Monday, March 26, 2018

നോവൽ അദ്ധ്യായം 2 : ഇരട്ടകൾ

ക്രിസ്മസിന്റെ പിറ്റേ പകലിൽ ശിവൻ അവരെത്തേടി കവടിയാറിലെത്തി. 
അഡ്വോക്കേറ്റ് ചന്ദ്രസേനൻ,വീട്ടു നമ്പർ-32,എൻ.സീ.സീ റോഡ്‌, അമ്പലമുക്ക്‌. അതായിരുന്നു ഡോക്ട്ടർ ഫിലിപ്പ് കൊടുത്ത വിലാസം. വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. താമരയുടെ ആകൃതിയിലെ ഇരുമ്പു ഗെറ്റുള്ള ഒരു ചെറിയ ഓടിട്ട വീട്. ശിവൻ തന്റെ വാൻ പടിക്കൽ നിർത്തി. ഗേറ്റിൽ വച്ചിരുന്ന കറുത്ത ബോർഡിലെഴുതിയിരുന്ന പേര് ശ്രദ്ധിച്ചു.
"വീടിതു തന്നെ" ശിവൻ മനസിലോർത്തു.

ഡാഷ് ബോർഡിൽ നിന്നും ഒരു ചീർപ്പെടുത്ത്‌ ശിവൻ തന്റെ നീണ്ട മുടി ചീകിയൊതുക്കി കെട്ടിയിട്ടു. കണ്ണാടിയിൽ നോക്കി ഒരു മാന്യനെപ്പോലെ പുഞ്ചിരിച്ചുകൊണ്ടയാൾ പറഞ്ഞു, 
"ഹലോ"
അയാൾ വാനിൽ നിന്നിറങ്ങി വീട്ടിലേക്കു നടന്നു.പുറത്തെങ്ങും ആരെയും കാണുന്നില്ല.ചുറ്റുപാടുകൾ ഉച്ചയുറക്കത്തിൽ അലസമായിക്കിടന്നു.
ശിവൻ കൊള്ളിംഗ് ബെല്ലടിച്ചു.
അല്പ്പസമയം കഴിഞ്ഞ് മദ്ധ്യവയസ്കനായ ഒരാൾ വാതിൽ തുറന്നു.
"ആരാ?"
"അഡ്വോക്കേറ്റ് ചന്ദ്രസേനന്റെ വീട്...?" ശിവൻ സംശയത്തോടെ ചോദിച്ചു.
"അതെ, ഞാനാണ്." അയാൾ പറഞ്ഞു.
ഒരു മാന്യനെപ്പോലെ പുഞ്ചിരിച്ചുകൊണ്ട് ശിവൻ പരിചയപ്പെടുത്തി, 
"ഹലോ, ഞാൻ ഡോക്ടർ ശിവകുമാർ.ഡോക്ടർ ഫിലിപ്പാണ് നിങ്ങളുടെ അഡ്രെസ്സ് തന്നത്."
വാതിൽക്കൽ നിന്നയാൾ ശിവനെ അടിമുടി നോക്കി.
അനുസരണയില്ലാത്ത താടിയും മുടിയും, മങ്ങിയ വർണ്ണപ്പൂക്കളുള്ള അയഞ്ഞു തൂങ്ങിയ ഷർട്ടും കഴുത്തിൽ മരമുത്തു മാലകളും കയ്യിൽ ലോഹ വളയും മോതിരങ്ങളും ധരിച്ച ഒരു ചെറുപ്പക്കാരൻ. ഡോക്ട്ടറുടേതായ ഒരു പരിവേഷങ്ങളും അയാൾക്കില്ലായിരുന്നു. 
സംശയത്തോടെ ചന്ദ്രസേനൻ പതിയെ പടിക്കലേക്കു നോക്കി. കുമിളകളിൽ വിരിയുന്ന സ്വപ്നവർണ്ണങ്ങൾ പോലെ പെയിന്റടിച്ച ഒരു മെറ്റഡോർ വാൻ.
"എന്തു വേണം?"  അഡ്വോക്കേറ്റിന്റെ ശബ്ദത്തിൽ ഗൌരവമുണ്ടായിരുന്നു.
എങ്ങനെ തുടങ്ങണം എന്നറിയാത്ത ഒരു മൂളലോടെ ശിവൻ ഗൌരവത്തോടെ പറഞ്ഞു തുടങ്ങി.
"....ഞാൻ പാരസൈക്കോളജിയിൽ സ്പെഷ്യലൈസ് ചെയ്യുകയാണ്. നിങ്ങളുടെ മകനെക്കുറിച്ചു ഫിലിപ്പ് പറഞ്ഞതു കേട്ടിട്ട് ഞാൻ വളരെ ദൂരെ നിന്നും വരികയാണ്. ഇങ്ങനെയുള്ള ഒരുപാട് കേസുകൾ ഞാൻ പഠിച്ചിട്ടുണ്ട്. എനിക്ക് നിങ്ങളെ സഹായിക്കാനാകും."
ശിവന്റെ ആ സംസാരത്തിൽ ചന്ദ്രസേനൻ ഒന്ന് അയഞ്ഞപോലെ തോന്നി.
"ഇരിക്ക്" അയാൾ പറഞ്ഞു.
അവർ ഇറയത്തെ അരമതിലിൽ ഇരുന്നു.
"എങ്ങിനെയായിരുന്നു തുടക്കം. എനിക്ക് ആദ്യം മുതൽ കേട്ടാൽ കൊള്ളാമെന്നുണ്ട്."
അയാൾ ശാന്തനായി പറഞ്ഞു തുടങ്ങി,
"എനിക്ക് മൂന്ന് കുട്ടികളാണ്.ഏറ്റവും മൂത്തത് പെണ്‍കുട്ടി,പിന്നീടുള്ളത് ഇരട്ടകളാണ്,ആണ്‍കുട്ടികൾ. ഇരട്ടകളിൽ മൂത്തവന് ഞാൻ എന്റച്ഛന്റെ പേരാണ് ഇട്ടിരിക്കുന്നത്,രമേഷ്. അച്ഛന്റെ പേര് രമേശൻ നായർ എന്നായിരുന്നു. ഇളയവൻ രതീഷ്‌.
അഞ്ചാറു ദിവസം മുൻപ് ക്രിസ്മസിന് സ്കൂളുപൂട്ടിയപ്പോൾ ഞങ്ങൾ എല്ലാവരും കൂടി അമ്മയെക്കാണാൻ എന്റെ നാട്ടിൽ പോയിരുന്നു, മാവേലിക്കര. അവധിക്കാലത്ത് അനിയന്മാരും മക്കളും എല്ലാവരും അവിടെയെത്തും. അന്ന് കുട്ടികൾ എല്ലാവരും  വെള്ളത്തിലൊക്കെ കളിച്ചതിന്റെയാണോ എന്നറിയില്ല ഇരട്ടകളിൽ ഇളയവൻ രതീഷിനു പെട്ടെന്ന് പനി പിടിച്ചു. അതിനുശേഷം അവൻ എന്തൊക്കെയോ പറയാൻ തുടങ്ങി.മരിച്ചുപോയ  എന്റെയച്ചന്റെ പോലെ സംസാരിക്കാൻ തുടങ്ങി. പിള്ളേര് ആദ്യം വന്ന് എന്തൊ
ക്കെയോ പറഞ്ഞു. ഞങ്ങൾ ആരും കാര്യാക്കിയില്ല.പനി വരുമ്പോ പിച്ചും പേയും ഒക്കെ പറയുമല്ലോ. എന്നാ അവനു അത്ര പനിക്കുന്നുമില്ല. 
എന്നോട് അവൻ ആദ്യം ചോദിച്ചത് , 'എന്റെ പേര് എനിക്കിടാതെ മൂത്തവന് ഇട്ടതെന്തിനാണ്?' എന്നാണ്.

പരിഭ്രമം കലർന്ന ഒരു ചിരിയോടെ ചന്ദ്രസേനൻ ശിവനെ നോക്കി.
"കുട്ടികൾ ഇപ്പൊ എത്രയിലാ പഠിക്കുന്നത്?" ശിവൻ ചോദിച്ചു.
"രണ്ടുപേരും മൂന്നാം ക്ലാസ്സിൽ, മൂത്തവൾ അഞ്ചിലും. അച്ഛൻ മൂത്തവളെ മാത്രമേ കണ്ടിട്ടുള്ളു. ഇവർ ജനിക്കുന്നതിനു ഒരു വർഷം മുൻപ് അച്ഛൻ മരിച്ചു.
അന്ന് അതിനുശേഷം അവൻ അച്ഛന്റെ കുട്ടിക്കാലത്തെക്കുറിച്ചും ഒക്കെ വ്യക്തതയില്ലാതെ എന്തൊക്കെയോ പറഞ്ഞു. അമ്മയെ കല്യാണം കഴിക്കുന്ന സമയത്ത് അച്ഛൻ ഭോപ്പാലിൽ ഉണ്ടായിരുന്നു കുറേക്കാലം. അവിടുത്തെ ഒരു തടാകത്തെപ്പറ്റിയെല്ലാം അവൻ വളരെ വ്യക്തമായി പറഞ്ഞു. അത് അമ്മയും ശരി വച്ചു. എല്ലാവരും ശരിക്കു പേടിച്ചു.
ഇന്നലെത്തന്നെ  ഞങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുപോന്നു. ഇവിടെ വന്നു ഫിലിപ്പ് ഡോക്ട്ടറെക്കാണിച്ചു.
"ഇപ്പൊ എങ്ങനെയുണ്ട് ?'' ശിവൻ ചോദിച്ചു.
"പനി മാറിയതോടെ എല്ലാം ശരിയായിട്ടുണ്ട്. പക്ഷെ ഇനിയും അതുപോലെ വല്ലതും..." അയാൾ അസ്വസ്ഥനായി.
"നിങ്ങൾ വിഷമിക്കണ്ടാ.. ഇതൊരു മാനസിക രോഗമോന്നുമല്ല. ഇതുപോലെ ഒരുപാട് സംഭവങ്ങൾ ലോകത്തിന്റെ പല ഭാഗത്ത്‌ നടക്കുന്നുണ്ട്. ഈ കേസിൽ കുട്ടി തിരികേ നോർമലായ സ്ഥിതിക്ക്.......ഇനി നമുക്കൊന്നും ചെയ്യാനില്ലല്ലോ.എല്ലാം നന്നായില്ലെ ?"
"എനിക്ക് കുട്ടിയെ ഒന്ന് കാണാമോ? ശിവൻ ചോദിച്ചു.
ചന്ദ്രസേനൻ അകത്തേക്ക് നോക്കി വിളിച്ചു ,"മക്കളെ..."
വീടിനു പുറകിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികൾ പുറം ചുറ്റി മുറ്റത്തെക്കോടി വന്നു. വരാന്തയിൽ അപരിചിതനെ കണ്ടപ്പോൾ അവർ ശാന്തരായി നിന്നു.
"ഇങ്ങ് വാ.." ശിവൻ അവരെ അടുത്തേക്ക് വിളിച്ചു.
അനുസരണയോടെ ഇരട്ടകൾ ശിവൻ ഇരിക്കുന്ന അരമതിലിനോട് ചേർന്ന് നിന്നു.
"എന്തെടുക്കുവായിരുന്നു?" ശിവൻ വാത്സല്യത്തോടെ ചോദിച്ചു.
"അപ്പുറത്ത് കളിക്കുവായിരുന്നു" കൂട്ടത്തിലോരാൾ പറഞ്ഞു.
"അവനാ ഇളയത്, രതീഷ്." ഉത്തരം പറഞ്ഞവനെ ചൂണ്ടി ചന്ദ്രസേനൻ പറഞ്ഞു.
ശിവാൻ അവരെ നോക്കിച്ചിരിച്ചു.
കുട്ടികൾ പരസ്പരം സ്വകാര്യത്തിൽ എന്തോ ചെവിയിൽ പറഞ്ഞു. കേട്ടു നിന്നവൻ ശിവന്റെ നീണ്ട മുടിയെ നോക്കി ചിരി ഉള്ളിലോളിപ്പിച്ചു.
"ഈ വണ്ടിയിലാ വന്നെ?" മൂത്തവൻ ചോദിച്ചു.
ശിവൻ തലയാട്ടി. കുട്ടികൾ പടിക്കലേക്കോടി.

കുട്ടികൾ ഗേറ്റിൽ തൂങ്ങി വണ്ടിയെ നോക്കിക്കൊണ്ടിരുന്നു. അവരെ നോക്കിക്കൊണ്ട്‌ ശിവൻ അയാളോട് ചോദിച്ചു,
"ദൈവത്തിൽ വിശ്വാസമുണ്ടോ?"
"ഇല്ല" അയാൾ പറഞ്ഞു.
പ്രതീക്ഷിക്കാത്ത ഉത്തരം കേട്ടപ്പോൾ ശിവൻ അയാളുടെ മുഖത്തേക്ക് നോക്കി.
"നല്ലത്.... അല്ല, വിശ്വാസമുണ്ടായിരുന്നെങ്കിൽ വല്ല പിതൃബലിയോ മറ്റോ ഇടണം എന്ന് പറയാൻ വേണ്ടിയായിരുന്നു."
 "ഡോക്ട്ടർക്ക് ബലിയിടലിലൊക്കെ വിശ്വാസമുണ്ടോ?" 
ശിവൻ ചിരിച്ച് കൈകൾ പതിയെ അകത്തിക്കൊണ്ട് പറഞ്ഞു,
" സയൻസ് വളർന്നുകൊണ്ടിരിക്കുന്ന ഒരുകൂട്ടം ബലൂണുകൾ പോലെയാണ്. സയൻസ് വളരുന്നതനുസരിച്ച്‌ ദൈവത്തെ തള്ളി നീക്കുന്നു. തിങ്ങി നിറഞ്ഞു നിൽക്കുന്ന ബലൂണുകൾക്കിടയിലെ ആ കുഞ്ഞു വിടവിന്റെ ശൂന്യതയിലാണ് ദൈവം."
 ശിവൻ പോകാനായി എഴുന്നേറ്റു.
"സയൻസിനു ഉത്തരം തരാനാകാത്ത പലതും ആത്മീയതയിൽ അന്വേഷിക്കേണ്ടി വരും. അതൊരു കുറവായി കണക്കാക്കണ്ട. എഡ് കാളിനെപ്പോലെയുള്ള ലോകോത്തര സൈക്കാറ്റ്രിസ്റ്റുകൾ പറഞ്ഞതാണിത്. അത് തന്നെയാണ് എന്റെ പഠന വിഷയവും ഞാനിവിടെ വരാനുള്ള കാരണവും."ശിവൻ പറഞ്ഞു.
ചന്ദ്രസേനൻ എന്തോ ആലോചനയിൽ മുഴുകി നിശബ്ദനായി ശിവനോപ്പം പടിക്കലേക്കു നടന്നു.
നടക്കുന്നതിനിടെ ശിവൻ പറഞ്ഞു,
"നിങ്ങളോടെനിക്ക് അസൂയ തോന്നുന്നു."
ചന്ദ്രസേനൻ ശിവനെ ശ്രദ്ധിച്ചു.
"എന്റെയച്ചനെ ഇതുപോലെ വീണ്ടും കാണാനുള്ള ഭാഗ്യം ഇല്ലാതെപോയല്ലോ എന്നോർക്കുമ്പോൾ... 
 'പും' എന്നാ നരകത്തിൽ നിന്നും അച്ഛനെ രക്ഷിക്കുന്നവനാണ് പുത്രൻ, ചിലപ്പോ കേട്ട് കാണും പുരാണത്തിലുള്ളതാണ്. അച്ഛന് വല്ല ആഗ്രഹങ്ങൾ ബാക്കിയുണ്ടായിരുന്നെങ്കിൽ അവനെക്കൂട്ടിക്കൊണ്ടുപോയി ഉടനെയത് സാധിച്ചു കൊടുക്കണം."

അവർ വണ്ടിക്കരികിലെത്തി. കുട്ടികൾ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 
ശിവൻ ഇളയ കുട്ടിയുടെ കണ്ണുകളിലേക്കു ശ്രദ്ധിച്ചു. 
പടി പടിയായി നിറഞ്ഞു താഴെക്കൊഴുകുന്നൊരു വെള്ളച്ചാട്ടം പോലെ മൂന്നു തലമുറകൾ നിരന്നു നിൽക്കുന്നതവനിൽ കണ്ടു.

കുട്ടികളോട് യാത്ര ചോദിച്ച് ശിവൻ വാനിൽ കയറി. 
ചന്ദ്രസേനനോടായി ശിവൻ പറഞ്ഞു,"എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോൾ തന്നെ ഫിലിപ്പിനെ അറിയിക്കണം. വരട്ടെ ."

നിറക്കൂട്ടിലെവിടെയോ സമാധാനത്തിന്റെ ചിന്ഹം പതിച്ചിരുന്ന വാനിന്റെ ഡോർ അടഞ്ഞു.ഡോർ അടഞ്ഞ ശബ്ദം കേട്ട് വാനിന്റെ പുറകിൽ  ഉറങ്ങിക്കിടന്നിരുന്ന ഒരു ചുവന്ന കൊക്കെർസ്പാനിയൽ നായ ജനലിലൂടെ പുറത്തു നിന്നിരുന്ന കുട്ടികളെ നോക്കി. വണ്ടി ചലിച്ചു തുടങ്ങി.

വാനിനു പുറകിൽ കെട്ടി വച്ചിരുന്ന സൈക്കിൾ കണ്ടപ്പോൾ കുട്ടികൾ ആഹ്ലാടതോടും അത്ഭുതത്തോടും കൂടി ചോദിച്ചു,
"ഹായ് സൈക്കിൾ....ആരാ അച്ഛാ ആ വന്ന ആൾ?"
ചന്ദ്രസേനൻ ഉത്തരം നല്കാതെ വാൻ പോയ വഴിയെ നോക്കി നിന്നു. 

No comments:

Post a Comment