അലാറത്തിന്റെ ശബ്ദം കേട്ടു. ഉണര്‍ന്നെങ്കിലും കണ്ണ് തുറന്നില്ല. അടിച്ചത് താഴത്തെ ബര്‍ത്തില്‍ കിടക്കുന്ന ഹസ്സനിക്കയുടെ അലാറമാണ്. അഞ്ചു മിനിട്ട് കൂടിക്കഴിഞ്ഞേ എന്റെ അലാറമടിക്കൂ. അതുവരെ ഉറങ്ങാം. ഞാന്‍ പുതപ്പ് മെല്ലെ തല വഴി മൂടി. ഇന്നു ശനിയാഴ്ച... അടുത്ത അവധി ദിവസത്തിന് വരുന്ന വെള്ളിയാഴ്ച്ച വരെ കാത്തിരിക്കണം. അന്ന് രാവിലെ അലാറം നിറുത്തി കുറെ സമയം കിടന്നുറങ്ങണം. ഞാന്‍ മനസിലുറപ്പിച്ചു. പാതിമയക്കത്തിലെ ഈ ആലോചനകള്‍ക്കിടയില്‍ എപ്പോഴോ വീണ്ടുമുറങ്ങി.
പരിചിതവും അരോചകവുമായ അലാറത്തിന്റെ ശബ്ദം.
6.05 am.
അലാറം നിറുത്തി, മൂന്നാം ബര്‍ത്തില്‍ നിന്നും മെല്ലെ ഞാന്‍ താഴെയിറങ്ങി. മൂന്നുനില കട്ടിലുകള്‍ നിരത്തിയിട്ടിരിക്കുന്ന ആ വലിയ ഹാളില്‍ ഒരുവിധം എല്ലാവരും ഉറക്കമുണര്‍ന്നു തയ്യാറെടുക്കുന്നു. പല്ലു തേയ്ക്കാനായി ബ്രഷെടുത്ത് ഞാനും പുറത്തേക്ക് പോയി. പല്ലു തേയ്ക്കുമ്പോള്‍ ഉണ്ണിയേട്ടനെ കണ്ടു. ഇന്നലെയാണ് ഉണ്ണിയേട്ടന്‍ ലീവു കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ലെന്നു മുഖം കണ്ടാലറിയാം. എന്റെ തൊട്ടു താഴെയുള്ള ബര്‍ത്തില്‍ ആണ് ഉണ്ണിയേട്ടന്‍ കിടക്കുന്നത്. അയാള്‍ ഈ മരുഭൂമിയില്‍ വന്നിട്ട് നാലുവര്‍ഷമേ ആയിട്ടുള്ളൂ. ഞാനിവിടെ എത്തിയിട്ട് എട്ടു വര്‍ഷം തികയും ഈ വരുന്ന ഫെബ്രുവരിയില്‍. ഇത്രയും കാലത്തിനിടയില്‍ നാട്ടില്‍ പോയിട്ടില്ല, പോകാന്‍ തോന്നിച്ചില്ല എന്നതാണ് സത്യം. നാട്ടുകാരെയും കൂട്ടുകാരെയും സംബന്ധിച്ചിടത്തോളം ഞാന്‍ അവരുടെ മനസ്സില്‍ പണ്ടേ മരിച്ചു കഴിഞ്ഞിരിക്കണം. അല്ലെങ്കിലും എല്ലാ ഗള്‍ഫുകാരന്റെയും നാട്ടില്‍ നിന്നുള്ള ഓരോ തിരിച്ചു പോക്കും ഓരോ മരണം പോലെ തന്നെയാണ്. ഇതിനകം പലകുറി മരണം സംഭവിച്ച അല്ലെങ്കില്‍ വിരഹദുഃഖം അനുഭവിച്ച പാവങ്ങള്‍ എനിക്ക് ചുറ്റും. പല്ലു തേച്ചുകൊണ്ടിരിക്കുന്ന എന്റെ സഹപ്രവര്‍ത്തകരെ നോക്കി ഞാനോര്‍ത്തു. ഭാഗ്യമോ, ദൌര്‍ഭാഗ്യമോ, എനിക്കിതുവരെ ഒരിക്കലേ ആ ദുഖമനുഭവിക്കെണ്ടിവന്നിട്ടുള്ളൂ. ആ വിഷമം പിന്നീട് കുറച്ചു ദിവസം കൊണ്ടു ശരിയാവുകയും ചെയ്തു. ഒരു പക്ഷെ എട്ടു വര്ഷം എന്ന നീണ്ട കാലയളവായിരിക്കാം എന്നില്‍ നിന്നും ബന്ധങ്ങളുടെ തീവ്രത ചോര്‍ത്തിക്കളഞത്.
തോര്‍ത്ത് തലയില്‍ കെട്ടി കുളിമുറിക്കു മുന്നില്‍ കാത്തു നില്‍ക്കുമ്പോള്‍ ഞാന്‍ ഗൈറ്റിലേക്കു നോക്കി. ഇത്ര രാവിലെ തന്നെ സൂര്യന്‍ ശക്തി പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. ഇരുവശവും പനകള്‍ നട്ടിരിക്കുന്ന വീഥിക്കരികിലായി ഞങ്ങളെ ജോലിസ്ഥലത്തേക്ക് കൊണ്ടു പോകാനുള്ള, മുകള്‍ ഭാഗം മൂടിക്കെട്ടിയ മിനി ലോറി വന്നിരിക്കുന്നതായി കണ്ടു.
കുളിമുറിയുടെ വാതില്‍ തുറന്ന് ആരോ ഇറങ്ങി. അടുത്തതായി കുളിക്കാന്‍ ഞാന്‍ കയറി.
കൃത്യം ഏഴുമണിക്ക് ലോറി ഞങ്ങളെയും കൊണ്ടു പുറപ്പെട്ടു. നീല നിറത്തിലുള്ള യൂണിഫോം അണിഞ്ഞ കുറെ മനുഷ്യര്‍ വണ്ടിയുടെ ആട്ടത്തിനനുസരിച്ച് എന്റെയൊപ്പം ആടിക്കൊണ്ടിരുന്നു. പുറകിലെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഹസ്സനിക്കയുടെ തമാശകളും , ചിരികളുമൊക്കെ കേട്ടു തുടങ്ങി.ഇക്ക ഗൾഫു ജീവിതം തുടങ്ങിയിട്ട് പതിനഞ്ചു വർഷം കഴിഞ്ഞു പണ്ടൊക്കെ പുള്ളിക്കാരൻ നാട്ടിലേക്ക് കത്ത് അയക്കുമ്പോൾ സ്റ്റാംബിനു മുകളിൽ മെഴുക് തേച്ച് അയക്കുമായിരുന്നത്രേ! നാട്ടിൽ നിന്ന് സ്റ്റാമ്പ് സീൽ ചുരണ്ടിക്കളഞ്ഞ് തന്റെ ബീവി അടുത്ത കത്തിൽ സ്റ്റാമ്പുകൾ എല്ലാം തിരിച്ചയച്ചു കൊടുക്കുമായിരുന്നത്രേ! സത്യമോ നുണയോ? ഇക്ക ഒരു സരസനാണ്. മൈലാഞ്ചിതാടിയുള്ള ഒരു പാവം മലപ്പുറത്തുകാരന്‍. ജോലിസ്ഥലത്തെത്താന്‍ അരമണിക്കൂര്‍ എടുക്കും. ഞാന്‍ പുറത്തേക്ക് നോക്കി ഓരോ ചിന്തകളില്‍ മുഴുകി നിന്നു.
പുറത്തു വെയിലിനു കനം വച്ചു കഴിഞ്ഞു . കത്തുന്ന വെയിലിലും, പനയോലകളില്‍ അടിക്കുന്ന മണല്‍ ക്കാറ്റിനിടയിലൂടെയും കടന്നു പോയ എട്ടു വര്‍ഷങ്ങള്‍. കോണ്‍ക്രീറ്റിനൊപ്പം കുഴഞ്ഞരഞ്ഞു തീരുന്ന എന്റെ യവ്വനം. ഇരുമ്പ് മണക്കുന്ന എന്റെ കൈകള്‍..
ഒരുനിമിഷം ഞാനറിയാതെ, എന്റെ ചിന്തകള്‍ എനിക്കെതിരെ പടയൊരുക്കം നടത്തുന്നതു പോലെ തോന്നി.
എന്തിന്?
എന്തിനാണ് ഇപ്പോള്‍ ഈ നഷ്ടബോധം?
ഞാനെന്താണിങ്ങനെ ചിന്തിക്കുന്നത്?
കഴിഞ്ഞ എട്ടു വര്‍ഷം ഇല്ലാതിരുന്ന നഷ്ടബോധം പെട്ടെന്നെങ്ങിനെ എനിക്കുണ്ടായി?
എനിക്കറിയില്ല. കാരണമറിയാത്ത ഒരു വിഷമം ഈ ദിവസം മുഴുവന്‍ എന്നെ വെടയാടാന്‍ തുടങ്ങുന്നു എന്ന് ഞാനറിഞ്ഞു. പിന്നിട്ടു പൊയ്ക്കൊണ്ടിരിക്കുന്ന വഴിയില്‍ നോക്കി എന്റെ അസ്വസ്തതക്കുള്ള കാരണങ്ങള്‍ ഞാന്‍ അന്വേഷിച്ചു കൊണ്ടിരിന്നു.
മുന്നില്‍ പല മുഖങ്ങള്‍ , പല സാഹചര്യങ്ങള്‍...... ഒടുവില്‍ മനസ്സ് ഉണ്ണിയെട്ടനില്‍ ചെന്നു നിന്നു. കാരണം തേടിയുള്ള എന്റെ ചിന്തയില്‍ ആദ്യം ഉണ്ണിയേട്ടന്റെ പേരു വന്നെങ്കിലും ഞാന്‍ വിട്ടുകളഞ്ഞിരുന്നു. ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു, ഉണ്ണിയേട്ടന്റെ വാക്കുകള്‍....
അതെ ,ഉണ്ണിയേട്ടന്‍ ഇന്നലെ പറഞ്ഞ വാക്കുകളാണ് എന്നെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത്.
ഒരുപാടു പ്രാരാബ്ദങ്ങള്‍ ഉള്ള ആളാണ് ഉണ്ണിയേട്ടന്‍. ഇവിടെ എത്തിപ്പെടുന്നതിനു മുന്‍പ് ജീവിക്കാനായി ഒരുവിധം എല്ലാ ജോലികളും തന്നെ ചെയ്തിട്ടുള്ള ഒരാള്‍. ഇത്തവണ അദ്ദേഹം ലീവിന് നാട്ടില്‍ പോയി, തിരിച്ചു വരുന്നതിനു രണ്ടാഴ്ച മുന്‍പ് അദ്ധേഹത്തിന്റെ അമ്മ മരിച്ചു പോയി. ഇന്നലെ സന്ധ്യക്ക് ഞങ്ങള്‍ രണ്ടുപേരും മാത്രമായി കാറ്റു കൊള്ളാന്‍ ഇറങ്ങിയപ്പോള്‍ ഉണ്ണിയേട്ടന്‍ മനസ് തുറന്ന് ഒരുപാടു സംസാരിച്ചു. എന്നോടുള്ള ഒരു ഉപദേശം പോലെ അദ്ദേഹം പറഞ്ഞു.........
"ഞാന്‍ ലീവിന് നാട്ടില്‍ ചെല്ലുമ്പോള്‍ എന്റെ അച്ഛനും അമ്മയും എന്നും അവിടെ ,ആ ഇറയത്തു ഇരുപ്പുണ്ടാവും എന്ന് ഞാന്‍ വിചാരിച്ചു. മറ്റുള്ളവരുടെ അച്ഛനമ്മമാരുടെ മരണ വാര്‍ത്ത കേള്‍ക്കുംമ്പോളും എന്റെ അച്ഛന്റെയും അമ്മയുടെയും മരണത്തെപ്പറ്റി ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല.അവര്‍ മരിക്കും എന്ന് അംഗീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടെടോ....
ഇന്നെന്റെ പ്രായം ഞാനറിയുന്നു, അവരുടെ മരണ ശേഷം.
അമ്മയ്ക്ക് മാസാമാസം കാശയച്ചു കൊടുക്കാറുണ്ടെങ്കിലും ഒന്നും ഇന്നുവരെ എന്റെ കൈകൊണ്ടു മേടിച്ചു കൊടുക്കാന്‍ സാധിച്ചില്ല, ഇതാ...ഇതമ്മയ്ക്ക് എന്ന് പറഞ്ഞ്..
എന്റെയമ്മ അതാഗ്രഹിചിട്ടുണ്ടായിരിക്കുമോ? എനിക്കതിനുള്ള വകതിരിവ് ഇല്ലാതെ പോയെടോ..."
പറഞ്ഞ് തീര്‍ക്കും മുന്‍പ് ഉണ്ണിയേട്ടന്‍ വിങ്ങിപ്പോട്ടി. കരയുന്ന ഉണ്ണിയേട്ടനെ കെട്ടിപ്പിടിച്ചാശ്വസിപ്പിക്കുമ്പോള്‍ ഞാനറിഞ്ഞില്ല, ഞാനറിയാതെ ഒരു കുറ്റബോധത്തിന്റെ രൂപത്തില്‍ ഗൃഹാതുരത്വം എന്നില്‍ കയറിക്കൂടുമെന്ന്.
മരീചികകള്‍ ഉറങ്ങുന്ന വീഥിയിലൂടെ വാഹനങ്ങള്‍ ഞങ്ങളെക്കടന്ന് പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. മേഘങ്ങള്‍ ഇല്ലാത്ത നരച്ചനീലാകാശത്തേക്കു ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍ പരസ്പര ബന്ധമില്ലാത്ത ഒരു ചിന്ത എന്നിലേക്ക് കടന്നു വന്നു.
ഈ ആകാശത്തില്‍ ഒരു കാക്ക പോലുമില്ലല്ലോ!!,
അപ്പോഴാണ് ഒരു സത്യം ഞാന്‍ മനസിലാക്കിയത് ഈ നഗരത്തില്‍ കാക്കകളില്ല !!. ഒരിക്കല്‍പ്പോലും അവയെ ഇവിടെ കണ്ടിട്ടുമില്ല. ആശ്ച്ചര്യത്തെക്കാള്‍ ഒരുതരം പരിഭ്രാന്തിയിലേക്കാണ് എന്നെ ഈ ചിന്ത കൊണ്ടെത്തിച്ചത്. കഴിഞ്ഞ എട്ടു വര്‍ഷമായി സ്വന്തം നാടു പോലെ കരുതിയിരുന്ന ഈ നഗരത്തെപ്പറ്റിയുള്ള ഏറ്റവും നിസ്സാരമായ ഈ ഒരു വസ്തുത പോലും എന്റെ ശ്രദ്ധയില്‍പ്പെട്ടില്ലല്ലോ !!
അനാവശ്യം എന്ന് മറ്റുള്ളവര്‍ക്ക് തോന്നിക്കാവുന്ന ഇത്തരം ചെറിയ ചിന്തകള്‍ പോലും എന്നെ അസ്വസ്ഥനാക്കി മാറ്റിക്കൊണ്ടിരുന്നു..
ഞങ്ങള്‍ ജോലി സ്ഥലത്തെത്തി.
പനമരക്കാടുകള്‍ക്കപ്പുറത്തുള്ള ചൂടു വമിക്കുന്ന മണലാരണ്യത്തിന്റെ സാന്നിധ്യം ഇവടെ നിന്നാലറിയാം. മഞ്ഞ നിറത്തിലുള്ള ക്രെയിനുകളും, പ്രോക്ലെനുകളും നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ഞങ്ങളെ കാത്തു കിടക്കുന്നു. യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അന്തരീക്ഷത്തെ ഇരുമ്പു മുറിക്കുന്ന ശബ്ദങ്ങള്‍ കീറി മുറിച്ചു.
ഞാന്‍ ജോലിയാരംഭിച്ചു.
പക്ഷെ എന്റെ അസ്വസ്തത തുടര്‍ന്നു. നാടിനെക്കുറിച്ചുള്ള അപ്രധാനമായ ഓരോ ചെറിയ ചിന്തയും എന്റെ അസ്വസ്തത വര്‍ധിപ്പിച്ചു കൊണ്ടിരുന്നു. ഞാന്‍ അത്ര പ്രാധാന്യം കല്‍പ്പിക്കാതിരുന്ന നാട്, എനിക്കെത്ര മാത്രം പ്രിയപ്പെട്ടതാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ വിയര്‍ത്തു കുളിക്കാന്‍ തുടങ്ങി. ജോലി നിര്‍ത്തി അല്‍പ്പം വെള്ളം കുടിച്ചു.
എത്രയും പെട്ടെന്ന് നാട്ടിലെത്തണം എന്ന ചിന്ത ഒരു ഉറച്ച തീരുമാനമായി മാറുന്നത് നിസ്സഹായതയോടെ ഞാന്‍ നോക്കി നിന്നു. കടല്‍ നീന്തിക്കടന്നു പോലും ഞാന്‍ നാട്ടിലേക്കു പോകും എന്നെനിക്കു തോന്നി. ജനിച്ചധികം പ്രായമാവാത്ത എന്റെ ഈ ആഗ്രഹത്തിന്റെ ആഴങ്ങളില്‍ നോക്കി ഞാന്‍ പകച്ചു നിന്നു. എന്റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി.
നാട്ടില്‍ പോണം.
അമ്മയെയും,അച്ഛനെയും കാണണം.
എല്ലാവരെയും കാണണം. ഉറപ്പിച്ചു.
ഉണ്ണിയേട്ടന് പറ്റിയ തെറ്റ് എനിക്ക് പറ്റരുത്. അച്ഛനും അമ്മയ്ക്കും എന്റെ കൈ കൊണ്ട് എന്തെങ്കിലും വാങ്ങിച്ചു കൊടുക്കണം.
ലീവിനായി ഞാന്‍ മനസ്സില്‍ പദ്ധതികള്‍ തയ്യാറാക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ ലീവ് തന്നില്ലെങ്കില്‍ തക്ക കാരണ സഹിതം നാട്ടില്‍ നിന്നും വല്ല കമ്പിയടിപ്പിച്ചിട്ടെങ്കിലും നാട്ടില്‍ പോണം. ഏറ്റവും അടുത്ത ദിവസം തന്നെ ഒരു പോക്കിനായി ഞാൻ തയ്യാറെടുത്തു. എന്റെ ചിന്തകള്‍ എന്നെ ശ്വാസം മുട്ടിച്ചു കൊല്ലുമോ എന്ന് പോലും എനിക്ക് ഭയം തോന്നി. ക്ഷമ പൂര്‍ണമായി നശിച്ചു കഴിഞ്ഞ ഞാന്‍ പിന്നെ താമസിച്ചില്ല, മാനേജരുടെ മുറി ലക്ഷ്യമാക്കി നടന്നു.
പ്രതീക്ഷക്കു വിപരീതമായി, എന്റെ അത്യാവശ്യം അറിയിച്ചപ്പോള്‍ മാനേജര്‍ ലീവനുവദിച്ചു. അതും ഏറ്റവും അടുത്ത ദിവസം. "പച്ച"യോട് പറയാന്‍ പാടില്ലാത്ത ഒരു നുണ പറയേണ്ടി വന്നെങ്കിലും സംഗതി ഫലിച്ചു. എനിക്ക് സന്തോഷം സഹിക്കാനായില്ല. (പാക്കിസ്ഥാനികളെ ഞങ്ങള്‍ "പച്ചകള്‍" എന്നാണു വിളിക്കാറ്. മാനേജര്‍ ഒരു പാക്കിസ്ഥാനിയാണ് .)
ഞാന്‍ ജോലിസ്ഥലത്തേക്ക് ഓടി. ഒരുപക്ഷെ ഇത് എന്റെ ജീവിതത്തില്‍ ഏറ്റവും വേഗത്തില്‍ നടപ്പിലാക്കിയ ഒരു തീരുമാനമായിരിക്കും,...നാട്ടില്‍ പോകാന്‍ ഞാന്‍ എടുത്ത ഈ തീരുമാനം.
കത്തുന്ന വെയിലില്‍ ജോലി തുടര്‍ന്നു. ക്ഷീണമറിയാതെ ആ ദിവസം കടന്നു പോയി.
പിന്നീടുള്ള ദിവസങ്ങളിലെ വൈകുന്നേരങ്ങളില്‍ ജോലികഴിഞ്ഞ് മുറിയില്‍ പോകാതെ, നാട്ടിലേക്ക് കൊണ്ടു പോകാനുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ ടൌണിലേക്കിറങ്ങി.എല്ലാര്‍ക്കും കൈ നിറയെ സമ്മാനങ്ങള്‍.
നാട്ടുകാരെ ഞെട്ടിക്കാനായി ഒരു വിലകൂടിയ മൊബൈൽ ഫോണ്‍ മേടിക്കാൻ തീരുമാനിച്ചു. അപ്പോൾ കൂടെയുണ്ടായിരുന്ന ഹസ്സനിക്ക പറഞ്ഞു,
"നീയാ കാശ് കളയണ്ട. നാട്ടിൽ തെണ്ടി തിരിഞ്ഞു നടക്കുന്നവരുടെ കയ്യിൽപ്പോലും ഐഫോണാ....നമ്മൾ ഈക്കണ്ട കാലം മൊത്തം കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ് നാട്ടിൽ ആൾക്കാർ മാസങ്ങൾ കൊണ്ട് ഉണ്ടാക്കുന്നുണ്ട്. നീയിപ്പോ നാട്ടിൽ പോയിട്ട് കാലം കുറെ ആയില്ലേ? ചെല്ലുമ്പോ മനസിലാവും..."ഹസ്സനിക്ക പൊട്ടിച്ചിരിച്ചു.
നാട്ടില്‍ പോകാനുള്ള ദിവസത്തിലേക്കു സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ തോന്നി. കീഴ്പ്പെടുത്തി കടന്നു പോകുന്ന ഓരോ ദിവസവും കലണ്ടറില്‍ വെട്ടേറ്റുക്കിടന്നു.
മഹാനഗരത്തിലെ രാത്രികള്‍ക്ക് ദൈര്‍ഖ്യം കുറഞ്ഞ പോലെ തോന്നി. കടകളിലെ ദീപ പ്രഭയില്‍ തിളങ്ങിയിരുന്ന പല വസ്തുക്കളിലും എന്റെ ബന്ധുക്കളുടെ പേരു പതിഞ്ഞു പെട്ടിയിലായി. നാട്ടില്‍ പോകുന്നതിനു തലേന്ന് ഷോപ്പിങ്ങിനിടയില്‍ ഡാന്‍സ് ബാറിലെ പതിവു സുഹൃത്തുക്കളെ കണ്ടു.നാളെ നാട്ടില്‍ പോകുന്ന വിവരം അവരെ അറിയിച്ചു. അപ്പോള്‍ അതാണ് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഇയാളെ ബാറിലേക്കൊന്നും കാണാത്തതെന്നവര്‍ കളിയാക്കി പറഞ്ഞു.
ശരിയാണ്. ബാറിലെ ഫിലിപ്പീനോ പെണ്‍കുട്ടികള്‍ക്ക് കൊടുത്തു തീര്‍ത്ത കാശ് ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ ...ഞാനാശിച്ചുപോയി. പോയതിനെക്കുരിചോര്‍ത്തു നിരാശനാകാതെ കയ്യിലുള്ള പണം കൊണ്ടു ഞാന്‍ യാത്രക്ക് തയ്യാറെടുത്തു.
യാത്രാ ദിവസം.
വിമാനത്തിലെ 4,5 മണിക്കൂറുകള്‍ നാട്ടിലെത്തി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാലോചിച്ചുകൊണ്ടിരുന്നു. നാട്ടിലെ കടങ്ങളെല്ലാം ഇപ്പോള്‍ തീര്‍ന്നു കാണും. മലപ്പുറത്തും മറ്റുമുള്ള സഹപ്രവര്‍ത്തകരുടെ വീടുകളില്‍ കൊടുക്കാനുള്ള സാധനങ്ങള്‍ കൊണ്ടു കൊടുത്തുകഴിഞ്ഞാല്‍ പിന്നെ സ്വസ്ഥം. വീട്ടുകാരോടൊപ്പം തന്നെ ചിലവഴിക്കണം ഈ രണ്ടു മാസം. ആലോച്ചനകള്‍ക്കിടയിലെപ്പോഴോ മയങ്ങി. സ്പീക്കറിലൂടെ പൈലറ്റിന്റെ ശബ്ദം കേട്ടുണര്‍ന്നു.ഞാന്‍ പുറത്തേക്ക് നോക്കി. ജനലിലൂടെ താഴെ പച്ചപ്പ് കണ്ടു തുടങ്ങി. എന്നെക്കാള്‍ രണ്ടര മണിക്കൂര്‍ മുന്‍പേ പായുന്ന എന്റെ നാട്. പച്ചപ്പില്‍ ഒളിച്ചിരിക്കുന്ന കുഞ്ഞു വീടുകളെ കണ്ടുപിടിക്കാനെന്ന പോലെ വളഞ്ഞു പുളഞ്ഞൊഴുകുന്ന പുഴകള്‍...എത്ര മനോഹരം..
വിമാനമിറങ്ങി.
ഞാന്‍ പോകുമ്പോള്‍ ഈ വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയായിട്ടില്ല, വിമാനത്താവളത്തിലൂടെ നടക്കുമ്പോള്‍ ഞാനോര്‍ത്തു. എന്റെ ബാഗ്ഗെജുകള്‍ വിട്ടു കിട്ടാന്‍ മൂന്നു മണിക്കൂറെടുത്തു. ഗള്‍ഫില്‍ നിന്നും ആദ്യ തവണയാണ് നാട്ടിലേക്ക് മടങ്ങി വരുന്നതെന്ന് പാസ്സ് പോര്‍ട്ടില്‍ നിന്നും മനസിലാക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ,മുഖത്തൊരു ഗൌരവം പിടിപ്പിച്ച് ആര്‍ത്തിയോടെ എന്റെ ബാഗുകളഴിച്ചു. കൊണ്ടു വന്നതില്‍ പകുതി സാധനങളും അവര്‍ പിടിച്ചു വച്ചു. ബാക്കിയുള്ള സാധനങ്ങള്‍ക്ക് നികുതിയുമടപ്പിച്ചു. ഭാഗ്യത്തിന് അമ്മയ്ക്കായി കരുതിയ പൊതികള്‍ അവര്‍ തൊട്ടില്ല.കസ്റ്റംസ് കാരെ ശപിച്ചുകൊണ്ടു ബാഗുകളുമായി ഞാന്‍ പുറത്തേക്ക് നടന്നു. എത്രയോ കാശ് വെറുതെ നശിപ്പിച്ചു കളഞ്ഞിരിക്കുന്നു എന്നാലോചിച്ച് സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.
പുറത്തു അച്ഛനെയും അളിയനെയും കണ്ടു.അവര്‍ ഓടിയടുത്തു വന്നു. അച്ഛന്‍ നരച്ചിരിക്കുന്നു.മുഖത്ത് ചുളിവുകള്‍ വീണു തുടങ്ങിയിട്ടുണ്ട്. അച്ഛന്റെ കണ്ണില്‍ സന്തോഷം നനവായി മാറി. എല്ലാവരുടെ മുഖത്തും സന്തോഷം. അവര്‍ കൊണ്ടുവന്ന കാറില്‍ വീട്ടിലേക്ക് യാത്രയായി. കാറിന്റെ പുറകില്‍ ഇരിന്നിരുന്ന എന്റെ ദേഹത്ത് വെയിലടിക്കുന്നുണ്ടായിരുന്നു. വെയിലിനു താരതമ്യേന കാഠിന്യം കുറവുള്ള പോലെ തോന്നി. ഞാന്‍ ഈ തോന്നല്‍ അവരോട് പറഞ്ഞില്ല, ഒരു ഗള്‍ഫുകാരന്റെ പൊങ്ങച്ചമായി അവര്‍ ഇതിനെ കണ്ടാല്ലോ?
കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടുകൂട്ടരുടെയും വിശേഷങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ന്നു. കാറിലപ്പോഴും ഏതോ പുതിയ അയ്യപ്പഭക്തിഗാനങ്ങള്‍ വീണ്ടും വീണ്ടും പാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്റെ മുഖത്തേക്കടിക്കുന്ന കാറ്റില്‍ നാടിന്റെ മണമുണ്ട്. എനിക്ക് തോന്നുന്ന ഈ മാനത്തെക്കുറിച്ചും എനിക്കവരെ പറഞ്ഞു മനസിലാക്കാന്‍ സാധിക്കില്ലല്ലോ!! എനിക്ക് വിഷമം തോന്നി. വീടെത്തുന്നത് വരെ ഒറ്റയ്ക്ക് ആ സുഗന്ധത്തില്‍ ഞാനൊഴുകി നടന്നു.
വീടിന്റെ ഉമ്മറത്ത് തന്നെ അമ്മയിരിക്കുന്നത് കണ്ടു.ഞങ്ങളുടെ കാറു കണ്ട അമ്മയുടെ മുഖത്ത് സന്തോഷം.അമ്മ എഴുന്നേല്‍ക്കാന്‍ പ്രയാസപ്പെടുന്നത് പോലെ തോന്നി, പാവം.
എന്റെ അമ്മയ്ക്ക് പ്രായമായിരിക്കുന്നു.
കാറില്‍ നിന്നിറങ്ങി ഞാനമ്മയുടെ അടുത്തേക്ക് ചെന്നു. സന്തോഷം അടക്കാന്‍ ബുദ്ധിമുട്ടുന്ന ആ മുഖം അടുത്ത് കണ്ടു. എന്റെ കയ്യില്‍ പിടിച്ചുകൊണ്ടമ്മ ചോദിച്ചു,
"വിമാനം വൈകിയാണോ വന്നത്? കുറെ സമയമായി ഞാന്‍ കാത്തിരിക്കുന്നു.....നീ ഒരുപാടു കറുത്തു.."
അമ്മയുടെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല, സന്തോഷം വന്നാലും സങ്കടം വന്നാലും ആവശ്യത്തില്‍ അധികം പ്രകടിപ്പിക്കില്ല, ഞാനോര്‍ത്തു.
ശബ്ദം കെട്ട് തിരിഞ്ഞു നോക്കി. കാറില്‍ നിന്നു പെട്ടികള്‍ ഇറക്കാന്‍ ബുദ്ധിമുട്ടുന്ന അളിയനെ കണ്ടു.ഓടിച്ചെന്നു പെട്ടികള്‍ ഇറക്കാന്‍ സഹായിച്ചു. ടാക്സിക്കാരനെ പറഞ്ഞയച്ച് പെട്ടികള്‍ എടുത്ത് വീട്ടിലേക്ക് നടന്നു. പ്രധാന വാതിലിന്റെ കട് ലയില്‍ എന്തോ എഴുതി വച്ചിരിക്കുന്നത് ശ്രദ്ധിച്ചു.
"ചക്കുളത്തുകാവിലമ്മ ഈ വീടിന്റെ ഐശ്വര്യം "
ഞാനിതുവരെ കേള്‍ക്കാത്തൊരു ദേവി. എട്ടു വര്‍ഷം കൊണ്ടു പുതിയ ദൈവങ്ങള്‍ പോലും നാട്ടിലുണ്ടായിരിക്കുന്നു. എനിക്കാശ്ചര്യം തോന്നി.
നാടുമായി ഇഴുകിച്ചേരാന്‍ അധികം സമയം വേണ്ടി വന്നില്ല. പെട്ടിയില്‍ നിന്നു ഫ്ലൂറസെന്റ് നിറത്തിലുള്ള ഒരു പോളീസ്റ്റാര്‍ മുണ്ട് എടുത്തുടുത്തു.കാപ്പികുടി കഴിഞ്ഞു പെട്ടികള്‍ തുറന്നു. കസ്റ്റംസ് കാര്‍ ബാക്കി തന്ന സമ്മാനങ്ങള്‍ എല്ലാവര്‍ക്കും വിതരണം ചെയ്തു. എല്ലാര്‍ക്കും സന്തോഷം. എല്ലാ മുറിയിലും അത്തറിന്റെ മണം. എങ്ങും കുട്ടികളുടെ കളിചിരികള്‍. അല്‍പ്പം പഴയ ഇംഗ്ലീഷ് പാട്ടുകള്‍ അകത്തെ മുറിയില്‍ നിന്നും കേള്‍ക്കാം. വീടാകെ ഉണര്‍ന്ന പോലെ. എല്ലാ ഗള്‍ഫ് കാരന്റെയും നാട്ടില്‍ വരവു പോലെ തന്നെയായി എന്റെയും വരവ്. ഞാന്‍ മനസ്സില്‍ ചിരിച്ചു.
രാത്രിയായപ്പോഴേക്കും ബന്ധുക്കളും, സന്ദര്‍ശകരും സമ്മാനപ്പൊതികളുമായി പിരിഞ്ഞു പോയി. അച്ഛന്‍ പുറത്തേക്കും ഇറങ്ങി. വീട്ടില്‍ അമ്മയും ഞാനും മാത്രമായി. ഞാന്‍ അമ്മയുടെ മുറിയിലേക്കു ചെന്നു. അടുക്കളപണികള്‍ കഴിഞ്ഞ് ടീ വീ സീരിയല്‍ കാണുകയായിരുന്നു അമ്മ. എന്റെ കയ്യിലെ സമ്മാന പൊതി അമ്മയ്ക്കു നേരെ നീട്ടി.
"എന്താ ഇത്?" അമ്മ ചോദിച്ചു.
ഒരു മാല. അമ്മയ്ക്കെന്തെങ്കിലും വാങ്ങിച്ചു തരണം എന്ന് തോന്നി. അതുകൊണ്ട് വാങ്ങിച്ചു.
" ഈ പ്രായത്തില്‍ ഇനി എനിക്കെന്തിനാ സ്വര്‍ണ മാല? ഇതും ഇട്ടോണ്ട് ഞാനിനി എവിടെ പോകാനാ?"
അതല്ലമ്മേ , അമ്മ ഇത് വാങ്ങണം എന്റെ ഒരു സമാധാനത്തിന്. എനിക്കിതു വരെ അമ്മയ്ക്കൊന്നും വാങ്ങിച്ചു തരാന്‍ സാധിച്ചിട്ടില്ലല്ലോ? നിങ്ങള്‍ക്കു വേണി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നൊരു തോന്നല്‍.
" ഒന്നും ചെയ്യാതെ പിന്നെ? നീയച്ച കാശ് കൊണ്ടു നിന്റച്ചനായുണ്ടാക്കിയ കടങ്ങള്‍ എലാം വീട്ടി. സ്മിതയെ കെട്ടിച്ചയച്ചു. നിന്റെ അളിയന് ഒരു വരുമാനമാര്‍ഗമുണ്ടാക്കിക്കൊടുത്തു. ഇപ്പൊ എല്ലാവരും സുഖമായി ജീവിക്കുന്നു.ഇത്രയും കാലം കഷ്ടപ്പെട്ടിട്ടു നീയെന്തുണ്ടാക്കി. നിനക്കും വേണ്ടേ ഒരു ജീവിതം. കുറെ കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയും കാലം കാണിച്ചു കൂട്ടിയതത്രയും മണ്ടത്തരം എന്നെന്റെ മോന് തോന്നും. അതു കൊണ്ട് ഇനി മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാതെ സ്വന്തം കാര്യം കൂടി നോക്കണം.എല്ലാവര്‍ക്കും നിന്റെ കാശുമതി. നിന്നെ വേണ്ട. നീയത് മനസിലാക്കുന്നില്ല.
അമ്മയ്ക്ക് നിന്റെ ഒരു കാശും വേണ്ട, മാലയും വേണ്ട... മരിക്കുന്നതിനു മുന്‍പ് നിന്നെ ഒന്നു കണ്ടല്ലോ. അതു മതി."
ഒരു ചെറിയ മൌനത്തിനു ശേഷം ഞാന്‍ പറഞ്ഞു,
" അമ്മ അതൊന്നും ഓര്‍ത്തു വിഷമിക്കേണ്ട.അതൊക്കെ ഞാന്‍ ജീവിച്ചോളാം."
അമ്മയെ നിര്‍ബന്ധിച്ചു മാലയെല്‍പ്പിച്ചു ഞാനെന്റെ മുറിയിലേക്ക് നടന്നു.
ഈ ലോകത്ത് എന്നെക്കുറിച്ചു ഓര്‍ത്ത് ആവലാതിപ്പെടുന്ന ഒരേ ഒരാള്‍ എന്റെ അമ്മയായിരിക്കും. നാട്ടില്‍ പോരാന്‍ വേണ്ടി ഈ അമ്മ മരണക്കിടക്കിയിലാണെന്നു മാനേജരോട് കള്ളം പറയേണ്ടി വന്നല്ലോ? കുറ്റബോധം കൊണ്ടു ഞാന്‍ വിങ്ങി. മനശാന്തി നഷ്ടപ്പെട്ടു തുടങ്ങിയ എന്നില്‍ മദ്യപിക്കണം എന്ന ഒരാശയം ഉടലെടുത്തു.
പഴയ കൂട്ടുകാരെത്തേടി ഞാന്‍ കവലയിലേക്ക് നടന്നു. അന്വേഷിച്ചപ്പോള്‍ കൂടുകാരില്‍ പലരും ദൂരദേശങ്ങളില്‍ ആണെന്നറിഞ്ഞു. അവശേഷിക്കുന്ന ചിലരെ തേടിപ്പിടിച്ചു ബാറിലേക്ക് കുതിച്ചു.അവരുടെ വയറു നിറയും വരെ മദ്യമോഴുക്കി.
പിന്നീടുള്ള ദിവസങ്ങളില്‍ ഇതൊരു തുടര്‍ക്കഥയായി മാറി.
എന്റെ പഴയ സുഹൃത്തുക്കളും അവരുടെ സുഹൃത്തുക്കളും എന്നെ തേടി ബാറിലെത്താന്‍ തുടങ്ങി. അങ്ങിനെ എന്റെ സുഹൃത്ത് വലയം വ്യാപിച്ചു. സുഹൃത്തുക്കളില്‍ പലരും എനിക്ക് നാട്ടില്‍ അവര്‍ക്കൊപ്പം ചേര്‍ന്നു നടത്താന്‍ പറ്റിയ കൂട്ടുകച്ചവടത്തിന്റെ ആശയങ്ങള്‍ മുന്നോട്ടു വച്ചു. കിട്ടാന്‍ പോകുന്ന ലാഭവിഹിതകണക്കുകള്‍ കേള്‍പ്പിച്ചു എന്നെ അമ്പരിപ്പിച്ചു. ഇത്രയും വര്‍ഷത്തെ വിദേശ വാസത്തിനു ശേഷവും എന്റെ കയ്യില്‍ ഒരു ചില്ലിക്കാശു പോലും നീക്കിയിരിപ്പില്ലെന്നു മനസിലാക്കിയതോടെ സുഹൃത്തുക്കളുടെ സുഹൃത്തുക്കളെ പിന്നെ കാണാതായി,മദ്യത്തിന്റെ ഒഴുക്കിന്റെ ശക്തി ക്ഷയിച്ചതോടെ പതിയെ പതിയെ സുഹൃത്തുക്കളും ഉള്‍വലിഞ്ഞു. ഗള്‍ഫില്‍ നിന്നും കൊണ്ടു വന്ന പണം മുഴുവനായി തീര്‍ന്നതോടെ വീട്ടുകാരിലും ചില ഭാവ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ആര്‍ക്കും ഒരു കുറവും ഇന്നുവരെ വരുത്തിയിട്ടില്ല . എന്നാല്‍ കഴിയും വിധം എല്ലാര്‍ക്കും വാരിക്കോരിക്കൊടുത്തിട്ടുണ്ട്. പക്ഷെ പിന്നീടുള്ള ദിവസങ്ങളില്‍ എന്റെ പേരില്‍ വിട്ടിലുണ്ടായ നിസ്സാര പ്രശ്നങ്ങള്‍ പോലും വലിയ കലഹങ്ങളില്‍ കലാശിക്കാന്‍ തുടങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഒടുവില്‍ ഒരു ദിവസം അമ്മ പോലും എന്നോട് മടങ്ങി പോകാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വീട്ടില്‍ നിന്നാല്‍ പ്രശ്നങ്ങള്‍ ആണത്രേ!!!
രക്ത ബന്ധങ്ങളുടെ ഊഷ്മളതയും ആഴവും അളക്കാന്‍ ഇതുപോലെ 5,8 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നാട്ടില്‍ ഒന്നു വരുന്നത് നല്ലതാണ്. അല്ലെങ്കില്‍ നാം അവരെ ഒരു പാട് സ്നേഹിച്ചു പോകും. ഞാന്‍ മനസ്സില്‍ ചിരിച്ചു. ഗള്‍ഫിലെ ഒറ്റപ്പെടല്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഇവിടെ എനിക്കെല്ലാവരുമുണ്ട്, എന്നിട്ടും ഞാന്‍ ഒറ്റപ്പെടുന്നു. എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം പണമാണ്.എന്തെങ്കിലും തിരിച്ചു പ്രതീക്ഷിക്കാതെ ഈ ലോകത്ത് ഒരു ബന്ധവും ഉടലെടുക്കുന്നില്ല. ഞാനോര്‍ത്തു.
ഉള്ളില്‍ ഒരുപാടു വിഷമം തോന്നുമ്പോള്‍ വീടിനടുത്തുള്ള ഈ ചാന്നാന്‍ പാറയില്‍ ഒറ്റയ്ക്ക് വന്നിരുന്നു കാറ്റ് കൊള്ളും. എന്റെ കുട്ടിക്കാലം മുതലുള്ള ഒരു ശീലം.
സമയം അസ്തമയമായിരിക്കുന്നു.
നോക്കെത്താ ദൂരത്തേക്കു നീണ്ടു കിടക്കുന്ന വയലിന് നടുവില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന കരിമ്പനയെ നോക്കി നിന്നു. കൂടണയുന്ന കാക്കകളുടെ ശബ്ദം കേട്ടു.ഞാന്‍ അവയെ നോക്കിയില്ല. അവയുടെ സൌന്ദര്യം ഇപ്പോള്‍ എനിക്ക് ആസ്വദിക്കാന്‍ പറ്റുമോ എന്നു ഞാന്‍ സംശയിച്ചു. ഓര്‍മകളെ പുനര്‍ജനിപ്പിക്കാന്‍ മൃതസന്ജീവനിയുമായി എത്തിയ ഞാന്‍ ഒരു മണ്ടന്‍. അകലങ്ങളിലാണ് സൌന്ദര്യം. ഞാനിപ്പോള്‍ ആ കരിമ്പനയെ നോക്കി നിന്നാസ്വദിച്ച പോലെ. ഞാനോര്‍ത്തു.
ഇതൊന്നും ഞാന്‍ ജീവിതത്തില്‍ പുതുതായി പഠിച്ച പാഠങ്ങള്‍ അല്ല. കാലത്തിന്റെ സുഖലോലുപതയില്‍ മറന്നുപോയ ചില പാഠങ്ങള്‍, അത്ര മാത്രം.
അസ്തമയം കഴിഞ്ഞ് ഇരുട്ടി തുടങ്ങിയിരിക്കുന്നു. എന്നിലെ മദ്യപന്‍ പതിയെ തലയുയര്‍ത്തി. പണ്ട് മുതല്‍ക്കേ ഞാന്‍ ഇങ്ങിനെയാണ്, കയ്യിലെ കാശ് മുഴുവന്‍ തീര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ആഗ്രഹങ്ങള്‍ പൂര്‍വാധികം ശക്തിയോടെ ആഞ്ഞടിക്കാന്‍ തുടങ്ങും. ഇളം ചൂടുള്ള പാറപ്പുറത്ത് മലര്‍ന്നു കിടന്ന് ഉദയചന്ദ്രനെ നോക്കി ചിന്തകളെ തിരിച്ചുവിടാന്‍ ഞാന്‍ കഷ്ടപ്പെട്ടുകൊണ്ടിരുന്നു.. തലയില്‍ ചുഴറ്റി നടന്ന ചിന്തകള്‍ക്കൊടുവില്‍ പൂര്‍വാധികം ശക്തിയോടെ ആഗ്രഹങ്ങള്‍ എന്നെ വീണ്ടും ആക്രമിച്ചു.
എനിക്ക് മുന്നില്‍ ഫിലിപ്പീനോ പെണ്‍കൊടികള്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ എന്നെ നോക്കി പുഞ്ചിരിച്ചു.ഞാന്‍ പഠിപ്പിച്ചു കൊടുത്ത മലയാളത്തില്‍ അവര്‍ എന്നോട് ചോദിച്ചു
" വരു...ന്നില്ലേ ?"
സ്ത്രീ ഗന്ധമറിയാത്ത എന്റെ ജീവിതത്തിലെ ഒരുമാസം കടന്നു പോയിരിക്കുന്നു.ഞാനോര്‍ത്തു. മുന്നില്‍ വീണ്ടും എന്റെ പ്രീയപ്പെട്ട നഗരത്തിന്റെ വഴിവിളക്കുകളിലെ പ്രകാശം കണ്ണില്‍ മിന്നിമാഞ്ഞു.
ചുവപ്പ് കലര്‍ന്ന അരണ്ട വെളിച്ചത്തില്‍ ഉയരുന്ന സംഗീതം.
വായില്‍ വെള്ളമൂറിക്കുന്ന സ്കോച്ച് വിസ്ക്കിയുടെ മണം.
സോഡയുടെ നുരയുന്ന ശബ്ദത്തിനൊപ്പം അലിയുന്ന അവളുടെ ചിരികള്‍.
ഐസ് പോലെ തണുത്ത അവളുടെ ചുണ്ടുകള്‍.
എന്റെ ചിന്തകളെ തിരിച്ചു പായിക്കാന്‍ ഞാന്‍ മെനക്കെട്ടില്ല. ചിന്തകള്‍ പൊയ്ക്കൊണ്ടിരുന്നു.
ഗള്‍ഫിലെ എന്റെ മുറിയിലേക്കുള്ള ഇരുട്ട് വീണ ഇടനാഴിയിലൂടെ ഞാന്‍ നടന്നു നീങ്ങുന്നു. ഇടനാഴിയുടെ മുകളില്‍ നിന്നും വീണ എയര്‍ കണ്ടീഷ്‌നറില്‍ നിന്നുള്ള വെള്ള തുള്ളികള്‍ എന്മേല്‍ വീണു ചിതറിക്കൊണ്ടിരുന്നു.
ആ വലിയ ഹാളിലെ എന്റെ മൂന്നു നില കട്ടില്‍ കണ്ടു.
രണ്ടര മണിക്കൂര്‍ വൈകിയോടുന്ന എന്റെ ടൈം പീസ്.
ഇവിടെ......ഇവിടെയാനെന്റെ എന്റെ ശിഷ്ട ജീവിതം... ഞാന്‍ മനസിലാക്കി.
"രക്ത ബന്ധങ്ങളുടെ ഈ നാട്ടിലാണ് ഞാന്‍ ഒരു പ്രവാസിയായി മാറിയിരിക്കുന്നത്."
എനിക്ക് തിരിച്ചു പോകണം.
മടക്കയാത്രയില്ലാത്ത തിരിച്ചു പോക്കിനായി മനസാ ഞാന്‍ തയ്യാറെടുത്തു.
ഞാനെഴുന്നേറ്റു.
എനിക്ക് മുന്‍പേ നിയന്ത്രണം വിട്ടു കുതിക്കുന്ന മനസു തെളിച്ച വഴിയിലൂടെ ഞാന്‍ വീട്ടിലേക്കു നടന്നു.