Monday, September 1, 2014

ഗളിവർസ് പാർക്ക്

അപ്പോൾ നദി പോലും ഉണർന്നിരുന്നില്ല എന്നു തോന്നി. ഇരുട്ടിൽ വെള്ളത്തിനു മുകളിൽ  ചലനമറ്റുനില്ക്കുന്ന മൂടൽ മഞ്ഞിനെ പകുത്തുമാറ്റി ഡോക്ടറുടെ വഞ്ചി മുന്നോട്ടു ചലിച്ചുകൊണ്ടിരുന്നു
സമയം കടന്നുപോകുന്നതനുസരിച്ച് അയാൾക്ക്അൽപ്പം പേടി തോന്നി,  "തിരിച്ചു പോയാലോ?"
ചിന്ത വിഡ്ഢിത്തമെന്നുകണ്ട് സ്വയം ഗുണദോഷിച്ചു. "വേണ്ട, ഒരുപക്ഷെ താനന്വേഷിക്കുന്ന ഗളിവർസ് പാർക്ക്തൊട്ടപ്പുറത്താണെങ്കിലോ? ഇത്രയിടം വരെ വന്നിട്ട് , അതും ഇത്രയും കഷ്ടപ്പെട്ടിട്ട്..."
ഡോക്ടർ വീണ്ടും യാത്ര തുടർന്നു.

നാട്ടിലെത്തിയപ്പോൾ പരിചയപ്പെട്ട ഡോക്ടർമാരുടെ അടുത്തു നിന്നാണ് ഉപേക്ഷിക്കപ്പെട്ട തീം പാർക്കിനെക്കുറിച്ച് ഡോക്ടർ അറിഞ്ഞത്. കുട്ടികളുടെ ഹാർട്ട് സർജറി സ്പെഷ്യലിസ്റ്റ് ആയ അദ്ദേഹം ഒരു കോണ്‍ഫെറൻസിൽ  പങ്കെടുക്കാനായി എത്തിയതായിരുന്നു നാട്ടിൽമെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ്‌ ഡോക്ടർക്ക് ഫോട്ടോഗ്രാഫിയിലുള്ള കംബം. കംബം എന്നു പറഞ്ഞാൽ വ്യത്യസ്ഥതയുള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തുകഗൊകർണത്തെ കടൽത്തീരത്തുപേക്ഷിക്കപ്പെട്ട തുരുംബിച്ച കപ്പലിനകത്തെ ചിത്രങ്ങൾ തുടങ്ങി നമീബിയയിലെ മണൽക്കാറ്റു വിഴുങ്ങിയ ഗോസ്റ്റ് സിറ്റിയുടെ ചിത്രങ്ങൾ വരെ ഡോക്ടറുടെ ശേഖരത്തിലുണ്ട്.

കൂട്ടുകാർ പറഞ്ഞിരുന്ന ദിശയിൽ വടക്കുനോക്കിയന്ത്രത്തിൽ നോക്കി പാർക്കിരിക്കുന്ന ദ്വീപ് ലക്ഷ്യമാക്കി അയാൾ തുഴഞ്ഞുകൊണ്ടിരുന്നു
'മാജിക്അവെർസ് തീരുന്നതിനുമുൻപ് പാർക്കിലെത്തണം', അയാൾ മനസ്സിൽക്കുറിച്ചുനിഴലുകൾ അന്യമായ  പ്രഭാതകിരണങ്ങളുടെ പൊലിമയിൽ തന്റെ കാമറയിൽ പതിയാൻ പോകുന്ന പാർക്കിന്റെ ചിത്രങ്ങളെക്കുറിചോർത്തപ്പോൾ  ഡോക്ടറുടെ തുഴകൾക്ക് അറിയാതെ വേഗതയേറി.

"ഒരുകാലത്ത് വളരെ തിരക്കുള്ള ഒരു തീം പാർക്കായിരുന്നു ഇത്. 1992 ലെ ഭൂചലനത്തിൽ പാർക്കിന് സംഭവിച്ച നാശനഷ്ടം ഇതിന്റെ ഉടമസ്ഥനെ കടക്കെണിയിലാക്കി ആത്മഹത്യയിലെത്തിച്ചു, അതോടെ ഇതടച്ചുപൂട്ടുകയായിരുന്നുഇപ്പോൾ മിക്കവാറും ദുർമാർഗികളാണ് പാർക്ക്  അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. കുറച്ചു വർഷം മുൻപ് ടൌണിലെ ഒരു പെട്രോൾ ബങ്കിൽ നടന്ന ഒരു ബോംബു സ്ഫോടനവും മറ്റും  പാർക്കിൽ വച്ചാണ് ആസൂത്രണം ചെയ്തതെന്ന് ആന്നത്തെ ചില പത്രങ്ങളിൽ വന്നിരുന്നുഅധികം സമയം അവിടെ ചിലവിടുന്നത്അത്ര നന്നല്ല. കാര്യം കഴിഞ്ഞാൽ അപ്പോൾ തന്നെ അവിടന്ന് തിരിക്കണം." യാത്ര പുറപ്പെടുമ്പോൾ ആരോ ഓർമിപ്പിച്ചു. ഇതുപോലുള്ള സ്ഥലങ്ങൾ ഒരുപാടുകണ്ട ഡോക്ടറിന് അതൊരു പുതിയറിവായിരുന്നില്ലഉപേക്ഷിക്കപ്പെട്ട എല്ലാ സ്ഥലങ്ങളും ഒടുവിലെത്തിച്ചേരുന്നത് ഇത്തരം ആൾക്കാരുടെ കൈകളിലായിരിക്കും

പുലർന്നു തുടങ്ങിയിരുന്നു. ഒഴുകുന്നുവെന്ന് സംശയം തോന്നിപ്പിക്കുന്ന നദിയിൽ ലക്ഷ്യബോധമുള്ള ഒരു മുതലയെപ്പോലെ അയാളുടെ വഞ്ചി നീങ്ങിക്കൊണ്ടിരുന്നുവർണ്ണ രഹിതമായ പ്രഭാതത്തിൽ പൊടുന്നനെ അയാൾക്കു മുന്നിലായി തൂവെള്ള ബിർച്ച് മരങ്ങൾ തിങ്ങിനില്ക്കുന്ന ഒരു ദ്വീപ് കാണപ്പെട്ടു. മൂടൽ മഞ്ഞിന്റെ കനം കുറയുന്നതനുസരിച്ച്  മരത്തലപ്പുകൾക്ക് മുകളിലായി ആകാശത്ത് ഭീമാകാരനായ ഒരു ചക്രം തെളിഞ്ഞു വന്നു. ഡോക്ടർ തുഴച്ചിൽ നിർത്തി ധൃതിയിൽ തന്റെ ബാഗിൽ നിന്നും കാമറയെടുത്ത് ചിത്രങ്ങൾ പകർത്താനാരംഭിച്ചു
ലക്ഷ്യത്തിലെത്തിച്ചേർന്നത്തിന്റെ ഒരു വിറയാർന്ന പുഞ്ചിരിയോടെ അയാൾ  ജയന്റ് വീൽ നില്ക്കുന്ന ദ്വീപ് ലക്ഷ്യമാക്കി വേഗത്തിൽ തുഴഞ്ഞു.
കരയടുക്കാറായപ്പോൾ പുഴയിലേക്ക് ഇറങ്ങിനില്ക്കുന്ന ജീർന്ണാവസ്ഥയിലുള്ള ഒരു നീണ്ട കടവ് കാണാറായി. ഒരേ സമയം കുറഞ്ഞത്നാലു വലിയ ബോട്ടുകളെങ്കിലും കൈകാര്യം ചെയ്യാവുന്നത്ര വലുതായിരുന്നു കടവ്. ഒരു തൂണിൽ വഞ്ചി കെട്ടിയിട്ടതിനു ശേഷം ഡോക്ടർ തന്റെ കാമറസഞ്ചിയും ട്രൈപോടും എടുത്ത് പാർക്ക്ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.
ഡാൽമേഷൻ നായ്ക്കളെ ഓർമ്മപ്പെടുത്തും വിധം വെളുപ്പിൽ കറുത്ത പുള്ളികളുള്ള ബിർച്ചുമരങ്ങൾ ചുറ്റും കാവൽ  നില്ക്കുന്ന ഒരു ഒഴിഞ്ഞ സ്ഥലത്താണ്  പാത അവസാനിച്ചത്‌. മുൻപിൽ പഗോഡയുടെ മാതൃകയിൽ പ്രൌഡി നഷ്ടമായ ഒരു കൂറ്റൻ കരിങ്കൽ കവാടം കണ്ടു. ഡോക്ടർ നടത്തം അവസാനിപ്പിച്ച്  ചുറ്റും ശ്രദ്ധിച്ചുചില്ലുകൾ തകർക്കപ്പെട്ട നിലയിൽ വശത്തായി ഒരു വലിയ ഹാൾ കണ്ടു.അത് ടിക്കറ്റ്കൌണ്ടർ ആയിരിക്കണം. അതിനുള്ളിൽ മദ്യക്കുപ്പികളും മറ്റും ചിതറിക്കിടക്കുന്നുണ്ട്കൌണ്ടറിനോട് ചേർന്ന് ആയിരം ഏക്കർ വരുന്ന  പാർക്കിന്റെ ഭൂപടം വരച്ചു വച്ചിരുന്നത് കണ്ടുഡോക്ടർ എല്ലാറ്റിന്റെയും ചിത്രങ്ങൾ പകർത്തിക്കൊണ്ടിരുന്നു.

സമയം കളയാതെ  കൂറ്റൻ കവാടം കടന്ന് ഡോക്ടർ പാർക്കിനുള്ളിലേക്ക് ധൃതിയിൽ നടന്നു. കരിങ്കൽ പാകിയ അകത്തേക്കുള്ള വഴിയുടെ ഇരു വശങ്ങളിലും ക്രിസാന്തിമം കാടുപിടിച്ച് നില്ക്കുന്നുണ്ടായിരുന്നു. നടന്നിരുന്ന വഴിയിൽ കാട്ടുപുല്ല് കയറി ചിലയിടങ്ങളിലെങ്കിലും വഴി തെറ്റുമോ എന്ന് ശങ്കിച്ചു. തകർന്ന നിലയിലുള്ള തെരുവുവിളക്കിൻ കാലുകളുടെ  സ്ഥാനം നോക്കി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു .  
വഴിയവസാനിച്ചത് ''ഡോഡ്ജെം" ആണ്പരസ്പരം ഇടിപ്പിച്ചു കളിക്കുന്ന പല വർണ്ണത്തിലുള്ള ഇലക്ട്രിക് കാറുകൾ കൂട്ടിയിട്ടിരിക്കുന്ന ഒരു മുറി മുറി മുഴുവൻ ഗ്രിൽ ഇട്ടിരുന്നതിനാൽ കരിയിലകൾ മുറിയിലേക്ക് കയറി വൃത്തികെടായിരുന്നില്ല. തുരുമ്പിച്ച കളികാറുകൾ കിടന്നിരുന്ന മുറി മുഴുവൻ വവ്വാൽ കാട്ടത്തിന്റെ ഗന്ധമായിരുന്നു.

ചിത്രങ്ങളെടുത്ത ശേഷം ഡോക്ടർ മുറിക്കു പുറകിലായി കണ്ട വീതിയുള്ള വഴിയിലൂടെ ഇറങ്ങി നടന്നു.
തൊട്ടപ്പുറത്തായി ചെറിയ കുട്ടികൾക്കായുള്ള " മേരി ഗോ റൌണ്ട്കണ്ടു. മേരി ഗോ റൌണ്ടിൽ നിന്നും അടർന്നു വീണ ഒരു വെളുത്ത കുതിരയെ കാട്ടു ചെടികൾ തിന്നു തുടങ്ങിയിരുന്നു
കാഴ്ചകൾ കണ്ട് ഡോക്ട്ടർ വഴിയിലൂടെ മുന്നോട്ടു തന്നെ നീങ്ങി.  
തുരുമ്പിച്ച പിരിയൻ തീവണ്ടിപ്പാളങ്ങൾ , പായൽക്കറയവശേഷിച്ച സ്വിമ്മിംഗ് പൂളുകൾ,... എന്നിങ്ങനെ പ്രത്യേകതയാർന്ന  ചിത്രങ്ങൾ സമയം പോകുന്നതനുസരിച്ച് ഡോക്ടറുടെ കാമറയിൽ പതിഞ്ഞുകൊണ്ടിരുന്നു.

പാതയവസാനിച്ചപ്പോൾ  മുന്നിലായി രണ്ടാൾ പൊക്കത്തിൽ ചെടി കൊണ്ടുള്ള ഒരു മതിൽ കണ്ടു. വെട്ടി നിർത്താത്തതിനാൽ മതിലിന്റെ ആകൃതിക്ക്കോട്ടം സംഭവിച്ചിട്ടുണ്ട്. ചെടിമതിലിനു മുന്നിലായി വച്ചിരുന്ന തുരുമ്പിച്ച ബോർഡിൽ നിന്നുമാണ് കാര്യം മനസിലാക്കിയത്. അതൊരു 'പസിൽ' ആണ്. ചെടിമതിൽ തീർക്കുന്ന ഊരാക്കുടുക്ക്വഴികളിലൂടെ പാർക്കിനു നടുവിലുള്ള ഗളിവറിന്റെ പ്രതിമയ്ക്കടുത്തെത്താം
പസിലിലേക്കുകയറുന്നതിനു മുൻപ് പെട്ടെന്ന് ഡോക്ട്ടരുടെ മനസ്സിൽ ഇതിനു മുന്പെങ്ങും ഉണ്ടായിട്ടില്ലാത്ത അകാരണമായ ഒരുതരം  ഭയം നാംബെടുത്തു. ഇതിനകത്ത് കയറി വഴിതെറ്റി ഇറങ്ങാൻ കഴിയാതെ പോയാൽ- ഒരു സഹായത്തിനു പോലും ആരും  പ്രദേശത്തെങ്ങും ഇല്ല.  ഡോക്ടർ എന്തോ ആലോചനയോടെ ചുറ്റും നോക്കിപുറത്തേക്കുള്ള വഴിയുടെ അടയാളത്തിനായി അവിടെക്കിടന്നിരുന്ന ഒരു വലിയ മുളവടി അയാൾ കവാടത്തിൽ കുത്തി നിർത്തി. കാമറാബാഗിൽ സ്വരക്ഷക്ക് കരുതാറുള്ള കത്തിയുണ്ട് എന്നുറപ്പു വരുത്തിയശേഷം ഡോക്ടർ പസിലിനുള്ളിലേക്ക് പ്രവേശിച്ചു.

ചെടിമതിൽ തുറന്നു തരുന്ന വാതിലുകളിലൂടെ അയാൾ പാർക്കിന്റെ ഹൃദയത്തിലേക്ക് പോയിക്കൊണ്ടിരുന്നു. ഒരു നിമിഷം കൊണ്ട് ലോകം ഒരു ഇടനാഴിയായി തനിക്കു മുന്നിൽ ചുരുങ്ങിക്കിടക്കുന്നത് അയാൾ ആസ്വദിച്ചു. സമയം കടന്നു പോവുന്നതനുസരിച്ച് എപ്പോഴോ  അടയാളത്തിനായി കവാടത്തിൽ വച്ചിരുന്ന മുളപോലും കാഴ്ചയിൽ നിന്നും മറഞ്ഞു പോയിരുന്നു. ചുറ്റും കാഴ്ച മറയ്ക്കുന്ന പച്ചപ്പുമാത്രം. ചിലയിടങ്ങളിൽ കാടുപിടിച്ച് ശരിയായ വാതിൽ പോലും അടഞ്ഞിരിക്കുന്നതായി കണ്ടുഅര മണിക്കൂർ സഞ്ചരിച്ച വഴികളിലൂടെ വീണ്ടും വീണ്ടും  യാത്ര തുടർന്നുആവർത്തനവിരസത തോന്നിപ്പിക്കുന്ന സഞ്ചാരത്തിന് എപ്പോഴോ ഭയത്തിന്റെ ഒരു ലാഞ്ചന വീണുതുടങ്ങിയിരുന്നു. പെട്ടെന്ന് ഒരു വളവു തിരിഞ്ഞപ്പോൾ ദൂരെ ഒരു വിടവിലൂടെ  പുറം ലോകത്തിന്റെ വശ്യമായ വെളിച്ചം കണ്ടു. ഡോക്ടറിന്റെ മുഖത്തു നിന്നും ആശ്വാസത്തിന്റെ ഒരു ദീർഘനിശ്വാസം പുറപ്പെട്ടു.

പുറത്തേക്കുള്ള വഴി എത്തിച്ചേരുന്നത് വിശാലമായ ഭക്ഷണ ശാലകളും, കെട്ടിടങ്ങളുമൊക്കെയുള്ള കരിങ്കൽ പാകിയ ഒരു വെളിംപ്രദേശത്തേക്കായിരുന്നു. ഡ്രാഗണ്‍ ഫ്ലൈസ് പറന്നു നടന്നിരുന്ന ഒഴിഞ്ഞ സ്ഥലത്തിന്റെ  ഒത്തനടുവിലായാണ്  ഭീമാകാരനായ ഗളിവരുടെ പ്രതിമ കിടന്നിരുന്നത്. ലില്ലിപ്പുട്ടുകാർ കെട്ടിയിട്ട നിലയിലാണ് പ്രതിമയുണ്ടാക്കിയിരിക്കുന്നത്. ദേഹമാസകലം കയർ വരഞ്ഞു കെട്ടിയിട്ടുണ്ട്നീളൻ തലമുടി നിലത്താണിയടിച്ച് വലിച്ചു കെട്ടിയിട്ടിരിക്കുന്നു. കാട്ടുവള്ളികൾ നീക്കം ചെയ്ത് ആരോ പ്രതിമയെ വൃത്തിയാക്കിയ പോലെയുണ്ട്. പക്ഷെ ഗളിവറിന്റെ മുഖമാസകാലം സ്പ്രേ പെയിന്റ് ഉപയോഗിച്ച് ഗ്രാഫിക്ആർട്ട്വർക്ക് നടത്തി വൃത്തികെടാക്കിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട ശേഷം സ്ഥലം കയ്യെറിയ കൂട്ടരായിരിക്കണം അതു ചെയ്തത്

"ഗളിവർ ശരിക്കും ആരായിരുന്നു?"  ഫോട്ടോകൾ എടുക്കുന്നതിനിടെ ഡോക്ടർ ഓർത്തു.
പുതിയ തീരങ്ങൾ തേടിയുള്ള യാത്രകൾ തുടങ്ങുന്നതിനു മുൻപ് അയാളും തന്നെപ്പോലെ തന്നെ ഒരു സർജൻ  ആയിരുന്നു എന്നു കേട്ടിട്ടുണ്ട്. ശസ്ത്രക്രിയയിലും ഇത്തരം  യാത്രകളിലും പൊതുവായി ഒന്നുണ്ട് - സാഹസികത. ഒരുപക്ഷെ തിരിച്ചറിവ് ഗളിവറിനും ഉണ്ടായിരുന്നിരിക്കണം. ഡോക്ടർ മനസ്സിൽ ചിരിച്ചു.

പശ്ചാതലത്തിൽ ദൂരെയുള്ള  ഫ്യൂജിയാമയെ കിട്ടുന്ന തരത്തിൽ ഡോക്ടർ പ്രതിമയുടെ ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ഒരു ശബ്ദം കേട്ട് ഡോക്ടർ ഞെട്ടലോടെ തിരിഞ്ഞു നോക്കി

തന്റെ പുറകിൽ ഏഴു വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി നില്ക്കുന്നുഅവൾ കിതക്കുന്നുണ്ടായിരുന്നു.

സ്ഥബ്ദനായി ഡോക്ടർ കുട്ടിയെ നോക്കി തരിച്ചു നിന്നുഭയത്തിന്റെയും സംശയത്തിന്റെയും ഒരായിരം ചോദ്യങ്ങൾ അയാളുടെ മനസിലൂടെ കടന്നു പോയി.ഒരു നിമിഷത്തേക്ക് ശബ്ദം പോലും മരവിച്ചതായി തോന്നി. ആന്ഗ്യത്തിലൂടെ ഡോക്ടർ എന്തോ ചോദിക്കാൻ ശ്രമിച്ചു. നാട്ടിലെ ഭാഷയിൽ കുട്ടി വേഗത്തിൽ എന്തോ സംസാരിക്കാൻ തുടങ്ങി. ഒന്നും മനസിലായില്ലെങ്കിലും അവൾ സംസാരിച്ചു തുടങ്ങിയതോടെ ചെറുതായി ഭയം അകന്നു തുടങ്ങി.
വഴി തെറ്റി പുറത്തേക്കു പോകാൻ കഴിയാതെ വിഷമിക്കുകയാണ് കുട്ടി  എന്നയാൾക്ക്മനസിലായി.  "എന്നാലും ദ്വീപിൽ ഇത്രയും ചെറിയ കുട്ടി ഒറ്റയ്ക്ക് ?!...അതും സമയത്ത്..!" 

ഡോക്ടർ ചുറ്റും നോക്കി, പരിഭ്രമത്തോടെ നിലത്തു മുട്ടു കുത്തിയിരുന്ന് അവളോടു ചോദിച്ചു," .. എന്താ ഒറ്റയ്ക്ക്?.. കൂടെ ആരുമില്ലേ ?"
അവൾക്ക് എന്റെ ഭാഷ മനസിലാവുന്നില്ല എന്നു തോന്നിഅവൾ വളരെ അവശയായിരുന്നു. അവളുടെ നീളൻ കുപ്പായം പോലും വളരെ മുഷിഞ്ഞിരുന്നുപതിയെ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി. നിറ കണ്ണുകളോടെ അവളുടെ കുഞ്ഞു വിരലുകൾ ചെടിമതിലിനു നേർക്കു നീണ്ടു.

"
സ്ഥലം കയ്യേറ്റം ചെയ്ത ദുർമാർഗ്ഗികൾ കുട്ടിയെ തട്ടിക്കൊണ്ടു വന്നതായിരിക്കണം! ഇനി അധിക സമയം ഇവിടെ നില്ക്കുന്നത് നന്നല്ല. അവർ പുറകെ തന്നെയുണ്ടാവും."   ചുറ്റും നോക്കിയ ശേഷം ഡോക്ടർ വേഗത്തിൽ എഴുന്നേറ്റ് അവളുടെ കൈ പിടിച്ച് പുറത്തേക്കുള്ള വഴി ലക്ഷ്യമാക്കി ഓടി.

തനിക്കു മുന്നിലെ ചെടിമതിലിന്റെ ഭയപ്പെടുത്തുന്ന നിഗൂഡതയോ, എങ്ങോട്ടെന്നില്ലാതെ  വളഞ്ഞു പുളഞ്ഞു കിടക്കുന്ന വെളിച്ചം വീഴാത്ത ഇടനാഴികളോ ഡോക്ടറെ ഭയപ്പെടുത്തിയില്ല. അയാൾ കുട്ടിയുടെ കൈകളിൽ  മുറുകെപ്പിടിച്ചു.
ചെടികൾ തീർത്ത  ഇടനാഴികളിലൂടെ അവർ ഓടിക്കൊണ്ടിരുന്നു. ആകാശം ചെറുതും വലുതുമായ ചതുരാകൃതിയിൽ അവർക്കു മുകളിലൂടെ കടന്നു പോയി. യാത്രയിൽ ആർക്കും ശരിയും തെറ്റും തിരിച്ചറിയാനാവില്ല, കാരണം  സമയം മുന്നിൽ തുറന്നു കിട്ടുന്ന വഴിയാണ് അപ്പോഴത്തെ ശരി. മിക്കപ്പോഴും അവ നയിച്ചിരുന്നത് വഴികളില്ലാത്ത അടഞ്ഞ ഇടനാഴികളിലേക്കായിരുന്നുസമയം പോകുന്നതനുസരിച്ച്  ഡോക്ടർക്ക് ഒരു കാര്യം വ്യക്തമായി, പരസഹായമില്ലാതെ ഒരിക്കലും പുറത്തിറങ്ങാനാവാത്ത വിധത്തിൽ തങ്ങൾ  മതിൽക്കാടിന്റെ  ഉള്ളിന്റെ ഉള്ളിൽ അകപ്പെട്ടു കഴിഞ്ഞുവെന്ന്.  പെട്ടെന്ന് ഡോക്ടർ തന്റെ ഓട്ടം നിർത്തി. കിതപ്പോടെ കാമറ എടുത്ത് അതിൽ നിന്നും മുന്പെടുത്ത പാർക്ക് മാപ്പിന്റെ ചിത്രം തിരഞ്ഞു പിടിച്ചുആയിരം ഏക്കർ വരുന്ന പാർക്കിന്റെ കാൽ ഭാഗത്തോളം വരുന്നത്ര വലുതായിരുന്നു ചെടികളുടെ  പ്രഹേളിക. അയാൾ ചിന്താവിഷ്ടനായി കുട്ടിയുടെ മുഖത്തേക്ക് നോക്കി. പ്രതീക്ഷയുടെ കുഞ്ഞു കണ്ണുകൾ അയാളെ നോക്കി പിടഞ്ഞുകൊണ്ടിരുന്നു.

പെട്ടെന്ന് അകലെയെവിടെയോ നിന്ന്  വെടിയൊച്ചകൾ അവിടമാകെ മാറ്റൊലികൊണ്ടു
ഭയന്ന അവൾ ഡോക്ടറെ മുറുകെ കെട്ടിപ്പിടിച്ചു. അവളെ ആശ്വസിപ്പ ശേഷം ഡോക്ടർ ധൃതിയിൽ പോക്കറ്റിൽ നിന്നും വടക്കുനോക്കിയന്ത്രം എടുത്ത് മാപ്പിൽ വച്ച് പുറത്തേക്കുള്ള ദിശ മനസിലാക്കി. പിന്നീടയാൾ ബാഗിൽ നിന്നും കത്തിയെടുത്തു. കുട്ടിയെ അല്പ്പം പുറകിലേക്ക് മാറ്റി നിർത്തി. ഒന്നും മനസിലാവാതെ അവൾ അയാളെ തന്നെ നോക്കി നിന്നു.  
സർവ്വശക്തിയുമെടുത്ത്അയാൾ ചെടിമതിൽ വെട്ടി മാറ്റാൻ തുടങ്ങി. വെടിയൊച്ചകൾ അടുത്തുവരുന്നതവർ ശ്രദ്ധിച്ചു. അയാളുടെ കൈകൾക്ക് വേഗതയേറിചെടിചില്ലകൾ കഴുകന്മാരെപ്പോലെ അയാളുടെ ശരീരത്തെ  മാന്തിപ്പറിച്ചുസർവ്വവും തകർക്കുന്ന ഒരു വെറിയോടെ ഡോക്ടർ ഊരാക്കുടുക്കിന്റെ വഴികളിലൂടെ ഒരു നേർരേഖ സൃഷ്ടിച്ചു കൊണ്ടിരുന്നു.  


സമയം അവരെ കടന്നു പോയിക്കൊണ്ടിരുന്നു. ഡോക്റ്റർ തന്റെ ജോലി ഒരു ചിത്തരോഗിയെപ്പോലെ നിർവ്വഹിച്ചുകൊണ്ടിരുന്നുവിയർപ്പിൻ കണങ്ങൾ നാലുപാടും ചിതറി വീണു. പെട്ടെന്ന് ദൂരെയെവിടെയോ ആകാശത്ത് ഒരു മുളയുടെ തുമ്പ് കാണാറായി. പുറത്തേക്കുള്ള വഴി കണ്ടെത്തിയ സന്തോഷത്തോടെ ഡോക്ടർ കത്തിയാഞ്ഞാഞ്ഞു വീശി. തളർന്നു തുടങ്ങിയ കൈകൾക്ക്  കാഴ്ച ഒരു ഊർജമായിരുന്നു. മുന്നിലെ ഓരോ മതിലുകൾ പിന്നിടുമ്പോഴും മുകളിൽ കണ്ടിരുന്ന മുളയുടെ വലിപ്പം കൂടി കൂടി വന്നുഅവസാന ചെടിമതിലും വെട്ടിമാറ്റി പുറം ലോകത്തിന്റെ വെളിച്ചത്തിലേക്ക് അയാൾ വന്നു വീണു.

ക്ഷീണിതനായി ചോരപ്പാടുകളിൽ വിയർത്തോലിച്ചു കിടന്നിരുന്ന അയാൾ കിതപ്പോടെ അവളോടു പറഞ്ഞു , 
"ഒടുവിൽ...നമ്മൾ പുറത്തെത്തി.."
ഉത്തരം കിട്ടാതായപ്പോൾ അയാൾ തലയുയർത്തി വന്ന വഴിയിലേക്കു ശ്രദ്ധിച്ചു, "ഹേയ് ...നീ എവിടെ..?" 
അവളെയവിടെയെങ്ങും കണ്ടില്ല
അയാൾ ഉറക്കെ വിളിച്ചു,   "ഹേയ് ....."
പരിഭ്രാന്തിയോടെ ഡോക്ടർ എഴുന്നേറ്റ് വന്ന വഴി തിരിച്ചു നടന്നുഅയാൾ അവളെ ഉറക്കെയുറക്കെ വിളിച്ചുകൊണ്ടിരുന്നു

വീണ്ടും വെടിയൊച്ചകൾ കേട്ടുദൂരെയെവിടെയോ ഒരു രൗദ്രതാളത്തിൽ വെടിയൊച്ചകൾ തങ്ങളുടെ മാളങ്ങളിലേക്ക് തിരിച്ചകന്നു പോകുന്നത് അയാളറിഞ്ഞു.
"അവൾ അവരുടെ കൈകളിലകപ്പെട്ടിട്ടുണ്ടാകുമോ...? അതോ പ്രഹേളികയിൽ വഴിയറിയാതെ ചുറ്റിതിരിയുന്നുണ്ടാവുമോ?  എന്നോട് ക്ഷമിക്കൂ കുട്ടി...ക്ഷമിക്കൂ..."

സർജന്റെ കണ്ണിൽ കുറ്റബോധം കണ്നുനീർ ചാലുകൾ തീർത്തു കൊണ്ടിരുന്നു.
എങ്ങു നിന്നോ പറന്നു വന്ന ഒരു കൂട്ടം ഡ്രാഗണ്‍ ഫ്ലൈസ് അയാൾക്കു മുകളിലൂടെ പുറത്തേക്കുള്ള വഴി ലക്ഷ്യമാക്കി കടന്നു പോയി. നിസംഗനായി അയാൾ അവയുടെ ചലനങ്ങൾ ശ്രദ്ധിച്ചു നിന്നു.

6 comments:

  1. കഥയിലൂടെ ഒരു മായികപ്രപഞ്ചത്തിലേക്ക് കൊണ്ടുപോയി. പിന്നെ അറിഞ്ഞു, അത് മായാപ്രപഞ്ചമൊന്നുമല്ല നമുക്ക് ചുറ്റുമുള്ള യാഥാര്‍ത്ഥ്യമാണെന്ന്.

    നന്നായി എഴുതി

    ReplyDelete