Monday, March 26, 2018

നോവൽ അദ്ധ്യായം 3 : യിൻ യാങ്ങ്




അടുത്ത സീസണിലും സഞ്ചാരികൾ വളരെ കുറവായിരുന്നു.സീസണിന്റെ തുടക്കത്തിലെ ഇന്ദിരാഗാന്ധിയുടെ മരണത്തെതുടർന്നുള്ള ആഭ്യന്തരപ്രശ്നങ്ങൾ കാരണം മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാരെ തിരികെ വിളിക്കുവാൻ തുടങ്ങിയിരുന്നു. സീസണ്‍ പ്രതീക്ഷിച്ചിരുന്ന നാട്ടുകാർക്കും കച്ചവടക്കാർക്കും അതൊരടിയായിരുന്നു. വളരെ തണുത്തൊരു ക്രിസ്മസ്സും പുതുവത്സരാഘോഷവും അവരെക്കടന്നു പോയി.

തണുപ്പുകാലം കഴിഞ്ഞ്, വേനൽ തുടങ്ങിയ ഒരു സായാന്ഹത്തിൽ ശിവന്റെ വാൻ വേഗതയുടെ ഒരു മുഴക്കത്തോടു കൂടി ഹൈവേയിലൂടെ നീങ്ങി. ഒരു ദൂരയാത്ര കഴിഞ്ഞു വരുന്നതിന്റെ ലക്ഷണങ്ങൾ അയാളിലും വണ്ടിയിലും പ്രകടമായിരുന്നു.
അയാളുടെ നരച്ചു തുടങ്ങിയ കെട്ടിയിട്ട നീളൻ മുടിയും, കൊമ്പൻ മീശയും കാറ്റിലിളകിക്കൊണ്ടിരുന്നു. 
കോവളത്തെ കുന്നുകളിൽ ശിവന്റെ വണ്ടിയെത്തിയപ്പോഴേക്കും അസ്തമയം ആയിക്കഴിഞ്ഞിരുന്നു.
മണവാള പക്ഷികൾ കൂട്ടത്തോടെ എവിടെക്കോ പറന്നകലുന്നത് കണ്ടു.ശിവൻ തന്റെ കറുത്ത കണ്ണടകൾ ഊരി വശത്തു വച്ചു.

ഇരുട്ടുന്നതിനു മുൻപ് ബീച്ചിലെത്തണം, അയാളോർത്തു. വാനിന്റെ ഒരു ഹെഡ് ലൈറ്റ് ഇന്നലെ മുതൽ കത്തുന്നില്ല. അവിടെയെത്തിയിട്ട് അത് ശരിയാക്കണം.ഇവിടന്നു തന്നെ കടലിന്റെ സാന്നിദ്ധ്യം അറിയാം. ശിവന്റെ വശത്തായി മുൻസീറ്റിലിരിക്കുന്ന നായ് പുറത്തേക്കു തലയിട്ടു വായിൽ കാറ്റു കൊള്ളിച്ചു കൊണ്ടിരുന്നു.അവന്റെ രോമങ്ങൾ തൂങ്ങിയ നീണ്ട ചെവി കാറ്റിലാടിയുലഞ്ഞു.
"കോപ്പർ... കം ഇൻ സൈഡ്" ശിവൻ നായിനോട് ആജ്ഞാപിച്ചു.
ചൊല്ലുവിളിയുള്ള ഒരു കുട്ടിയെപ്പോലെ അവൻ വായ്‌ നാക്ക്‌ തുടച്ചതിനുശേഷം അകത്തേക്ക് വലിഞ്ഞു.

വണ്ടിയിലേക്ക് തണുത്ത കാറ്റടിച്ചപ്പോൾ ശിവന് വല്ലാത്ത ആശ്വാസം തോന്നി, വീടെത്തിയ പോലെ. പാതി കുത്തിക്കെടുത്തിയിരുന്ന ഒരു കഞ്ചാവു സിഗരറ്റ് പോക്കറ്റിൽ നിന്നെടുത്ത് കത്തിച്ചു.അയാൾ വണ്ടിയിൽ പാടു വച്ചു.'വെൽവെറ്റ് അണ്ടർ ഗ്രൌണ്ടിന്റെ വീനസ് ഇൻ ഫർസ്' പാടിത്തുടങ്ങി.സൈക്കഡലിക് സംഗീതത്തിനോത്ത് പകൽ വിട വാങ്ങുകയായിരുന്നു.   ഇരുട്ടിതുടങ്ങിയെങ്കിലും തെളിഞ്ഞ ചക്രവാളം തെങ്ങിൻ  തലപ്പുകൾക്കു മുകളിലൂടെ കാണുന്നുണ്ട്. ഇടക്ക് ആ വഴി വരുന്ന ബസ്സുകളോഴിച്ചാൽ റോഡ്‌ വിജനമായിരുന്നു. അസ്തമയം കഴിഞ്ഞാൽ അവിടന്നുള്ള വണ്ടികളുടെ തിരക്കുകൂടും. ഒരു ഹെഡ് ലൈറ്റില്ലാതെ ഓടിക്കുക ബുദ്ധിമുട്ടാകും.ശിവൻ വണ്ടിയുടെ വേഗത കൂട്ടി.

കോവളത്തെത്തിയപ്പോഴേക്കും അസ്തമയം കഴിഞ്ഞിരുന്നു. ലഹരി സിരകളിൽ തണുപ്പ് കൊണ്ടുനടന്നു. കവലയ്ക്ക് മുന്പുള്ള ഒരു ചെറിയ ഇടുക്കിൽ അയാൾ വണ്ടിയൊതുക്കിയിട്ടു.ഇവിടെ വന്നാൽ തന്റെ സ്ഥിരം സ്ഥലമാണത്. അയാൾ വണ്ടി പൂട്ടിയിട്ട് ഇറങ്ങി നടന്നു, പുറകെ കോപ്പറും.
അസ്തമയം കണ്ടു മടങ്ങുന്നവരുടെ വാഹനങ്ങൾ അവരെക്കടന്നു പോയിക്കൊണ്ടിരുന്നു. കവലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഹവ്വാ ബീച്ചിലേക്കുള്ള ഇറക്കത്തിലേക്ക് നടന്നു. ഇരുവശത്തുമുള്ള കാശ്മീരി കടകളിൽ ക്രിസ്മസ് കഴിഞ്ഞതറിയാതെ മാസങ്ങളായി കിടന്നിരുന്ന കടലാസ് നക്ഷത്രങ്ങൾ മിന്നുന്നുണ്ടായിരുന്നു. സിമന്റു വിരിച്ച ഇടനാഴി പോലുള്ള ആ ചെരിഞ്ഞ ഇറക്കം തീരാരായപ്പോഴേക്കും കടൽ കണ്ടു തുടങ്ങി.
അസ്തമയം കഴിഞ്ഞതറിയാതെ തീരത്ത് വോളിബോൾ കളിക്കുന്നവരെ കണ്ടു.
കോപ്പർ മണം പിടിച്ച് ആ തീരത്തുകൂടെ പറ്റിയ സ്ഥലം നോക്കി നടന്നു. തീരത്തെ കടകളിൽ നിന്നുള്ള വെളിച്ചത്തിൽ അലകൾ തിളങ്ങി മറിഞ്ഞു. ഈ സീസണിൽ എത്തിയ വിദേശികളെ അവിടവിടായി കാണാം.

കാഴ്ചകൾ കണ്ടു നിൽക്കുമ്പോൾ ആരോ ശിവന്റെ പുറകിൽ വന്നു സ്വകാര്യത്തിൽ ചോദിച്ചു,
"സാർ...മാരിയുവാന, ഹാഷ് , ബ്യൂട്ടിഫുൾ ഗേൾസ്‌... ?"
കുഴയുന്ന കണ്ണുകളിൽ ചിരി പടർത്തിക്കൊണ്ട്‌ ശിവൻ തന്റടുത്ത്‌ വന്ന ലുങ്കിയുടുത്ത പയ്യന്റടുത്തു പറഞ്ഞു,
"ഇന്ന് വേണ്ട. പിന്നീടാവട്ടെ. ഞാനിവിടെ തന്നെ കാണും"
"സാർ മലയാളിയായിരുന്നോ, ഇരുട്ടത്ത്‌ മനസിലായില്ല?"
"എന്താ പേര്?" ശിവൻ ചോദിച്ചു.
അവൻ ഒരു ചിരിയോടെ ഉത്തരം പറഞ്ഞു,"ജോസ്.... സാറിനെന്താരാവശ്യം ഉണ്ടെങ്കിലും ആ കടയില് പറഞ്ഞിരുന്നാ മതി."
ശിവൻ കടയുടെ പേര് ശ്രദ്ധിച്ചു - 'സീ ബ്രീസ് റെസ്റൊറന്റ്റ്‌.'
"ശരി, താങ്ക്സ്..." പയ്യന്റെ പുറത്തു തട്ടി ഒരു ചായ കുടിക്കണം എന്ന ഉദ്ധേശത്തോടെ ശിവൻ സീ ബ്രീസ് ലക്ഷ്യമാക്കി നടന്നു.
കടയിൽ സിസ്ലറുകളുടെ ശീല്ക്കാരം കേൾക്കാം. 
സീ ബ്രീസിനടുത്തെത്തിയപ്പോൾ തൊട്ടടുത്ത്‌ പച്ച കുത്തുന്ന ഒരു കട കണ്ടു. ശിവൻ ആ കടയുടെ അകത്തേക്ക് ശ്രദ്ധിച്ചു.
ഒരു മദാമ്മ താഴെ കിടക്കയിൽ കിടക്കുന്നു.അവർ മുതുകിൽ പച്ച കുത്തിക്കൊണ്ടിരിക്കുകയാണ്. കൂടെ വന്ന മദാമ്മ വശത്തിരുന്ന് ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു.കാശ് കൌണ്ടറിൽ ഒരു മെലിഞ്ഞ പയ്യനിരുപ്പുണ്ട്.
ചായ കുടിക്കണം എന്നാ ഉദ്യമം മറന്ന് അയാൾ  പച്ച കുത്തുന്ന ആ കടയിലേക്ക് കയറി.

"വേൾഡ് ഈസ് സോ സ്മോൾ..." മീശ പിരിച്ചു കൊണ്ടയാൾ ഉറക്കെ പറഞ്ഞു.
കടയിലുണ്ടായിരുന്ന എല്ലാവരും ഒരു നിമിഷം നിശ്ചലമായി അയാളെ ശ്രദ്ധിച്ചു.

മങ്ങിയ വർണ്ണപ്പൂക്കളുള്ള അയഞ്ഞു തൂങ്ങിയ ഷർട്ടും കഴുത്തിൽ മരമുത്തു മാലകളും കയ്യിൽ ലോഹ വളയും മോതിരങ്ങളും ധരിച്ച ആരോഗ്യവാനായ ഒരു യുവാവായിരുന്നു അയാൾ.

പച്ചകുത്തിയിരുന്ന മദാമ്മ അത്ഭുതത്തോടെ അയാളെ നോക്കി,
" യു ആർ ഹിയർ....ഓ മൈ ഗോഡ്..." മദാമ്മ സന്തോഷത്തോടെ അലറി.
ഒരു വിജയശ്രീലാളിതനെപ്പോലെ മീശ പിരിച്ച് ചിരിച്ചുകൊണ്ടയാൾ വശത്തിരുന്ന് പുസ്തകം വായിച്ചിരുന്ന മദാമ്മയെ നോക്കി ഒരു കണ്ണിറുക്കി. പുസ്തകം മടക്കി അവൾ അതിശയത്തോടെ ചിരിച്ചു. 
പച്ചകുത്തുന്ന പട്രീഷ്യയുടെ അടുത്ത് ചെന്ന് ശിവൻ കൈകൾ  വായുവിൽ വീശി മുട്ടിച്ച് സൗഹൃദം പുതുക്കി.
"എന്തൊക്കെയുണ്ട് പട്രീഷ്യ റോംബർഗ് ?"
"നല്ലത്. ഗോവയിൽ നിന്ന് എപ്പോ പോന്നു? അവൾ ചോദിച്ചു 
"രണ്ടു ദിവസമായി. ഇന്നിവിടെയെത്തി"
"നിന്റെ ആ പൊളിഞ്ഞ ശകടത്തിൽ തന്നെ പോന്നു?" അവൾ ചിരിച്ചു 
കപട ദേഷ്യത്തിൽ അവൻ പറഞ്ഞു," പാടില്ല, അതെന്റെ ആത്മാവും ശരീരവും വീടുമാകുന്നു"
അവൾ പൊട്ടിച്ചിരിച്ചു, "നിന്റെ സ്ഥിരം വരികൾ"
"ഇത് ലിണ്ട, എന്റെ കൂട്ടുകാരിയാണ്‌" അവൾ പുസ്തകം വായിച്ചിരുന്ന മറ്റേയാളെ പരിചയപ്പെടുത്തി.
ചെവി മൂടിക്കിടക്കുന്ന കറുത്ത മുടിയുള്ള സുന്ദരി, ലിണ്ട പുഞ്ചിരിച്ചു. 
പച്ച കുത്തിക്കൊണ്ടിരുന്ന മൊട്ടത്തലയൻ ഉത്തരേന്ത്യക്കാരൻ അവളോട്‌ ചോദിച്ചു,
"നമുക്കു വീണ്ടും തുടങ്ങാം?"
അവർ വീണ്ടും പച്ച കുത്താൻ ആരംഭിച്ചു.
"എന്താണ് പച്ച കുത്തുന്നത് ?" ശിവൻ ചോദിച്ചു.
" രണ്ടു ചിത്രശലഭങ്ങൾ" അവൾ പറഞ്ഞു.
ആശ്ചര്യത്തിന്റെ ശബ്ദങ്ങൾ അവൻ പുറപ്പെടുവിച്ചു.
"ക്ഷണിക ജീവികളായ ശലഭങ്ങളെപ്പോലെ അത്യന്തം ആനന്തത്തോടെ മൈഥുനം ചെയ്ത്തു പറന്നകലുക... നല്ല സന്ദേശം." അവർ പൊട്ടിച്ചിരിച്ചു.
"എനിക്ക് പറ്റിയ ഡിസൈനുകൾ വല്ലതുമുണ്ടോ?" ശിവൻ മോട്ടതലയനോട് ചോദിച്ചു.
മേശപ്പുറത്തു നിന്നും ഒരു പുസ്തകവുമായി മെലിഞ്ഞ മറ്റൊരു ഉത്തരേന്ത്യക്കാരൻ  ശിവനടുത്തേക്കു വന്നു.
"നിങ്ങൾക്ക് ഇതിൽ നിന്നും തിരഞ്ഞെടുക്കാം" അയാൾ  പറഞ്ഞു.
ശിവൻ പുസ്തകം മറിച്ചു നോക്കി. രണ്ടാമത്തെ പുറത്തിൽ കണ്ട ഒരു ചിന്ഹം ചൂണ്ടിക്കാണിച്ച് അവൻ പറഞ്ഞു,
"ദാ..ഇതു മതി "
"ഇത്ര പെട്ടെന്ന് തീരുമാനിച്ചോ?'' പാട്രീഷ്യ അത്ഭുതത്തോടെ ശിവനോടു ചോദിച്ചു.
അവളെ ശ്രദ്ധിക്കാതെ ഒരു ചിരിയോടെ അവൻ പച്ചകുത്തുന്നയാളോടു ചോദിച്ചു,
"ഡാ, ഈ ഒരു വലിപ്പത്തിൽ പച്ചകുത്തുന്നതിന് എത്ര രൂപയാകും?"
"ഒറ്റ നിറം ആണെങ്കിൽ അഞ്ഞൂറ്, നിറങ്ങളുടെ എണ്ണം കൂടിയാൽ കാശും കൂടും" മെലിഞ്ഞയാൾ ഉത്തരം പറഞ്ഞു.
"അഞ്ഞൂറോ !?  അത്രയും കാശുണ്ടെങ്കിൽ രണ്ടു മാസം വണ്ടിക്കു ഡീസലടിക്കാം" ശിവൻ പറഞ്ഞു.
" നിന്റെയൊരു പൊളിഞ്ഞ ശകടം" പാട്രീഷ്യ വീണ്ടും കളിയാക്കിച്ചിരിച്ചു.
അവൻ അവളെ നോക്കി തമാശരൂപേണ കണ്നുകളുരുട്ടി വിറപ്പിച്ചു.
"ശരി, കയ്യിൽ തോളിനു താഴെയായി മാംസമുള്ള ഈ ഭാഗത്ത്‌ അടിച്ചോ." ശിവൻ അയാളോട് ആജ്ഞാപിച്ചുകൊണ്ട് ഷർട്ടൂരി തയ്യാറെടുത്തു.
മെലിഞ്ഞയാൾ അകത്തു പോയി കാർബണ്‍ കടലാസ് എടുത്തു കൊണ്ടു വന്ന് പച്ച കുത്തേണ്ട ഡിസൈൻ കയ്യിലേക്ക്  പകർത്തി.
പാറ്റ്രീഷ്യയും ലിണ്ടയും കാര്യങ്ങൾ ധ്രുതഗതിയിൽ നീങ്ങുന്നത്‌ കണ്ട് പകച്ചു നിന്നു.
"നീ ശരിക്കും പച്ച കുത്താൻ വേണ്ടി വന്നതാണോ?" പാട്രീഷ്യ ആശ്ചര്യത്തോടെ ശിവനോടു ചോദിച്ചു.
ശിവൻ കയ്യിൽ  വരച്ച ചിന്ഹം നോക്കിയിരിക്കെ തന്നെ ഉത്തരം പറഞ്ഞു,
"ഒരിക്കലുമല്ല. നിന്നെ യാധൃശ്ചികമായി കണ്ടപ്പോൾ ഇങ്ങോട്ട് കയറിയതാണ്. വീണ്ടുമുള്ള ഈ കണ്ടുമുട്ടലിന്റെ സന്തോഷത്തിന് ഇതിരിക്കട്ടെ.." 
"എന്തു ഡിസൈനാണ് നീ തിരഞ്ഞെടുത്തത്" അവൾ ചോദിച്ചു.
അവർക്കു നേരെ കൈത്തണ്ട തിരിച്ചു പിടിച്ചു കാണിച്ചു കൊണ്ട് അവൻ പറഞ്ഞു," ചൈനീസ് ചിന്ഹം - യിൻ യാങ്ങ്".
കറുപ്പും വെളുപ്പും ഇഴപിരിഞ്ഞു കിടക്കുന്ന വൃത്താകൃതിയിലുള്ള ഒരു ചിന്ഹം. അതിൽ കറുത്ത ഭാഗത്ത്‌ ഒരു വെളുത്ത പൊട്ടും,വെളുത്ത ഭാഗത്ത്‌ ഒരു കറുത്ത പൊട്ടും ഉണ്ട്.
"എന്താ ഇതിന്റെയർത്ഥം" ഒരു ഫലിതം പ്രതീക്ഷിച്ചു കൊണ്ട് പട്രീഷ്യ ചോദിച്ചു.
പക്ഷെ അവൻ ഗൌരവത്തോടെ പറഞ്ഞു,"ഇത് നന്മയും തിന്മയുമാണ്. എല്ലാ നല്ല മനുഷ്യരിലും ഒരു തിന്മയുടെ പൊട്ടും എല്ലാ നീച മനുഷ്യരിലും ഒരു നന്മയുടെ പൊട്ടും ഉണ്ട്" 
മെലിഞ്ഞയാൾ ശിവന്റെ ദേഹത്ത് പച്ചകുത്തിതുടങ്ങി.
ദേഹത്ത് കറുത്ത മഷിയേയും കൊണ്ട് സൂചിയിറങ്ങുന്നത് അയാൾ നോക്കിയിരുന്നു.

പട്രീഷ്യയുടെ പച്ചകുത്തൽ ആദ്യം കഴിഞ്ഞു. അവർ അവനു വേണ്ടി കാത്തു നിന്നു.
പച്ചകുത്താൻ എളുപ്പമുള്ള ഡിസൈനായതുകൊണ്ട് അവർക്ക് അവനു വേണ്ടി അധികം കാത്തു നില്ക്കേണ്ടി വന്നില്ല.
അവസാന തുള്ളി മഷിയും കുത്തി നിറച്ച ശേഷം രക്തവും കറുത്ത മഷിയും കുഴഞ്ഞു കിടന്നിരുന്ന  ശിവന്റെ കൈ അയാൾ ഒരു തുണിക്കൊണ്ട് തുടച്ചു വൃത്തിയാക്കി.
"രണ്ടു ദിവസം കഴിഞ്ഞു നീര് വറ്റുമ്പോൾ രണ്ടു പേരും ഒന്ന് കൂടി വരണം. തൊലി വലിയുമ്പോൾ പച്ച കുത്തിയതിൽ വിള്ളലുകൾ ഉണ്ടാകാനിടയുണ്ട്. അതൊരഭംഗിയായിരിക്കും,ഒന്നു കൂടി ടച്ച്‌ ചെയ്യേണ്ടി വരും." പച്ചകുത്തിയ ആൾ പറഞ്ഞു. 
അർദ്ധനഗ്നനായിരുന്ന ശിവൻ തന്റെ കയ്യിൽ പച്ച കുത്തിയ ചിന്ഹം ഒരു പുഞ്ചിരിയോടെ നോക്കി.
പെട്ടെന്നുതന്നെ ചിരി മാഞ്ഞു.
"ഇതെന്താടാ...കറുത്ത ഭാഗത്തെ വെളുത്ത പൊട്ടിന്റെ വലിപ്പം കുറഞ്ഞു പോയത്." ശിവൻ ദേഷ്യത്തോടെ അലറി.
തടിമാടനായ മൊട്ടത്തലയൻ ശിവനെ സമാധാനിപ്പിക്കാൻ പറഞ്ഞു,"ഇല്ല സാർ, അത് സാറിനു തോന്നുന്നതാണ്."
"തോന്നുന്നതോ ?" ദേഷ്യം കൊണ്ട് വിറച്ചിരുന്ന ശിവന്റെ കൈകൾ അയാളുടെ മുഖത്ത് വീണു. 
കടയിലുണ്ടായിരുന്ന രണ്ടുപേരും ശിവന്റെ മേൽ ചാടിവീണു. ശിവൻ സർവ്വശക്തിയുമെടുത്ത്‌ കുതറി മാറി.അവർ ശിവനെ കടയിൽ നിന്നും പുറത്തെ മണലിലേക്ക് തള്ളിയിട്ടു. 
പേടിച്ചരണ്ട പെണ്‍കുട്ടികൾ ഒരലർച്ചയോടെ ഭിത്തിയോടു ചേർന്നു നിന്നു.
മൊട്ടത്തലയൻ അടിക്കാനായി വീണ്ടും മുന്നിലേക്ക്‌ കുതിച്ചു.
എങ്ങു നിന്നോ തന്റടുത്തേക്ക് അതിവേഗത്തിൽ കുരച്ചുകൊണ്ടോടിയടുക്കുന്ന ഒരു നായെ കണ്ടപ്പോൾ തല്ലാനോങ്ങിയ അയാളുടെ കൈകൾ നിശ്ചലമായി.
ബീച്ച് പരിസരത്തുണ്ടായിരുന്ന എല്ലാ കണ്ണുകളും ആ കടയിലേക്കു നീണ്ടു.
അടിപിടി ഒന്നു തണുത്തപ്പോൾ പട്രീഷ്യ പെട്ടെന്നു കയറിപ്പറഞ്ഞു," ഷിവാ... ലീവ് ഇറ്റ്‌."
"നോ, ഇറ്റ്‌ ഷുഡ് ബി പെർഫെക്റ്റ്‌." കിതപ്പോടെ ശിവൻ പറഞ്ഞു.
"അത് പെർഫെക്റ്റ്‌ ആണ്" കടക്കാരാൻ ദേഷ്യത്തോടെ പറഞ്ഞു.
"ആല്ല...കൃത്യത വേണ്ട ഒരു ജോലിയാണിത്.നീ ഈ ജോലിക്ക് അയോഗ്യനാണ്." അവനു നേരെ വിരൽ  ചൂണ്ടിക്കൊണ്ട് ശിവൻ അലറി.
"കാശില്ലെങ്കിൽ അത് പറഞ്ഞാപ്പോരെ" കടക്കാരാൻ  പുഛച്ചിരിയോടെ പറഞ്ഞു.
പല്ലുകൾ കടിച്ചമർത്തി ശിവൻ വീണ്ടും മുന്നോട്ടാഞ്ഞു.
പട്രീഷ്യ അവനെ തടഞ്ഞു നിർത്തി.
"കാഷ് ഞാൻ തരാം. പ്രശ്നം തീർന്നില്ലേ?" പട്രീഷ്യ പറഞ്ഞു.

രംഗം തണുത്തതോടെ ആൾക്കൂട്ടം പിരിഞ്ഞു പോയി. 
പട്രീഷ്യ കാശു കൊടുക്കാനായി കടയിലേക്ക് കയറി. ശിവന്റെ അടുത്ത് നിന്നിരുന്ന ലിണ്ട അയാളോട് ചോദിച്ചു,
"നിങ്ങൾക്ക് കുഴപ്പമൊന്നും പറ്റിയില്ലല്ലോ?"
ശിവൻ കഞ്ചാവിന്റെ ഒരു കള്ളച്ചിരിയോടെ അവളെ കണ്ണുകളടച്ചു കാണിച്ചു.
കടയ്ക്കുള്ളിൽ പെട്ടുപോയ അയാളുടെ ഷർട്ട്‌ നായ് കടിച്ചെടുത്തു കൊണ്ടുവന്നു.
"ഗുഡ് ബോയ്‌..." അയാൾ ചിരിച്ചു.
ഷർട്ടിട്ടു കൊണ്ടിരിക്കുമ്പോൾ അയാൾ പറഞ്ഞു ,
"ദിസ്‌ ഈസ്‌ കോപ്പർ...മൈ...മൈ ഫാമിലി " അയാൾ കൊപ്പറിനെ ലിണ്ടക്കു പരിചയപ്പെടുത്തി.
അവൾ കൊപ്പറിനെ കളിപ്പിച്ചു കൊണ്ടു നിൽക്കുമ്പോൾ പട്രീഷ്യ കടയിൽ നിന്നിറങ്ങി വന്നു.

"വരൂ, പോകാം " പട്രീഷ്യ പറഞ്ഞു. അവളുടെ ശബ്ദത്തിൽ നിർബന്ധം ഉണ്ടായിരുന്നു.
മനസില്ലാ മനസ്സോടെ ശിവൻ അവരുടെ കൂടെ നടന്നു തുടങ്ങി. പോകുന്നതിനു മുൻപ് ശിവൻ കടയിലേക്ക് ഒന്നുകൂടി തറപ്പിച്ചു നോക്കി.

"ആ റാസ്കൽസിനു നീ കാശുകൊടുക്കരുതായിരുന്നു."നടന്നു തുടങ്ങിയ ശിവൻ പട്രീഷ്യയോടായിപ്പറഞ്ഞു.
"അതിനെന്താ, അഞ്ഞൂറ് രൂപയല്ലേ... ഇപ്പൊ പ്രശ്നം തീർന്നില്ലേ" അവൾ പറഞ്ഞു.
"ശരി... വരൂ, ഇന്നത്തെ ഡിന്നർ എന്റെ വക." ശിവൻ പറഞ്ഞു. 
"വേണ്ട... ഇപ്പൊ വേണ്ട. നാളെ ലഞ്ച് ഒരുമിച്ചാകാം.എന്തു പറയുന്നു?"പട്രീഷ്യ ചോദിച്ചു. 
"ഡണ്‍" രണ്ടു കൈകളും വായുവിലുയർത്തി ശിവൻ ഉറക്കെപ്പറഞ്ഞു.
"ദാ അവിടെ നമ്മുടെ കൂട്ടുകാരുണ്ട്,ഇപ്പൊ നമുക്ക് അവിടേക്ക് പോകാം" പട്രീഷ്യ പറഞ്ഞു.
അവർ ആ തീരത്തിന്റെ അറ്റത്തുള്ള ലൈറ്റ് ഹൌസ് ലക്ഷ്യമാക്കി നടന്നു.കോപ്പർ അവർക്കു പുറകെ മണം പിടിച്ചു നടന്നു. അവർ ദൂരെ നടന്നകലുന്നതു വരെ അവിടെയുണ്ടായിരുന്ന എല്ലാ കടക്കാരും അവരെ നോക്കി എന്തോ പിറുപിറുത്തുകൊണ്ടിരുന്നു.






കുന്നു കയറി ലൈറ്റ് ഹൌസിനടുത്തെത്താറായപ്പോൾ തന്നെ ഗിറ്റാറിന്റെയും മറ്റു കൊട്ടുവാദ്യങ്ങളുടെയും ശബ്ദം കേട്ടു തുടങ്ങി.
ലൈറ്റ് ഹൌസിനു താഴെയെത്തിയപ്പോൾ, അവിടെയിരുന്നു പുകവലിച്ചിരുന്ന ജിപ്സികളെ പട്രീഷ്യ ശിവനു പരിചയപ്പെടുത്തി.
ഇഴപിരിഞ്ഞ വള്ളികൾ തലയിൽ കെട്ടിയ ഒരു കൂട്ടം ജടാധാരികൾ. പുകമറയിലെ വർണ്നവസ്ത്രങ്ങൾ ആടിക്കൊണ്ടിരുന്നു.  അതിൽ മിക്കവരും ശിവന് മുൻപരിചയമുള്ളവരായിരുന്നു. ബോബ് മാർലിയുടെ ഗാനങ്ങൾ പാടുന്നത് കേട്ടുക്കൊണ്ടിരുന്ന എല്ലാ മുഖങ്ങളിലും ശാന്തത. അല്ലെങ്കിൽ സന്തോഷം.

അവർ തീകൂട്ടിയിരുന്നതിനു ചുറ്റുമായിരുന്നു. കൈമാറിവന്ന കഞ്ചാവിന്റെ ചില്ലം അവർ ശിവനു നേരെ നീട്ടി.രണ്ടു പുകയെടുത്തത്തിനു ശേഷം അവൻ അടുത്തിരുന്ന ലിണ്ടയ്ക്ക് അത് കൈമാറി.
അവളത് ആസ്വദിച്ച് പതിയെ വലിച്ചു കൊണ്ടിരുന്നു.
"പുകയ്ക്ക് വീര്യം കൂടുതലാണ്. നീലച്ചടയനായിരിക്കണം", ശിവൻ മനസിലോർത്തു.
പട്രീഷ്യ കൂട്ടത്തിൽ നിന്നും മാറിനിന്നിരുന്നവരുടെ കൂടെ ഏതോ പുതിയ മരുന്ന് പരീക്ഷിക്കുകയായിരുന്നു.
"ലിണ്ടയും ജർമനിയിൽ നിന്നാണോ?" അടുത്തിരുന്ന് ലിണ്ടയോട് ശിവൻ ചോദിച്ചു 
"അതെ " അവൾ പറഞ്ഞു.
"പറ്റ്രീഷ്യയും ലിണ്ടയും ഇവിടെ ഒരുമിച്ചാണോ താമസിക്കുന്നത്?"
"അതെ" അവൾ അകാരണമായി ചിരിച്ചു കൊണ്ടു പറഞ്ഞു.
"നിങ്ങളുടെ ചിരി വളരെ മനോഹരമായിരിക്കുന്നു. കറുത്ത മുടിയായത് കൊണ്ട് ഒറ്റ നോട്ടത്തിൽ ഈ നാട്ടുകാരിയാണെന്നെ തോന്നൂ." കുഴഞ്ഞു തുടങ്ങിയ വാക്കുകളിൽ ശിവൻ പറഞ്ഞു.
ഒരു ഡിസ്കോ താരത്തേപ്പോലെ വെട്ടി നിർത്തിയിരുന്ന അവളുടെ മുടി അലസമായ ഒരു ചിരിയോടെ അവൾ ഒതുക്കി വച്ചു.  

പട്രീഷ്യ ഇതെല്ലാം ദൂരെ നിന്ന് മറ്റുള്ളവരുമായുള്ള സംസാരത്തിനിടെ നോക്കി നിന്നു.

"ഷിവ - എന്നാണല്ലേ നിങ്ങളുടെ പേര്, അല്ല..പട്രീഷ്യ അങ്ങിനെ നേരത്തേ വിളിക്കുന്നതു പോലെ തോന്നി."
"ആല്ല..ശിവകുമാർ. അതാണെന്റെ പേര്. 'ശിവ' എന്ന് അടുപ്പമുള്ളവർ വിളിക്കും. ചിലർ 'ഡോക്ടർ' എന്നും വിളിക്കും. പറയാൻ വിട്ടു- ഞാനൊരു ഡോക്ടറാണ്. പാരാസൈക്കോളജിയിൽ ഗവേഷണം നടത്തി നാടുകൾ ചുറ്റി നടക്കുന്നു."
വിശ്വാസം വരാത്ത അവളുടെ കണ്ണുകളിൽ ഒരു പുഞ്ചിരി വിടർന്നു.
"എനിക്കും നാട് ചുറ്റുന്നത്‌ വളരെയിഷ്ടമാണ്. പ്രത്യേകിച്ച് ഇന്ത്യയിൽ. പൂനെയിൽ പോയി ഓഷോയെ കാണണം. അതിനാണ് ഇത്തവണ ഇന്ത്യയിൽ വന്നത്." അവൾ പറഞ്ഞു.
"തത്ത്വചിന്ത ഇഷ്ടമാണല്ലേ ?'' അയാൾ ചോദിച്ചു.
കണ്ണുകളടച്ച്‌ അവൾ ലഹരി നിറഞ്ഞ തലയാട്ടിക്കൊണ്ടിരുന്നു. 
അവർ ലഹരി വെട്ടിത്തെളിച്ച വർണ്ണപഥങ്ങളിൽ യാത്രയാരംഭിച്ചിരുന്നു.

രാത്രിയിൽ എപ്പോഴോ തലപൊക്കിയ കഞ്ചാവിന്റെ വിശപ്പിൽ ജിപ്സികളുടെ പക്കലുണ്ടായിരുന്ന ഭക്ഷണം പങ്കിട്ടു കഴിച്ചു. പാതിരാ കഴിഞ്ഞതോടെ ക്രമേണ മിക്കവരും നിശബ്ദരായി. പലരും ഉറക്കത്തിലേക്കു വീണുകൊണ്ടിരുന്നു. ചിലർമാത്രം അവിടവിടായി വട്ടം കൂടി നിന്ന് സംസാരിച്ചു കൊണ്ടിരുന്നു.ലൈറ്റ് ഹൌസിൽ നിന്നും വെളിച്ചത്തിന്റെ ഒരു ദണ്ട് ആകാശത്തെ കീറിമുറിച്ചുകൊണ്ട് അവർക്കു മുകളിലായി ഇടയ്ക്ക് റോന്തുച്ചുറ്റുന്നുണ്ടായിരുന്നു

കളിചിരികൾ നിറഞ്ഞ നീണ്ട സല്ലാപത്തിനോടുവിൽ ശിവൻ ലിണ്ടയോട് യാത്ര പറഞ്ഞെഴുന്നേറ്റു.
ശിവൻ പാറ്റ്രീഷ്യയെ നോക്കി വിളിച്ചു പറഞ്ഞു,"നാളെക്കാണാം..ശുഭരാത്രി".
ഉറങ്ങിക്കിടന്ന ആരൊക്കെയോ അയാൾക്കു തിരികേ ശുഭരാത്രി നേർന്നു.
പട്രീഷ്യ കൂട്ടുകാരോട് സംസാരിക്കുന്നതിനിടെ ഒരു കൈ ഉയർത്തിക്കാണിച്ച് ശിവനോട് യാത്ര പറഞ്ഞു.
പതറുന്ന കാലടികളോടെ ശിവൻ കുന്നിറങ്ങാൻ തുടങ്ങി.പുറകെ കോപ്പർ വാലാട്ടി നടന്നകലുന്നത് ലിണ്ട നോക്കി ഇരുന്നു.

"അവൻ പറയുന്നതൊന്നും വിശ്വസിക്കരുത്." ജർമ്മൻ ഭാഷ കേട്ട് ലിണ്ട പെട്ടെന്നു തിരിഞ്ഞു നോക്കി.
ലിണ്ടയ്ക്ക് എഴുന്നെൽക്കാനായി പട്രീഷ്യ കൈ നീട്ടി നിൽക്കുകയായിരുന്നു.
ലിണ്ട കൈ പിടിച്ചെഴുന്നേറ്റിട്ടു ചോദിച്ചു,
"അതെന്താ.."
പട്രീഷ്യ ഉത്തരം നല്കാതെ പതിയെ കോട്ടെജിലേക്ക് നടന്നു.

No comments:

Post a Comment