Sunday, November 24, 2013

വെളിപാട്


സ്വാമി ചിന്മയാനന്തൻ - അതായിരുന്നു പതിനേഴു വർഷങ്ങൾക്കു മുൻപ്  തങ്കപ്പൻ സ്വീകരിച്ച പേര്
തങ്കപ്പൻ എന്ന പേര് അയാൾക്ക്വളരെയിഷ്ടമായിരുന്നു, പക്ഷെ വിശ്വാസ്യതയ്ക്ക്വേണ്ടി അയാൾ പേരുമാറ്റുവാൻ നിർബന്ധിതനാവുകയായിരുന്നു. ആത്മീയഗുരു എന്ന നിലയിൽ ഒരു പതിറ്റാണ്ടു കൊണ്ട് പ്രതീക്ഷിക്കാതെ കയ്യിൽ വന്ന കണക്കറ്റ സ്വത്തുക്കളും സമ്പാദ്യവും അയാളിൽ ആധിയും രക്തസമ്മർധവും കൊണ്ടുവന്നു.
ഇതേ പ്രശ്നങ്ങളിൽ തന്നിൽ അഭയം പ്രാപിച്ച മറ്റു ധനികരെ അയാൾ ഇങ്ങനെ ഉപദേശിച്ചു,

"വിഭൂതിഅത് മാത്രമാണ് സമ്മർദ്ധങ്ങളിൽ നിന്ന് രക്ഷപെടാൻ നിങ്ങൾക്കൊരു പോം വഴി
വായുവിൽ കൈകളുയർത്തി ശൂന്യതയിൽ നിന്ന് ഭസ്മമെടുത്ത്സ്വാമി തന്റെ ഭക്തരുടെ നെറ്റിയിൽ തൊട്ടു കൊടുത്തു.

തുടർന്ന് സ്വാമി വീണ്ടും ധ്യാനത്തിലേക്ക് ലയിക്കുന്നതായി അഭിനയിച്ചു.
പക്ഷെ എല്ലാ തവണയിൽ നിന്നും വിപരീതമായി ഇത്തവണ ധ്യാനത്തിൽ ലയിച്ച സ്വാമി ചിന്തയുടെ പുതിയ മണ്ഡലങ്ങളിലേക്ക് അറിയാതെ വഴുതി വീഴുകയായിരുന്നു. തന്റെ  ചിന്തകൾ അതിന്റെ കാണാകയങ്ങളിലേക്ക് തന്നെയും വലിച്ചു കൊണ്ട് പോകുന്നത് അയാൾക്ക് സാക്ഷ്യം വഹിച്ചു നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ.  

"തങ്കപ്പാ…" ധ്യാനത്തിനിടെ എങ്ങുനിന്നോ അയാൾ അപരിചിതവും ആധികാരികവുമായ ഒരു അശരീരി കേട്ടു.
"ആരാണത്? " തങ്കപ്പന് ഭയം തോന്നി.
"ഞാൻനീയും നിന്റെ ചിന്തകളും ഉൾക്കൊള്ളുന്നവനാകുന്നു.." അശരീരി പറഞ്ഞു.

അയാൾ അശരീരിയുമായി സംസാരം തുടർന്നു.

മണിക്കൂറുകൾ കഴിഞ്ഞിട്ടും ധ്യാനത്തിൽ നിന്നുണരാത്ത സ്വാമികളെ കണ്ട് ശിഷ്യന്മാർ പരസ്പരം നോക്കി നിന്നു.

വൈകുന്നേരമായതോടെ ചലനമറ്റ് ധ്യാനനിരതനായ  സ്വാമികൾ ഭക്തരെയും ആശങ്കയിലാഴ്ത്തിരംഗം വഷളായതോടെ സ്വാമിയുടെ പ്രഥമ ശിഷ്യൻ സ്ഥലത്തെത്തി. ഭയദുഃഖങ്ങളോടെ വലിയ ഹാളിൽ  തടിച്ചു കൂടിയിരുന്ന ഭക്ത ജനങ്ങളുടെ കണ്ണിൽപ്പെടാതെ പ്രഥമ ശിഷ്യൻ സ്വാമികളുടെ പുറത്ത് നുള്ളുകയും പിന്നീട് പതിയെ സ്വാമികളുടെ ചെവിയിൽ മന്ത്രിക്കുകയും ചെയ്തു.
"എഴുന്നെക്കടോ.." 
സ്വാമികളുടെ ധ്യാനത്തിന്റെയാഴങ്ങളിൽ ശബ്ദം എത്തിചെർന്നില്ല. അകാരണമായ സന്തോഷത്തിന്റെ പുഞ്ചിരിയോടെ സ്വാമികൾ ധ്യാനത്തിൽ തുടർന്നു.

പ്രഥമ ശിഷ്യൻ തിരിഞ്ഞ് പരിഭ്രമം പുറത്തുകാണിക്കാതെ അവിടെ കൂടി നിന്നിരുന്നവരോടായി പറഞ്ഞു,
"അദ്ദേഹം അഗാധ ധ്യാനത്തിലാണ്, അദ്ധേഹത്തെ ആരും ശല്യപ്പെടുത്തരുത്.. എല്ലാവരും പിരിഞ്ഞു പോവുക.."
പക്ഷെ ഭക്ത ജനങ്ങൾ പിരിഞ്ഞു പോകാതെ പ്രാർത്ഥനകളും ജയ് വിളികളും മുഴക്കി ഹാളിൽ കുത്തിയിരുന്നു.
സ്വാമികളുടെ ധ്യാനം ഭക്ഷണമില്ലാത്ത ഒരു രാത്രിയും പകലും പിന്നിട്ടു. വിവരം കാട്ടുതീ പോലെ പടർന്ന് ഒടുവിൽ സ്വാമികളെ വിശ്വസിച്ച് അയാളുടെ ട്രസ്റ്റിൽ കാശിറക്കിയിരുന്ന  മന്ത്രിമാരുടെ ചെവികളിലെത്തി.
കക്ഷിരാഷ്ട്രീയ ഭേദമന്യേ അവർ അടുത്ത നിമിഷം സ്വാമികൾക്കരികിലെത്തി
പ്രഥമ ശിഷ്യനോടായി അവർ പറഞ്ഞു,
"കൊള്ളാം, സ്വാമികൾ തകർക്കുകയാണല്ലോ. സംഭവം അറിയാൻ ഇനിയാരും ബാക്കിയില്ലകേന്ദ്രത്തിൽ നിന്ന് വരെ വിളിച്ചന്വേഷിച്ചിരുന്നു.   ഛെ.. അടുത്ത മാസം നമ്മുടെ ചാനൽ ആരംഭിച്ചതിനു ശേഷമായിരുന്നെങ്കിൽ ഇത്തിരികൂടി പബ്ലിസിറ്റി കിട്ടിയേനെ…"

"അതെയതെ" യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നതിന്റെ പരിഭ്രമം പുറത്തുകാണിക്കാതെ പ്രഥമ ശിഷ്യൻ തലകുലുക്കി

അവരുടെ സംസാരത്തിനിടെ സ്വാമികൾ പതിയെ ധ്യാനത്തിൽ നിന്നും കണ്ണ് തുറന്നു. കണ്ണുകൾ ഓളം വെട്ടാത ഒരു തടാകം പോലെ ശാന്തമായിരുന്നു. ഭക്തജനങ്ങളിൽ നിന്നും  അതിശയത്തിന്റെതു മാത്രമായ  ശബ്ദങ്ങൾ പുറത്തേക്കു വന്നു.

സ്വാമികൾ അവിടെക്കൂടിയിരിക്കുന്നവരെ അഭിസംബോധനചെയ്യുന്നതിനായി മൈക്കടുപ്പിച്ചു.
"ഞാൻഞാനാകുന്നു
ഞാൻ , തങ്കപ്പനാകുന്നുവെറും തങ്കപ്പൻ.
നിങ്ങൾ സ്വഭവനങ്ങളിലെക്ക് മടങ്ങുക.എന്നിക്കുണ്ടെന്നു നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്ന ചൈതന്യം നിങ്ങളിൽ എല്ലാവരിലുമുണ്ട്നിങ്ങൾ ഇവിടെ കൂടിയിരുന്നു നിങ്ങളുടെ വിലപ്പെട്ട ജീവിതം വെറുതെ പാഴാക്കരുത്."

ശിഷ്യന്മാരും മന്ത്രിമാരും ഞെട്ടലോടെ മുഖാമുഖം നോക്കി നിന്നു.
തങ്കപ്പൻ തുടർന്നു,
"നിങ്ങൾ നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരം കാണാൻ എനിക്കാകില്ല. എനിക്കെന്നല്ല, ഒരു കൃഷ്ണനും, രാമനും അതിനാകില്ലസ്വയം നിങ്ങൾക്കല്ലാതെ ലോകത്ത് മറ്റാർക്കും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകില്ല. സമ്പൂർണ്ണ സംതൃപ്തി നല്കുന്ന ഒരു വ്യവസ്ഥയും ലോകത്തില്ല എന്ന് നിങ്ങൾ മനസിലാക്കുക. രാഷ്ട്രീയം, മതം എന്നീ എല്ലാ വ്യവസ്ഥകളും  കള്ളനാണയങ്ങളാണ് വ്യവസ്ഥകളിൽ നിന്നും പുറത്തു വന്നു നിങ്ങൾ നിങ്ങളെതന്നെ അറിയാൻ ശ്രമിക്കുക.."

സ്വാമി പ്രഭാഷണം തുടർന്നു കൊണ്ടിരുന്നു
വിളറി പിടിച്ചവരെപ്പോലെ രാഷ്ട്രീയക്കാർ വേദി വിട്ടിറങ്ങി.
ഇക്കാലമത്രയും മനസ്സിൽ കൊണ്ട് നടന്ന തങ്ങളുടെ ആരാധ്യ പുരുഷൻ ഭ്രാന്തു പുലമ്പുന്നത് കേൾക്കാൻ ആവതില്ലാതെ ഭക്തജനങ്ങൾ ഓരോരുത്തരായി പടിയിറങ്ങി.

തന്റെ പ്രസംഗം തീർന്നപ്പോഴേക്കും വലിയ ഹാൾ ഒഴിഞ്ഞിരുന്നു
തങ്കപ്പൻ ഒരു പുഞ്ചിരിയോടെ ചുറ്റും നോക്കി.
തന്റെ പ്രിയപ്പെട്ട പേര് തിരികെ ലഭിച്ചതിന്റെ അതിരില്ലാത്ത സന്തോഷത്തോടെ ജനിച്ചു വീണ ഒരു പിഞ്ചു കുഞ്ഞിന്റെ മനസ്സുമായി അയാൾ മുറിയിലേക്ക് എഴുന്നേറ്റു നടന്നു.

പിറ്റേന്ന് പകലിൽ സ്വാമി തന്റെ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു
അതൊരു കൊലപാതകമായിരുന്നു.
സമൂഹത്തിൽ വലിയ ഓളങ്ങൾ ഒന്നും സൃഷ്ട്ടിക്കാനാവാതെ കടന്നു പോയ ഒരു മരണമായിരുന്നു അത്
ഏതോ ഒരു തങ്കപ്പന്റെ മരണം.

അപ്പോഴും ജനങ്ങൾ പുതിയൊരു അവതാര പുരുഷനു ജന്മം കൊടുക്കുന്നതിനുള്ള വ്യഗ്രതയോടെ  മറ്റൊരു ആശ്രമത്തിലേക്ക് പായുകയായിരുന്നു.  

14 comments:

  1. സ്വാമികള്‍ ഉണ്ടായികൊണ്ടിരിക്കും...നമ്മള്‍ നെഞ്ഞിലേറ്റും.

    ReplyDelete
    Replies
    1. ya… and the fact is 'real teachings cannot be taught..'

      Delete
  2. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കുറെ വ്യാജ സ്വാമിമാരെ അറസ്റ്റ് ചെയ്തപ്പോള്‍ ഒരുപാട് സന്തോഷിച്ചു...എല്ലാം വെറുതെയായിരുന്നെന്ന് താമസിയാതെ മനസ്സിലാവുകയും ചെയ്തു...

    ReplyDelete
  3. സ്വാമിമാരെ നമ്മള്‍ തന്നെ ഉണ്ടാക്കുകയാണ്.. ഏതെങ്കിലും ആള്‍ ദൈവം കൂടെയില്ലെങ്കില്‍ ഒരാധിയാണ്.. കഷ്ടം..

    ReplyDelete
  4. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്! തങ്കപ്പന്‍ സ്വാമിയുടെ ഒഴിവിലേയ്ക്ക് കുട്ടപ്പന്‍ സ്വാമി വന്നിട്ടുണ്ട്. എല്ലാ കാണിക്കകളും അവിടെ അര്‍പ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു!! കഥ നന്നായീട്ടോ!

    ReplyDelete
  5. തങ്കപ്പാ നീ പാരയാകുന്നു

    ReplyDelete
  6. ആള്‍ ദൈവങ്ങള്‍ ജന്മമെടുക്കുന്നത് എങ്ങിനെ?

    കഥ കൊള്ളാം

    ReplyDelete