Sunday, September 29, 2013

3 മിനിക്കഥകൾ


അനീതി (ഒരു ഗോസ്റ്റ് റൈറ്റിംഗ്)  /  മിനിക്കഥ 

എന്റെ കുഴിമാടത്തെ പുണർന്നു കിടക്കുന്ന കാട്ടു പൂവള്ളികൾക്ക് നന്ദി. ഒരായിരം നന്ദി..
കാരണം ഇതുവഴി  ഒരുപിടി സ്നേഹപൂക്കളുമായി ആരും വരാനില്ല.

ഭാര്യക്കും,പുത്രന്മാർക്കും ,പൌത്രന്മാർക്കും തിമിരമായിരുന്നു...അധികാരത്തിന്റെയാണോ അഹങ്കാരത്തിന്റെയാണോ എന്നുചോദിച്ചാൽ സംശയം.
കണ്ണാടികളിൽ മാത്രം കാഴ്ച ലഭിക്കുന്ന അന്ധരായിരുന്നു അവർ...എനിക്കവരോട് സഹതാപം മാത്രമേയുള്ളൂ....എന്നും.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ മരുമകൻ, മറ്റൊരു പ്രധാനമന്ത്രിയുടെ ഭർത്താവ് ,മറ്റൊരു പ്രധാനമന്ത്രിയുടെ അച്ഛൻ ... ഇനി വരും പ്രധാനമന്ത്രിമാരുടെ മുത്തച്ഛൻ എന്നിങ്ങനെ അറിയപ്പെടുന്നതിനേക്കാൾ 'ജനങ്ങൾക്ക്വേണ്ടി ജീവിച്ചു മരിച്ച ഒരു സ്വാതന്ത്ര്യസമരസേനാനി' എന്ന് തന്നെ അറിയപ്പെടാനാണ് എനിക്കിഷ്ടം.

എങ്കിലും എന്റെ ജന്മാന്തരങ്ങളുടെ തുടർകണ്ണികൾ മറ്റു കുഴിമാടങ്ങളിൽ പൊഴിക്കുന്ന ഒരിറ്റു കണ്ണുനീർ , ഒരിതൾ പനിനീർ പൂവ് ..... അതും എനിക്കന്യമോ?



വാർദ്ധക്യം / മിനിക്കഥ 

ഞാൻ പന പോലെ വളർന്നുകൊണ്ടിരുന്നു.
പക്ഷെ എന്റെ പ്രായം തീരുമാനിക്കുന്നത് ഞാനല്ല.....പകരം മോഹൻലാലും , മമ്മൂട്ടിയും ആണ്.
അവർ സിനിമയിലെത്തിയതിന്റെ 25ഉം 30ഉം വാർഷികങ്ങൾ ആഘോഷിച്ചു കൊണ്ടിരുന്നു.
ഞാൻ പരസ്യമായി അവരെ അധിക്ഷേപിച്ചു, "പുതു തലമുറയുടെ വഴിമുടക്കികളായ വൃദ്ധന്മാർ..."

എങ്കിലും ഇന്നും വെള്ളിത്തിരയിൽ അവരെ കാണുമ്പോൾ അവരെ ആരാധിച്ചിരുന്ന ഒരു കൌമാരക്കാരൻ എന്നിലുണരുന്നു...പ്രായത്തെ അതിജീവിക്കുന്ന ഒരു അതികായനായി ഞാൻ മാറുന്നു.

സ്വാർഥമായ എന്റെ മനസ്സ് ആഗ്രഹിച്ചു," ഒരു തലമുറയെ മുഴുവൻ വൃദ്ധന്മാരാക്കിക്കൊണ്ട് അവർ വിരമിക്കാതിരുന്നെങ്കിൽ...."



കാമുകി / മിനികഥ 

കാമുകി, അങ്ങിനെയൊന്നു ശരിക്കും ഉണ്ട്...എല്ലാവർക്കും.
ഒരു പക്ഷെ തിരസ്കരിക്കരണത്തിന്റെയോ, നഷ്ടപ്പെടലിന്റെയോ ഒരു വഴിത്തെരുവിൽ ആർക്കും മുഖം തരാതെ അവൾ നിൽക്കുന്നുണ്ടായിരിക്കും... 
കാലക്രമേണ ലഹരിയിൽ മാത്രം നുരഞ്ഞു പുറത്തേക്കൊഴുകുന്ന ഒരോർമ്മയായി അവളും.
ഒരു നേർത്ത വിങ്ങലിന്റെയെങ്കിലും അകമ്പടിയില്ലാതെ അവൾ എത്തുന്നില്ല. വിങ്ങൽ തന്നെയാണ് അവളുടെ സ്വത്വം.

കാലത്തിന്റെ കുത്തൊഴുക്കിൽ ഭൂതകാലത്തിലെ ഒരു വിഡ്ഢിത്തമായി മാത്രം നീ എന്നിൽ ഒതുങ്ങുന്ന ഒരു നാളെയെ ഞാനറിയുന്നു. അതുവരെ ആരുമറിയാതെ അബലനാമെൻ  സിരകളിലൂടൊഴുകുകെൻ പ്രിയേ...



Saturday, September 21, 2013

കണ്ണീർ വ്യാപാരിയുടെ കണ്ണീർ


"ഒരു പെണ്‍കുട്ടിക്ക് ജന്മം നല്കുന്ന മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ കാരണം സ്വർഗരാജ്യം അവരുടേതാകുന്നു", ഇത് അയാൾ പറഞ്ഞതല്ല, ഖുറാനിലുള്ളതാണ്.   

അയാൾ ജനിച്ചപ്പോൾ പെണ്‍കുട്ടിയായിരിക്കണം എന്നായിരുന്നു അയാളുടെ അമ്മയുടെ ആഗ്രഹം.സ്വർഗരാജ്യം പ്രതീക്ഷിച്ചല്ല, പകരം... മരിക്കുമ്പോൾ രണ്ടിറ്റു കണ്ണുനീർ പോഴിക്കുവാൻ പെണ്മക്കളെ ഉണ്ടാവൂ...അതായിരുന്നു അമ്മയുടെ ന്യായം.

പ്രായമായവരുടെ മനസിലുള്ള കണ്ണീരിന്റെ ആഗ്രഹത്തെക്കുറിച്ചുള്ള  അറിവാണ് "tears" എന്ന പേരിൽ ഒരു സ്ഥാപനം അയാൾ ആരംഭിക്കാൻ കാരണമായത്‌. വൃദ്ധസദനങ്ങളിൽ മാതാപിതാക്കളുടെ  മരണസമയത്ത് ദൂരദേശങ്ങളിലുള്ള  ലീവ് കിട്ടാത്ത മക്കൾക്കു വേണ്ടിയോ  അല്ലെങ്കിൽ കുടുംബത്തിന് ഭാരമായി കിടപ്പിലായിരുന്ന മാതാപിതാക്കൾ മരിക്കുമ്പോൾ കണ്ണീരില്ലാതെ ഉഴറുന്ന മക്കൾക്കോ വേണ്ടിയാണ് സ്ഥാപനം
മരിച്ചു കിടക്കുന്നവരുടെ അടുത്തിരുന്ന് വാടകയ്ക്ക് കരയുവാനായി ഒരാൾ.
മരിച്ചവരുടെ ആത്മാവിന്റെ മോക്ഷത്തിനായി ഒരിറ്റു കണ്നുനീർ പോഴിക്കുവാനായി ഒരാൾ...

തന്റെ ജോലി ആത്മാക്കൾക്ക് ബലിയർപ്പിക്കാൻ സഹായിക്കുന്ന ഒരു കർമിയേക്കാൾ കുറവ്... ജീവിതത്തിൽ സമയമില്ലാത്തവരെ മുന്നിൽക്കണ്ട് കമ്മ്യൂണിസത്തെപ്പോലെ തത്വങ്ങൾക്കും മൂല്യങ്ങൾക്കും മുൻ‌തൂക്കം നൽകി തുടങ്ങിയ ഒരു പുതിയ ബിസിനസ് ശൃംഖല.

ഇവെന്റ് മാനേജുമെന്റിന്റെ ചുവടു പിടിച്ച് തുടങ്ങിയ ഈ സ്ഥാപനത്തിന്റെ വിജയ സാധ്യതകളേക്കുറിച്ച് ഉല്കണ്ഡാകുലനായിരുന്ന അയാളെ ഞെട്ടിക്കുന്നതായിരുന്നു അയാൾക്ക്‌ വന്നിരുന്ന ഫോണ്‍ കൊളുകളുടെ എണ്ണം. തിരക്കു മൂലം പലയിടത്തും എത്തിച്ചേരാനാവാതായപ്പോൾ കൂടുതൽ ജോലിക്കാരെ നിയമിക്കാൻ അയാൾ നിർബന്ധിതനായി. ജോലിക്കാരിൽ കൂടുതലും സ്ത്രീകളായിരുന്നു, അതും പാർട്ട്-ടൈം വിദ്യാർഥിനികൾ.   

കേരളത്തിലെ മരണാനന്തര ചടങ്ങുകൾക്ക് പൊങ്ങച്ചത്തിന്റെ അകമ്പടിയുണ്ടായത്തോടെ അയാളുടെ ബിസിനസ്‌ വളർച്ച വളരെപ്പെട്ടന്നായിരുന്നു.രാഷ്ട്രീയ നേതാക്കൾ പോലുള്ളവർ മരിക്കുമ്പോൾ സമൂഹത്തിലെ അന്തസ് ഉയർത്തിക്കാണിക്കുന്നത്തിനായി  ചില്ലറ വ്യാപാരത്തിൽ നിന്ന് അയാൾക്ക്‌  കണ്ണീർ മൊത്തവ്യാപാരത്തിലേക്ക് മാറ്റേണ്ടി വന്നു.

സമൃദ്ധിയുടെ വർഷങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.

വർഷങ്ങളുടെ തന്റെ പ്രയത്നത്താൽ ഉയർത്തിക്കൊണ്ടുവന്ന ഒരു ബിസിനസ്സ് സാമ്രാജ്യത്തെ തകർത്തെറിയുന്ന ഒരു കാഴ്ച്ച അയാൾ കാണാൻ ഇടയായി. വീട്ടിലെ വളർത്തു നായ്ക്കളുടെ വേർപാടിൽ അയാളുടെ സഹായമില്ലാതെ സ്വയം വാവിട്ടു കരയുന്ന ഒരു ജനതയെ കണ്ടു. ഒരു സംസ്കാരച്യുതിയെ കണ്ടു.
താൻ ചെയ്യുന്നത് ഒരു പുണ്യ പ്രവർത്തിയാണെന്ന് തെറ്റിധരിച്ചിരുന്ന അയാൾ വേദനയോടെ ആ സത്യം മനസിലാക്കി, വികാര രഹിതമായ ഒരു ജനതയെയാണ്‌ താനും തന്റെ സാമ്രാജ്യവും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

2012  ഡിസംബറിൽ "tears" അയാൾ അടച്ചു പൂട്ടി. നഷ്ടം സംഭവിച്ചതുകൊണ്ടോ കുറ്റബോധം കൊണ്ടോ അല്ല, മറിച്ച് പേടി കൊണ്ട്....
തിരക്കിൽ സമയമില്ലാതെ തന്റെ  വീടും, വീട്ടുകാരെയും ശ്രദ്ധിക്കാനാവാതെ ഒരു ഭ്രാന്തനെപ്പോലെ അയാൾ തന്റെ ബിസിനസ്സിൽ വ്യാപ്രിതനായത് കൊണ്ട്...
ഒരു പക്ഷെ "tears" ന്റെ  ആവശ്യം അയാളുടെ ജീവിതത്തിലും വേണ്ടി വരുമോ എന്ന പേടി കൊണ്ട്...

ഭീകര ജീവിയെ പിടിക്കാൻ പോയ ആൾ ഒടുവിൽ സ്വയം ഭീകര ജീവിയായ കഥ പോലെ, പാവപ്പെട്ടവർക്കുവേണ്ടി വന്ന് ഒടുവിൽ സ്വയം മുതലാളിമാരായ കമ്മ്യൂണിസ്ടുകളേ  പോലെ

താനും മാറുകയാണോ എന്ന പേടി കൊണ്ട്....ആ പേടി കൊണ്ട് മാത്രം.....