayano?

  ReplyDelete
  Replies
  1. NO,
   at Kodanad (in 1978), kora doctor's real name is kittu pilla

   Delete
 9. കഥ വായിച്ച് വാ പൊളിച്ചുപോയി

  ReplyDelete