Tuesday, September 1, 2009

പട്ടാള പര്‍വ്വം.

അതിര്‍ത്തി.അസ്തമയം കഴിഞ്ഞു .
കമ്പിവേലികള്‍ പാക്കിയുടെയും, ഹിന്ദുവിന്റെയും സ്ഥാനത്തെ വേര്‍തിരിചിട്ടിരിക്കുന്നു. കുടിപ്പകയുടെ പുതിയ യുദ്ധമുറകള്‍ അവിടെ പരീക്ഷിക്കപ്പെടുന്നു. അതിര്‍ത്തികള്‍ക്കിടയിലെ, രണ്ടുക്കൂട്ടരുടെയും ഉടമസ്ഥതയിലല്ലാത്ത അനാഥഭൂമിക്കു മുകളിലൂടെ വെടിയുണ്ടകള്‍ ജ്വാലാവീഥികള്‍ വരച്ചിട്ടു കൊണ്ടിരുന്നു.
രാത്രിയിലെപ്പോഴോ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായി.
വീണ്ടും ഭയാനകമായ ശാന്തത. അന്തരീക്ഷത്തില്‍ വെടിമരുന്നിന്റെ മണം.
അതിര്‍ത്തിയില്‍
നിന്നും ബാരാക്കിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോവാനുള്ള ട്രക്ക് വന്നു. ട്രക്കിന്റെ വെളിച്ചത്തില്‍ പാറക്കല്ലുകള്‍ ചിതറിക്കിടക്കുന്ന മലയാടിവാരം കൂടുതല്‍ ഭീകരമായി കണ്ടു. പുകയുടെയോ,മഞ്ഞിന്റെയോ എന്ന് തിരിച്ചറിയാനാവാത്ത ഒരു നരച്ചമേലങ്കി ഭൂമിക്കുമേല്‍ പറന്നു നടന്നു.
വണ്ടിയിലേക്ക് പരുക്കേറ്റവരെയും മൃതദേഹങ്ങളെയും കയറ്റുന്നത് ദൂരെ മാറി മറ്റു പട്ടാളക്കാര്‍ക്കൊപ്പം അന്‍സാരി നോക്കി നിന്നു. തോക്ക് താഴെ വച്ച്, ഒരു കട്ടന്‍ കാപ്പിയെടുത്ത് മണല്‍ ചാക്കിന്‍മേല്‍ തളര്‍ന്നിരുന്നു. കാപ്പി കുടിക്കുമ്പോള്‍, പണ്ട് അതിര്‍ത്തിയിലൂടെ പാക്കിസ്ഥാന്‍ പട്ടാളക്കാര്‍ തനിക്കും, കൂട്ടുകാര്‍ക്കും കൈമാറിയിരുന്ന കാപ്പിയെക്കുറിച്ചും, സൌഹൃദത്തെക്കുറിച്ചും അയാളോര്‍ത്തു. ഇതൊരു പ്രശ്ന ബാധിത പ്രദെശമേ അല്ലായിരുന്നു. മേലധികാരികളുടെ ആജ്ഞക്കനുസരിച്ചുള്ള ആക്രമണത്തില്‍ തന്റെ സുഹൃത്തുക്കളെ താനറിയാതെ കൊന്നു കാണുമോ? താനുതിര്‍ത്ത ചുട്ടുപഴുത്ത വെടിയുണ്ടകള്‍ അവരുടെ രക്തം കുടിച്ച്‌ ,അവരുടെ ശരീരത്തില്‍ തണുത്തുറഞ്ഞു കാണുമോ? ഒരു വാടക കൊലയാളിയും അയാളും തമ്മിലുള്ള വ്യത്യാസം വേര്‍തിരിച്ചെടുക്കാന്‍ അയാള്‍ വ്യഥാ ശ്രമിച്ചു കൊണ്ടിരുന്നു.
കൂട്ടത്തില്‍ ആരോ കഴിക്കാനായി അയാള്‍ക്കു നേരെ ബ്രഡ്‌ നീട്ടി. രണ്ടു ദിവസത്തെ തുടര്‍ച്ചയായ അധ്വാനവും, വിശപ്പും അയാളെ തളര്‍ത്തിയിരിക്കുന്നു. അയാള്‍ ബ്രെഡിന്റെ കനമുള്ളഅരികുകള്‍ ആദ്യം കഴിച്ചു. ചെറു മധുരമുള്ള മധ്യഭാഗം അവസാനവും. കുട്ടിക്കാലത്തെ ചെറിയ ശീലങ്ങള്‍ പോലും ഒരിക്കലും മാറുന്നില്ല, അയാളോര്‍ത്തു.
ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്..... സ്കൂളില്‍ രാവിലെ പ്രതിജ്ഞ എടുക്കുന്ന എന്നില്‍ ദേശസ്നേഹം ഞാനറിയാതെ കുത്തിനിറക്കപ്പെടുന്നു. ഒരു ഇലക്ട്രോണിക്സ് ബിരുദധാരിയായ അയാളെ രാജ്യത്തിന് വേണ്ടി മരിക്കാന്‍ പോലും പാകപ്പെടുത്തി എടുത്തിരിക്കുന്നു.
അവനറിയാതെ ഉറക്കെ ചോദിച്ചു, "ആര്‍ക്കു വേണ്ടി ?"
"ഭാരതത്തിന്‌ വേണ്ടിയോ? അതോ രാജ്യം ഭരിക്കുന്ന ഒരാളുടെ തീരുമാനത്തിന് വേണ്ടിയോ? അതോ ഭരണാധികാരി അടങ്ങുന്ന പ്രസ്ഥാനത്തിന്റെ തീരുമാനത്തിന് വേണ്ടിയോ?"
കൂടെയുണ്ടായിരുന്നവര്‍ അയാളെ പകച്ചു നോക്കി നിന്നു. കൂട്ടത്തില്‍ ആരോ സൌമ്യനായി അയാളെ തിരുത്തി,
"അന്‍സാരി....ഇപ്പൊ ഉദാഹരണത്തിന്, ആരെങ്കിലും നിങ്ങളുടെ ഉമ്മയോടോ, സഹോദരിയോടോ അപമര്യാദയായി പെരുമാറിയാല്‍ നിങ്ങള്‍ അടങ്ങിയിരിക്കുമോ? അതുപോലെ തന്നെയാണ് മാതൃരാജ്യവും."
"അല്ല, അമ്മ എന്നത് എന്റെ രക്തമാണ്, എനിക്ക് ജന്മം തന്നവരാണ്. അത് പ്രകൃത്യാ ഉള്ളതാണ്, രാജ്യാതിര്‍ത്തികള്‍ പോലെ മനുഷ്യ നിര്‍മിതമല്ല. അമ്മയ്ക്കുവേണ്ടി വേണ്ടി മരിക്കുന്നതില്‍ അര്‍ത്ഥമുണ്ട്. അടങ്ങിയൊതുങ്ങിക്കഴിയുന്നവരെ ആരും ഒന്നും ചെയ്യില്ല. ഭാരതത്തില്‍ അവര്‍ നടത്തുന്ന സ്ഫോടനങ്ങള്‍ പോലെ, പാക്കിസ്ഥാനില്‍ നടക്കുന്ന സ്ഫോടനങ്ങളില്‍ ഭാരതത്തിനു പങ്കില്ല എന്ന് നിങ്ങള്‍ക്ക് പറയാനാകുമോ? കൊടുക്കല്‍, വാങ്ങലുകള്‍ എന്ന് തീരും. ആര്‍ക്കുവേണ്ടി?
രാജ്യം പോലെത്തന്നെ നമ്മള്‍ ഉള്‍പ്പെടുന്ന ഒരു പ്രസ്ഥാനമാണല്ലോ മതവും. രാജ്യസ്നേഹം, മതസ്നേഹം ഇതെല്ലാം കള്ളനാണയങ്ങളാണ്. ചില സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ളവയാണ് ഇതെല്ലാം. രാജ്യസ്നേഹത്തിന്റെ പേരില്‍ നമ്മള്‍ തോക്കെടുക്കുന്നത് പോലെ തന്നെയാണ്, നാം ശത്രുക്കളായിക്കാണുന്ന മുസ്ലീം മതതീവ്രവാദികള്‍ മതത്തിന്റെ പേരില്‍ തോക്കെടുക്കുന്നതും. ചെറുപ്പം മുതല്‍ അവരില്‍ കുത്തിനിറക്കപെട്ട മതവിശ്വാസങ്ങള്‍ അവരെ മതത്തിന് വേണ്ടി മരിക്കാന്‍ പോലും സന്നധരാക്കുന്നു. ഇവിടെ ആരാണ് തെറ്റുകാര്‍. ഒന്നുകില്‍ എല്ലാം ശരി അല്ലെങ്കില്‍ എല്ലാം തെറ്റ്.
എല്ലാം ആപേക്ഷികം മാത്രമാണ്, വ്യക്തികള്‍ പോലും. ചിലപ്പോള്‍ ഒരാള്‍ നിങ്ങള്‍ക്ക് നായകനായിരിക്കാം, പക്ഷെ അയാള്‍ എനിക്ക് വില്ലനായിരിക്കാം. എല്ലാവരുടെ ജീവിതത്തിലും പോസിറ്റിവും ,നെഗട്ടീവും ആയ വേഷങ്ങള്‍ ഉണ്ട്. എല്ലാവര്‍ക്കും എപ്പോഴും പോസിറ്റീവ് വേഷങ്ങളോടാണ് താല്‍പ്പര്യം. അതുകൊണ്ട് തന്നെ ഒരു പട്ടാളക്കാരന് സമൂഹം പോസിറ്റീവ് വേഷം കല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്. നിങ്ങള്‍ ഒരേ സമയം നായകനും വില്ലനുമാണ്. നാട്ടുകാര്‍ക്ക് നിങ്ങള്‍ നായകനെങ്ങില്‍ ശത്രുരാജ്യത്തിന് വില്ലനാണ്. മക്കള്‍ക്കും, കാമുകിക്കും നായകനെങ്കില്‍, ഭാര്യക്ക് വില്ലനായിരിക്കാം ചിലപ്പോള്‍. നിങ്ങളിലെ വേഷപകര്‍ച്ചകള്‍ ഇലക്ട്രോണിക്സിലെപ്പോലെ ഓണ്‍ ,ഓഫ്‌, ഓണ്‍...........ആയി അനുപാതം തുടര്‍ന്നു കൊണ്ടിരിക്കുന്നു.
01010100110101...... പോസിറ്റിവും നെഗട്ടീവും വേഷങ്ങള്‍ ഇഴപിരിഞ്ഞു ജീവിതം അങ്ങിനെ നീണ്ടു പോകുന്നു.
നമ്മുടെ പൊതുവായ ധാരണകള്‍ തെറ്റിച്ചുകൊണ്ട് ഇലക്ട്രോണിക്സില്‍ ഞാന്‍ പഠിച്ചു, എല്ലാം തികഞ്ഞ അവസ്ഥയല്ല, നേരെ മറിച്ചു ഒഴിഞ്ഞ അവസ്ഥയാണ് പോസിറ്റീവ് അവസ്ഥ. ഒഴിവിലേക്ക് ഒരു ഇലക്ട്രോണിന് വേണ്ടിയോ ,അല്ലെങ്കില്‍ ജ്ഞാനത്തിനു വേണ്ടിയോ സദാ ദാഹിക്കുന്ന അവസ്ഥയാണ് പോസിറ്റീവ് അവസ്ഥ. നാം പോസിറ്റീവ് ആവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു, പക്ഷെ നെഗറ്റീവ് തനിയെ വന്നു ചേരുന്നു. അതാണ്‌ പ്രകൃതി.
ചുറ്റും നിന്നവര്‍ക്ക് ഇലക്ട്രോണിക്സ് പുരാണം മനസിലാവാതെ അന്‍സാരിയെ നോക്കി നിന്നു. കഴിഞ്ഞ രണ്ടു ദിവസത്തെ ഉറക്കമില്ലായ്മയായിരിക്കാം അയാളെക്കൊണ്ട് ഇങ്ങിനെയൊക്കെ സംസാരിപ്പിക്കുന്നത്, അവര്‍ ഓര്‍ത്തു. കയ്യിലെ കാപ്പി തണുത്തു തുടങ്ങിയിരുന്നു.
പുലര്‍ന്നു തുടങ്ങി.
ബരാക്കിലേക്ക് ട്രക്ക് പുറപ്പെടാനോരുങ്ങുന്നു. അവര്‍ ട്രക്കിനടുത്തേക്കു നടന്നു. അന്‍സാരി തോക്കെടുത്ത് മുടന്തി നടന്നു തുടങ്ങി. ട്രക്കിനടുത്തു താഴെ ഇനിയും കൊണ്ടു പോകാനുള്ള മൃതദേഹങ്ങള്‍. രക്തത്തില്‍ കുതിര്‍ന്ന യുണിഫോമുകളില്‍ മണല്‍ പറ്റിക്കിടക്കുന്നത് കാണാം.
ട്രക്കിനടുത്തു ആദ്യം നടന്നെത്തിയ കൂട്ടുകാര്‍ മൃതദേഹങ്ങളെ നോക്കി മരവിച്ചു നില്ക്കുന്നത് കണ്ടു.സ്വന്തം മൃതദേഹങ്ങളില്‍ നോക്കി അവര്‍ കരയുന്നുണ്ടായിരുന്നു. അന്‍സാരിക്ക് വിശ്വാസം വന്നില്ല. കൂട്ടുകാരുടെ മൃതദേഹത്തെയും, കൂട്ടുകാരെയും മാറി മാറി നോക്കി. അയാള്‍ സ്വന്തം ദേഹത്തിനായി തിരച്ചിലാരംഭിച്ചു. കൂട്ടത്തില്‍ ഇല്ല എന്ന് മനസിലാക്കിയ അയാള്‍ ധൃതിയില്‍ ട്രക്കില്‍ കയറി. ട്രക്കിലെ ഇരുട്ടില്‍ എല്ലാം പരിചയമുള്ള മുഖങ്ങള്‍. ചേതന അറ്റ്, രക്തത്തില്‍ കുളിച്ചു കിടക്കുന്നു. ചിലര്‍ക്ക് ജീവനുണ്ട്. പെട്ടെന്ന് അകലെ മൂന്നാമതായി രക്തത്തില്‍ കുളിച്ച അയാളുടെ ശരീരത്തെ കിടത്തിയിരിക്കുന്നത് കണ്ടു. പരിഭ്രമത്തോടെ കിടത്തിയിരിക്കുന്നവരെ ചവിട്ടാതെ ഓരം ചേര്‍ന്ന് ദേഹത്തിനടുത്തെത്തി. എന്തു ചെയ്യണമെന്നറിയാതെ നിസംഗനായി നിന്നു.

പെട്ടെന്ന്ട്രക്ക് ധൃതിയില്‍ ചലിച്ചു തുടങ്ങി.

വണ്ടിയുടെ ഉലച്ചിലില്‍ കിടത്തിയിരിക്കുന്ന അയാളുടെ ശരീരം വേദന കൊണ്ട് ഒന്നു ഞരങ്ങി. വിശ്വാസം വരാതെ അന്‍സാരി ദേഹത്തെ സൂക്ഷിച്ചു നോക്കി. അത് അനങ്ങുന്നുണ്ട്. സന്തോഷം കൊണ്ട് അന്‍സാരി അലറിക്കരയാന്‍ തുടങ്ങി. അയാള്‍ ദേഹത്തിനടുത്തു ചെന്നിരുന്നു. അത് ശ്വസിക്കുന്നുണ്ട്. അവന്റെ ഓരോ ശ്വാസം ജനനവും, നിശ്വാസം മരണവുമായി തോന്നി.
00000000010101010101.......
നിറകണ്ണുകളോടെ പുറത്തു നില്‍ക്കുന്ന കൂട്ടുകാരോട് കൈ ഉയര്‍ത്തിക്കാണിച്ച്, ജീവിതത്തിലേക്ക് യാത്ര ചോദിച്ചകലുമ്പോള്‍, താഴ് വരയിലെ മേലങ്കി പോലുള്ള പുകമറയില്‍ അവരും അലിഞ്ഞു ചേരുന്നത് അവന്‍ നോക്കി നിന്നു.

6 comments:

  1. കൂടുതല്‍ ഒന്നും പറയാനില്ല....
    ഇഷ്ടമായി ആശംസകള്‍.....

    ReplyDelete
  2. ഇത്തവണ കഥ ബോര്‍ഡറിലേയ്ക്ക് പോയി അല്ലേ?

    ReplyDelete
    Replies
    1. pandu ezhuthiyathaanu.. oru paadu prashnangalundu kadhakku..
      ennaalum post cheythu..

      Delete