Sunday, December 1, 2013

നിഴൽത്തൂവലുകൾ

ചിലമ്പുന്ന ശബ്ദത്തോടെ അടി വീണു
പതിനാറു തൂവലുകൾ മേൽക്കുമേൽ കൊണാകൃതിയിൽ അടുക്കിവച്ചിരുന്ന തൂവെള്ള ഷട്ടിൽ കോക്ക്, ഫ്ലഡ് ലൈറ്റിലൂടെ എതിർ കോർട്ടിലേക്ക് ഒരു വെടിയുണ്ട പോലെ തിരിഞ്ഞു കുതിച്ചു.

അല്ല, അത് വെടിയുണ്ട തന്നെയാണ് !  കാണികൾ തെറ്റിധരിച്ചു.

അളന്നു കുറിച്ച ഒരു അടിയായിരുന്നു അത്. കാണികളുടെ തലകൾ ഒന്നിച്ചു കെട്ടിയ ഒരു കാണാച്ചരടുമായി ബന്ധിച്ചിരുന്ന കൊക്ക് വായുവിലൂടെ ലക്ഷ്യത്തിലേക്കു കുതിച്ചുകൊണ്ടിരുന്നു.
എതിരാളി ബാറ്റുമായി വായുവിൽ വില്ലുപോലെ കുതിച്ചു പൊന്തി

ശത്രു പക്ഷത്തു നിന്നും അപ്രതീക്ഷിതമായി തിരിച്ച് വെടിവെപ്പുണ്ടായി
ബൻഷി ഒരു മരത്തിനുപുറകിൽ വിറയ്ക്കുന്ന കൈകളോടെ പതിയിരുന്നു. അയാൾ തന്റെ തോക്കിൽ മുറുകെപ്പിടിച്ചു. സൈനീക പരിശീലനത്തിനു ശേഷം ബൻഷിയുടെ ആദ്യ നിയമനമായിരുന്നു ആസ്സാമിൽ.  
ചെവി തുളക്കുന്ന ശീൽക്കാരശബ്ദത്തോടെ ശത്രുവിന്റെ വെടിയുണ്ടകൾ ഇലകളെ കീറിമുറിച്ച് കാട്ടിലൂടെ ദൂരേക്ക് അഗ്നിരേഖകൾ തെളിച്ചിട്ടുകൊണ്ടിരുന്നു.  
ഉൾഫ തീവ്രവാദികൾ തൊടുത്തു വിട്ട അടുത്ത വെടിയുണ്ടകളിൽ അയാളുടെ ഇടംകൈ അവിടമാകെ ചിതറി വീണു. യാധാർഥ്യത്തോടു പൊരുത്തപ്പെടാനാവാതെ എന്നെന്നേക്കുമായി ഒഴിഞ്ഞു പോയ തന്റെ ഇടതു വശത്തെ നോക്കി ബൻഷി സ്തംബ്ദനായി ഇരുന്നു.

ഉയർന്നു പൊന്തിയ എതിരാളിയുടെ ശക്തമായ പ്രഹരത്തിൽ തടുക്കാനാളില്ലാതെ ഷട്ടിൽകൊക്ക് തന്റെ കോർട്ടിൽ നിലം പതിച്ചുയർന്നു വീണു.
കടന്നൽക്കൂടുപോലുള്ള ഫ്ലഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ആരവങ്ങളുടെ കൈപ്പത്തികളുയർന്നു പൊന്തി.
പരാജിതർക്കന്യമായ കയ്യടികൾ കേട്ടുകൊണ്ട് അയാളൊരു വിഡ്ഢിയെപ്പോലവിടെ നിന്നു കരഞ്ഞു
അയാൾ പോലുമറിയാതെ തന്റെ ബാറ്റ് കയ്യിൽ നിന്നൂർന്ന് നിലം പതിച്ചു.
കണ്നുനീർ കാഴ്ച്ചയെ ചെറു ത്രുകോണങ്ങളായി മുറിച്ചിട്ടു.
കണ്ണീരിൽ ചിതറിയ ആയിരത്തിൽപ്പരം ഉപയോഗ ശൂന്യമായ  ഷട്ടിൽകൊക്കുകൾ തന്റെ വശത്തായി നിലംപതിച്ചുകിടക്കുന്നത് അയാൾ നോക്കി നിന്നു.


ബംഗാളിലെ ഉളുബരിയയിൽ സ്വർണം തൂക്കുന്ന തുലാസ് വീണ്ടും ഉയർന്നു താന്നു
കൃത്യം അഞ്ചു ഗ്രാം, പണിക്കാരൻ ഷട്ടിൽ കൊക്കിന്റെ ഭാരം പരിശോധിച്ച് ഉറപ്പു വരുത്തി. വെളുത്ത വാത്തയുടെ ഇടത്തെ ചിറകിലെ മാത്രം തൂവലുകൾ എടുത്ത് ഉണ്ടാക്കിയ ഒന്നായിരുന്നു അത്. ഒരു ചെറു കറക്കത്തോടെ വായുവിൽ ധ്രുത ഗതിയിൽ നീങ്ങുന്നതിനു വേണ്ടിയാണ് ഇടത്തേച്ചിറകിലെ മാത്രം തൂവലുകൾ ഉപയോഗിക്കുന്നത്
മികച്ച പതിനാറു വെള്ള തൂവലുകൾ കൊണ്ട് സൂക്ഷ്മമായി ഉണ്ടാക്കിയ ഒരു വെടിയുണ്ട തന്നെയായിരുന്നു അത് !
അത്യതീവ കൃത്യതയോടെ നിർമ്മിച്ച ഒന്ന്
അതും ഒരേ ഒരു തവണയുള്ള കളിക്കു വേണ്ടി മാത്രം

വ്യാവസായിക മേഖലയായ ഉളുബരിയയിൽ ഗംഗയുടെ തീരത്ത് ഇങ്ങനെ കോക്ക് നിർമാണത്തിലെർപ്പെട്ടിരുന്ന ചെറുതും വലുതുമായ എണ്‍പതിൽ പരം കമ്പനികളുണ്ടായിരുന്നു. ദിവസം നാനൂറു മുതൽ അഞ്ഞൂറു ഷട്ടിൽകൊക്കുകൾ വരെ അവർ നിർമ്മിക്കുന്നുണ്ട്. സുറുമയിട്ട നിർമല മുഖമുള്ള നൂറു കണക്കിന് വളർത്തു വാത്തകളുടെ ഇടത്തേ ചിറകുകൾ ദിനംപ്രതി  അവിടെ ആവരണ വിമുക്തമായി രോമാഞ്ചമണിഞ്ഞു കൊണ്ടിരുന്നു.

ന്നത്തേയും പോലെ ഏകാന്തവും വിരസവുമായ  രാത്രിയിലും കാവൽക്കാരനായ ബൻഷി കോക്കുണ്ടാക്കുന്ന കമ്പനിയുടെ മതിൽക്കെട്ടിനകത്തെ കൂട്ടിൽ നിന്നുയരുന്ന വാത്തകളുടെ കരച്ചിലും കേട്ടു കിടന്നു
അയാളെ മഥിച്ചിരുന്ന അസ്പഷ്ടമായ ചില ചിന്തകളുടെ ഒരു പ്രതിഫലനം പോലെ അയാളുടെ ബീഡിയുടെ കനൽ ആളിയമർന്നു.
ലോകത്തിൽ നിന്ന് വിഛെദിക്കപ്പെട്ടെന്നു തോന്നിച്ച ഒരവസ്ഥയിൽ നിന്നും പേടിപ്പെടുത്തും വിധം പെട്ടെന്ന് താൻ തനിച്ചല്ലാതായി എന്നയാൾക്ക്‌ തോന്നി.
അയാൾ എന്തോ തീരുമാനിച്ചുറച്ച പോലെ എഴുന്നേറ്റിരുന്നു.
ബീഡിപ്പുക അയാളുടെ കവിളിനോടുചേർന്ന് പറന്നുയർന്നു.
അയാൾ എഴുന്നേറ്റ് കമ്പനിയുടെ മതിൽക്കെട്ടിനുള്ളിലേക്ക് നടന്നുഅവയെ അടച്ചിരുന്ന  വലിയ കൂടിനടുത്തെത്തി
അയാളുടെ വീതിയാർന്ന കഴുത്തിലെ കനത്ത പേശികൾ ഉമിനീരിറക്കി.
പൂട്ടിയിട്ടിരുന്ന വാതിലുകൾ ഓരോന്നായി അവയ്ക്ക് മുന്നിൽ അയാൾ യാന്ത്രികമായി തുറന്നിട്ടു കൊടുത്തു.

ഒരു വശം നഷ്ടപ്പെട്ട വാത്തകൾ കൂട്ടമായി അയാളുടെ കാലുകളെ തഴുകി വാതിൽ കടന്ന്  ഹാലൊജൻ വിളക്കിന്റെ വെളിച്ചമുള്ള പുറം ലോകത്തേക്കോടി

രാത്രിയുടെ കാവൽക്കാരന്റെ മുഖത്ത് ആത്മാർഥമായ ഒരു പുഞ്ചിരി വിടർന്നു.

അവയുടെ കാലുകളുടെ ആവേഗം അയാളെ അതിശയിപ്പിച്ചു. അയാൾ അതു തന്നെ സൂക്ഷ്മമായി ശ്രദ്ധിച്ചു നിന്നു
ഇവയ്ക്കു ഒന്നു പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, അയാൾ വെറുതേ ആശിച്ചു.

വാത്ത കുഞ്ഞുങ്ങളെ വേർതിരിച്ച് മറ്റൊരു വലിയ കൂട്ടിലായിരുന്നു ഇട്ടിരുന്നത്. അയാൾ പിന്നീട് അവിടം ലക്ഷ്യമാക്കി നടന്നു

നടക്കുന്നതിനിടെ ഒരു പഴയകാല ചിത്രം അകാരണമായി  അയാളുടെ മനസ്സിലൂടെ  മിന്നി മാഞ്ഞു.
"ബൻഷി - 75 " തന്റെ നെഞ്ചളവെടുത്ത മീശക്കാരൻ ഉറക്കെ വിളിച്ചു പറഞ്ഞു.
ഒന്നര കിലോമീറ്റർ എട്ടു മിനിട്ട് കൊണ്ട് ഓടിത്തീർത്ത് വിയർത്തൊലിച്ചു നിന്നു കിതക്കുന്ന തന്റെ പല്ലുകൾ വരെ എണ്ണി നോക്കിയ ശേഷം ഒടുവിൽ താൻ പട്ടാളത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി അവർ അറിയിച്ചു
എരിയുന്ന നെഞ്ചും പൊട്ടിയോലിച്ച പാദങ്ങളും തൊടുത്തുവിടുന്ന വേദനകൾക്കിടയിലും  സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്.

എന്തിന് ? എന്തായിരുന്നു സന്തോഷത്തിന്റെ കാരണം? ബൻഷിക്ക് ഇപ്പോൾ ഉത്തരം ലഭിക്കുന്നില്ല

രാജ്യത്തിനു വേണ്ടി ത്യജിച്ച തന്റെ ഒഴിഞ്ഞ ഇടത്തെ ഭാഗത്തേക്ക് നോക്കിയിരുന്നപ്പോൾ അയാൾക്ക്സ്വയം ഒരുതരം വെറുപ്പ്തോന്നി. ജീവിതത്തിൽ അവഗണനകളുടെ അടഞ്ഞ വാതിലുകളല്ലാതെ എന്തായിരുന്നു ഇതുകൊണ്ട് ഒരു നേട്ടംജവാന്മാരുടെ ശവപ്പെട്ടിയിൽ പോലും അഴിമതി നടത്തുന്ന ഒരു നാടിനു വേണ്ടി സ്വന്തം ജീവിതം തന്നെ നശിപ്പിച്ച ഒരുവന്റെ നെടുവീർപ്പ് പുറത്തു വന്നുപരാജിതർക്കു മാത്രം സ്വന്തമായ ആരും കാണുവാനില്ലാത്ത ഒരു നെടുവീർപ്പ്.
കുറ്റബോധത്തിന്റെ ചുവയുള്ള ഒരു നാണക്കേട് അയാളെ പിടികൂടിയിരുന്നു.

ഒടുവിൽ അവശേഷിച്ചിരുന്ന കുഞ്ഞുവാത്തകളുടെ കൂടിന്റെ  വാതിലും ബൻഷി മലർക്കെ തുറന്നിട്ടു.

കുഞ്ഞുങ്ങൾ കൂട്ടിനുള്ളിൽ പേടിച്ചിട്ടെന്ന പോലെ സ്തംബ്ദരായി നിന്നു. അയാൾ കൂട്ടിൽ കയറി ഒരു അലർച്ചയോടെ അവയെ പുറത്തേക്കോടിച്ചു. കരയുന്ന ഒരു ശബ്ദത്തോടെ അവ പുറത്തെ  വാത്തകൂട്ടത്തെ ലക്ഷ്യമാക്കി പാഞ്ഞു.

കൂടുക്കൾക്കിടയിൽ നീണ്ടു കിടന്ന മണൽ വിരിച്ചിരുന്ന ഇടനാഴിയിൽ ദിശയറിയാതെ ഒത്തുകൂടിയിരുന്ന ആയിരക്കണക്കിന് വാത്തകളെ പകുത്തു മാറ്റി അയാൾ വിശുദ്ധനായ ഒരു വഴികാട്ടിയെപ്പോലെ ഗേറ്റിലേക്ക് നടന്നു. പട്ടാളചിട്ടയിൽ ചേർത്ത് വെട്ടിയിരുന്ന അയാളുടെ തലമുടി ഹലോജൻ വെളിച്ചത്തിൽ പട്ടുപോലെ തിളങ്ങി. കാറ്റിലാടുന്ന തന്റെ കമ്പിളിക്കുപ്പായത്തിന്റെ ഇടം കൈയ്യോഴിച്ചാൽ അയാളുടെ ചലനങ്ങൾ ഒരു പട്ടാളക്കാരന്റെ കൃത്യതയെ ഓർമിപ്പിച്ചു.
പക്ഷികൾ ബൻഷിയെ അനുസരണയോടെ പിന്തുടർന്നു.
അയാളുടെ നടത്തം പൊടുന്നനെ നിലച്ചു.
ഒരു ചെറിയ നിശബ്ദതക്കു ശേഷം അയാൾ വാത്തകളോടെന്നപോലെ ശിരസ്സുയർത്തിപ്പിടിച്ച് ഉറക്കെ അലറി,
"മാർഛ്…"
പിന്നിൽ താളത്തിൽ പതിക്കുന്ന ബൂട്ടുകളെ അയാൾ കേട്ടു.
പരസ്പരബന്ധിതമായ ഒരു കൂട്ടം പോലെ അവർ മുന്നോട്ടു നീങ്ങി.

കമ്പനിയുടെ കവാടവും കടന്ന് അവർ സൂഷ്മതയാർന്ന താളത്തോടെ ഇരുട്ടു വീണ പാതയിലേക്ക് നടന്നു നീങ്ങി.
അവയുടെ കാലടികളുടെ ശബ്ദം അയാളിൽ ആത്മവിശ്വാസമുണർത്തി.
വാത്തകളോടുള്ള ആജ്ഞകൾ അയാൾ നടത്തത്തിനിടയിൽ തൊണ്ട പൊട്ടുമാറ് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ഡിസംബറിന്റെ മഞ്ഞിൽ ശബ്ദം പുതിയ ദൂരങ്ങൾ രേഖപ്പെടുത്തി.
നദിയിൽ നിന്നുള്ള തണുത്ത കാറ്റ് മുഖത്തടിച്ചു തുടങ്ങി
ഗംഗയെത്തിയിരിക്കുന്നു, അയാളോർത്തു.
ഗംഗയുടെ എതിർക്കരയിലുണ്ടായിരുന്ന ജൂട്ട് ഫാക്ടറികളിൽ നിന്നുള്ള മഞ്ഞ വെളിച്ചം നദിയിലെ ഓളങ്ങളിൽ കുത്തുകളായി പരന്നു കിടന്നിരുന്നു.  
വശത്തുണ്ടായിരുന്ന കാളിബാടിയുടെ പടവുകളിലൂടെ സംഘം ഗംഗയിലേക്ക് നടന്നിറങ്ങി.

നദിയിലിറങ്ങുന്നതിന് മുൻപ്  അവസാന പടിയിൽ നിന്ന് ബൻഷി ഒരു നിമിഷം വിശാലമായ നദിയിലേക്ക് നോക്കി നിന്നു.
ഒരു പക്ഷെ രാത്രി പുലരുന്ന വേളയിൽ കമ്പനി മുതലാളിമാർ തന്നെക്കുറിച്ച് പറയാവുന്ന ചില വാചകങ്ങൾ സങ്കൽപ്പിച്ചു നോക്കി,
"എവിടെ ഒറ്റക്കയ്യൻ കാവൽക്കാരൻ, നാറി ?" മുതലാളി അലറും.
കേൾവിക്കാർ നിശബ്ദമായി തന്നെ നിൽക്കും.. നിൽക്കണം. അതാണ്അവക്കുള്ള വിധി.
"എവിടെയുണ്ടെങ്കിലും അവനെ പിടിച്ചു കെട്ടി എന്റെ മുന്നിൽ കൊണ്ടു വരണം" മുതലാളി വീണ്ടും അലറും.
പണിക്കാർ നാലുപാടും ചിതറിയോടും.

എങ്കിലും ഒന്നുണ്ട്, എത്ര ആലോചിച്ചാലും ഒരാൾക്കും പിടികിട്ടാത്ത ഒന്ന്
"അവൻ എന്തിനിത് ചെയ്തു?"
ആജ്ഞ പുറപ്പെടുവിച്ച മുതലാളി പോലും പിന്നീടുള്ള ജീവിതം മുഴുവൻ ഒരു പക്ഷെ ചോദ്യത്തിനു പിന്നാലെ പായും. പായണം.

ബൻഷി ഉള്ളിൽ ചിരിച്ചു

തന്നെക്കടന്ന് ആയിരക്കണക്കിന് വാത്തകൾ അപ്പോഴേക്കും നദിയിലേക്ക് ഒഴുകിച്ചേർന്നിരുന്നു. നിമിഷ നേരം കൊണ്ട് കണ്നെത്താദൂരെ ഒഴുകി നീങ്ങുന്ന പഞ്ഞിക്കെട്ടുകളെക്കൊണ്ട് ഗംഗാതലം നിറഞ്ഞു കവിഞ്ഞു.
ജലപ്രതലത്തെ തൊട്ടു നിന്നിരുന്ന മഞ്ഞിൻ പുകപടലങ്ങളും കടന്ന് അവ യാത്ര തുടർന്നു കൊണ്ടിരുന്നു. കുഞ്ഞുങ്ങളെ തന്നോടു ചേർത്തുപിടിച്ച് നീന്തുന്ന വാത്തകളുടെ സുറുമയിട്ട കണ്ണുകൾ നിറഞ്ഞിരുന്നോ? അറിയില്ല.
നദീജലം മുക്കിയ പടവുകളിലേക്ക് അയാൾ പതിയെ ഇറങ്ങി നടന്നു.
പുലർച്ചയുടെ മഞ്ഞിൽ അലസമായി കിടന്ന ഗംഗയിലേക്ക് അയാൾ എടുത്തു കുതിച്ചു.
നദിയിലെ പ്രകാശത്തിന്റെ പൊട്ടുകളെ വകഞ്ഞു മാറ്റി ബൻഷി നീന്തിത്തുടങ്ങി.
പിന്നിൽ വാത്തക്കൂട്ടങ്ങളുടെ തീരാത്ത ഒഴുക്ക് അപ്പോഴും നദിയിലേക്കുള്ള പടികളിറങ്ങിക്കൊണ്ടിരുന്നു.

വാത്തകളുടെ രാജാവിനെപ്പോലെ അയാൾ അവയ്ക്കിടയിലൂടെ മറുകര ലക്ഷ്യമാക്കി  നീന്തിയകന്നു.

17 comments:

 1. അതെ,ആത്മാര്‍ഥമായ ഒരു പുഞ്ചിരി വേണമെങ്കില്‍ .നല്ല കഥാപശ്ചാതലം.

  ReplyDelete
 2. അങ്ങനെയാണൊ ഷട്ടില്‍ കോക്ക് ഉണ്ടാക്കുന്നത്? അതിന് വേണ്ടി പക്ഷികളെ വളര്‍ത്തുകയും ചിറകരിയുകയും ചെയ്യാറുണ്ടോ? എങ്കില്‍ കഷ്ടം!

  ഇടംകൈ നഷ്ടപ്പെട്ട ബന്‍ഷിയ്ക്ക് അവയുടെ അവസ്ഥ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയും അല്ലേ?

  ReplyDelete
  Replies
  1. അതെ, ഇങ്ങനെ തന്നെയാണ് ഷട്ടിൽ കോക്ക് ഉണ്ടാക്കുന്നത്‌. ഹൗറയിലും പഞ്ചാബിലും ആണ് പ്രധാന കേന്ദ്രങ്ങൾ. ഇപ്പൊ ചൈനീസ് പ്ലാസ്റ്റിക്‌ കോക്കുകൾ വരുന്നത് കൊണ്ട് ഈ വ്യവസായം നിന്നു തുടങ്ങി.

   വായിച്ചതിനും ,വിലയേറിയ അഭിപ്രായങ്ങൾക്കും നന്ദി……

   Delete
 3. ഒടുവില്‍ ഒറ്റ ചോദ്യം മാത്രം.എന്തിനു വേണ്ടിയായിരുന്നു?നല്ല കഥ .ആശംസകള്‍

  ReplyDelete
 4. കഥ മനസ്സിനെ വേദനിപ്പിക്കുന്നു.. നന്നായി എഴുതി. അഭിനന്ദനങ്ങള്‍.

  ReplyDelete
 5. വാത്തകള്‍ക്കൊരു രക്ഷകന്‍ ബന്‍ഷി...കഥ ഇഷ്ടപ്പെട്ടൂട്ടോ

  ReplyDelete
 6. വാത്തകള്‍ക്കൊരു രക്ഷകന്‍ ബന്‍ഷി...കഥ ഇഷ്ടപ്പെട്ടൂട്ടോ

  ReplyDelete
 7. നല്ല കഥ.. കഥാ പരിസരം മികച്ചതായി..

  ReplyDelete
 8. വളരെ നന്നായി എഴുതി. കഥ ഇഷ്ടമായി

  ReplyDelete
 9. എന്നാലും ഈ വാത്തകളെ വികലാംഗരാക്കി കോക്ക് ഉണ്ടാക്കുന്നത് കഷ്ട്ടാണ്....

  ReplyDelete