എറോഡ്രോം പിന്നിട്ടു ഞാൻ പാലത്തിലെത്തി. വായുവിനെ കീറിമുറിക്കുന്ന ശീല്ക്കാര ശബ്ദത്തോടെ പിന്നിൽ വിമാനങ്ങൾ പറന്നുയരുന്നുണ്ടായിരുന്നു. വണ്ടി കയറിയപ്പോൾ, കപ്പലുകൾക്ക് വഴി മാറിക്കൊടുക്കുന്ന ആ കറുത്ത പാലം ആടുന്ന പോലെ തോന്നി. സന്ധ്യയായത്തോടെ കായലിലൂടെ വെളിച്ചം വിതറിക്കൊണ്ട് ജങ്കാറുകൾ ഒരു തിമിംങ്കലത്തെപ്പോലെ ഇഴഞ്ഞു നീങ്ങുന്നുണ്ട്.
അക്വേഷ്യമരങ്ങൾ ഇരുവശവും നിൽക്കുന്ന വഴികളും,
നേവൽബേസും, കപ്പൽശാലയും,
മറേൻ ഡ്രൈവിലെ ഒരിക്കലും പണിതീരാത്ത അംബരചുംബിയും,ഇളം നീലയും വെള്ളയും നിറമണിഞ്ഞ തെരുവ് വിളക്കുകളും പിന്നിട്ടുകൊണ്ട് വാൻ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.
ഡേവിസിന്റെ വീടെത്തിയപ്പോഴേക്കും ഇരുട്ട് വീണിരുന്നു. മറിയത്തള്ള ഗേറ്റ് തുറന്നു തന്നു.
"എന്തൊക്കെയുണ്ട് മറിയചേടത്തി ?"
"ഓ... എന്നാ പറയാനാ... " ഗേറ്റിൽ പിടിച്ചു നിന്നുകൊണ്ട് അവർ ചിരിച്ചു.
"ഡേവിസ് ഇല്ലേ ?"
"ഓ... അകത്തുണ്ട്".
ശബ്ദം കേട്ട് ഡേവിസ് വീടിനു പുറത്തേക്കു വന്നു, പുറകെ അയാളുടെ ആറു വയസ്സുകാരൻ മകൻ ജെറിയും. വണ്ടിയിൽ നിന്നിറങ്ങി വീട്ടിലേക്കു നടക്കവേ ഡേവിസ് ഇട്ടിരുന്ന ഖദർ വസ്ത്രത്തെ നോക്കി ശിവൻ കളിയാക്കി ചോദിച്ചു.
"വീടു പണിയും പാലം പണിയും ഒക്കെ നിർത്തി നീ അപ്പച്ചന്റെ പോലെ രാഷ്ട്രീയത്തിലേക്കിറങ്ങിയോ?"
"ഓ.. ഇനി അതോക്കെയെ രക്ഷയുള്ളൂ." ഡേവിസ് ചിരിച്ചുകൊണ്ട് ശിവന്റെ തോളിൽ കൈ വച്ചു.
"നരച്ചു തുടങ്ങിയല്ലോടാ... മുടിയൊക്കെ നീട്ടി വളർത്തി... ഇപ്പൊ തനി ഒരു ഹിപ്പിയായിട്ടുണ്ട്" ഡേവിസ് പറഞ്ഞു.
"കഷണ്ടിക്കാർ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല, അല്ലെടാ മോനെ?" ശിവൻ ജെറിമോനോടായി ചോദിച്ചു.
ഡേവിസിന്റെ പുറകിൽ നിന്ന് ചിരിച്ചു കൊണ്ട് അവൻ തലയുയർത്തി ഡേവിസിനെ ഒന്ന് നോക്കുക മാത്രം ചെയ്തു.
"ഇവൻ വലുതായല്ലോ ! നമ്മളിപ്പോ കണ്ടിട്ട് രണ്ടു വർഷം..." ശിവൻ ഒര്തെടുക്കാൻ ശ്രമിച്ചു.
"രണ്ടോന്നുമല്ല.മൂന്നു വർഷം കഴിഞ്ഞു... നീ വാ.." ഡേവിസ് വീടിനകത്തേക്ക് നടന്നു.
പെട്ടെന്ന് പുറത്തേക്കു നോക്കി മറിയതള്ളയോടായി ശിവൻ ഉറക്കെ വിളിച്ചു പറഞ്ഞു,
" ചെടത്തിയെയ്... വണ്ടീന്ന് ആ നായിനെ ഒന്ന് തുറന്നു വിട്ടേക്ക്... പേടിക്കണ്ട അതൊന്നും ചെയ്യില്ല.."
കോപ്പർ വണ്ടിയിൽ നിന്നിറങ്ങി ആ മതിൽക്കെട്ടിനുള്ളിൽ ഓടിനടക്കുന്നതും നോക്കി ജെറി ഇറയത് നിന്നു.
"അപ്പച്ചനുണ്ടോ?" വീട്ടിലേക്കു കയറുമ്പോൾ ശിവൻ ഡേവിസിനോട് സ്വകാര്യത്തിൽ ചോദിച്ചു.
"ഇല്ല, ലീഡറെക്കാണാൻ തിരിവനതപുറത്തുപോയിരിക്കുവാ.." ഡേവിസ് പറഞ്ഞു.
സംസാരം കേട്ട് അടുക്കളയിൽ നിന്നും ഡേവിസിന്റെ ഭാര്യ കൈ തുടച്ചു കൊണ്ട് സ്വീകരണ മുറിയിലേക്ക് വന്നു.
"എത്തിയോ?" അവർ ചിരിച്ചു കൊണ്ട് ശിവനോട് ചോദിച്ചു.
"ങാ.. റേച്ചൽ ഡേവിസ്... അകത്തു മീൻകറിയൊക്കെ ഉണ്ടാക്കുകയായിരുന്നെന്ന്നു തോന്നുന്നു. നല്ല നസ്രാണി മീൻകറി കൂട്ടിയ കാലം മറന്നു. ഞാനിവിടെ രണ്ടു മൂന്നു ദിവസം ഉണ്ടാകും, വിവിധ തരത്തിലുള്ള മീൻകറികളായിക്കോട്ടേ.."
"ഓ...ശരി. ഇതെന്തുപറ്റി, ഇത്തവണ ഒറ്റക്കൊള്ളോ? മദാമ്മക്കുട്ടികളെ ആരെയും കൂട്ടു കിട്ടിയില്ലേ?" റേച്ചൽ ചോദിച്ചു.
"ഒന്നിനെ തലയിൽ നിന്നോഴിച്ച് എയർ പോർട്ടിൽ വിട്ടിട്ടു വരുന്ന വഴിയാ.."ശിവൻ പറഞ്ഞു.
ഡേവിസിനെ ചൂണ്ടിക്കാണിച്ചു ശിവൻ ചോദിച്ചു,
"ങാ, ഇവനിതെന്തിനുള്ള പുറപ്പാടാ? തടിവച്ചു കുടവയറും ചാടി, ഒരുമാതിരി...റെച്ചലാണെങ്കിൽ ദിനംപ്രതി ചെറുപ്പവും ആയി വരുന്നു."
അവൾ ചിരിച്ചു.
ശിവൻ തുടർന്നു,"പണ്ട് ഞാൻ പുറത്തു പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഇതുപോലൊരു കേസ് ഉണ്ടായിരുന്നു. പ്രശസ്തനും സുന്ദരനുമായ തന്റെ ഭർത്താവിനെ മറ്റു സ്ത്രീകൾ നോക്കാതിരിക്കാനായി ഒരു സ്ത്രീ- അവർക്ക് നല്ല തടിയുണ്ടായിരുന്നു, അവർ ഭർത്താവറിയാതെ ദിവസവും ഭക്ഷണത്തിലൂടെ ഹോർമോണ്‍ ഗുളികകൾ അരച്ചുചേർത്ത് കൊടുത്തിരുന്നു. അങ്ങനെ ഭർത്താവ് പ്രായത്തിനു മുൻപേ തടിച്ചു കിഴവനായി മറ്റാരാലും ശ്രദ്ധിക്കപ്പെടാതെ തന്റെ ഭാര്യയിൽ തന്നെ ഒതുങ്ങിക്കൂടി."
"പെണ്നല്ലേ ജാതി, ഇവയ്റ്റകൾ ഈ കമ്മ്യൂണിസ്ററ്റുകാരുടെ കാര്യം പറഞ്ഞ പോലെയാ. മുതലാളിമാരെ വലിച്ചു താഴെയിട്ടുകഴിഞ്ഞാ സമത്വമായി എന്നു വിചാരിക്കുന്ന പോലാ..." ഡേവിസ് പൊട്ടിച്ചിരിച്ചു.
"ഇതിലെന്റെ കുഴപ്പമൊന്നുമില്ല. കൂട്ടുകാരനോട് ഈ വലിച്ചു വാരിയുള്ള തീറ്റ കുറക്കാൻ പറയ് ശിവാ.., അല്ലെങ്കിൽ തന്നെ ഈ മൊതലിനെ ഞാനല്ലാതെ ആര് നോക്കാനാ..." ചിരിച്ചു കൊണ്ടവൾ അടുക്കളയിലേക്കു പോയി.
"കുപ്പിയൊന്നും ഇരിപ്പില്ലേ?" ശിവൻ സ്വകാര്യത്തിൽ ഡേവിസിനോട് ചോദിച്ചു.
"നീ വേണമെങ്കിൽ മുറിയിൽ പോയി ഒന്ന് ഫ്രഷ് ആയിട്ടുവാ, കുറെ പറയാനുണ്ട്." ഡേവിസ് പറഞ്ഞു.
"പിന്നെ, ഫ്രഷ് ആവാൻ !... നീ കുപ്പിയെടുക്ക്" ശിവൻ അക്ഷമനായി.
"ചേടത്തിയേയ്.. രണ്ടു കസേര വെളിയിലെക്കിട്ടോ.." ഡേവിസ് വിളിച്ചു പറഞ്ഞു.
"നീ ഇരിക്ക്, ഞാൻ സാധനങ്ങൾ എടുത്തോണ്ട് അങ്ങോട്ടു വരാം".ഡേവിസ് മുകളിലേക്ക് പോയി.
പുറത്ത് ജെറിമോൻ കോപ്പറുമായി കളിക്കുന്നത് ശിവൻ നോക്കി നിന്നു. അപ്പോഴേക്കും മറിയച്ചേടത്തി പുറത്തെ പുൽതകിടിയിൽ ഒരുക്കങ്ങളെല്ലാം നടത്തിക്കഴിഞ്ഞിരുന്നു.
"ഇന്ന് രണ്ടാളും കൂടി നേരം വെളുപ്പിക്കോ?" തിരികെ പോകുന്ന വഴി ചേടത്തി കളിയാക്കി ചോദിച്ചു.
ശിവൻ തിരികെ അർഥം വച്ച് മൂളുക മാത്രം ചെയ്തു.
അല്പ്പ സമയത്തിനു ശേഷം ഡേവിസ് കുപ്പിയും ഗ്ലാസ്സുമായി എത്തി.
"ജോണി വാക്കറാണ്, നിനക്ക് വിസ്ക്കി കുഴപ്പമില്ലല്ലോ അല്ലെ?" ഡേവിസ് ചോദിച്ചു.
"എന്തായാലും വിഷം തന്നെയല്ലേ... നീയോഴിക്ക് "
ഡേവിസ് മദ്യം ഒഴിച്ചു കൊണ്ടിരിക്കുമ്പോൾ ശിവൻ ചോദിച്ചു,
"എന്താ നീ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത് ?"
"പറയാം...നമുക്ക് വയനാട്ടിൽ ഒരു കാപ്പി എസ്റ്റേറ്റ് ഉണ്ട്.ഒരു ആയിരം ഏക്കർ അടുപ്പിച്ചുണ്ടത്. അപ്പച്ചൻ മന്ത്രിയായിരിക്കുന്ന കാലത്ത് ഒപ്പിച്ചെടുത്തതാണ്. പക്ഷെ ഇപ്പൊ അവിടെയൊരു പ്രശ്നം."
ശിവൻ ചോദ്യ രൂപേണ മൂളി.
"പ്രേതബാധ"
"പ്രേതബാധയോ, കാപ്പി തൊട്ടതിനോ?" ശിവൻ ചിരിച്ചു.
"തമാശയല്ല. പണിക്ക് ആളെക്കിട്ടുന്നില്ല. പച്ചവെളിച്ചം, ചാത്തനേറ്, ബാധകൂടൽ എന്ന് വേണ്ട പല പല കഥകളാണ് പറയപ്പെടുന്നത്. ആദിവാസികളായിരുന്നു പ്രധാനമായും അവിടുത്തെ പണിക്കാർ. അവർ വരാതായത്തോടെ പുറത്ത് കൂർഗിൽ നിന്നൊക്കെ പണിക്കാരെ കൊണ്ടു വന്നു. ഇപ്പൊ അവരും തിരികെ പോകാനായി നില്ക്കുകയാണ്."
"കാരണം" ശിവൻ ചോദിച്ചു
"കഴിഞ്ഞ ദിവസം എസ്റ്റേറ്റ് മാനേജരുടെ ഭാര്യടെ ദേഹത്ത് എന്തോ ബാധ കൂടി. എന്ത് ചെയ്യും എന്നറിയാതെ ഞാനാകെ വിഷമിചിരിക്കുംപോഴാണ് നീ വിളിക്കുന്നത്, നീ എന്നെയൊന്നു സഹായിക്കണം."
"ഛെ.. ഇത്രെയേ ഒള്ളോ.. ഞാൻ വിചാരിച്ചു....ങാ.. ആട്ടെ,നിന്റെ തോട്ടത്തിന് തൊട്ടടുത്ത് താമസിക്കുന്ന ആൾക്കാരൊക്കെ എങ്ങിനെയാ.., അല്ല,ചോദിക്കാൻ കാരണം ഈ ചാത്തനേറ് എന്ന് പറയുന്നതൊക്കെ പൊതുവേ അസൂയക്കാരായ അയൽവാസികൾ എന്തെങ്കിലും ഉദ്ധേശത്തോടെ ചെയ്യുന്ന ഊന്നായിട്ടാണ് കണ്ടിട്ടുള്ളത്." ശിവൻ പറഞ്ഞു.
ഡേവിസ് താല്പ്പര്യപ്പൂർവ്വം മുന്നോട്ടാഞ്ഞിരുന്നു.
"ശരിയാണ് , ഇതിനിടയിൽ അങ്ങിനെയൊരു കളി നടക്കുന്നുണ്ടോ എന്നും അന്വേഷിക്കണം.കാപ്പിയുടെ മാർക്കറ്റ് കുറച്ചുകാലമായി ഇടിഞ്ഞു നില്ക്കുകയാണ്.അവിടെ ചെറുതും വലുതുമായി ഒരുപാട് തോട്ടം ഉടമകളുണ്ട്. ഈ ഓരോരോ തോട്ടങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടാറ്റാ- ബിനാമി പേരിൽ വാങ്ങിച്ചു കൂട്ടുന്നുണ്ട്. ടാറ്റയുടെ പേരുകേട്ട് ആൾക്കാർ വില കൂട്ടാതിരിക്കാനാണ് ബിനാമിയെ വച്ച് വാങ്ങിപ്പിക്കുന്നത്. അവർക്ക് ചിലപ്പോൾ നമ്മുടെ തോട്ടത്തിലും കണ്ണുണ്ടാവാം. ഇങ്ങനെയൊരു പ്രശ്നമുണ്ടാക്കി തോട്ടം ചുളുവിൽ തട്ടിയെടുക്കാൻ വല്ല പദ്ധതിയും ഇതിനു പുറകിലുണ്ടോ എന്നറിയണം. നീയവിടെ വരെപ്പോയി കാര്യങ്ങളൊക്കെ ഒന്നന്വേഷിക്കണം"
"ഏറ്റു..."രണ്ടു കൈകളും വായുവിൽ ഉയർത്തിക്കൊണ്ട് ശിവൻ പറഞ്ഞു.
സമാധാനത്തിന്റെ ഒരു നെടുവീർപ്പോടെ ഡേവിസ് തന്റെ ആദ്യത്തെ ഗ്ലാസ് കാലിയാക്കി.
"നിനക്കവിടെ എന്റെ എസ്റ്റേറ്റ് ബംഗ്ലാവിൽ താമസിക്കാം.മാനേജറെ ഞാൻ വിളിച്ചു പറയാം." ഡേവിസ് പറഞ്ഞു.
"അതൊന്നും വേണ്ട. എനിക്കൊരു വീടുണ്ട്." ശിവൻ വാനിനെ ചൂണ്ടിക്കാണിച്ചു.
"എന്റെ പോക്കിനെക്കുരിച്ചോ താമസത്തേക്കുറിച്ചോ ഓർത്ത് നീ വിഷമിക്കണ്ട. നിന്റെ ആളായിട്ടല്ല ഞാൻ അങ്ങോട്ട് പോകുന്നത്, അതുകൊണ്ടുതന്നെ എനിക്ക് നിന്റെ ബംഗ്ലാവിൽ താമസിക്കാനാകില്ല. പക്ഷെ, എനിക്കവിടെ നല്ല ഭക്ഷണവും വൃത്തിയുള്ള ടോയ് ലറ്റും എർപ്പാടാക്കിതരാൻ നിന്റെ മാനേജരോട് സ്വകാര്യമായി പറയണം, നിർബന്ധം."
"അതിനെന്താ... അത് ഞാനിപ്പോതന്നെ റഫീക്കിനെ വിളിച്ചു പറഞ്ഞേക്കാം" ഡേവിസ് പറഞ്ഞു.
വായ് മുട്ടിക്കാതെ ഒരുഗ്ലാസ് മദ്യം വായിലേക്കൊഴിച്ചു.
കാർ പോർച്ചിൽ നിന്ന് കൊപ്പരിന്റെ കുരകേട്ട് അവർ അവിടേക്ക് ശ്രദ്ധിച്ചു. ജെറി അവനുമായി കളിച്ചു കൊണ്ട് നില്ക്കുന്നു.
"എടാ, ഇങ്ങു പോ..അതിനെ ഉപദ്രവിക്കല്ലേ.. നീ കടി മേടിക്കും." ഡേവിസ് മകനോട് വിളിച്ചു പറഞ്ഞു.
"ഏയ് , അവൻ കടിക്കുകയോന്നുമില്ല" ശിവൻ അടുത്ത ഗ്ലാസ് നിറക്കുന്നതിനിടെ പറഞ്ഞു.
"നിന്റെ കണ്‍സ്ട്രക്ഷൻ ബിസിനസ് ഒക്കെ എങ്ങിനെ പോകുന്നു?" ശിവൻ ചോദിച്ചു
"കുഴപ്പമില്ല, ചില ലേബർ പ്രശ്നങ്ങളോക്കെയുണ്ട്"
"ശരിക്കും കെട്ടിടങ്ങളാണ് ഒരു നാടിന്റെ സംസ്കാരത്തിന്റെയും ആ നാട്ടിലെ ആളുകളുടെ അഭിരുചിയുടേയും മുഖമുദ്ര, അല്ലെ ? 'സിവിൽ ഈസ് ആക്ച്വലി സിവിലൈസെഷൻ...'
ഇപ്പൊ ഈഫൽ ടവർ എന്ന് പറയുമ്പോ പാരിസ്, സ്റ്റാച്യൂ ഓഫ് ലിബർട്ടി എന്ന് പറയുമ്പോൾ ന്യൂ യോർക്ക്... എത്ര മനോഹരങ്ങളായ വാസ്തുശില്പങ്ങളാണവ. നമുക്കുള്ളതാണെങ്കിൽ പഴയ ഒരു വൃത്തികെട്ട താജ് മഹലും. നമ്മുടെ വാസ്തു ശില്പ്പ അഭിരുചി ഇന്നും താജ് മഹലിനെ ചുറ്റിപ്പറ്റി കുരുങ്ങിക്കിടക്കുകയാണ്, അതിൽ നിന്ന് ഒട്ടും വളരാനും പോകുന്നില്ല."
"വാസ്തുശിൽപത്തെക്കുറിച്ച് ആധികാരികമായിപ്പറയുന്ന നിനക്ക് ഒരു വീട് വച്ച് താമസിച്ചു കൂടെ, കാശില്ലാഞ്ഞിട്ടല്ലല്ലോ?" ഡേവിസ് ഗൌരവത്തിൽ ചോദിച്ചു.
"ഓരോ മനുഷ്യരുടെയും മനസിനിണങ്ങുന്ന രീതിയിലായിരിക്കണം വീട്. സ്ഥിരമായ എന്തും എനിക്ക് പെട്ടെന്ന് മടുക്കും എന്ന് നിനക്കറിയാമല്ലോ.വണ്ടി ആകുമ്പോൾ ആ പ്രശ്നമില്ല. ഓരോ പ്രഭാതത്തിലും കണ്ണ് തുറക്കുമ്പോൾ പുതിയ ഓരോരോ മനോഹര തീരങ്ങൾ, കാണാൻ ഭംഗിയുള്ള സ്ഥലങ്ങളിൽ വണ്ടി നിർത്തി രണ്ടു ദിവസം താമസിച്ച് പിന്നെയും യാത്ര.യാത്രയിൽ കൂട്ട് കിട്ടുന്ന മദാമ്മകൾ. ഹാ...മനോഹരം." ശിവൻ സംസാരത്തിനിടെ ഗ്ലാസ്സിൽ മദ്യം നിറച്ചു കൊണ്ടിരുന്നു.
"നിന്റെ ജീവിതം കാണുമ്പോൾ എനിക്ക് ചെറിയ അസൂയയൊക്കെ ഇല്ലാതില്ല" ഡേവിസ് പറഞ്ഞു.
ഒരു ചെറിയ ചിരിയോടെ ശിവൻ പറഞ്ഞു,
"തുറഞ്ഞു പറഞ്ഞതിന് നന്ദി, എന്നാപ്പ്പിന്നെ ഞാനും ഒരു കാര്യം തുറന്നു സമ്മതിച്ചേക്കാം. നീയും നിന്റെ കുടുംബവും ആയിട്ടു മാത്രമേ ഈ ലോകത്ത് എനിക്കൊരു സ്ഥിര ബന്ധമൊള്ളൂ, ബാക്കിയെല്ലാം ഓർമ്മയിൽ നിർത്തേണ്ടതില്ലാത്ത അപരിചിത മുഖങ്ങൾ. മൂന്നു നാല് വർഷങ്ങൾ കൂടുമ്പോൾ നിന്നെ ഞാൻ ഇങ്ങനെ വന്നു കാണുന്നത് എന്തിനാണെന്നറിയാമോ? എനിക്ക് നഷ്ടപ്പെട്ടു പോയ എന്നെ ഒരു പ്രതിഫലനം പോലെ ഞാൻ നിന്നിൽ കാണുന്നു. ഒരേ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ രണ്ടുപേർ എടുത്ത തീരുമാനങ്ങളുടെ വ്യത്യാസത്തിൽ രണ്ടുതരം ജീവിതം നയിക്കുന്നു എന്ന് മാത്രം. വാസ്തവത്തിൽ നമ്മൾ രണ്ടു പേരല്ല, ഇവിടെ ഒരാളെ ഒള്ളു. വിവാഹം കഴിച്ചു കുടുംബസ്ഥനായി കഴിയുന്ന എന്നെ തന്നെ കാണുവാനാണ് ഞാനിവിടെ വരുന്നത്."
"വിവാഹത്തോട് ഇത്ര വെറുപ്പാണോ ഇപ്പോഴും ?" ഡേവിസ് ചോദിച്ചു.
ശിവൻ ഒരു ചിരിയോടെ പറഞ്ഞു, "സ്ത്രീകളെ ഒരു കാര്യത്തിനോഴിച്ച് സ്നേഹിക്കാവുന്ന ഒരു കാലം വരുമ്പോൾ വിവാഹം കഴിക്കാം. അല്ലെങ്കിൽ എന്റെ അച്ഛന്റെ ഗതിയായിത്തീരും എനിക്കും.വർഷങ്ങളോളം കൂടെ ജീവിച്ച് അച്ഛനെ ചതിച്ച് ഒടുവിൽ ഞങ്ങളെയുപെക്ഷിച്ച് കാമുകനൊപ്പം ഇറങ്ങിപ്പോയ ആ സ്ത്രീയെ മറക്കാൻ സാധിക്കുന്ന കാലത്ത് ഒരു വിവാഹത്തെ പറ്റി ചിന്തിക്കാം. സ്വാർത്ഥകളാണെല്ലാം..സ്വാർഥകൾ....."
ശിവൻ ഗ്ലാസ്സെടുത്തു, വെള്ളമോഴിക്കാത്ത മദ്യം അയാളിലേക്ക് കത്തിയിറങ്ങി.
ഡേവിസിന് ശിവനെ തടയാൻ തോന്നിയില്ല. ശിവൻ ആ കുപ്പി കാലിയാക്കി.
"വല്ലാത്ത കുടിയാണല്ലോടാ ഇത്?" ഡേവിസ് അതിശയപ്പെട്ടു.
"ഇപ്പൊ കുടിക്കാറില്ല, കഞ്ചാവാ ഇഷ്ടം. ഇവിടെ ഇപ്പൊ ജെറിമോൻ ഒക്കെയുള്ളതുകൊണ്ടാ..."
"വാ, നല്ല വിശപ്പ് വല്ലതും കഴിക്കാം" ഡേവിസ് പറഞ്ഞു
അവർ ആടിയാടി അകത്തേക്കു നീങ്ങി.
റേച്ചൽ ഉറങ്ങിയിരുന്നില്ല.
"ചെടത്തിയുറങ്ങിയോ" ശിവൻ ചോദിച്ചു
"പിന്നെ, പാതിരയായില്ലേ? അവർക്ക് രാവിലെ എഴുന്നെൽക്കേണ്ടാതാ.." അവൾ പറഞ്ഞു.
ഭക്ഷണത്തിന് ശേഷം ശിവന് ശുഭരാത്രി നേർന്ന് ഡേവിസ് മുകളിലെ തന്റെ കിടപ്പുമുറിയിലേക്ക് നടന്നു.
പതറിയ കാലദികലുമായി ശിവൻ തന്റെ മുറി ലക്ഷ്യമാക്കി നടന്നു.
റേച്ചൽ മേശപ്പുറത്തു നിന്നും പാത്രങ്ങൾ എടുത്തു വയ്ക്കുന്ന ശബ്ദം കേട്ട് ശിവൻ തിരിഞ്ഞു നോക്കി.
അയാൾ അവളെ കണ്ണെടുക്കാതെ നോക്കി നിന്നു.
അൽപ്പം കഴിഞ്ഞാണ് റേച്ചൽ ശിവനെ ശ്രദ്ധിച്ചത്. എന്തുവേണമെന്ന് അവൾ ശിരസ്സുയർത്തി ആംഗ്യത്തിൽ ചോദിച്ചു.
അയാൾ നിശബ്ദനായി നിന്നിടത്തു നിന്നനങ്ങാതെ അവളെ തുറിച്ചു നോക്കി നിന്നു.
അയാളുടെ കണ്ണുകളിലെ അസ്വാഭാവികത അവളിൽ പേടിയെത്തിച്ചു. വിശാലമായ ആ ഹാളിൽ ഘടികാര ശബ്ദം ഹൃദയമിടിപ്പിന്റെ താളത്തിൽ അടിച്ചുകൊണ്ടിരുന്നു.
അവൾ ജോലി തുടർന്നു. മേശ വൃത്തിയാക്കുന്നതിനിടയിൽ അവൾ ഒളികണ്ണിട്ട് അയാളെ ശ്രദ്ധിച്ചു.
അയാൾ പേടിപ്പെടുത്തുന്ന ഒരു പ്രതിമ പോലെ അവളെ മിഴിച്ചു നോക്കി നിന്നു.
അവൾ അസ്വസ്ഥതയോടെ സാരി വലിച്ചിട്ടു.
വേഗത്തിൽ വൃത്തിയാക്കി പാത്രങ്ങൾ എടുത്ത് അവൾ അടുക്കളയിലേക്ക് പോയി.
അടുക്കളയിലെത്തി എന്ത് ചെയ്യണമെന്നറിയാതെ അവൾ അലപ്പ സമയം അവിടെ നിന്നു. അടുക്കളയിൽ നിന്നും പുറത്തേക്കു വരാൻ അവളുടെ ഉള്ളിൽ ഭയം തോന്നി.
"മറിയച്ചേടത്തിയെ വിളിച്ചെഴുന്നെൽപ്പിച്ചാലോ" അവളോർത്തു.
ഒടുവിൽ ധൈര്യം സംഭരിച്ച് അവൾ ഹാളിലേക്ക് സ്വാഭാവികമായി നടന്നു.
അയാൾ മുറിയിലേക്ക് പോയിക്കഴിഞ്ഞിരുന്നു.
റേച്ചൽ ദീർഘനിശ്വാസത്തോടെ വിളക്കുകളണച്ച് മുറിയിലേക്ക് നടന്നു.
പിറ്റേന്ന് രാവിലെ ശിവൻ വണ്ടിയുമായി അപ്രത്യക്ഷനായിരുന്നു.
"ഇവനിതെന്തുപറ്റി ഒരു വാക്ക് പോലും പറയാതെ..." ഡേവിസ് ആരോടെന്നില്ലാതെ പറഞ്ഞു.
ഇതുകേട്ട് വീടിന്റെ ഉമ്മറത്ത് ഉണ്ടായിരുന്ന മറിയതള്ള പറഞ്ഞു,
"കുഞ്ഞ് വയനാട്ടിലേക്ക് പോകുവാണെന്ന് പറയാൻ പറഞ്ഞു. രാവിലെ ആറുമണിക്ക് ഞാൻ മുറ്റമടിക്കാൻ വന്നപ്പോൾ ഗേറ്റ് തുറക്കുന്നതും കാത്തു നിൽക്കുകയായിരൂന്നു."
"അതിനു ഇത്ര രാവിലെ പോകേണ്ട കാര്യമുണ്ടോ..?" ഡേവിസ് ദേഷ്യത്തിൽ പറഞ്ഞു.
പുറത്തെ അവരുടെ സംസാരം അടുക്കളയിലെ ജോലിക്കിടയിൽ റേച്ചൽ ഒരു ചെവികൊണ്ട് കേട്ടു. അടുപ്പിൽ ഏതു നിമിഷവും പുറത്തേക്കു ചീറ്റാവുന്ന പ്രഷർ കുക്കറിന്റെ ശബ്ദം ശ്രദ്ധിച്ചുകൊണ്ട് അവൾ മൂകയായി നിന്നു.
No comments:
Post a Comment