Thursday, October 29, 2015

നോവൽ അദ്ധ്യായം 5 : പ്രണയം


പട്രീഷ്യ തീരം വിട്ടതോടെ ലിണ്ട റിസോർട്ടിലെ മുറിയോഴിഞ്ഞു കൊടുത്തു. അവൾ ശിവനോപ്പം താമസമാരംഭിച്ചു. പുതുവത്സരപ്പിറവി കഴിഞ്ഞതോടെ തീരം വീണ്ടും ശാന്തമായിതുടങ്ങി. കൂടാതെ
ഇന്ദിരാ ഗാന്ധിയുടെ മരണത്തോടനുബന്ധിച്ചുണ്ടായ ആഭ്യന്തരപ്രശ്നങ്ങൾ കാരണം മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാരെ തിരികെ വിളിക്കുവാൻ തുടങ്ങിയിരുന്നു. അത് സീസണെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. 

മൂന്നു മാസങ്ങൾക്കു ശേഷം വേനലിന്റെ തുടക്കത്തിലെ ഒരു സന്ധ്യയിൽ അവർ കോവളം വിട്ടു. ശിവന്റെയോപ്പമുള്ള പുതിയ ജീവിതത്തിൽ ലിണ്ട ഒരു തിരിച്ചുപോക്കിനെക്കുറിച്ചു പോലും മറന്നു തുടങ്ങിയിരുന്നു. 
പാതിരാത്രിയോടെ അവർ ആലപ്പുഴയിലെത്തി. ചില ദീർഘദൂര ലോറികൾ ഒഴിച്ചാൽ ഹൈവേയിൽ വണ്ടികൾ ഒന്നും തന്നെയില്ല. വണ്ടിയിൽ താഴ്ന്ന ശബ്ദത്തിൽ വച്ചിരുന്ന പാട്ട് കേട്ട് കോപ്പർ പുറകിൽ ചുരുണ്ടുകിടന്നുറങ്ങി.ശിവന്റെ മിനോൾട കാമെറയിൽ മുൻ സീറ്റിലിരുന്നു ലിണ്ട രാത്രിചിത്രങ്ങൾ പകർത്തിക്കൊണ്ടിരുന്നു. ശിവൻ നിശബ്ദനായിരുന്നു.

"മലയാളികളുടെ ഏറ്റവും വലിയ പ്രത്യേകതകൾ അറിയാമോ ശിവന്?" വണ്ടിയോടിക്കുന്നതിനിടയിൽ അയാൾക്കുറക്കം വരാതിരിക്കാനായി അവൾ സംസാരം തുടങ്ങി വച്ചു.
"ങും..?" താല്പ്പര്യക്കുറവ് പുറത്തു കാണിക്കാതെ ചോദ്യ രൂപേണ അയാൾ മൂളി.
"പുതുമോടി പിടിച്ചു നിർത്താൻ വൃഥാ ശ്രമിക്കുന്നവരാണ് മലയാളികൾ.." അവൾ പറഞ്ഞു.
"എങ്ങനെ ?"
"കാറും സ്കൂട്ടറും മേടിച്ചാൽ കുറെ കാലം വരെ അതിന്റെ പ്ലാസ്റിക് കവർ സീറ്റിൽ നീന്നും ഊരില്ല. ബുദ്ധിമുട്ടി അതിനു പുറത്തിരുന്നു അസ്വസ്ഥതയോടെ യാത്ര ചെയ്യും എല്ലാവരും...അതുപോലെ തന്നെ വിലക്കൂടിയ ഭംഗിയുള്ള മേശ വീടുകളില മേടിച്ചിട്ടിട്ട് തുണി കൊണ്ടോ പ്ലാസ്റ്റിക്‌ ഷീറ്റ് കൊണ്ടോ അത് കേടുവരാതെ മൂടിയിടും.." അവൾ പറഞ്ഞു 
ശിവൻ പുഞ്ചിരിച്ചു കൊണ്ട് ഗൌരവത്തോടെ പറഞ്ഞു," നല്ല പഠനം"

ശിവനെ അല്പ്പസമയം നോക്കിയിരുന്ന ശേഷം അവൾ ചോദിച്ചു, "എന്തുപറ്റി? കുറച്ചു ദിവസമായി ഞാൻ പറയണം എന്ന് വിചാരിക്കുന്നു. ശിവൻ ഈയിടെയായി ഒന്നും തന്നെ എന്നോട് സംസാരിക്കാറില്ല."
"ഏയ്‌, ഒന്നുമില്ല... നിനക്ക് തോന്നുന്നതാ.." അവൻ അവളെ നോക്കാതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു.

അവൾ കാമെറാക്കണ്നിലൂടെ പുറം ലോകത്തെ നോക്കി കൊണ്ടിരുന്നു.
"ഇത് നല്ല കാമെറയാണ്.. ശിവൻ ഇതെവിടന്നു വാങ്ങിച്ചതാണ്?" അവൾ ചോദിച്ചു.
അൽപ്പ സമയത്തെ നിശബ്ദതക്കുശേഷം അവൻ ഉത്തരം പറഞ്ഞു," അത് എനിക്ക് പട്രീഷ്യ തന്നതാണ്."
 അവൾ പതിയെ കാമെറ മടിയിൽ വച്ച് ശിവനെ നോക്കിയിരുന്നു.

"അവൾക്കു ശിവനെ ഇഷ്ടമായിരുന്നു, അല്ലെ?" ഒരു ചെറു പുഞ്ചിരിയോടെ അവൾ ചോദിച്ചു.
ശിവൻ നിശബ്ദനായിരുന്നു.
അവർക്കിടയിൽ നിശബ്ദതയ്ക്കു ഊർന്നിറങ്ങാൻ വേണ്ടത്ര സമയം ശിവൻ കൊടുത്തു.


No comments:

Post a Comment