Thursday, October 29, 2015

നോവൽ അദ്ധ്യായം 4 : ഹിപ്പി

കൊപ്പറിന്റെ കുരകേട്ടാണ് ശിവൻ രാവിലെ എഴുന്നേറ്റത്. ഉറക്ക ചടവോടെ അയാൾ സമയം നോക്കി. പന്ത്രണ്ടു മണി. വാനിന്റെ പിൻഭാഗത്ത്‌ നിവർത്തിയിട്ടിരുന്ന കിടക്കയിൽ അയാൾ അലസനായി എഴുന്നേറ്റിരുന്നു. അയാൾ സൂര്യനെ നോക്കി.പന്ത്രണ്ടു മണിയായിക്കാണണം.
കൈ നീറുന്നുണ്ടായിരുന്നു. ശിവൻ പച്ചകുത്തിയ ഭാഗം ശ്രദ്ധിച്ചു. അവിടം നീരു വച്ച് ചുവന്നു കിടക്കുന്നു. അർദ്ധനഗ്നനായിരുന്ന അയാൾ കിടക്കയുടെ വശത്തായി സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നും ഗണപതിയുടെ ചിത്രമുള്ള കൈയ്യില്ലാത്ത ഒരു ബനിയനെടുത്തിട്ടു.
ഒരു കുപ്പി വെള്ളവും ബ്രഷുമെടുത്തു അയാൾ പുറകുവശത്തെ ഡോർ തുറന്നു പുറത്തിറങ്ങി. കോപ്പർ ശിവനെതള്ളിമാറ്റി ധൃതിയിൽ ചാടിപ്പുറത്തിറങ്ങി അവിടമാകെ മണം പിടിച്ചു നടന്നു. 
അയാൾ അടുത്തുള്ള പൊതു ശൌചാലയം ലക്ഷ്യമാക്കി നീങ്ങി. പ്രഭാത കർമ്മങ്ങൾക്ക് ശേഷം തിരികെയെത്തി വണ്ടിയിൽ നിന്ന് ഒരു ടവൽ എടുത്ത് കടൽത്തീരത്തേക്കു നടന്നു. പുറകെ കോപ്പറും.

തീരത്തുണ്ടായിരുന്ന വലിയ കുടയ്ക്കടിയിലായി പട്രീഷ്യ കിടക്കുന്നുണ്ടായിരുന്നു.
"നിന്റെ കറുത്ത ചിത്ര ശലഭങ്ങൾക്ക് ചുവപ്പ് നിറമായിരിക്കുന്നു" ശിവൻ ചിരിച്ചുകൊണ്ടവളോട് പറഞ്ഞു.
"നിന്റെ കൈ എങ്ങനെയുണ്ട്?" അവൾ അന്വേഷിച്ചു.
"നിലത്തു വീണുരഞ്ഞു പൊട്ടിയതു പോലുള്ള നീറ്റൽ" അവൻ പറഞ്ഞു.
ശിവൻ കടലിലേക്ക്‌ നോക്കി .നല്ല വെയിൽ.ലിണ്ട വേറൊരാളുടെ കൂടെ കടലിൽ നീന്തുന്നത് കണ്ടു.
"വരൂ, ഉപ്പു വെള്ളത്തിൽ കുളിച്ചാൽ പെട്ടെന്ന് നീരു വറ്റും"  അവൻ പട്രീഷ്യയോടു പറഞ്ഞു.
"ഞാൻ കുളിച്ചു, നീ പോയിട്ട് വരൂ... അവൾ അവിടെയുണ്ട്."
വസ്ത്രങ്ങൾ തീരത്തഴിച്ചു വച്ചിട്ടയാൾ കടലിലേക്കിറങ്ങി.
അവർ കുളിക്കുന്നത് ശ്രദ്ധിക്കാതെ പട്രീഷ്യ ഒരു പുസ്തകമെടുത്തു വായിക്കാൻ തുടങ്ങി.

ഒന്നര മണിയോടെ അവർ കുളികഴിഞ്ഞെത്തി.
" യെസ്... ലഞ്ച് ടൈം..നമുക്കു സീ ബ്രീസിൽ പോകാം" ശിവൻ പറഞ്ഞു.
തലേ ദിവസം പോലെ പ്രശ്നമുണ്ടാക്കുമോ എന്നു ഭയന്ന പോലെ അവർ പരസ്പരം മുഖത്തോടു മുഖം നോക്കി.
"പേടിക്കണ്ട.കുഴപ്പമോന്നുമുണ്ടാവില്ല... വരൂ.'' ശിവൻ അവരെ സമാധാനിപ്പിച്ചു.
അവർ സീ ബ്രീസിലേക്ക് നടന്നു. തൊട്ടടുത്ത പച്ചകുത്തുന്ന കടയിലെ മൊട്ടത്തലയൻ കടയുടെ പടിയിൽ ഇരുന്ന് അവർ അടുത്ത് വരുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കടയുടെ അടുത്തെത്തിയപ്പോൾ ശിവൻ ഒരു നിമിഷം നിന്നു.
തിരിഞ്ഞ് അയാളുടെ അടുക്കലേക്കു നടന്നു. പട്രീഷ്യ പേടിയോടെ അവനെ തിരിച്ചു വിളിച്ചു 
"ഷിവാ..."
അവൻ കേൾക്കാത്തതു പോലെ നടന്ന് അയാളുടെ മുന്നിലെത്തി.
"ക്ഷമിക്കണം. എനിക്ക് തെറ്റു പറ്റി. നിങ്ങളായിരുന്നു ശരി. ഇന്നലെ അങ്ങിയൊക്കെ സംഭവിച്ചതിൽ വിഷമമുണ്ട്." ഒരു ചെറു ചിരിയോടെ ശിവൻ അയാളോട് പറഞ്ഞു.
"ഹും...അത് സാരമില്ല.." നിർവികാരമായ മുഖത്തോടെ അയാൾ മറുപടി പറഞ്ഞു.
ശിവൻ യാത്രപറഞ്ഞ് തിരിച്ച് അവർക്കരികിലേക്ക് നടന്നു.

അവർ കഴിക്കാനായി തീൻ മേശക്കു ചുറ്റുമിരുന്നു. കോപ്പര്‍ അവരുടെ വശത്തായി താഴെ മണൽ വിരിച്ച തറയിൽക്കിടന്നു.
ഭക്ഷണം ഓർഡർ  ചെയ്തു കാത്തിരിക്കുമ്പോൾ ലിണ്ട ശിവനോട് ചോദിച്ചു,
"എന്തിനാ അയാളോട് മാപ്പ് പറഞ്ഞത് ?"
"അവർ വരച്ചത് ശരിയായത് കൊണ്ട്"
"എന്നു വച്ചാൽ ഈ കറുപ്പിലെ വെളുത്ത വട്ടം ചെറുതായി നമുക്ക് തോന്നുന്നതാണോ?" ലിണ്ടക്ക് സംശയം 
"അതെ...അതു കണ്ണിന്റെ തോന്നൽ മാത്രമല്ല. ജീവിതത്തിലും അങ്ങിനെ തന്നെയാണ്.നീചനായ ഒരാൾ ചെയ്യുന്ന നന്മ എത്ര വലുതായാലും അതിനാരും വലിപ്പം കാണില്ല. നേരെ മരിച്ചു നന്മ മാത്രം ചെയ്യുന്ന ഒരാൾ ഒരു ചെറിയ തെറ്റു ചെയ്താൽ അതിനെ എല്ലാവരും പെരുപ്പിച്ചു കാണിക്കും. 
ഇനിയിപ്പോ ഇത് അവർക്ക് അബദ്ധം പറ്റിയതാണെങ്കിലും എന്റെ കണ്ണിന്റെ കുഴപ്പമാണെങ്കിലും   ഇതെനിക്കിഷ്ട്ടപ്പെട്ടു." അവൻ ചിരിച്ചു.

"മാപ്പുപറയുന്ന ഒരു പ്രകൃതക്കാരനായിട്ടു നിങ്ങളെ ഇന്നലെക്കണ്ടപ്പോൾ എനിക്കു തോന്നിയില്ല, ശരിക്കും...പകരം ഒരു പെർഫെക്ഷനിസ്റ്റ് ആയിട്ടാണ് എനിക്ക് തോന്നിയത്". ലിണ്ട അത്ഭുതത്തോടെ പറഞ്ഞു.
"ശരിയാണ്, ഞാൻ  പെർഫെക്ഷനിസ്റ്റ് തന്നെയാണ്. ചെറിയ ഇത്തരം തെറ്റുകൾ എന്നെ പെട്ടെന്ന് അസ്വസ്തനാക്കും. എന്തോ...പക്ഷെ ഈ പച്ചകുത്തിയത് ഇപ്പൊ എനിക്ക് ഇഷ്ടമാകുന്നു."
അവർ ചിരിച്ചു.പട്രീഷ്യ അല്പ്പം ഗൌരവത്തോടെ മാത്രം പുഞ്ചിരിച്ചു.
"ഇന്നലെ ചോദിക്കണം എന്ന് വിചാരിച്ചതാ, ഒരു സൈക്കാറ്റ്രിസ്റ്റ് ആയിട്ട് നിങ്ങളെന്തിനാ ഇങ്ങനെ അലഞ്ഞു തിരിയുന്നത്. ഹിപ്പികളുടെ കാലമെല്ലാം കഴിഞ്ഞു തുടങ്ങിയിരിക്കുന്നു." ലിണ്ട ആകാംഷയോടെ ചോദിച്ചു.
"നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നു,ഞാനൊരു ഹിപ്പിയല്ല. നിങ്ങൾക്കു വേണമെങ്കിൽ എന്നെ 'ഗോസ്റ്റ് ഹണ്ടർ' എന്ന് വിളിക്കാം.
'ഗോസ്റ്റ് ഹണ്ടർ' അവർ പൊട്ടിച്ചിരിച്ചു.
അല്പ്പം ഗൌരവത്തോടെ ശിവൻ പറഞ്ഞു,"സത്യം, അത് തന്നെയാണ് എന്റെ ജോലി.പ്രേതബാധയുള്ള വീടുകൾ,ഹോട്ടൽ മുറികൾ എന്നിവ അന്വേഷിച്ചു നടക്കലാണ് പ്രീയപ്പെട്ട വിനോദം.ഇപ്പോൾ പക്ഷെ അത്തരം കേസുകൾ മടുത്തു തുടങ്ങി. ഇന്ത്യയിൽ എല്ലായിടത്തും എനിക്ക് പരിചയക്കാരുണ്ട്, എന്തെങ്കിലും നല്ല കേസുകൾ വന്നുപെടുകയാനെങ്കിൽ അവർ ബന്ധപ്പെടും.
പുനർജന്മം പോലെ പാരസൈക്കോളജിക്ക് ഉത്തരം കിട്ടാത്ത കേസുകളിലാണ് ഇപ്പൊ എനിക്ക് താല്പ്പര്യം. അങ്ങിനെയൊരു കേസുമായി ബന്ധപ്പെട്ടാണ് ഞാൻ തിരിച്ച് കേരളത്തിലെത്തിയത്."
"പുനർജ്ജന്മം?!" ലിണ്ടക്ക് വിശ്വസിക്കാനായില്ല.
''അതെ, വടക്കൻ കേരളത്തിൽ മലപ്പുറത്തിനടുത്തു കൊടിഞ്ഞി എന്നൊരു സ്ഥലമുണ്ട്. ആ സ്ഥലം തന്നെ വളരെ പ്രത്യകത നിറഞ്ഞതാണ്‌, കാരണം ജനിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും ഇരട്ടകളാണ്. അറുപതിൽപ്പരം ഇരട്ടകളുള്ള ഒരു ഗ്രാമം. രണ്ടു മൂന്നു തലമുറകളായി ഇരട്ടകൾ ഉണ്ടാകുന്ന വീട്ടുകാർ അവിടുണ്ട്. ഞാനിതു പറയാൻ കാരണം ഞാൻ അന്വേഷിച്ചു ചെന്ന കുട്ടിയും ഇരട്ടയായിരുന്നു.ആറേഴു വയസ്സുള്ള രണ്ടു പയ്യന്മാർ.അതിൽ ഇളയവന് കഴിഞ്ഞയാഴ്ച ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ  എങ്ങിനെയോ പനിക്കാൻ തുടങ്ങി. അപ്പോൾ മുതൽ  ആ കുട്ടി തന്റെ മരിച്ചു പോയ മുത്തച്ഛന്റെ പോലെ സംസാരിച്ചു എന്നാണ് കൂടെയുണ്ടായിരുന്ന അവന്റെ ചേട്ടനും,വീട്ടുകാരും, സ്കൂളിലെ അധ്യാപകരും കുട്ടികളും ഒക്കെ പറയുന്നത്.ഇരട്ടകളിൽ മൂത്തവന് മുത്തച്ഛന്റെ പേരാണ് ഇട്ടിരിക്കുന്നത്. തന്റെ പേര് തനിക്കിടാതെ മൂത്തയാൾക്ക് ഇട്ടതിനെ ചോദ്യം ചെയ്തായിരുന്നു തുടക്കം. വീട്ടുകാർ ആദ്യം പനിയിൽ പിച്ചും പേയും പറയുന്നതായിരിക്കും എന്ന് കരുതി. പക്ഷെ കുട്ടിയുടെ മുത്തച്ഛന്റെ ചെറുപ്പകാലത്തെ അതായത് മുത്തച്ഛൻ കല്യാണം കഴിക്കുന്ന സമയത്തെ ചില കാര്യങ്ങൾ പറഞ്ഞത് കുട്ടിയുടെ ജീവിച്ചിരിക്കുന്ന മുത്തശ്ശി ശരി വച്ചതോടെ വീട്ടുകാർ പേടിക്കുവാൻ തുടങ്ങി. എന്റെ  ദൌർഭാഗ്യം എന്ന് പറഞ്ഞാൽ  മതിയല്ലോ, ഞാൻ സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടിയുടെ പനിയും മാറി, ഓർമ്മകളും നഷ്ടപ്പെട്ടു കുട്ടി പഴയത് പോലെയായി." ശിവൻ ചിരിച്ചു. 

ലിണ്ട ആശ്ചര്യത്തിന്റെ കണ്ണുകളുമായി ശിവനെ നോക്കിയിരുന്നു.

സംസാരത്തിനിടെ ഭക്ഷണം എത്തി. അവർ ഭക്ഷണം കഴിച്ചു തുടങ്ങി.
പട്രീഷ്യ നിശബ്ദയായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. ലിണ്ട ഉത്സാഹത്തോടെ വീണ്ടും ചോദിച്ചു.
"പ്രേതങ്ങളെ പിടിക്കുന്നത്‌ മടുക്കാൻ കാരണം? "
കഴിക്കുന്നതിനിടെ അവൻ പറഞ്ഞു,"പ്രേതം എന്നാ വാക്കിനെക്കാൾ പിശാച്ച് എന്നാ വാക്കാണ്‌ കൂടുതൽ ചേരുക. സംസാരഭാഷയിൽ പൊതുവെ പ്രേതം എന്നാണു നമ്മൾ പറയുക. ഇത്തരം കേസുകൾ എനിക്ക് മടുക്കാൻ കാരണം മിക്കവയിലും ആൾക്കാരുടെ തോന്നൽ തന്നെയായിരിക്കും പ്രേതമായിട്ടു അവതരിക്കുന്നത്. ശരിക്കും പ്രേതബാധയുള്ള ഒരു സ്ഥലത്ത് മിക്കവാറും ദുർഗന്ധത്തിന്റെയോ അല്ലെങ്കിൽ സുഗന്ധത്തിന്റെയോ സാന്നിധ്യം. അപശബ്ദങ്ങൾ, മുരളലുകൾ, കെട്ടിടത്തിനകത്ത് ആരോ നടക്കുന്നതായി അനുഭവപ്പെടുക,സാധനങ്ങൾ തട്ടി മറിച്ചിടുക, വാതിലും ജനലും താനേ അടയുക.. തുടങ്ങിയ കാര്യങ്ങളൊക്കെ സംഭവിക്കും. മനുഷ്യന്റെ മിഥ്യാദർശനത്തിന്റെ ഭാഗമായും ഈ പറഞ്ഞതൊക്കെ അനുഭവ്യമാകും. സംഭവ സ്ഥലത്ത് ചെന്ന് പരിശോധിച്ചാലെ കാര്യങ്ങൾ വ്യക്തമാകൂ.ഇനി അഥവാ അവിടെ പ്രേത ബാധയുണ്ടെങ്കിൽ അതോഴിപ്പിക്കാനറിയാവുന്ന ആരെയെങ്കിലും കൊണ്ടുവരേണ്ടി വരും. "
"പ്രേതത്തിൽ വിശ്വസിക്കുന്ന ഒരു മനശാസ്ത്രജ്ഞനെ ഞാനാദ്യമായി കാണുകയാണ്" ലിണ്ട പറഞ്ഞു.
"ആധുനിക മനശാസ്ത്രജ്ഞരിൽ ഓസ്റ്റർ റെയിക്കിനെപ്പോലെ പലരും ഇങ്ങനെയാണ് കാര്യങ്ങൾ നോക്കി കാണുന്നത്. പിശാചിനെ നമുക്ക് അവഗണിക്കാം പക്ഷെ അതിന്റെ അസ്ഥിത്വം തള്ളിക്കളയാനാകില്ല. ധ്യാനത്തിന്റെ ഉച്ചസ്ഥായിയിൽ നാം സ്വയം ദൈവമാകുന്നു അല്ലെങ്കിൽ ദൈവചൈതന്യം അറിയുന്നു എന്ന് പറയുന്നു. അതിനു നേർഎതിർ ദിശയിൽ സഞ്ചരിച്ചാൽ നാം പിശാചിനെ കണ്ടു മുട്ടും, തീർച്ച."

ഭക്ഷണത്തിനിടെ ശിവൻ കൊപ്പറിന്‌ എല്ലുകൾ ഇട്ടുകൊടുത്തുകൊണ്ടിരുന്നു. ഭക്ഷണം കഴിക്കുന്ന കൊപ്പറിനെ ലിണ്ട വാത്സല്യത്തോടെ നോക്കിയിരുന്നു.

ഭക്ഷണം കഴിഞ്ഞ്  അവർ എഴുന്നേറ്റു. ശിവൻ കാശ് കൊടുത്ത് ഒടുവിലായി കടയിൽ  നിന്നും പുറത്തേക്കിറങ്ങി.
"നിങ്ങൾ പ്രേതത്തെ കണ്ടിട്ടുണ്ടോ?" ലിണ്ട വിടര്ന്ന കണ്ണുകളോടെ ചോദിച്ചു.
അവരുടെ സംസാരം തടസ്സപ്പെടുത്തിക്കൊണ്ട് പട്രീഷ്യ ലിണ്ടയോട് ജർമ്മൻ ഭാഷയിൽ പറഞ്ഞു,"എനിക്ക് പോയിട്ട് ധൃതിയുണ്ട്.നീ വരുന്നുണ്ടോ?"
"ഇല്ല, ഞാൻ വാന്നോള്ളാം" ലിണ്ട മറുപടി പറഞ്ഞു.
ചെറിയ ഒരു നിശബ്ദതയ്ക്കു ശേഷം ഒരു കൃത്രിമ ചിരിയോടെ പട്രീഷ്യ അവരോടു യാത്ര പറഞ്ഞകന്നു.
അവളുടെ തടിച്ച പിൻഭാഗം ഇളക്കി നടന്നു നീങ്ങുന്നത്‌ നോക്കി നിന്നുകൊണ്ട് അവൻ ചോദിച്ചു,
"ഇവൾക്കെന്തു പറ്റി? അവൾ ഒന്നും സംസാരിച്ചില്ലല്ലോ ഇന്ന് !''
"അറിയില്ല" ലിണ്ട പറഞ്ഞു.
ശിവൻ അവളുടെ മുഖത്തേക്ക് നോക്കി. തിളങ്ങുന്ന കണ്ണുകളുമായി തന്നെ നോക്കി നിന്നിരുന്ന അവളെക്കണ്ടപ്പോൾ അയാൾ മനസ്സിലോർത്തു.
'' സുന്ദരിയാണിവൾ. കറുത്ത മുടിയുള്ള മെലിഞ്ഞ സുന്ദരി. സംസാരം അവൾക്കിഷ്ടമുള്ള പ്രേത വിഷയങ്ങളിൽ തന്നെ കുരുക്കി നിർത്താം."
ശിവൻ സംസാരിച്ചു കൊണ്ട് എങ്ങോട്ടെന്നില്ലാതെ നടന്നു തുടങ്ങി, "അതെ അല്ലെങ്കിൽ അല്ല എന്നുത്തരം കിട്ടുന്ന കാര്യങ്ങൾ മാത്രമേ ശാസ്ത്രം കൈകാര്യം ചെയ്യൂ. ഇതിനിടയിൽ ദശാംശം വരുന്ന ഉത്തരങ്ങൾ തേടിയാണ് എന്റെയാത്ര...."
അയാളുടെ സംസാരം അവൾക്കു വളരെയിഷ്ടപ്പെടുന്നുവെന്ന് അവളുടെ ശരീര ഭാഷയിൽ നിന്ന് ആർക്കും എത്ര ദൂരെ നിന്നും വ്യക്തം. അവർ കോവളം കവല ലക്ഷ്യമാക്കി ചരിഞ്ഞ പടികളുള്ള ഇടനാഴികളിലൂടെ നടന്നു നീങ്ങി.

മൂന്നു മണിയുടെ വെയിലിൽ കടപ്പുറം മയങ്ങിക്കിടന്നു. ആകാശ നീലിമയിൽ കൊവളത്തിനു മാത്രം സ്വന്തമായ മരതകപച്ചനിറത്തിലുള്ള ആ കടൽ ചെറു ചൂടിൽ തീരത്ത് പതഞ്ഞു കയറിക്കൊണ്ടിരുന്നു.

മരങ്ങളുടെ തണൽ ചേർന്നു നടന്നു അവർ കവലയിലെത്തി. 
"എന്റെ വീട് കണ്ടിട്ടില്ലല്ലോ?" ശിവൻ ചോദിച്ചു.
"ഇല്ല, നമുക്കങ്ങോട്ടു പോകാം"  അവൾ ഉത്സാഹത്തോടെ പറഞ്ഞു.
അവർക്കു പിന്നിലായി കോപ്പർ മണം പിടിച്ചു വാനിനടുത്തേക്ക് നടന്നു വന്നു.
"ഹാ! ഇറ്റ്‌ ഈസ്‌ സൈക്കഡെലിക് !" ദൂരെനിന്ന് വാനിന്റെ പുറത്തെ വർണ്ണചിത്രങ്ങൾ  കണ്ടപ്പോൾ ലിണ്ട അത്ഭുതത്തോടെ പറഞ്ഞു.
"ഒരു സോപ്പു കുമിളയിലെ വർണ്ണങ്ങൾ പോലെ മനോഹരമായിട്ടുണ്ട് നിങ്ങളുടെ വീട്, പക്ഷെ ഇതൊരു ഹിപ്പി വാൻ പോലെയിരിക്കുന്നല്ലോ മിസ്റ്റർ ഗോസ്റ്റ് ഹണ്ടർ"
ശിവൻ ചിരിച്ചുകൊണ്ട് വാനിന്റെ പിൻഭാഗം തുറന്നു.  
ആകെ വലിച്ചു വാരിയിട്ടിരിക്കുന്ന ശിവന്റെ വീട്ടിലേക്ക് അവൾ കണ്ണോടിച്ചു. വാനിന്റെ മുകളിൽ ചെറിയ ടാർപ്പായയിൽ പൊതിഞ്ഞ സൈക്കിൾ കെട്ടി വച്ചിട്ടുണ്ട്.
വാനിന്റെ ഉൾഭാഗത്ത്‌ ഇളം പച്ച നിറമാണ്.പിൻഭാഗത്ത്‌ നടുക്കായി ചുളുങ്ങിയ ഒരു കിടക്കയുണ്ട്. വശത്തായി ബാഗിൽ നിന്നും പുറത്തേക്കു വലിച്ചു വാരിയിട്ടിരിക്കുന്ന തുണികൾ. മറ്റൊരു കുട്ടയിൽ ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങൾ,മണ്ണെണ്ണ സ്റ്റൗ എന്നിവ ഇട്ടു വച്ചിരിക്കുന്നു.താഴെയായി അരിയും മറ്റു സാധനങ്ങളും ഇരിക്കുന്നുണ്ട്‌. കിടക്കയ്ക്ക് വലതു ഭാഗത്തായി ചെറിയൊരു തുറന്ന പെട്ടിയിൽ നിറയെ പുസ്തകങ്ങളുംവീഡിയോ കാസെറ്റുകളും അടുക്കി വച്ചിട്ടുണ്ട്. അതിനു താഴെയായി ചാരം കുമിഞ്ഞു കൂടിയ ഒരു ആഷ് ട്രേ, ഒരു നൈറ്റ്‌ ലാംപ്, കിടക്കയ്ക്ക് ഇടതു വശത്തായി ഒരു ചെറിയ ടീവീയും വീസീആറും പുറത്തു കുത്തി വയ്ക്കാനുള്ള അന്റെനയും ഇരിക്കുന്നത് കണ്ടു.
പെട്ടെന്നവൾ സംശയത്തിന്റെ മുഖത്തോടെ ശിവനു നേരെ നോക്കിയിട്ടു പറഞ്ഞു,

"നിങ്ങൾ ഒരു പെർഫെക്ഷനിസ്റ്റ് ആണെന്നു പറഞ്ഞിട്ട് ഇതെന്താ ഇങ്ങനെ കിടക്കുന്നത് ?"
"എക്സ്ട്രീംസ് ഇപ്പോഴും തിരിച്ചറിയാനാകാത്ത വിധം സമാനമായിരിക്കും.ശബ്ദത്തിന്റെ ഉച്ച സ്ഥായി നിശബ്ദത എന്ന് പറയും പോലെ. ഞാൻ ഒരു പെർഫെക്ഷനിസറ്റും അതേ സമയം തന്നെ അങ്ങേയറ്റം അലങ്കോലമായി ജീവിക്കുന്നവനുമാണ്. രണ്ടിലും വ്യത്യാസമൊന്നും കണ്ടുപിടിക്കാനാകില്ല."
ചിന്താമാഗ്നയായി അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,"നമ്മുടെ കഴിവുകേടിനെ മറക്കാനെന്തിനാ തത്ത്വചിന്തയെ കൂട്ടുപിടിക്കുന്നത്‌ ?"
ശിവൻ ചിരിച്ചു.
"ടീവീയൊക്കെയുണ്ടല്ലൊ !" ലിണ്ട വണ്ടിക്കകത്തേക്കു നോക്കി പറഞ്ഞു. 
ശിവൻ പറഞ്ഞു, "ഗോവയിൽ വച്ച് ഒരു കൂട്ടുകാരന്റെയടുത്തു നിന്നും വാങ്ങിച്ചതാ. ഇവിടെ ആകെ ഒരു ചാനലേ കിട്ടു, യൂറോപ്പിലെപ്പോലെയല്ല. അതും തെളിച്ചവും കുറവാ. പിന്നെ അന്റെന വല്ല മരത്തിന്റെ മുകളിൽ വല്ലതും വച്ചാൽ അല്പ്പം കൂടി വ്യക്തത വരും അത്ര മാത്രം. ഞാൻ കൂടുതലും വീസീആറിൽ കാസെറ്റിട്ടുകാണുകയാണ് പതിവ്."
അവൾ വണ്ടിക്കകത്തേക്കു കയറി. 
വശത്തായി തൂക്കിയിരുന്ന കണ്ണാടിയിൽ മുഖം നോക്കി മുടി ഒതുക്കി വച്ചു.അപ്പോഴാണ്‌ അവൾ അത് ശ്രദ്ധിച്ചത്. കണ്ണാടിക്കു ചുറ്റുമായി വാനിന്റെ ഭിത്തിയിൽ സൂപ്പർമാന്റെയും സ്പൈഡർമാന്റെയും ബാറ്റ്മാന്റെയും ചിത്രങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നു.
കൌതുകത്തിന്റെ ഒരു ചെറുചിരിയോടെ അവൾ ശിവനു നേരെ തിരിഞ്ഞു.
"ഇതെന്താ കുട്ടികളുടെ മുറി പോലെ?" അവൾ ചോദിച്ചു.
"എനിക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളാണ്. ഇരുളും പകലും പോലെ രണ്ടു വ്യത്യസ്ഥ വ്യക്തിത്വങ്ങൾ ഉള്ളിലോളിപ്പിക്കുന്ന പാരനോയിഡ് ഷിസൊഫ്രീനിയാക്സ് ആണവർ, എന്നെപ്പോലെ ! "
അവൾ പൊട്ടിച്ചിരിച്ചു.
"ഞാൻ പറഞ്ഞില്ലേ, ഒരാളിൽ തന്നെ ഇരട്ടവ്യക്തിത്ത്വം അല്ലെങ്കിൽ ബാധകൂടുക,ദേവി കൂടുക, രണ്ടാം ജന്മം... ഈ വിഷയങ്ങളിലൊക്കെയാണ് എനിക്കിപ്പോൾ താല്പ്പര്യം. പ്രേതങ്ങളെ തൽക്കാലം ഞാൻ വെറുതെ വിട്ടിരിക്കുകയാണ്... !" ശിവൻ കൃത്രിമഗൌരവത്തോടെ കൈവീശിക്കൊണ്ട്‌ പറഞ്ഞു.
ലിണ്ട ഒരു പൊട്ടിച്ചിരിയോടെ മിഴി ചിമ്മാതെ അവൾ അവനെനോക്കി പറഞ്ഞു,
"ഇന്ററെസ്റ്റിങ്ങ്" 
ശിവൻ ആംഗലേയരീതിയിൽ തലയാട്ടിക്കൊണ്ട് വാനിനകത്തേക്ക് കയറി കിടക്കയിൽ കിടന്നു.
"കഞ്ചാവിന്റെ മണമുള്ള വീട് !"വണ്ടിക്കകത്ത് ചുറ്റും നോക്കികൊണ്ട്‌  അവൾ പറഞ്ഞു.
"ഞാൻ കഞ്ചാവ് മാത്രമേ വലിക്കൂ, വേറൊന്നും എനിക്കിഷ്ടമല്ല" അവൻ പറഞ്ഞു.
"എനിക്കും...നമുക്കൊരെണ്ണം റോൾ ചെയ്യാം?" അവൾ ചോദിച്ചു.
ചെറിയൊരു നിശബ്ധതക്ക് ശേഷം അവൻ പറഞ്ഞു,
"കുറച്ചകലെയായി നല്ല ഒരു ക്ലിഫ് ഉണ്ട്. വൈകുന്നേരം ഇരിക്കാൻ പറ്റിയ ആളൊഴിഞ്ഞ ഒരു സ്ഥലം. നേരത്തെ ഒരിക്കൽ വന്നപ്പോൾ കണ്ടു പിടിച്ചതാ... നമുക്കവിടെ പോയാലോ?"
അവൾ തലയാട്ടി.
കൊപ്പറിനെ വിളിച്ച് വണ്ടികകത്താക്കി ശിവൻ വാതിലടച്ചു.
ലിണ്ട മുന്നിലിരുന്നു. വണ്ടി ഉരുണ്ടു തുടങ്ങി.


വണ്ടി കുന്നിനു താഴെ ആൾസഞ്ചാരം കുറഞ്ഞ  വഴിയോരത്ത് ചേർത്തിട്ടു. അരമണിക്കൂറിനുള്ളിൽ അവർ കുന്നുകയറി ക്ലിഫിലെത്തി. പുൽത്തകിടികൾകൊണ്ട് സമ്പന്നമായ ഒരു തെങ്ങിൻ തോപ്പായിരുന്നു അവിടം. 
സയാന്ഹമായിതുടങ്ങിയിരുന്നു. താഴെ കടപ്പുറത്ത് ആൾക്കാരുടെ തിരക്കുകൂടിയിരിക്കുന്നതു കാണാം. ദൂരെ റിസോർട്ടുകളിൽ വച്ചിരിക്കുന്ന പാടുകൾ ചെറുതായി കേൾക്കുന്നുണ്ട്. അപ്പുറത്തുള്ള ലൈറ്റ് ഹൗസ് കുന്നിന്റെ പാറപ്പുറത്ത് മാറു മറക്കാതെ സൂര്യസ്നാനം ചെയ്യുന്നവരെ അവ്യക്തമായി കാണാം.
ശിവൻ പോക്കറ്റിൽ നിന്നും കഞ്ചാവു പൊതിയെടുത്ത്‌ കുരുക്കൾ എടുത്തുകളഞ്ഞ് പുകയിലയുമായി ചേർത്ത് സിഗരട്ട് തെറുക്കാൻ തുടങ്ങി.
സായാന്ഹരശ്മികൾ മുഖത്തടിച്ചപ്പോൾ ലിണ്ട പറഞ്ഞു,
"മനോഹരമായ സ്ഥലം"
തെറുത്ത രണ്ടു സിഗരറ്റുകളിൽ ഒന്ന് അവൻ ലിണ്ടക്ക് നേരെ നീട്ടി.
അവർ സിഗരട്ട് കത്തിച്ച്‌ ആഞ്ഞു വലിച്ചു കൊണ്ടിരുന്നു. കഞ്ചാവിന്റെ വെണ്ണപുക പുറത്തേക്കു വരാതെ ഇരുവരുടെയും ശ്വാസകോശത്തിന്റെ ഭിത്തികളിൽ ചുരുണ്ടുകൂടി. 
ലഹരി രക്തത്തിൽ വർണ്ണങ്ങൾ കോരിയിട്ടു തുടങ്ങി. അകലെ നിന്ന് കേൾക്കുന്ന പാട്ടുകൾ ഇപ്പോൾ വ്യക്തമായി കേൾക്കാം. അവർ ആ പാട്ടിൽ ലയിച്ചിരുന്നു. സായാന്ഹത്തിന്റെ കാറ്റിനൊപ്പം പതിയെ ഇരുട്ട് വന്നു തുടങ്ങി.
അവർ എത്ര സമയം നിശബ്ദമായി ആ സ്ഥലത്തെ ഭംഗിയാസ്വദിച്ചുകൊണ്ടിരുന്നു എന്നറിയില്ല.
ഇരുട്ട് വീണുകഴിഞ്ഞപ്പോൾ ശിവൻ പതിയെ എഴുന്നേറ്റ് അവളോട്‌ ചോദിച്ചു'
"പോകാം, ഇറങ്ങാൻ ബുദ്ധിമുട്ടായിരിക്കും" അവൻ അവൾക്കെഴുന്നെൽക്കാനായി കൈ നീട്ടി.
"സിറ്റ് ഡൌണ്‍, കൌ ബോയ്‌...." വശ്യമായ ഒരു ചിരിയോടെ അവൾ അവന്റെ കൈ പിടിച്ചു വലിച്ചു.
"ആഹ്...." പച്ച കുത്തിയ നീര് അവന്റെ കൈ വേദനപ്പിച്ചു.
അവൻ താഴെയിരുന്നു. അവൻ പ്രതീക്ഷിച്ചിരുന്ന ഒരു ചുംബനം ഒടുവിൽ അവന്റെ ചുണ്ടിൽ പുതഞ്ഞു.
അവർ വേഗത്തിൽ വസ്ത്രങ്ങൾ അഴിച്ചു മാറ്റി. ഇഴപിരിഞ്ഞ ഉരഗങ്ങളെപ്പോലെ അവർ ആ പുൽത്തകിടിയിൽ പിണഞ്ഞു കിടന്നു.

അകലെ വക്രാകൃതിയിൽ കാണപ്പെട്ട ചക്രവാളത്തിൽ വെളുത്ത അരികുകളുള്ള മേഘങ്ങൾ ഒഴുകി നടന്നു. അവിടുത്തെ നിലയ്ക്കാത്ത കാറ്റിൽ അവർ എപ്പോഴോ തളർന്നു മയങ്ങിക്കിടന്നു.

"പുനയിലെ ഓഷോയുടെ ആശ്രമത്തിൽ പോകുന്നതിനു വേണ്ടിയാണ് ഞാൻ ഇന്ത്യയിലെത്തിയത്."
കാറ്റിലാടുന്ന തെങ്ങിൻതലപ്പുകളെ നോക്കി കിടന്നപ്പോൾ അവൾ പറഞ്ഞു.
ശിവൻ ഒന്നു മൂളുക മാത്രം ചെയ്തു.
"എന്താണ് ഓഷോയെക്കുറിച്ചുള്ള ശിവന്റെ അഭിപ്രായം ?" അവൾ ചോദിച്ചു.

"അയാൾ ഒന്നുകിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ജീനിയസ് അല്ലെങ്കിൽ ഏറ്റവും വലിയ ഫ്രോഡ്... ഞാൻ നേരത്തെ പറഞ്ഞില്ലേ എക്സ്ട്രീമുകളിൽ ഉള്ളതിനെ വേർതിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്, അല്ലെങ്കിൽ രണ്ടും ഒന്നായി തന്നെ തോന്നും. അവയ്ക്കിടയിലുള്ള അകലം വെറും കടലാസ് കനം മാത്രം."
"ശരിയാണ് " അല്പ്പസമയം ചിന്തിച്ച ശേഷം അവൾ പറഞ്ഞു.
"അവിടെപ്പോയി അദ്ധേഹത്തെ കാണണം. അവിടെ കുറച്ചു നാൾ തങ്ങി ധ്യാനം പഠിക്കണം... വരുന്നോ എന്റെ കൂടെ?" ഒരു ചെറു ചിരിയോടെ അവൾ ചോദിച്ചു 
"വരാം... നിന്റെ കൂടെ എവിടെ വേണമെങ്കിലും വരാം " അവൻ പറഞ്ഞു.
ലിണ്ട അവനെ കെട്ടിപ്പിടിച്ചു.

"എനിക്ക് ധ്യാനം പഠിക്കണം എന്നാ ആഗ്രഹം എങ്ങിനെ ഉണ്ടായി എന്നറിയാമോ ?"
ശിവൻ ചോദ്യ രൂപേണ മൂളി.

"ഞാനൊരു പുസ്തകത്തിൽ വായിച്ചസംഭവ കഥയാണ്‌, ഒരു സ്ത്രീ- അവർ ശാസ്ത്രജ്ഞയായിരുന്നു. ഒരിക്കൽ അവർ കുളിക്കുന്നതിനിടെ രക്ത്സസമ്മർദം മൂലമോ എങ്ങിനെയോ അവരുടെ ഇടതു തലച്ചോറിലെക്കുള്ള ഞരമ്പ് പൊട്ടി.ഇടതു തലചോറിലാണ് നാം കണക്കു കൂട്ടുന്നത്‌,പേരുകൾ, ഭാഷ, അഹം എന്ന ബോധം എല്ലാം നിറച്ചിരിക്കുന്നത്. അഹം എന്നാ ബോധമാണ് നമ്മെ ഒരു വ്യക്തി എന്നാ നിലയിൽ മറ്റുള്ളവരിൽ നിന്നും വേര്തിരിക്കുന്നത്.
വലതു തലച്ചോറിൽ സംഗീതം ,കല, എന്നീ സർഗവാസനകൾ നിറച്ചിരിക്കുന്നു. അവരുടെ ഇടത്തെ തലച്ചോർ പ്രവർത്തനരഹിതമായത്തോടെ അവരുടെ അഹം എന്നാ ബോധം നഷ്ടപ്പെട്ടു അവർ അവിടെ ഇല്ലാതെയായി തീര്ന്നു.അവരുടെ ശരീരത്തെയും ചുട്ടുപാടുകളെയും അവർ തന്മാത്രകളും കണികകളുമായി മാത്രം കാണുവാൻ തുടങ്ങി. അവർക്ക് അവരുടെ ദേഹത്തിന്റെ അതിര് വരമ്പുകൾ നിശ്ചയിക്കുവാൻ സാധിക്കാതെയായി. അവരുടെ ദേഹം ഉണ്ടാക്കിയിരിക്കുന്ന അതേ തന്മാത്രകൾ കൊണ്ട് ചുറ്റുപാടുകളും ഉണ്ടാക്കപ്പെട്ടിരിക്കുന്നു.  അവര് അവിടമാകെ വ്യാപിക്കുന്ന പോലെ തോന്നി. ചുറ്റുപാടുകളും കുളിമുറിയും അതിലെ പൈപ്പുകളും വരെ അവരുടെ ശരീരത്തിന്റെ ഒരു ഭാഗം മാത്രമായി അവർക്ക് അനുഭവിക്കാൻ കഴിഞ്ഞു എന്നാണു പറയുന്നത്. അകാരണമായ ഒരു സന്തോഷവും സമാധാനവും അവര്ക്കുണ്ടായി എന്ന് പറയുന്നു.
ഒരു അപകടത്തിലൂടെയാണെങ്കിലും അവർക്ക് അന്നുണ്ടായത് ബോധോദയമാണ്. അത് നമുക്ക് ധ്യാനത്തിലൂടെ സാധിക്കും. അതിലൂടെ മാത്രമേ അത് സാധിക്കൂ."

"ഈ കഥ ഇപ്പൊ ഇവിടെ പറയാൻ കാരണം " അവൻ ചോദിച്ചു .
"എനിക്ക് ഇപ്പോൾ നമ്മൾ രണ്ടു വ്യക്തികളായി തോന്നുന്നില്ല. പ്രണയത്തിനും ബോധോദയം ഉണ്ടാക്കാൻ സാധിക്കും എന്ന് ഞാൻ മനസിലാക്കുന്നു." അവൾ ഒരു കള്ള ചിരിയോടെ അവനോടു പറഞ്ഞു.
അവനവളെ ചേർത്തു പിടിച്ചു.

നിലാവിൽ നക്ഷത്രങ്ങളെണ്ണിക്കിടന്ന് അവർ എപ്പോഴോ ഉറങ്ങി.അവർക്കു ചുറ്റും രാത്രിയുടെ യാമങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.



പിറ്റേന്ന് പ്രഭാതത്തിൽ അവരെക്കാത്ത് പട്രീഷ്യയുടെ ഒരു കത്ത് അവരുടെ മുറിയിൽ കിടന്നു.

"ഈ തീരം മടുത്തിരിക്കുന്നു. ഞാൻ ശ്രീലങ്കയ്ക്ക് പോകുന്നു. മുറിയുടെ പകുതി വാടക ഇതോടൊപ്പം വക്കുന്നു. വീണ്ടും കാണാം."

വളരെ ചുരുങ്ങിയ വാക്കുകളിൽ യാത്ര പറഞ്ഞ് അവൾ യാത്രയായിരിക്കുന്നു.
ഒന്നും മനസിലാകാതെ പലകുറി കത്ത് വായിച്ചുകൊണ്ട് ലിണ്ട ശിവനെ നോക്കി.

അവൻ നിശബ്ദമായി മുറിയിൽ നിന്നിറങ്ങി കടൽതീരത്തേയ്ക്ക് നടന്നു.


No comments:

Post a Comment